ADVERTISEMENT

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15നോ, അതുകഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുള്ളിലോ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് പോകുമെന്ന കാര്യം ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. മെയ് 15നു ശേഷം പുതിയ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടിൽ ഫീച്ചറുകള്‍ കറയും. തുടര്‍ന്ന് ഘട്ടംഘട്ടമായി വീണ്ടും ഫങ്ഷനുകള്‍ കുറയ്ക്കുകയും അവസാനം പേരിനു മാത്രം ഒരു ആപ് എന്ന നിലയിലേക്ക് എത്തുകയും ആ സന്ദര്‍ഭത്തിലും നയം അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്ടപ്പെടുകയും ചെയ്യും. തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ നയം അംഗീകരിച്ച് പുതിയ അക്കൗണ്ട് തുടങ്ങുകയും വേണം. പഴയ ചാറ്റുകളെല്ലാം നഷ്ടമാകുമെന്നതാണ് നിലവിലെ സ്ഥിതി. ലോകത്ത് എവിടെയുമുള്ള വാട്‌സാപ് ഉപയോക്താക്കള്‍ക്ക് ഇതു ബാധകമാണ്. ഇന്ത്യക്കാര്‍ക്കായി ഒരു മാറ്റവും വരുത്താന്‍ വാട്‌സാപ് ഒരുക്കമല്ല. നയം മെയ് 15ന് അംഗീകരിക്കാത്ത ആരുടെയും അക്കൗണ്ട് ഡിലീറ്റു ചെയ്യില്ലെന്ന് വാട്‌സാപ് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനു പിന്നാലെ കൂടുതല്‍ വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. വേണമെങ്കില്‍ മതി, ഇല്ലങ്കില്‍ പോ, എന്ന നയം തന്നെയാണ് വാട്‌സാപ് സ്വീകരിക്കുക എന്ന് വിശകലനവിദഗ്ധര്‍ പറയുന്നു.

 

∙ ഇന്ത്യയില്‍

 

ഇന്ത്യയിലെ കാര്യങ്ങള്‍ അല്‍പം കൂടെ വ്യത്യസ്തമാണ്. ഉപയോക്താക്കളുടെ ഫങ്ഷനുകള്‍ കുറച്ചുകുറച്ചു കൊണ്ടുവരുമെന്ന വാട്‌സാപ്പിന്റെ പുതിയ പ്രസ്താവന പഠിക്കുകയാണ് തങ്ങളെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം പറയുന്നു. തുടക്കത്തില്‍ പുതിയ നയം അംഗീകരിക്കാത്തവര്‍ക്ക് ചാറ്റ് ലിസ്റ്റ് കാണാനുള്ള അവകാശം പരിമിതപ്പെടുത്തും. വോയിസ് വിഡിയോ കോളുകളും വിളിക്കാനാവില്ലെന്നു പറയുന്നു. തങ്ങള്‍ അധികം താമസിയാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രാലയം പറയുന്നു. നയം അംഗീകരിച്ചില്ലെങ്കിലും ആരുടെയും അക്കൗണ്ട് ഡിലീറ്റു ചെയ്യില്ലെന്നു പറഞ്ഞ വാട്‌സാപ് അധികാരികള്‍ തുടര്‍ന്ന് ഇതിനു നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത് അക്കൗണ്ട് ഒറ്റയടിക്ക് ഡിലീറ്റു ചെയ്യില്ല എന്നേ അര്‍ഥമാക്കിയിട്ടുള്ളു എന്നാണ്. ആഴ്ചകള്‍ക്കുളളില്‍ ആപ് ഉപയോഗശൂന്യമാകും. പുതിയ നയം അംഗീകരിക്കാനുള്ള ഓര്‍മപ്പെടുത്തല്‍ ഇന്നലെ വരെ ദവസവും ഒരു തവണയാണ് കാണിച്ചിരുന്നത്. എന്നാല്‍, മെയ് 15നു ശേഷവും നയം അംഗീകരിക്കാത്തവര്‍ക്ക് അത് പല തവണ കാണിക്കുമെന്നും പറയുന്നു. 

