ADVERTISEMENT

വഴിയില്‍ കണ്ട ഫോണ്‍ നമ്പറുള്ള ബോര്‍ഡിന്റെ ഫോട്ടോ എടുത്തു വീട്ടിലെത്തിയാല്‍ ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നമ്പര്‍ ഫോട്ടോ നോക്കി കുറിച്ചെടുക്കണം. ഐഒഎസ് 15ലേക്കു ഫാസ്റ്റ് ഫോര്‍വേഡ് ചെയ്താല്‍, ഈ ഫോട്ടോ മെഷീന്‍ ലേണിങ് ഉപയോഗിച്ച് ഐഫോണിനു തന്നെ ഈ ചിത്രം സ്‌കാന്‍ ചെയ്യാനും, ഒപ്ടിക്കല്‍ ക്യാരക്ടര്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ച് നമ്പര്‍ ടെക്സ്റ്റ് ആയി മാറ്റാനും സാധിക്കും! ചിത്രങ്ങളിലും മറ്റും പതിഞ്ഞു കിടക്കുന്ന അക്ഷരങ്ങളും അക്കങ്ങളും, വെബ് പേജുകളിലെ ടെക്സ്റ്റ് പോലെ ഹൈലൈറ്റ് ചെയ്യാനും കോപ്പി ചെയ്യാനും സാധിക്കും! തുടക്കത്തില്‍ ഏഴു ഭാഷകളായിരിക്കും സപ്പോര്‍ട്ടു ചെയ്യുക. ഈ മാജിക് അടക്കം പല പുതിയ ഫീച്ചറുകളുമായാണ് ആപ്പിളിന്റെ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ എത്തുന്നത്. ടെക്‌സ്റ്റ് കൂടാതെ, ചിത്രങ്ങളിലുള്ള മറ്റ് വസ്തുക്കളെയും തിരിച്ചറിയാന്‍ ഫോണുകളിലും ഐപാഡുകളിലുമുള്ള മെഷീന്‍ലേണിങ് ശക്തിക്കു സാധിക്കും. ഉദാഹരണത്തിന് ഒരു പട്ടി ഏതു ബ്രീഡാണ് എന്നതൊക്കെ പറഞ്ഞു തരാനാകും. (ഇതു കേട്ട് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ചിരിക്കുന്നുണ്ടാകും. അതേക്കുറിച്ച് വഴിയെ പറയാം.)

 

