ADVERTISEMENT

'സാധാരണക്കാരുടെ സുഹൃത്തല്ലാത്ത' ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് ലോകത്തെ ഏറ്റവും കുപ്രസിദ്ധ ഹാക്കര്‍ ഗ്രൂപ്പുകളിലൊന്നായ അനോണിമസ്. ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല അടക്കം ഏതാനും സുപ്രധാന കമ്പനികളുടെ മേധാവിയും ലോകത്തെ രണ്ടാമത്തെ വലിയ ധനികനുമായ മസ്‌കിനെ ലക്ഷ്യമിട്ട് നീങ്ങുകയാണ് ഈ ഗ്രൂപ്പ്. അടുത്തിടെ നടത്തിയ പല ഹീനമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഈ അനോണിമസ് (അജ്ഞാത) ഗ്രൂപ്പാണെന്ന് പറയുന്നു. പേപാല്‍, സൈന്റോളജി തുടങ്ങിയ സ്ഥാപനങ്ങളെ ആക്രമിച്ചവരാണ് ഈ ഗ്രൂപ്പ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

ബിറ്റ്‌കോയിന്റെ വില മസ്‌കിന്റെ വാക്കുകള്‍ക്കും ട്വീറ്റുകള്‍ക്കും അനുസരിച്ച് ചാഞ്ചാടുന്നതാണ് ഈ അജ്ഞാത ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. അനോണിമസ് ഹാക്കര്‍ ഗ്രൂപ്പ് പുറത്തിറക്കിയ വിഡിയോയില്‍ ക്രിപ്റ്റോകറന്‍സി വിപണികള്‍ക്കുമേല്‍ മസ്‌ക് ധാര്‍ഷ്ട്യത്തോടെ നടത്തുന്ന ഇടപെടലുകളെയാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇത് ബിറ്റ്‌കോയിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ബിറ്റ്‌കോയിന്‍ മസ്‌കിന്റെ വാക്കുകള്‍ക്കനുസരിച്ച് സ്ഥിരതയില്ലാതെ, നിയന്ത്രണമില്ലാതെ ചാഞ്ചാടുകയാണ്. ഈ ചാഞ്ചാട്ടം മസ്‌ക് ഏറ്റവും അവസാനം നടത്തിയ ഇടപെടലില്‍ പോലും വ്യക്തമാണെന്ന് ഹാക്കര്‍ ഗ്രൂപ്പ് കരുതുന്നു. ക്രിപ്റ്റോകറൻസി നിയന്ത്രിക്കാൻ ശ്രമിച്ചാൽ മസ്ക് വിവരമറിയുമെന്നാണ് അനോണിമസിന്റെ മുന്നറിയിപ്പ്.

 

ടെസ്‌ലയുടെ വാഹനങ്ങള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു വാങ്ങാമെന്നു പ്രഖ്യാപിക്കുകയും പിന്നീടത് അനുവദിക്കില്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട് മസ്ക്. അദ്ദേഹം പറയുന്നതു പോലെ ഒന്നുമല്ല ടെസ്‌ലയ്ക്കുളളില്‍ നിന്നു പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ പല ആരോപണങ്ങളും ഹാക്കര്‍ഗ്രൂപ്പ് ഉയര്‍ത്തുന്നു. വ്യക്തിപരമായി അദ്ദേഹത്തിന് ചില പ്രശ്‌നങ്ങളുണ്ടെന്നും ഹാക്കര്‍മാര്‍ ആരോപിക്കുന്നു. ഉദാഹരണത്തിന് അദ്ദേഹത്തിന് ആധിപത്യമനോഭാവം (സുപീരിയോരിറ്റി കോംപ്ലക്‌സ്) ഉണ്ട്. ഒരിക്കല്‍ താന്‍ ചൊവ്വയുടെ ചക്രവര്‍ത്തിയാണെന്നു പോലും അവകാശപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ അദ്ദേഹം അധ്വാനവര്‍ഗത്തെയും അവരുടെ സാധ്യതകളെ നിരന്തരമായ ക്രിപ്‌റ്റോകറന്‍സി ഇടപെടലുകള്‍ വഴി അടക്കം ട്രോളിക്കൊണ്ടിരിക്കുന്നു എന്നും ഹാക്കര്‍ ഗ്രൂപ്പ് ആരോപിക്കുന്നു. ഹാക്കർ ഗ്രൂപ്പ് പറയുന്നത് മസ്‌ക് സാധാരണക്കാരുടെ സുഹൃത്ത് അല്ലെന്നാണ്. ഇക്കാരണങ്ങളാലാണ് ഹാക്കർ ഗ്രൂപ്പ് മസ്‌കിനെ ലക്ഷ്യമിടുന്നതും. 