 

എന്നാല്‍, ഇത് ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന് പറയുന്നവരും ഉണ്ട്. ഏറ്റവും ജനപ്രീതിയുള്ള ആപ് എന്ന രീതിയിലുള്ള തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്യുകയാണ് കമ്പനി ചെയ്യുന്നതെന്നും അത് കോടതികളില്‍ ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. സ്വകാര്യഡേറ്റ തങ്ങളുമായി പങ്കുവയ്ക്കാന്‍ സമ്മതിക്കുകയോ വാട്‌സാപ് ഉപയോഗം നിർത്തുകയോ ചെയ്യണം എന്നതാണ് കമ്പനിയുടെ നയം. ഇത് ബലപ്രയോഗം കൊണ്ടുള്ള അനുസരിപ്പിക്കല്‍ (coercion) ആണെന്നു വാദിക്കുന്നവരും ഉണ്ട്. വാട്‌സാപ് സിഇഒ വില്‍ ക്യാത്കാര്‍ട്ടിന് കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം നല്‍കിയ കത്തില്‍ പുതിയ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും, കമ്പനി അതിന് പുല്ലുവില പോലും കല്‍പ്പിച്ചിട്ടില്ലെന്നതിന് തെളിവാണ് പുതിയ നീക്കമെന്നു പറയുന്നു.

 

∙ കോടതികളില്‍ കേസ്

 

അതേസമയം, ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വാട്‌സാപ്പിന്റെ പുതിയ നയത്തിനെതിരെ കേസുകൾ നിലനില്‍ക്കുന്നു. അവയുടെ വിധി അറിയുന്നതിനു മുൻപ് നയംനടപ്പാക്കിയാല്‍ അത് കമ്പനിക്കു വിനയാകുമോ എന്നു ചോദിക്കുന്നവരും ഉണ്ട്. പക്ഷേ, ഇന്ത്യയുടെ പുതിയ ഡേറ്റാ പരിപാലനനയം വരുന്നതിനു മുൻപ് ഉപയോക്താക്കളില്‍ നിന്ന് സമ്മതം വാങ്ങിയെടുക്കുക എന്നതായിരിക്കാം വാട്‌സാപ്പിന്റെ പുതിയ നീക്കത്തിനു പിന്നിലെന്നു സംശയിക്കുന്നവരും ഉണ്ട്. അങ്ങനെയാണെങ്കില്‍, നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് പോയതു തന്നെ. ഫ്രീ സര്‍വീസ് അല്ലെ, ഉപയോഗിക്കണമെങ്കില്‍ ഡേറ്റ വിട്ടു തരണമെന്ന നിലപാടുമായി തന്നെയാണ് വാട്‌സാപ് മുന്നേറുന്നത്. കേന്ദ്രമോ, കോടതിയോ ഇടപെട്ടില്ലെങ്കില്‍ വാട്‌സാപ്പിന്റെ നയം അംഗീകരിക്കാത്തവര്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍ അക്കൗണ്ട് പോകും. 

 

∙ ലിങ്ക് ഷെയർ ചെയ്യുന്നതിന് മുൻപ് വായിച്ചു നോക്കാന്‍ ഇനി ഫെയ്‌സ്ബുക് ആവശ്യപ്പെടും

 

വാര്‍ത്തയുടെ അല്ലെങ്കില്‍ ലേഖനത്തിന്റെ ലിങ്ക് വായിച്ചു നോക്കാതെ ഷെയർ ചെയ്യുന്നവരെ ഓര്‍മപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്. ലിങ്ക് തുറക്കാതെ ഷെയർ ചെയ്യാന്‍ തുടങ്ങുന്നവരെയായിരിക്കും ഫെയ്‌സ്ബുക് പോപ്അപ് വഴി ഓര്‍മപ്പെടുത്തുക. 

