ADVERTISEMENT

വൈറസുകള്‍ക്ക് റേഡിയോ തരംഗങ്ങളിലൂടെ യാത്രചെയ്യാനൊന്നും സാധിക്കില്ലെന്നും, 5ജി ഇനിയും എത്താത്ത പല രാജ്യങ്ങളിലും കോവിഡ്-19 വ്യാപിച്ചുവെന്നും ചൂണ്ടിക്കാട്ടി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. അടുത്ത തലമുറയിലെ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് രാജ്യത്ത് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് അതിനെതിരെയുള്ള പ്രചാരണങ്ങളും തുടങ്ങിയിരിക്കുന്നത്. പുതിയതായി തുടങ്ങാനിരിക്കുന്ന 5ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് വഴി കോവിഡ്-19 വ്യാപിക്കുമെന്നത് ഒരു കെട്ടുകഥയാണെന്നും ഐടി മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചിരിക്കുകയാണ്. കോവിഡ് മൂലമുണ്ടാകുന്ന ശ്വസതടസത്തിനു കാരണം 5ജി ആണെന്ന വാദവും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്, ഇതും തള്ളിക്കളയേണ്ടതാണ്. പുതിയ സാങ്കേതികവിദ്യയ്‌ക്കെതിരെ ഇന്ത്യയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ടെലികമ്യൂണിക്കേഷന്‍സ് വ്യവസായത്തിലുള്ളവരും രംഗത്തെത്തിയിരുന്നു.

 

5ജി സാങ്കേതികവിദ്യയും കോവിഡും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസേസിയേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഡോ. എസ്.പി. കൊച്ചാര്‍ ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബോളിവുഡ് നടി ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയില്‍ 5ജി ക്കെതിരെ നല്‍കിയ പരാതിയാണ് 5ജിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വീണ്ടും സജീവമാക്കിയിരിക്കുന്നത്. 5ജി മനുഷ്യന്റെ ആരോഗ്യം തകര്‍ക്കുമെന്നും, അത് പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്നുമുള്ള വാദങ്ങള്‍ തെറ്റാണെന്നും ഐടി മന്ത്രാലയം വാദിക്കുന്നു. 5ജി വിരുദ്ധര്‍ ബ്രിട്ടനില്‍ തീയിട്ടു നശിപ്പിച്ച 5ജി ടവറുകള്‍ നേരെയാക്കാന്‍ സമയമെടുത്തുവെന്നും മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തെ ബാധിക്കാമെന്നും മുന്നറിയിപ്പു നല്‍കുന്നു.

 

∙ ടെക് ഭീമന്മാര്‍ക്ക് ടാക്‌സ്, സ്വാഗതം ചെയ്ത് കമ്പനികള്‍

 

google-facebook

ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ ലോകമെമ്പാടുമുളള രാജ്യങ്ങളിൽ വ്യാപിച്ച് അവിടെ നിന്നെല്ലാം ധാരാളം പണമുണ്ടാക്കി. ഇതിനിടെ ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ ഈ അമേരിക്കന്‍ കമ്പനികള്‍ക്കു ടാക്‌സിടാന്‍ ശ്രമിച്ചതോടെ അമേരിക്കയുടെ വിധം മാറി. ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരിയടക്കം നാല്‍പതോളം വസ്തുക്കള്‍ക്കാണ് അമേരിക്ക അധികനികുതി ഈടാക്കാന്‍ തുനിഞ്ഞത്. അവര്‍ ആ തീരുമാനം നടപ്പാക്കുന്നത് ആറു മാസത്തേക്ക് നീട്ടിവച്ചത് ഏതാനും ദിവസം മുൻപാണ്. അതിനു കാരണമായി പറഞ്ഞത് അടുത്തു നടക്കാന്‍ പോകുന്ന ഏതാനും സമ്മേളനങ്ങളാണ്. അതിലൊന്നായ ജി7 ഉച്ചകോടി ഇപ്പോള്‍ നടക്കുകയാണ്. ഇതില്‍ ഓരോ രാജ്യത്തിനും ടെക് കമ്പനികള്‍ക്ക് ചുമത്താവുന്ന കുറഞ്ഞ നികുതിയേക്കുറിച്ച് പ്രാഥമിക ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം നികുതി ചുമത്താമെന്നാണ് പ്രാഥമിക ധാരണ. കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. 

 

∙ സ്വാഗതം ചെയ്ത് ഫെയ്‌സ്ബുക്കും ഗൂഗിളും

 

തങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ ഈ നികുതി നല്‍കാന്‍ ഒരു വിസമ്മതവുമില്ലെന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്. കമ്പനിയുടെ ഗ്ലോബല്‍ അഫയേഴ്‌സ് മേധാവി നിക്ക് ക്ലെഗ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആഗോള ടാക്‌സ് പരിഷ്‌കരണം വിജയിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ തങ്ങള്‍ കൂടുതല്‍ നികുതി അടയ്‌ക്കേണ്ടതായി വന്നേക്കാം. എന്നാൽ പോലും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്നത് സ്വാഗതാര്‍ഹമാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാജ്യാന്തര ടാക്‌സ് നിയമങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണത്തെ തങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് മറ്റൊരു അമേരിക്കന്‍ ടെക്‌നോളജി ഭീമനായ ഗൂഗിളും അറിയിച്ചു. വിവിധ രാജ്യങ്ങള്‍ തമ്മിൽ ചര്‍ച്ചകള്‍ നടത്തി കൂടുതല്‍ സന്തുലിതമായ ഒരു ഉടമ്പടിയുണ്ടാക്കാന്‍ സാധിക്കട്ടെയെന്നും ഗൂഗിള്‍ പറഞ്ഞു.

