ADVERTISEMENT

തങ്ങൾക്കു നിയന്ത്രിക്കാനാകാവുന്ന രഹസ്യ ആപ് ഉപയോഗിച്ചുള്ള ‘സ്റ്റിങ്’ ഓപ്പറേഷനിൽ എഫ്ബിഐ കുടുക്കിയത് 800ലധികം ക്രിമിനലുകളെ. സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏറ്റവും വലിയ ക്രിമിനൽവേട്ടകളിലൊന്നാണ് ഓപ്പറേഷൻ ട്രോജൻ ഷീൽഡ് എന്ന പേരിൽ കഴിഞ്ഞ ഒന്നര വർഷക്കാലം എഫ്ബിഐ മറ്റു രാജ്യങ്ങളിലെ പൊലീസ് സംഘങ്ങളുടെ സഹകരണത്തോടെ നടത്തിയത്. അറസ്റ്റിലായവരിൽ കൊള്ളക്കാർ, ലഹരിമരുന്ന് വിൽപനക്കാർ മുതൽ പ്രഫഷനൽ കൊലയാളി സംഘങ്ങൾ വരെ ഉൾപ്പെടും.

 

ക്രിമിനൽ സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന എൻക്രോചാറ്റ്, സ്കൈ ഇസിസി എന്നീ എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ നശിപ്പിച്ചുകൊണ്ടാണു പദ്ധതിക്കു തുടക്കമായത്. ഇതോടെ അധോലോക ആശയവിനിമയ ശൃംഖല വഴിമുട്ടി. തുടർന്ന് എഫ്ബിഐ ഒരു എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വികസിപ്പിച്ചു. ഏനോം എന്നു പേരിട്ട ആപ് പ്രത്യേകം തയാറാക്കിയ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തു. ഫാന്റം സെക്യുർ എന്ന വ്യാജക്കമ്പനിയുടെ പേരിൽ ഈ മൊബൈലുകൾ അധോലോക സംഘാംഗങ്ങളിലെത്തിക്കാനുള്ള നടപടിയും ഉടനടി തുടങ്ങി.

 

ഒന്നര വർഷം മുൻപ് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരെ ഉപയോഗിച്ച് ഈ ഫോണുകൾ അവർക്കു വിതരണം ചെയ്തു. സംശയമൊന്നും തോന്നാത്തതിനാൽ ക്രിമിനൽ സംഘങ്ങൾ ഈ വലയ്ക്കുള്ളിൽ എളുപ്പം വീണു. ചിലർ, ഉള്ളിലൊളിച്ചിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കാതെ തങ്ങളുടെ കൂട്ടാളികൾക്ക് ഏനോം ആപ്പടങ്ങിയ മൊബൈലുകൾ റെക്കമെൻ‍ഡ് ചെയ്യുക പോലും ചെയ്തു. ലോകത്തെ നൂറ് രാജ്യങ്ങളിലായി മുന്നൂറിലധികം ക്രിമിനൽ സംഘങ്ങൾ ഈ ആപ് ഉപയോഗിക്കാനായി തുടങ്ങി, എഫ്ബിഐ ഇതിൽ നിന്നുള്ള വിവരങ്ങൾ ചോർത്താനും.

ഇതോടെ ക്രിമിനലുകളുടെ കൊലപാതക പ്ലാനുകൾ മുതൽ ലഹരിമരുന്ന് കൈമാറുന്ന കൂടിക്കാഴ്ചകൾ വരെ എഫ്ബിഐയുടെ റഡാറിലായി. യൂറോപ്പിലെ യൂറോപ്പോൾ, മറ്റ് രാജ്യങ്ങളിലെ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവരും എഫ്ബിഐയുമായി സഹകരിച്ചതോടെയാണു ദൗത്യം പൂർണ ഫലപ്രാപ്തിയിലെത്തിയത്. 

 

സ്വീഡനിൽ ഒരു കൊലയാളി ഗ്യാങ് കൂട്ടക്കൊലപാതകം പ്ലാൻ ചെയ്തിരുന്നു. ആപ്പിൽ നിന്ന് അതിനെക്കുറിച്ചുള്ള സൂചനകൾ കിട്ടിയതുമൂലം ഇതു തടയാനും സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യാനും സാധിച്ചു. മറ്റൊരു സ്കാൻഡിനേവിയൻ രാജ്യമായ ഫിൻലൻഡിൽ 500 കിലോ നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ജർമനിയിൽ ഒരൊറ്റ ദിനത്തിൽ വിവിധ വകുപ്പുകളിലായി 70 പേരെയാണ് അറസ്റ്റ് ചെയ്തത്.

 

English Summary: "Heavy blow against organized crime" after criminal "kingmakers" tricked into using FBI-run messaging app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com