 

∙ സ്മാര്‍ട് ഫോണ്‍ 'ഭ്രാന്തന്മാര്‍ക്ക്' മൂന്നാം കണ്ണ് നല്‍കാന്‍ ശ്രമം

 

പലര്‍ക്കും സ്മാര്‍ട് ഫോണ്‍ സ്‌ക്രീനില്‍ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ താത്പര്യമില്ല. ഇത്തരക്കാര്‍ റോഡിലൂടെയും മറ്റും സ്‌ക്രീനില്‍നിന്നു കണ്ണെടുക്കാതെ നടക്കുമ്പോള്‍ മറ്റുള്ളവരുടെ ദേഹത്ത് ഇടിക്കാനും മതിലില്‍ ഇടിച്ചു വീഴാനും സാധ്യതകളുണ്ട്. അത്തരക്കാര്‍ക്കായി ദക്ഷിണ കൊറിയന്‍ വ്യവസായ ഡിസൈനറാണ് ആക്ഷേപഹാസ്യ രീതിയില്‍ 'സ്മാര്‍ട് ഫോൺ സോംബീസിന്' (ജീവച്ഛവങ്ങള്‍) ഒരു മൂന്നാം കണ്ണ് പിടിപ്പിച്ചു കൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പയേങ് മിന്‍-വൂക് എന്ന 28 കാരനാണ് ഇത്തരക്കാര്‍ക്ക് നെറ്റിയില്‍ വയ്ക്കാനായി ഒരു റോബോട്ടിക്ക് കണ്ണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് സ്മാര്‍ട് ഫോണ്‍ സോംബീസിന് അവരുടെ നെറ്റിയില്‍ വച്ചുകെട്ടാം. കലാകാരന്‍ കൂടിയായ പയേങ്, 'ഫോണോ സെയ്പിയന്‍സ്' എന്ന പേരില്‍ ഒരു ആര്‍ട്ട്‌വര്‍ക്കും സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് മൂന്നാംകണ്ണും. നെറ്റിയിലുള്ള കണ്ണ്, ഉപയോക്താവ് എപ്പോഴെല്ലാം ഫോണില്‍ നോക്കാനായി തല കുനിക്കുന്നുവെന്നു മനസ്സിലാക്കുന്നു. തുടര്‍ന്ന് സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാതെ നീങ്ങുകയാണെങ്കില്‍ 1-2 മീറ്റര്‍ അകലത്തില്‍ എന്തിലെങ്കിലും ചെന്നിടിക്കാന്‍ പോകുകയാണെങ്കില്‍ ബീപ്പ് അടിച്ച് മുന്നിലുള്ള അപകടത്തെക്കുറിച്ച മുന്നറിയിപ്പു നല്‍കും.

 

ഭാവിയിലെ മനുഷ്യര്‍ ഇങ്ങനെയായിരിക്കും ഇരിക്കുക എന്നും പയേങ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റോയല്‍ കോളജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഇംപീരിയല്‍ കോളജില്‍ നിന്ന് ഇനവേഷന്‍ ഡിസൈന്‍ എൻജിനീയറിങ്ങില്‍ പോസ്റ്റ്ഗ്രാജുവെറ്റ് ബിരുദമെടുത്തയാളാണ് പയേങ്. മൂന്നാം കണ്ണ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നഗരത്തിലൂടെ നടന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. നമുക്ക് ഫോണിന്റെ സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ സാധിക്കാത്തതിനാല്‍ നെറ്റിയില്‍ ഒരു കണ്ണ് അധികമായി വേണമെന്ന് ആദ്ദേഹം പറയുന്നു. ഉപയോക്താവിന്റെ കഴുത്തു വളയുന്നത് ജൈറോ സെന്‍സര്‍ ഉപയോഗിച്ചു കണ്ടെത്തുന്നു. അള്‍ട്രാസോണിക് സെന്‍സര്‍ ഉപയോഗിച്ചാണ് റോബോട്ടിക് കണ്ണും പ്രതിബന്ധങ്ങളും തമ്മിലുള്ള അകലം അളക്കുന്നത്. രണ്ടു സെന്‍സറുകളും ഒരു ഓപണ്‍-സോഴ്‌സ് സിങ്ഗ്ള്‍-ബോര്‍ഡ് മൈക്രോകണ്ട്രോളറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബാറ്ററി പാക്കാണ് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട വൈദ്യുതി നല്‍കുന്നത്. ഇതിന്റെ പ്രവര്‍ത്തനം കാണിച്ചുകൊടുക്കാനായി നഗരത്തിലൂടെ നടന്ന പയേങ്ങിനെ കണ്ട ഒരാള്‍ പ്രതികരിച്ചത്, ഒരു അന്യഗ്രഹ ജീവിയെ പോലെയുണ്ടെന്നാണ്. മറ്റൊരാള്‍ പറഞ്ഞത് ഇതു വളരെ താത്പര്യജനകമായ മാറ്റമാണെന്നാണ്. താമസിയാതെ നെറ്റിയില്‍ ഒരു കൊച്ചുക്യാമറ തന്നെ പിടിപ്പിക്കാനാണ് പയേങിന്റെ ഉദ്ദേശം. 

 

∙ വിന്‍ഡോസ് 11 വരുന്നു?