 

∙ തിരിച്ച് ഓഫിസിലെത്താന്‍ ചില ആപ്പിള്‍ ജീവനക്കാര്‍ക്ക് മടി

 

സെപ്റ്റംബര്‍ മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും തങ്ങളുടെ ജോലിക്കാര്‍ ഓഫിസിലെത്തണമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ജോലിക്കാര്‍ക്കിടയില്‍ മുറുമുറുപ്പ് ഉയര്‍ന്നു തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം ഓഫസിലെത്തി ജോലി ചെയ്യണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ കമ്പനിക്ക് കത്തയച്ചു. ജോലിക്കാര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ഓഫിസിലെത്താന്‍ നിര്‍ബന്ധിക്കരുത് എന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഓഫിസിലെത്താന്‍ മടിയില്ലാത്തവര്‍ അങ്ങനെ ചെയ്യട്ടെ, എന്നാല്‍ അതിനു താത്പര്യമില്ലാത്തവരെ തത്കാലം നിര്‍ബന്ധിക്കരുതെന്നാണ് ജോലിക്കാര്‍ ഉയര്‍ത്തുന്ന ആവശ്യം. ആപ്പിളിന്റെ പുതിയ ഉത്തരവിറങ്ങിയതോടെ തങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ ജോലി രാജിവച്ചേക്കുമെന്നും, ഓഫിസിലെത്തണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്ക് അനുവദിച്ചുതരണമെന്നും ജോലിക്കാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ കുടുംബത്തെക്കുറിച്ചും, സ്വന്തം ആരോഗ്യത്തെക്കുറിച്ചും, ആപ്പിളിന് തങ്ങളാല്‍ സാധിക്കുന്ന ഏറ്റവും മികച്ച ജോലി ചെയ്തുകൊടുക്കുന്നതിനെ കുറിച്ചും ഒരുപോലെ ചിന്തിക്കുന്നുവെന്നാണ് ചില ജോലിക്കാര്‍ പറയുന്നത്.

 

∙ 2019ല്‍ വേണ്ടെന്നുവച്ച പ്രൊഡക്ട് ഇറക്കാന്‍ ആപ്പിള്‍?

 

2019ല്‍ വേണ്ടെന്നുവച്ച ഒരു ഉപകരണം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിളെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ സ്വന്തം വയര്‍ലെസ് ചാര്‍ജിങ് മാറ്റ് ഇറക്കാന്‍ തയാറെടുക്കുകയും പിന്നെ അതു വേണ്ടന്നുവയ്ക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആപ്പിള്‍ ഉപകരണങ്ങള്‍ വയര്‍ലെസ് ചാര്‍ജിങ്ങിലേക്കു മാറുമ്പോള്‍ അത്തരം ഒരു ഉപകരണം പുറത്തിറക്കണമെന്ന ചിന്തയിലാണ് കമ്പനിയെന്നു പറയുന്നു.

 

∙ ടിയനാമെന്‍ ടാങ്ക് മാന്‍ എന്നു സേര്‍ച്ചിലെ പിഴവിനെക്കുറിച്ച് വിശദീകരണവുമായി മൈക്രോസോഫ്റ്റ്

 

ചൈനയില്‍ നടന്ന കുപ്രസിദ്ധ ടിയനാമെന്‍ കൂട്ടക്കുരിതിക്കു നേതൃത്വം നല്‍കിയെന്നു കരുതുന്ന ആളെക്കുറിച്ചു സേര്‍ച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന പദങ്ങളാണ് ടിയനാമെന്‍ ടാങ്ക് മാന്‍. സംഭവം നടക്കുന്നതിനു തൊട്ടുമുൻപ് ടാങ്കുകളുടെ മുകളിൽ നില്‍ക്കുന്നത് ആരാണെന്ന് അറിയാത്ത ആളെയാണ് ടിയനാമെന്‍ ടാങ്ക് മാന്‍ എന്നു വിളിക്കുന്നത്. ടിയനാമെന്‍ സംഭവത്തിന്റെ വാര്‍ഷിക വേളയില്‍ ടിയനാമെന്‍ ടാങ്ക് മാന്‍ എന്നു സേര്‍ച്ച് ചെയ്താല്‍ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതിയിലുള്ള സേര്‍ച്ച് എൻജിനായ ബിങില്‍ ഇപ്പോള്‍ ലഭിക്കുന്നത് കുറച്ച് ടാങ്കുകളും മറ്റുമാണ്. അമേരിക്കയെ കൂടാതെ, ബ്രിട്ടൻ, ജര്‍മനി, സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളും ഈ പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഇത് സെന്‍സര്‍ഷിപ്പിന്റെ ഭാഗമാണോ എന്നാണ് അവരുന്നയിക്കുന്ന ചോദ്യം. അതേസമയം, അത് ജോലിക്കാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

 

∙ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ന്യൂആന്‍സ് ഇനി മൈക്രോസോഫ്റ്റിന്

 

പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ന്യൂആന്‍സ് 16 ബില്ല്യന്‍ ഡോളറിന് വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമം വിജയിച്ചിരിക്കുകയാണ്. ഇതിന് സർക്കാർ അംഗീകാരം നല്‍കിയിക്കുകയാണ്.

 

English Summary: 5G has nothing to do with Covid Government reiterates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com