ADVERTISEMENT

പലരും പ്രതീക്ഷിച്ചതു പോലെ ചൈനീസ് കമ്പനിയായ വാവെയുടെ പതനം മറ്റൊരു ബ്രാന്‍ഡായ ഷഓമിയുടെ ഉയര്‍ച്ചയ്ക്കു വഴിവച്ചേക്കുമെന്നതിന്റെ സൂചനയാണ് അമേരിക്കയില്‍ നിന്നു ഇപ്പോള്‍ ലഭിക്കുന്നത്. ഷഓമിയെ ഇപ്പോൾ അമേരിക്കയുടെ കരിമ്പട്ടികയില്‍ നിന്നു നീക്കം ചെയ്തിരിക്കുന്നു. ഇതുവഴി ഷഓമിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ക്കും ഇനി സംശയമില്ലാതെ പണമിറക്കാം. വാഷിങ്ടണും ഷഓമിയുമായി ചെറിയ സമയത്തേക്കു നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും തീരുമാനമായി. ഇരുകൂട്ടരും പരസ്പരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളെ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഷഓമി വക്താവ് പ്രതികരിച്ചു. ഈ വര്‍ത്ത വന്നതോടെ ഹോങ്കോങ് ഓഹരി വിപണിയില്‍ ഷഓമിയുടെ ഓഹരി 6 ശതമാനം കുതിച്ചുയർന്നു. പുതിയ തീരുമാനത്തെക്കുറിച്ച് അമേരിക്ക കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. അമേരിക്കയിലെ ട്രംപ് ഭരണകൂടമാണ് ഷഓമിക്ക് ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന അരോപണമുയര്‍ത്തി കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. അമേരിക്കക്കാര്‍ കമ്പനിയില്‍ നിക്ഷേപമിറക്കുന്നതും പരിമിതപ്പെടുത്തിയിരുന്നു.

 

ഷഓമിക്കൊപ്പം മറ്റ് ഏഴ് ചൈനീസ് കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, നിയമപരമായി ആക്രമിച്ചു നീങ്ങിയ ഷഓമി അമേരിക്കന്‍ സർക്കാരിനെതിരെ കേസു നല്‍കുകയായിരുന്നു. സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും, ഭരണഘടനയുടെ ലംഘനവുമാണെന്നാണ് അവര്‍ കോടതിയില്‍ വാദിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഷഓമിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനം ബൈഡന്‍ ഭരണകൂടം ഭാഗികമായി മരവിപ്പിച്ചിരുന്നു. തെറ്റായ നടപടിക്രമങ്ങളാണ് ഷഓമിയെ കരിമ്പട്ടികയില്‍ പെടുത്താനിടവരുത്തിയതെന്ന് അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം, ഷഓമിയുടെ വിജയത്തില്‍ ആവേശംകൊണ്ട് പല ചൈനീസ് കമ്പനികളും തങ്ങള്‍ക്കെതിരെയുള്ള വിലക്കു നീക്കികിട്ടാനായി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ചൈനയിലെ ഷഓമിയുടെ എതിരാളിയായിരുന്ന വാവെയ്ക്ക് എതിരെ അമേരിക്ക കൈക്കൊണ്ട നടപടികള്‍ അതിന്റെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ വിഭാഗത്തിന്റെ നട്ടെല്ലൊടിച്ചിരുന്നു. അതേസമയം, ടെക്‌നോളജിയുടെ കുതിപ്പിന് ലോകത്തിന്റെ നിര്‍മാണശാലയായ ചൈനയും ടെക്‌നോളജി അധിപരായ അമേരിക്കയും യോജിച്ചു പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വഴി അതിവേഗം പുതിയ ടെക്‌നോളജികള്‍ക്ക് കടന്നുവരാനാകും. അതേസമയം, അവര്‍ എതിര്‍ ചേരികളില്‍ നിലകൊണ്ടാല്‍ അത് സാങ്കേതികവിദ്യയുടെ വളര്‍ച്ച മുരടിപ്പിക്കുമെന്നും വിദഗ്ധർ വാദിക്കുന്നു. 