ആപ്പിള്‍ കഴിഞ്ഞ ദിവസം വെര്‍ച്വലായി ആരംഭിച്ച വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ( ഡബ്ല്യൂഡബ്ല്യൂഡിസി) ഇതടക്കമുള്ള മറ്റു ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. തങ്ങളുടെ എല്ലാ ഉപകരണങ്ങളുടെയും സോഫ്റ്റ്‌വെയറില്‍ കൊണ്ടുവരുന്ന പുതുമകള്‍ ആപ്പിള്‍ പരിചയപ്പെടുത്തിയെങ്കിലും അവയില്‍ മുഖ്യം ഐഫോണിന്റെ ചാലകശക്തിയായ ഐഒഎസ് 15 ആണ്. ഏതാനും ചില ഫീച്ചറുകള്‍ പരിചയപ്പെടാം. ഒറ്റപ്പെട്ട കുടുംബങ്ങളും, മനുഷ്യരുമാണ് ഇപ്പോള്‍ ലോകത്ത് പ്രധാനമായും ഉള്ളത്. ഇവര്‍ തമ്മിലുളള ഇടപെടല്‍ കൂടുതല്‍ സ്വാഭാവികമാക്കാന്‍ ആപ്പിള്‍ ശ്രമിച്ചിരിക്കുന്നു. ആപ്പിള്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളിലൊന്ന് വിഡിയോ കോളിങ് സേവനം കൂടിയായ ഫെയ്‌സ്‌ടൈമില്‍ കൊണ്ടുവന്നിരിക്കുന്ന പുതുമയാണ്. സൂം ആപ് പരിചയമുള്ളവര്‍ക്ക് കൂടുതല്‍ പരിചിതമായി തോന്നാവുന്ന രീതിയിലാണ് ഇത്. (അപ്പോള്‍ പിന്നെ സൂം പോരെയെന്നൊന്നും ചോദിക്കരുത്.) ഗ്രിഡ് വ്യൂവില്‍ സംസാരിക്കുന്ന ആളിനെ എടുത്തുകാണിക്കും. സ്‌പെഷ്യല്‍ ഓഡിയോ, വോയിസ് ഐസൊലേഷന്‍ എന്നിവയും കൊണ്ടുവന്നിട്ടുണ്ട്. ഇതോടെ കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ സംസാരിക്കാനാകുമെന്നു പറയുന്നു. മറ്റൊരു ഫീച്ചര്‍ ഷെയര്‍ പ്ലേയാണ്. ഒരാള്‍ കാണുന്ന സ്ട്രീമിങ് ഉള്ളടക്കം ഫെയ്‌സ്‌ടൈം വഴി മറ്റൊരാളുമായി പങ്കുവച്ചു കാണാനുള്ള കഴിവാണിത്. സംഗീതവും സിനിമയും എല്ലാം ഇങ്ങനെ ആസ്വദിക്കാം. ആപ്പിള്‍ ടിവി പ്ലസിലെയും, ആപ്പിള്‍ മ്യൂസിക്കിലെയും ഉള്ളടക്കം ആണെങ്കില്‍ ഇത് സുഗമമായി പ്രവര്‍ത്തിക്കുമെന്ന കാര്യം ഉറപ്പാണെന്നു പറയുന്നു. ഷെയര്‍പ്ലേ തങ്ങളുടെ സേവനങ്ങളിലും യോജിപ്പിക്കാന്‍ വേണ്ട പ്രോഗ്രാമിങ് ടൂളുകള്‍ ആപ്പിള്‍ മറ്റ് സ്ട്രീമിങ് സേവനദാതാക്കള്‍ക്കും നല്‍കും.

 

∙ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പിസി ഉപയോക്താക്കള്‍ക്കും ഫെയ്‌സ്‌ടൈം കോളില്‍ ചേരാം

 

ഏറെ കാലമായി വരുന്നുവെന്നു പറഞ്ഞിരുന്ന ഒരു ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 15ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഐപാഡുകളിലും മറ്റും നിന്ന് ഫെയ്‌ടൈം ലിങ്ക് വിന്‍ഡോസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഷെയർ ചെയ്യാനാകും. ആ ലിങ്ക് വഴി ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്കും ഫെയ്‌ടൈം കോളുകളില്‍ ബ്രൗസര്‍ വഴി ചേരാം!

 

നോട്ടിഫിക്കേഷനുകളില്‍ ധാരാളം പുതുമകള്‍ വരും. ആവശ്യമില്ലാത്ത നോട്ടിഫിക്കേഷള്‍ ശല്യപ്പെടുത്തുന്നത് കുറയ്ക്കാനാകും. പുതിയ ഡു നോട്ട് ഡിസ്‌റ്റേര്‍ബ് വഴി എല്ലാ നോട്ടിഫിക്കേഷനുകളും ശബ്ദരഹിതമാക്കാം. അപ്രധാനമായ നോട്ടിഫിക്കേഷനുകള്‍ ഒരു ദിവസം രണ്ടു തവണ പരിശോധിക്കാവുന്ന രീതിയിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്. മെസേജുകളും കോളുകളും ഈ വിഭാഗത്തില്‍ പെടില്ല.

apple-event

 

നിങ്ങളുടെ മൂഡിന് അനുസരിച്ച് ഫോണിന്റെ ഹോംസ്‌ക്രീന്‍ ക്രമീകരിക്കാം. ജോലി, വ്യക്തിപരം, ഉറക്കം എന്നിങ്ങനെ മാറ്റാം. അതായത് രാവിലെ ഒൻപതു മണിയാകുമ്പോള്‍ ജോലി സംബന്ധമായ വിജറ്റുകള്‍ക്കും മറ്റും പ്രാധാന്യം നല്‍കും. 

 

ആപ്പിള്‍ മാപ്‌സിലേക്ക് പുതിയ ഫീച്ചറുകള്‍ കൂടുതലായി എത്തുന്നത് സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലായിരിക്കും. കൂടുതല്‍ വിശദമായ ഡേറ്റാ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് ലഭിക്കും.

