sections
MORE

ഐഒഎസ് 15 അപ്ഡേറ്റ്: ഐഫോണ്‍ ഉപയോക്താക്കള്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ios-15
SHARE

ആപ്പിൾ ഐഒഎസിന്റെ അപ്‌ഡേറ്റ് ചരിത്രത്തിലേ ഏറ്റവും വലിയ മാറ്റംകൊണ്ടുവരാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ഓപ്പറേറ്റങ് സിസ്റ്റമായ ഐഒഎസ് 15, ഐപാഡ് ഒഎസ് 15 എന്നിവ കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ പ്രീമിയം ഹാന്‍ഡ്‌സെറ്റുകളായ ഐഫോണ്‍ 13 സീരീസിനൊപ്പമായിരിക്കും ഇതിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച വേര്‍ഷന്‍ പുറത്തിറക്കുക. മുന്‍ വര്‍ഷങ്ങളിലെല്ലാം തൊട്ടുമുൻപുള്ള ഒഎസ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ പുതുക്കിയ ഒഎസിലേക്ക് അപ്‌ഡേറ്റു ചെയ്യണമെന്നായിരുന്നു കമ്പനി പറഞ്ഞുവന്നത്. എന്നാല്‍ ഈ വര്‍ഷം കമ്പനി എടുക്കാന്‍ പോകുന്ന നിലപാട്, ഇപ്പോള്‍ ഐഒഎസ് 14ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരോട് വേണമെങ്കില്‍ അത് തുടര്‍ന്നും ഉപയോഗിക്കാനാണെന്ന് മാക്‌റൂമേഴ്‌സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ചരിത്രം തിരുത്തുന്ന ഈ തീരുമാനത്തിന്റെ പിന്നിലെന്താണെന്ന ചര്‍ച്ചയിലാണ് ടെക്‌നോളജി പ്രേമികള്‍. ഈ വര്‍ഷം ഐഫോണ്‍ 7 സീരീസ് മുതല്‍ ഐഫോണ്‍ 12 സീരീസ് വരെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഐഒഎസ് 15നിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതായിരുന്നു.

അപ്‌ഡേറ്റ് വന്നു കഴിഞ്ഞ്, അടുത്ത ഐഒഎസ്, ഐപാഡ്ഒഎസ് സ്വീകരിക്കാന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ സെറ്റിങ്‌സ് ആപ്പില്‍ ഐഒഎസ് 14, ഐഒഎസ് 15 എന്നിവയില്‍ ഏതുവേണമെങ്കിലും സ്വീകരിക്കാമെന്നു കാണാം. ഐഒഎസ് 15നൊപ്പം പുതിയ ഫീച്ചറുകള്‍ ലഭിക്കും. സാധാരാണ ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ആപ്പിളിന്റെ പതിവ്. ഇത്തവണ കമ്പനി പറയാന്‍ പോകുന്നത് ഉപയോക്താവിന് പുതിയ ഫീച്ചറുകള്‍ വേണമെന്നുണ്ടെങ്കില്‍ അപ്‌ഗ്രേഡ് ചെയ്താല്‍ മതി. അല്ലെങ്കില്‍ ഐഒഎസ് 14ല്‍ തന്നെ തുടരാം. സുരക്ഷാ അപ്‌ഡേറ്റുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതി. നേരത്തെ ആപ്പിള്‍ ബലമായി തന്നെ തങ്ങളുടെ ഉപയോക്താക്കളെ പുതിയ അപ്‌ഡേറ്റിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഉദാഹരണത്തിനു ബാറ്ററി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഏറ്റവും പുതിയ ഒഎസ് ആണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കൂ എന്നൊക്കെ പറഞ്ഞിരുന്ന കമ്പനിക്കാണ് ഇപ്പോൾ മാറ്റംവന്നിരിക്കുന്നത്. എന്നാല്‍, ഇത് അത്ര ചര്‍ച്ചചെയ്യാനൊന്നുമില്ല, ചില സ്ഥാപനങ്ങളും സ്‌കൂളുകളും ഇപ്പോഴും പഴയ സോഫ്റ്റ്‌വെയറില്‍ തുടരുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഇതിനാലാണ് പഴയ സോഫ്റ്റ്‌വെയറിനും സപ്പോര്‍ട്ട് നൽകുമെന്ന വാദം നിലനിൽക്കുന്നത്. ആപ്പിളിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കാം.

∙ സിഎന്‍എന്‍, ആമസോണ്‍ തുടങ്ങി പ്രമുഖ വെബ്‌സൈറ്റുകള്‍ നിലച്ചത് എന്തുകൊണ്ട്?

സുപ്രധാനമായ ആയിരക്കണക്കിന് സർക്കാർ, സ്വകാര്യ, സമൂഹ മാധ്യമ വെബ്‌സൈറ്റുകളും സേവനങ്ങളുമാണ് കഴിഞ്ഞ ദിവസം ഏകദേശം ഒരു മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം നിലച്ചത്. റെഡിറ്റ്, ആമസോണ്‍, പേപാല്‍, സ്‌പോട്ടിഫൈ, അല്‍ ജസീറാ മീഡിയ നെറ്റ്‌വര്‍ക്ക്, ന്യൂ യോര്‍ക് ടൈംസ്, സിഎന്‍എന്‍ തുടങ്ങിയവയടക്കം പല പ്രമുഖ വെബ്‌സൈറ്റുകളും നിലച്ചുപോയിരുന്നു എന്നാണ് ഡൗണ്‍ഡിറ്റക്ടര്‍.കോം റിപ്പോര്‍ട്ടു ചെയ്യുന്നത്. ചിലത് മിനിറ്റുകള്‍ മാത്രമാണ് നിലച്ചതെങ്കില്‍ വേറെ ചിലത് ഒരു മണിക്കൂറോളം നേരം ലഭിക്കാതെ വന്നുവെന്നും പറയുന്നു. ലോകത്ത് പല വെബ്‌സൈറ്റ് ഉടമകളും ഉപയോഗിക്കുന്ന ഫാസ്റ്റ്‌ലി (Fastly) എന്ന കണ്ടെന്റ് ഡെലിവറി നെറ്റ്‌വര്‍ക്ക് പ്രൊവൈഡറുടെ സേവനങ്ങള്‍ നിലച്ചതാണ് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം മുടങ്ങാൻ കാരണം. അവരുടെ ഒരു സര്‍വീസ് കോണ്‍ഫിഗറേഷനില്‍ വന്ന മാറ്റമാണ് പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു പറയുന്നു.