 

whatsapp-facebook

∙ ജര്‍മനിയില്‍ വാട്‌സാപ്പിന്റെ വിവാദനയം തല്‍ക്കാലം നടപ്പാക്കേണ്ടന്ന് ഉത്തരവ്

 

വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ എന്തുചെയ്യണമെന്ന തീരുമാനമെടുക്കാനാകാതെ അറച്ചു നില്‍ക്കുകയാണ്. ഇതിനിടെ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹാംബര്‍ഗ് കമ്മിഷണര്‍ ഓഫ് ഡേറ്റാ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍. വാട്‌സാപ്പിന്റെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവച്ചാല്‍ തിരഞ്ഞെടുപ്പിന്റെ സത്യസന്ധത പോലും നഷ്ടപ്പെട്ടേക്കാമെന്നാണ് അധികാരികളുടെ നിരീക്ഷണം. യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വിവാദ നീക്കംനടത്തുന്നത് മൂന്നു മാസത്തേക്ക് നിരോധിച്ചിരിക്കുന്നു എന്നാണ് ഉത്തരവ്. ഉപയോക്താക്കളെക്കുറിച്ചുള്ള പ്രൊഫൈലുകള്‍ ഉണ്ടാക്കി തിരഞ്ഞെടുപ്പു പോലും അപകടത്തിലാക്കാമെന്നും, ഫെയ്‌സ്ബുക്കില്‍ മുൻപ് നടന്നിരിക്കുന്ന ഡേറ്റാ ലീക്കുകള്‍ തങ്ങള്‍ പരിഗണിക്കുന്നു എന്നുമാണ് അധികാരികള്‍ പറഞ്ഞിരിക്കുന്നത്. ഏകദേശം 60 ദശലക്ഷം പേരാണ് ജര്‍മനിയില്‍ വാട്‌സാപ് ഉപയോഗിക്കുന്നത്. ഇവരില്‍ ചിലരെല്ലാം തങ്ങളുടെ ഡേറ്റ ഉപയോഗിക്കാനുള്ള സമ്മതം നല്‍കിക്കഴിഞ്ഞു. പക്ഷേ, അത്തരക്കാരുടെ കൂടെ സ്വകാര്യത സംരക്ഷിക്കാനാണ് പുതിയ ഉത്തരവെന്ന് അധികാരികള്‍ പറയുന്നു. അതേസമയം, തെറ്റിധാരണയുടെ പുറത്താണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നും, തങ്ങള്‍ പുതിയ തീരുമാനവുമായി മുന്നോട്ടുപോകുമെന്നും വാട്‌സാപ് പ്രതികരിച്ചു.

 

∙ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കോവിഡ്-19 അപ്‌ഡേറ്റുകള്‍ നല്‍കാന്‍ ട്വിറ്റര്‍

 

കോവിഡ്-19 ബാധയില്‍ സഹായമഭ്യർഥിച്ചുകൊണ്ടും മറ്റും ഓരോ സംസ്ഥാനത്തു നിന്നും നടത്തുന്ന ട്വീറ്റുകള്‍ പ്രത്യേകം പ്രത്യേകം കാണിക്കാന്‍ മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റര്‍ തീരുമാനിച്ചു. കേരളം, ഡല്‍ഹി, കര്‍ണാടകം, മഹാരാഷ്ട്ര ഉള്‍പ്പടെ ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്വീറ്റുകളാണ് ഇപ്പോള്‍ എടുത്തുകാണിക്കുന്നത്. ഇംഗ്ലിഷിലും പ്രാദേശിക ഭാഷയിലുമുള്ള ട്വീറ്റുകള്‍ ഒരുമിച്ചു കൊണ്ടുവരികയാണ് ട്വിറ്റര്‍. ഇതാനായി മാധ്യമ സ്ഥാപനങ്ങളും, ജേണലിസ്റ്റുകളും മറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ഇതുവഴി മരുന്ന്, ഭക്ഷണം, ഓക്‌സിജന്‍ തുടങ്ങിയവ എത്തിച്ചുകൊടുക്കല്‍ എളുപ്പമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

 

∙ ലോകമെമ്പാടുമായി 5ജി അവതരിപ്പിക്കാന്‍ തയാറായി നില്‍ക്കുന്നത് 515 കമ്പനികള്‍

 

ലോകമെമ്പാടുമായി പുതിയ ടെലികോം സാങ്കേതികവിദ്യയായ 5ജി അവതരിപ്പിക്കാനുള്ള ലൈസന്‍സ് വാങ്ങിയിരിക്കുന്നത് 515 കമ്പനികളാണെന്ന് കണക്കുകള്‍ പറയുന്നു. ഇത് 173 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളാണ്. ലോ-ബാന്‍ഡ് സ്‌പെക്ട്രത്തിലാണ് ഇവര്‍ തുടക്കമിടുന്നത്. അതേസമയം, 400 ടെലികോം കമ്പനികള്‍ ലോ-ബാന്‍ഡില്‍ 5ജി നല്‍കിത്തുടങ്ങി. ലോ-ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ മറ്റൊരു ഗുണം ഇതിലൂടെ ലഭിക്കുന്ന അധിക സ്പീഡ് ഉപയോഗിക്കാന്‍ നിലവിലുള്ള 15,000 ലേറെ എല്‍ടിഇ സ്മാര്‍ട് ഫോണ്‍ മോഡലുകളും ഉപകരണങ്ങളും മതിയാകും. ഇതിനായി 5ജിഫോണ്‍ വാങ്ങേണ്ടിവരില്ലെന്നതാണെന്നും റിപ്പോര്‍ട്ടുണ്ട്.