 

മൈക്രോസോഫ്റ്റിന്റെ നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10ന് ഒരു പിന്‍ഗാമി വരുന്നതായി റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റ് എൻജിനീയര്‍മാര്‍ ഇതിനായി വര്‍ഷങ്ങളായി പണിയെടുത്തുവരികയാണെന്നും പറയുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം എങ്ങനെയിരിക്കുമെന്ന് ഈ മാസം അവസാനം തന്നെ മൈക്രോസോഫ്റ്റ് കാണിച്ചുതന്നേക്കുമെന്നും കേള്‍ക്കുന്നു. എന്നാല്‍, വിന്‍ഡോസ് 11 എന്ന പേര് ഔദ്യോഗികമായി ഉറപ്പിച്ചിട്ടില്ലെന്നു പറയുന്നു. ഇപ്പോൾ ഇതിനെ 21എച്2 വേര്‍ഷന്‍ അഥവാ സണ്‍ വാലി അപ്‌ഡേറ്റ് എന്നാണ് വിളിക്കുന്നത്. ഇത് കമ്പനിക്കുള്ളിലുള്ള കോഡ് നാമങ്ങളാണ്. പുതിയ സ്റ്റാര്‍ട്ട് മെന്യൂ, ടാസ്‌ക്ബാര്‍ ലേഔട്ട്, ഐക്കണുകള്‍, ശബ്ദങ്ങള്‍, ആപ് ഡിസൈനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമായിരിക്കും വിന്‍ഡോസ് 11 എന്നു വിളിച്ചേക്കാവുന്ന വേര്‍ഷന്‍ എന്നു പറയുന്നു.

 

അതേസമയം, ഇതായിരിക്കില്ല വിന്‍ഡോസ് 11, അത് വേറൊരു ഓപ്പറേറ്റിങ് സിസ്റ്റം തന്നെയായിരിക്കുമെന്നു വാദിക്കുന്നവരും ഉണ്ട്. ടെക്‌നോളജി മേഖലയിലെ സൂചനകള്‍ പുറത്തുവിടുന്നവരില്‍ ഒരാളായ എവാന്‍ ബ്ലാസ് അങ്ങനെ വിശ്വസിക്കുന്നു. സണ്‍ വാലി ആയിരിക്കില്ല, വരും വര്‍ഷങ്ങളില്‍ പുറത്തിറക്കാന്‍ പോകുന്ന ഒരു പുതിയ ഓപ്പറേറ്റിങ് സിസ്റ്റം തന്നെയായിരിക്കാം വിന്‍ഡോസ് 11 എന്നാണ് അവര്‍ വാദിക്കുന്നത്. എന്തായാലും വിന്‍ഡോസ് 10ന്റെ ഏറ്റവും പുതുക്കിയ പതിപ്പ് ജൂണ്‍ 24ന് കമ്പനി മേധാവി സത്യ നദെല അവതരിപ്പിക്കും.

 

∙ ഐപാഡുകള്‍ക്ക് ചില പുതുമകള്‍ കൊണ്ടുവന്നേക്കും

 

നെറ്റ്‌വര്‍ക്ക് കോളുകള്‍ സാധ്യമല്ലാത്ത ഇമ്മിണി വലിയൊരു ഐഫോണ്‍ എന്ന രീതിയില്‍ നിന്ന്, തങ്ങളുടെ ടാബ്‌ലറ്റ് ശ്രേണിയായ ഐപാഡിന് പുതിയ 'വ്യക്തിത്വം' നല്‍കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ആദ്യം ഐഒഎസ് തന്നെ ഉപയോഗിച്ചുവന്ന ഐപാഡിനായി പിന്നീട് ഐപാഡ്ഒഎസ് ഇറക്കുകയുണ്ടായി. എന്നാലും ഇപ്പോഴും ഐഫോണിന്റെ ജ്യേഷ്ടന്‍ (സ്‌ക്രീന്‍ വലുപ്പത്തിലെങ്കിലും) എന്ന തോന്നല്‍ തന്നെയാണ് ഐപാഡ് ഉണര്‍ത്തുന്നത്. അതെല്ലാം ഘട്ടംഘട്ടമായി മാറ്റിയെടുത്ത് കൂടുതല്‍ ക്രീയേറ്റീവ് ആളുകളെ ആകര്‍ഷിക്കാനാണ് ആപ്പിളിന്റെ ശ്രമമെന്നു പറയുന്നു. പുതിയ മാക്ബുക്കുകളിലും, മാക് മിനിയിലും പ്രവര്‍ത്തിക്കുന്ന അതേ എം1 ചിപ്പ് ഏറ്റവും പുതിയ ഐപാഡുകള്‍ക്കും നല്‍കിയത് ഈ മറ്റത്തിന്റെ അടുത്ത ഘട്ടമായി കാണുന്നു. ഐപാഡ് ഒഎസിന്റെ അടുത്ത പതിപ്പില്‍ മറ്റൊരു ലുക്ക് തന്നെ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രമിച്ചേക്കുമെന്നു പറയുന്നു. വിജറ്റുകളെ സ്‌ക്രീനിന്റെ ഏതു ഭാഗത്തും വയ്ക്കാമെന്നതായിരിക്കാം ഒരു മാറ്റമെന്നു കരുതുന്നവരുണ്ട്.

 

English Summary: Tesla CEO Elon Musk targeted by anonymous hackers over crypto tweets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com