 

∙ ഐപാഡ്

 

ഐഫോണില്‍ എത്തുന്ന മിക്കവാറും ഫീച്ചറുകളെല്ലാം ഐപാഡിലും എത്തും. എന്നാല്‍, ഐപാഡുകള്‍ക്കു പ്രത്യേകമായി ചില ഫീച്ചറുകളും വരുന്നു. ഇതില്‍ പ്രധാനപ്പെട്ടത് മള്‍ട്ടിടാസ്‌കിങ് ടൂളുകളാണ്. ഐപാഡില്‍ മള്‍ട്ടിടാസ്‌കിങ് ഉണ്ടെങ്കിലും ഇതിനായി നല്‍കിയിരുന്നത് പൂർണ്ണതയില്ലാത്ത ടൂളുകളായിരുന്നു. ഐപാഡ് ഒഎസ് 15ല്‍ പുതിയൊരു മള്‍ട്ടിടാസ്‌കിങ് മെന്യു വരും. ഇത് സ്‌ക്രീനിനു മുകളില്‍ ഇരിക്കും. പോപ്-അപ് മെന്യു ഉപയോഗിച്ച് ആപ്പുകളെ ഫുള്‍സ്‌ക്രീന്‍ ആക്കാനും, സ്പ്ലിറ്റ്‌സ്‌ ക്രീനിലേക്കു മാറ്റാനുമൊക്കെ സാധിക്കും. ഏതാനും സ്വൈപ്പുകളിലൂടെ ഇതൊേെക്ക നിര്‍വഹിക്കാവുന്ന രീതിയിലാണ് ക്രമീകരണം. ഐപാഡുകള്‍ കീബോഡുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്കും ഇതൊരു അനുഗ്രഹമായിരിക്കുമെന്നു കരുതുന്നു. വിജറ്റ്‌സിലും മാറ്റം വരും. തര്‍ജ്ജമ ആപ്പിനും കൂടുതല്‍ കരുത്തു കിട്ടും. സംസാരിക്കുന്നത് തത്സമയം തര്‍ജ്ജമ ചെയ്തു കിട്ടും. എല്ലാ ആപ്പുകളിലുമുള്ള ടെക്സ്റ്റ് തര്‍ജ്ജമ ചെയ്യാം.

 

∙ വാച്ച്ഒഎസ്

 

വാച്ച്ഒഎസില്‍ ഫിറ്റ്‌നസ്, മെഡിറ്റേഷന്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ബ്രീതിങ്, വ്യായാമം തുടങ്ങിയവയ്ക്ക് പ്രോത്സാഹനം ലഭിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ വാച് ഫെയ്‌സാക്കാനുള്ള ഫീച്ചര്‍ ഹിറ്റായേക്കുമെന്നും പറയുന്നു.

 

∙ മാക്ഒഎസ്

 

മാക്ഒഎസിന്റെ പുതിയ പതിപ്പിന് മോണ്ടെറി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ആപ്പിളിന് അടുത്തിടെ തുടങ്ങിയ ഒരു ഭ്രമം തുടരുകയാണ് ഇതിലൂടെയും. കലിഫോര്‍ണിയയിലെ സ്ഥലനാമങ്ങള്‍ ഉപയോഗിക്കുന്ന രീതിയാണ് ഇപ്പോള്‍ കമ്പനി അനുവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ ആപ്പുകള്‍ ഇനിമേല്‍ മാക്കുകളും, ഐപാഡുകളും, ഐഫോണുകളും തമ്മില്‍ കൂടുതല്‍ സുഗമമായി സിങ്ക് ചെയ്യും. ഒരോ ഡിവൈസിലേക്കും ഡേറ്റ പകര്‍ന്നെടുക്കല്‍ എളുപ്പമായിരിക്കും. ഐപാഡുകളെ രണ്ടാം മോണിട്ടറാക്കലും കൂടുതല്‍ എളുപ്പമായിരിക്കും. ക്രോമില്‍ നിന്നും വിവാള്‍ഡിയില്‍ നിന്നും കടമെടുക്കുക വഴി ഡെസ്‌ക്ടോപ് സഫാരിക്കും ചില അധിക ഫീച്ചറുകള്‍ ലഭിക്കുന്നു. 