 

∙ പുതിയ ഐപാഡ് പ്രോയ്ക്ക് മുന്‍ മോഡലിനേക്കാള്‍ 50 ശതമാനം അധികശക്തി

 

ആപ്പിളിന്റെ സ്വന്തം എം1 ചിപ്പുമായി ഇറങ്ങിയ ഐപാഡ് പ്രോ മോഡലുകള്‍ക്ക് മുന്‍ പ്രോ മോഡലിനെ അപേക്ഷിച്ച് ഇരട്ടി ശക്തിയുണ്ടെന്ന് ബഞ്ച്മാര്‍ക്ക് ടെസ്റ്റുകള്‍ കാണിച്ചുതരുന്നതായി റിപ്പോര്‍ട്ട്. പഴയ മോഡലിനേക്കാള്‍ 56 ശതമാനം പ്രോസസിങ് ശേഷിയും, 71 ശതമാനം ഗ്രാഫിക്‌സ് ശേഷിയുമുണ്ട് പുതിയ 12.9-ഇഞ്ച് ഐപാഡ് പ്രോ മോഡലിനെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

∙ എറിക്‌സണ്‍ 97 ദശലക്ഷം ഡോളര്‍ നോക്കിയ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കും

 

നോക്കിയ കമ്പനിക്ക് തങ്ങള്‍ 97 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് എറിക്‌സണ്‍ അറിയിച്ചു. അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണിത്. അഴിമതി, സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങി കാര്യങ്ങളാണ് എറിക്‌സനെതിരെ ഉയര്‍ന്നത്.

 

∙ സിഗ്നലിലൂടെ 4കെ ഫോട്ടോകള്‍ അയയ്ക്കാം!

 

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഗുണകരമായത് ടെലിഗ്രാം, സിഗ്നല്‍ എന്നീ ആപ്പുകള്‍ക്കാണ്. സിഗ്നല്‍ പുതിയതായി കൊണ്ടുവരുന്ന ഫീച്ചര്‍ ഉപയോഗിച്ച് 4കെ ചിത്രങ്ങള്‍ പങ്കുവയ്ക്കാനാകും. സിഗ്നലിന്റെ, ഇപ്പോള്‍ ബീറ്റാ അവസ്ഥയിലുള്ള v5.11.0 വേര്‍ഷനിലാണ് പുതിയ മാറ്റം എത്തുന്നത്. കൂടുതല്‍ റെസലൂഷനുള്ള ഫോട്ടോ അയയ്ക്കാന്‍ അധികം ബുദ്ധിമുട്ടില്ലെന്നതും ഇത് ആകര്‍ഷകമാക്കുന്നു. ആപ്പിലെ, 'ഇമേജ്' ഐക്കണില്‍ ക്ലിക്കു ചെയ്ത ശേഷം 'ഹൈ' തിരഞ്ഞെടുത്ത ശേഷം കൂടുതല്‍ റെസലൂഷനുള്ള ഫോട്ടോ അയയ്ക്കാനാകുമെന്നു പറയുന്നു. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെ വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനുമെതിരെ കടുത്ത ആക്രണം നടത്താനും സിഗ്നല്‍ മറന്നില്ല. ഫെയ്‌സ്ബുക്കിന്റെ അധീനതയിലുള്ള ഈ മൂന്നു സേവനങ്ങളിലും നിന്ന് ഉപയോക്താവിനെക്കുറിച്ചും, അയാളുടെ ജീവിതത്തെക്കുറിച്ചുമെല്ലാം കിട്ടുന്ന എല്ലാ വിവരവും ശേഖരിക്കുന്നുവെന്ന് സിഗ്നല്‍ ആരോപിക്കുന്നു. ഉപയോക്താവ് ആരാണെന്ന് വ്യക്തമായി തിരിച്ചറിയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറയുന്നു.

 

English Summary: Xiaomi shares rally over 6% after U.S. agrees to remove it from blacklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com