ADVERTISEMENT

ആപ്പിൾ ഡബ്ല്യുഡബ്ല്യുഡിസി21ന്റെ ഭാഗമായുള്ള സ്വിഫ്റ്റ് സ്റ്റ്യുഡന്റ് ചലഞ്ചില്‍ വിജയിച്ചവരുടെ പട്ടികയില്‍ 15 കാരിയായ ഇന്ത്യന്‍ വംശജയുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്തോ-അമേരിക്കന്‍ വിദ്യാര്‍ഥിനിയായ അഭിനയ ദിനേശ് (Abinaya Dinesh) വികസിപ്പിച്ചെടുത്ത 'ഗ്യാസ്‌ട്രോ അറ്റ് ഹോം' എന്ന ആപ്പിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ആപ് ഈ വര്‍ഷം തന്നെ ഐഒഎസ് ആപ് സ്റ്റോറില്‍ എത്തും. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകൾ ഒന്നിപ്പിച്ച് ഉപയോഗപ്പെടുത്താൻ ഏറെ താത്പര്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാർഥിയാണ് അഭിനയ. പ്രോഗ്രാമിങ്ങിന്റെയും മെഷീന്‍ ലേണിങ്ങിന്റെയും ബാലപാഠങ്ങള്‍ തന്റെ വീടിരിക്കുന്ന നഗരമായ നോര്‍ത് ബ്രന്‍സ്‌വിക്കിലെ (ന്യൂ ജേഴ്‌സി) ചെറുപ്പക്കാരികള്‍ക്കു പകര്‍ന്നുകൊടുക്കുന്ന കാര്യത്തിലും അഭിനയ ഉത്സാഹം കാണിക്കുന്നു.

 

∙ രോഗം ഭേദമാകാന്‍ ചെയ്യേണ്ടത് എന്തെന്നു ഡോക്ടര്‍ പറഞ്ഞില്ല; ഇനിയാര്‍ക്കും ഈ വിഷമം ഉണ്ടാകരുത്!

 

താനൊരു ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റിനെ കാണാന്‍ പോയെന്നും, അദ്ദേഹം തനിക്ക് പെല്‍വിക് ഫ്‌ളോര്‍ ഡിസോര്‍ഡര്‍ ആണെന്നു പറഞ്ഞെന്നും, എന്നാല്‍ രോഗം ഭേദമാകാന്‍ എന്തെല്ലാം ചെയ്യണമെന്നു വിശദീകരിച്ചു തന്നില്ലെന്നും അതാണ് പുതിയ ആപ് വികസിപ്പിക്കാന്‍ പ്രേരകമായതെന്നും അഭിനയ പറഞ്ഞു. ഗ്യാസ്‌ട്രോ അറ്റ് ഹോം ഇന്‍സ്‌റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഗ്യാസ്‌ട്രോഇന്റസ്റ്റീനല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് നല്ലൊരു വഴികാട്ടിയായി വര്‍ത്തിക്കുമെന്നു കരുതുന്നു. രോഗത്തെക്കുറിച്ചും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ചില രോഗവിവരങ്ങള്‍ സ്വകാര്യമാക്കി വയ്ക്കാന്‍ പലരും ആഗ്രഹിക്കുന്നു. അത്തരം കാര്യങ്ങള്‍  കൂടി ഉള്‍പ്പെടുത്തിയാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്. 

 

ഈ വര്‍ഷം 350 സ്വിഫ്റ്റ് സ്റ്റ്യുഡന്റ് ചലഞ്ച് വിജയികളെയാണ് ആപ്പിള്‍ തിരഞ്ഞെടുത്തത്. ഇവര്‍ 35 രാജ്യങ്ങളില്‍ നിന്നുള്ളവാരണ്. ജൂണ്‍ 7 മുതല്‍ 11 വരെ വെര്‍ച്വലായി നടത്താനൊരുങ്ങുന്ന വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് 2021ന്റെ മുന്നോടിയായാണ് വിജയികളെ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ മത്സരത്തിലേക്ക് മുൻപൊരിക്കലും ഇല്ലാത്തതു പോല, കൂടുതല്‍ പെണ്‍കുട്ടികള്‍ അപേക്ഷിക്കുകയും വിജയിക്കുകയും ചെയ്തു എന്നതില്‍ തങ്ങള്‍ അത്യന്തം അഭിമാനിക്കുന്നുവെന്ന് ആപ്പിള്‍ പറയുന്നു. ഈ പുരോഗതി പോഷിപ്പിക്കാനായി തങ്ങളാലായതെല്ലാം ചെയ്യുമെന്നും, അതുവഴി ശരിയായ ലിംഗസമത്വം കൊണ്ടുവരാനാകുമെന്നും ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡവലപ്പര്‍ റിലേഷന്‍സ് ആന്‍ഡ് എന്റര്‍പ്രൈസ് ആന്‍ഡ് എജ്യുക്കേഷന്‍ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സൂസന്‍ പ്രെസ്‌കോട്ട് പറഞ്ഞു.