 

∙ വിഡിയോ കോളുകള്‍ ആശ്വാസം പകരുന്നതായി ഒറ്റപ്പെട്ട ഇന്ത്യക്കാര്‍

 

ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്നതിനാല്‍ 90 ശതമാനം ഇന്ത്യക്കാരും വിഡിയോ കോളുകള്‍ ഒരു അനുഗ്രഹമായി കാണുന്നുവെന്ന് റിപ്പോര്‍ട്ട്. സുപ്രശസ്ത വിഡിയോ കോളിങ് ആപ്പായ സൂം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് പല ഒത്തുചേരലുകള്‍ക്കും വഴിയൊരുക്കുന്നത് വിഡിയോ കോളുകളാണെന്ന് പറയപ്പെടുന്നു. 

 

∙ ഇന്‍സ്റ്റഗ്രാം ഫോര്‍ കിഡ്‌സ് വേണ്ടന്നുവയ്ക്കണമെന്ന് 

 

ഫെയ്‌സ്ബുക് തുടങ്ങാനിരിക്കുന്ന 'ഇന്‍സ്റ്റഗ്രാം ഫോര്‍ കിഡ്‌സ്' വേണ്ടന്നുവയ്ക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ അറ്റോര്‍ണി ജനറല്‍ പദവിയിലുള്ള 44 പേര്‍. കിഡ്‌സ് വേര്‍ഷന്‍ 13 വയസ്സിനു താഴെയുള്ള കുട്ടികളെ ഉന്നംവച്ചാണ്.

 

∙ ഗൂഗിള്‍ പേ വഴി അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാം

 

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലും സിങ്കപ്പൂരും ഉള്ളവര്‍ക്ക് ഇനി ഗൂഗില്‍ പേ വഴി പണം അയക്കാനാകും. വെസ്റ്റേണ്‍ യൂണിയന്‍, വൈസ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഇതു നടപ്പാക്കുന്നത്. 

 

∙ ശക്തിയേറിയ ഇന്റല്‍ എച് സീരീസ് പ്രൊസസറുകള്‍ അവതരിപ്പിച്ചു

 

ഗെയിമര്‍മാരെയും ക്രീയേറ്റര്‍മാരെയും പോലെ ധാരാളം പ്രോസസിങ് കരുത്ത് ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഇന്റലിന്റെ 11-ാം തലമുറയിലെ എച്-സീരീസിലുള്ള പ്രോസസറുകള്‍ പുറത്തിറക്കി. എട്ടു കോറുകള്‍, 16 ത്രെഡുകള്‍ തുടങ്ങിയവ ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവയില്‍ 8സി/16ടി വില്ലോ കോവ് കോര്‍ മൈക്രോആര്‍ക്കിടെക്ചര്‍ (8C/16T Willow Cove core microarchitecture), 10എന്‍എം സൂപ്പര്‍ഫിന്‍ ടെക്‌നോളജി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

 

∙ ഷഓമിയുടെ നോയിസ് ക്യാന്‍സലിങ് ഹെഡ്‌ഫോണ്‍സ് പ്രോ 13ന് അവതരിപ്പിക്കും

 

ആക്ടീവ് നോയിസ് ക്യാന്‍സലിങ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ച് ഷഓമിയുടെ ഹെഡ്‌ഫോണ്‍ പ്രോ മോഡല്‍ മെയ് 13ന് അവതരിപ്പിക്കും. 

 

∙ ചിപ്പ് ക്ഷാമം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാമെന്ന് ഡെല്‍

 

ലാപ്‌ടോപ്പുകള്‍, ഇലക്ട്രിക് കാറുകള്‍, സ്മാര്‍ട് ഫോണുകള്‍ എന്നിവയ്ക്ക് വേണ്ട ചിപ്പുകള്‍ക്ക് ക്ഷാമം നേരിടുകയാണിപ്പോള്‍. ഇത് വര്‍ഷങ്ങളോളം തുടര്‍ന്നേക്കാമെന്നാണ് ഡെല്‍ കമ്പനി സ്ഥാപകന്‍ മൈക്കിൾ ഡെല്‍ പറഞ്ഞിരിക്കുന്നത്.

 

English Summary: WhatsApp will not delete your account but will punish you for not accepting new privacy policy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com