 

∙ സ്വകാര്യത

 

തങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ദൃഡീകരിച്ചിരിക്കുന്ന ഒരു ഫീച്ചര്‍ സ്വകാര്യതയാണ്. ഇക്കാര്യത്തില്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് ആപ്പിളില്‍ നിന്ന് പലതും പഠിക്കാനുമുണ്ടായിരിക്കും. മെയിലുകള്‍ വഴി ഉപയോക്താവിനെ ട്രാക്കു ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തും. 'ട്രാക്കിങ് പിക്‌സലുകളെ' ബ്ലോക്കു ചെയ്യാന്‍ സജ്ജമായിരിക്കും ആപ്പിളിന്റെ മെയില്‍ ആപ്പ്. നിങ്ങളുടെ ഐപി അഡ്രസും, ലൊക്കേഷനും മെയില്‍ അയയ്ക്കുന്ന ആളുകളില്‍ നിന്ന് ഒളിച്ചു പിടിക്കും. ആപ്പിളിന്റെ പ്രീമിയം ഐക്ലൗഡ് പ്ലസ് ഉപയോഗിക്കുന്നവര്‍ക്കും ഇത്തരം സ്വകാര്യത നല്‍കുമെന്നും കമ്പനി അറിയിച്ചട്ടുണ്ട്. സഫാരിയില്‍ നല്‍കിയിരിക്കുന്ന ഒരു പുതിയ ഫീച്ചര്‍ പ്രകാരം, ഐക്ലൗഡ് പ്ലസ് ഉപയോഗിക്കുന്നവര്‍ക്ക് ലൊക്കേഷന്‍ മറച്ചുപിടിക്കാനാകുമെന്നു പറയുന്നു. വെബ് ട്രാഫിക് മറ്റ് ഇന്റര്‍നെറ്റ് റിലേകളിലേക്ക് വഴിതിരിച്ചുവിട്ടാണ് ആപ്പിള്‍ ഈ സേവനം നല്‍കുന്നത്. ഐഫോണിലും ഐപാഡിലുമൊക്കെയുള്ള ആപ്പുകള്‍ നിങ്ങളുടെ ലൊക്കേഷനും, ക്യാമറയും, മൈക്രോഫോണും മറ്റും ആക്‌സസു ചെയ്യാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ലഭിക്കും. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിറിക്ക് (Siri) കൂടുതല്‍ വോയിസ് റെക്കഗ്നിഷന്‍ കഴിവും ലഭിക്കും.

 

∙ എന്തിനാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ചിരിക്കുന്നത്?

 

ഒരു പതിറ്റാണ്ടു മുൻപ് ഐഒഎസ് ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് ഡവലപ്പര്‍മാര്‍ കോപ്പിയടിക്കുന്നേ എന്ന് ഐഒഎസ് ഉപയോക്താക്കള്‍ വിലപിക്കുന്നതു കേള്‍ക്കാമായിരുന്നു. എന്നാല്‍, ഫോട്ടോയുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഐഒഎസ് 15ല്‍ അവതരിപ്പിച്ച ഫീച്ചറുകള്‍ പലതും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വര്‍ഷങ്ങളായി ആസ്വദിച്ചു വരുന്നവയാണ്. ടെക്സ്റ്റ് വേര്‍തിരിക്കാനും, പലതിനെയും തിരിച്ചറിയാനുള്ള കഴിവ് ഗൂഗിള്‍ ലെന്‍സില്‍ 2017ലൊക്കെ വന്നിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്! സ്വകാര്യത, പ്രോസസിങ് കരുത്ത് തുടങ്ങി ചില കാര്യങ്ങളിലൊഴികെ പലതിലും ആന്‍ഡ്രോയിഡായിരിക്കാം മുന്നിലെന്ന് വിലയിരുത്തലുണ്ട്.

 

English Summary: Apple iOS 15 Announced with new Facetime, iMessage, Sharing, Focus, and Privacy Features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com