 

∙ പരിമിതികള്‍ ഭേദിച്ച് അഭിനയ!

 

തങ്ങള്‍ക്കു മാത്രമായി ആരും ഒന്നും ചെയ്തു തരില്ലാത്തതിനാല്‍ സ്വയമേ പരിമിതികള്‍ ഭേദിക്കാന്‍ ശ്രമിക്കേണ്ടതായിട്ടുണ്ടെന്ന് അഭിനയ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുവജനങ്ങള്‍ക്കു പരിചയപ്പെടുത്താനും അതിന്റെ ധാര്‍മിക വശങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാനുമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു എഐ സംരംഭത്തിനും അഭിനയ തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ പേരാണ് ഇംപാക്ട് എഐ. ഇതിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് പ്രോഗ്രാമിങ്ങിന്റെയും മെഷീന്‍ ലേണിങ്ങിന്റെയും ബാലപാഠങ്ങള്‍ പഠിപ്പിക്കാനായി ഹൈസ്‌കൂള്‍ പാഠ്യപദ്ധതിയും തുടങ്ങി. ഇതിനെ ഗേള്‍സ് ഇന്‍ എഐ എന്നാണ് വിളിക്കുന്നത്. താന്‍ പഠനത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണെന്നും അഭിനയ പറയുന്നു. അടുത്ത തലമുറയിലുള്ളവർക്ക് ഇത്തരം ടെക്‌നോളജികളുടെ സാധ്യത കാട്ടിക്കൊടുക്കാനും, അതുവഴി മെഡിക്കല്‍ ഫീല്‍ഡിലും, സമൂഹത്തിനും മുന്നേറ്റത്തിന് സഹായിക്കുമെന്നും അഭിനയ പറഞ്ഞു.

 

മറ്റൊരു വിജയിയായ ജിയാന യാന്‍ തന്റെ 13-ാം വയസിലാണ് ആപ്പുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. ടെക്‌നോളജി വഴി സാമൂഹ്യനീതി കൊണ്ടുവരാനാകുമോ എന്നാണ് ഈ കൊച്ചുമിടുക്കി ആരായുന്നത്. മഹാമാരി തുടങ്ങിയതോടെ യാനിന്റെ പ്രതിരോധശേഷിയില്ലാത്ത മുത്തശ്ശനും മുത്തശ്ശിക്കും അവശ്യസാധനങ്ങള്‍ പോലും കിട്ടാതായി. ഹവായിയിലാണവര്‍ താമസിക്കുന്നത്. പലചരക്കടക്കം പലതും വീട്ടിലെത്തിയില്ല. ഇവരെ പോലെയുള്ളവര്‍ക്കായി 'ഫീഡ് ഫ്‌ളീറ്റ്' ആപ് വികസിപ്പിക്കുകയായിരുന്നു യാന്‍ ചെയ്തത്. ആപ് വഴി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് യാതൊരു നിവൃത്തിയുമില്ലാതെ ഇരിക്കുന്നവരെ കണ്ടെത്തി സഹായങ്ങള്‍ എത്തിക്കാന്‍ സഹായിക്കുകയായിരുന്നു യാനും, സഹോദരി ഷാനോനും ചേര്‍ന്നു നിര്‍മിച്ച ആപ്പിന്റെ ഉദ്ദേശം. ഈ ആപ്പിനും ആപ്പിളിന്റെ ബഹുമതി ലഭിച്ചു. യാന്‍ ഒട്ടും മോശക്കാരിയല്ല. അവള്‍ വേറെ രണ്ട് ആപ്പുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്ന് സ്കൂള്‍ ക്യാംപസുകളില്‍ ലൈംഗികാക്രമണം നേരിടുന്ന കുട്ടികള്‍ക്ക് അത്തരം സംഭവങ്ങള്‍ സ്വകാര്യതയോടെ വെളിപ്പെടുത്താൻ സഹായിക്കുന്നതാണ്. രണ്ടാമത്തേത് സ്തനത്തില്‍ ക്യാന്‍സര്‍ ഉണ്ടോ എന്ന് സ്വയം പരിശോധന നടത്താന്‍ സാഹായിക്കുന്നതാണ്.

 

English Summary: Indian origin girl wins Apple's 'WWDC21' Student Challenge!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com