∙ എത്ര ദുര്‍ബലമാണ് ഇന്റര്‍നെറ്റ്, ശക്തവും!

കഴിഞ്ഞ ദിവസം തലപൊക്കിയ പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റിന്റെ അധികമാരും ശ്രദ്ധിക്കാതിരുന്ന രണ്ടു ഫീച്ചറുകളാണ് വെളിപ്പെട്ടത്. ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നത് അതീവ ദുര്‍ബലമായ, ഏച്ചുകെട്ടിയ ടെക്‌നോളജി വഴിയാണ്. എന്നാല്‍, അതു തന്നെയാണ് അതിന്റെ ശക്തിയുമെന്ന് തെളിയിക്കുന്നുവെന്ന് സിഎസ്എസ് ഇന്‍സൈറ്റ് പറയുന്നു. പ്രശ്‌നം നേരിട്ടെങ്കിലും അതെവിടെയാണ് നടന്നതെന്നു കണ്ടെത്താനായതോടെ എളുപ്പത്തില്‍ പരിഹരിക്കാനായി. വിവിധ വിഭാഗങ്ങള്‍ കൂട്ടിക്കൊളുത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ആ ഒരു ഭാഗത്തു മാത്രം ശ്രദ്ധിച്ച് അതിവേഗം പ്രശ്‌നം പരിഹരിക്കാനായാത് അതിന്റെ മികവാണെന്ന് പറയുന്നു. ഇപ്പോള്‍ നടന്നതു പോലെയുള്ള സംഭവങ്ങള്‍ വിരളമാണെന്നതും നിലവിലുള്ള സാങ്കേതികവിദ്യ മികച്ചതാണെന്നു കാണിക്കുന്നുവെന്നുമാണ് വിദഗ്ധരുടെ വാദം.

internet-fiber-optics-cable-1248

ആമസോണ്‍ ക്ലൗഡിനെയൊക്കെ അപേക്ഷിച്ച് അധികം മാര്‍ക്കറ്റ് ഷെയര്‍ ഇല്ലാത്ത കമ്പനിയാണ് ഫാസ്റ്റ്‌ലി. എന്നാല്‍, ഫാസ്റ്റ്‌ലിയുടെ സേവനം ഉപയോഗിച്ചാല്‍ അധികം തിരക്കില്ലാത്ത വഴികള്‍ കണ്ടെത്തി അതിവേഗം ഉപയോക്താക്കളിലെത്തും എന്നതാണ് കമ്പനിയെ പ്രിയങ്കരമാക്കുന്നത്. എന്തായാലും അവരുടെ സേവനം നിലച്ചപ്പോള്‍ ബ്രിട്ടനിന്റെ പ്രധാന വെബ്‌സൈറ്റായ ഗവ്.യുകെ (gov.uk) അടക്കമുള്ള വെബ്‌സൈറ്റുകള്‍ നിലച്ചുവെന്ന് രാജ്യത്തിന്റെ അറ്റോര്‍ണി ജനറല്‍ ഒരു ട്വീറ്റിലൂടെ അറിയിച്ചു. കോവിഡ് വാക്‌സീന്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കും പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകമെമ്പാടും എറര്‍ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദി ഫിനാന്‍ഷ്യല്‍ ടൈംസ്, ദി ഗാര്‍ഡിയന്‍, ബ്ലൂംബര്‍ഗ് ന്യൂസ് തുടങ്ങിയവയുട സേവനങ്ങളും മുടങ്ങി.

∙ വിരളമായ സൈസ് ലെന്‍സ് ലേലത്തില്‍ വാങ്ങാം; 150,000 ഡോളര്‍ വരെ നല്‍കേണ്ടി വരാം!

ഏതാനും വര്‍ഷം മുൻപ് അവതരിപ്പിച്ച നിക്കോര്‍ സെഡ് 58എംഎം എഫ്/0.95 ലെന്‍സ് എൻജിനീയറിങ് മികവിന് ഉത്തമോദാഹരണമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍, അതിനേക്കള്‍ പ്രകാശം സ്വീകരിക്കുന്ന എഫ്/0.7 ലെന്‍സ് സൈസ് കമ്പനി ഇറക്കിയത് 1966ലായിരുന്നു എന്നറിയുമ്പോഴാണ് കൂടുതല്‍ യാഥാര്‍ഥ്യബോധം കടന്നുവരുന്നത്. സൈസ് പ്ലാനാര്‍ 50 എംഎം എഫ്/0.7 എന്നു മുഴുവന്‍ പേരുള്ള ലെന്‍സ് അടുത്തിടെ ലേലത്തിനു വച്ചിരുന്നു. ഇത്തരത്തിലുള്ള 10 ലെന്‍സുകള്‍ മാത്രമാണ് നിർമിക്കപ്പെട്ടത്. അവയില്‍ ആറെണ്ണവും നാസയാണ് വാങ്ങിയത്. ഇവയാണ് അപ്പോളോയുടെ ചാന്ദ്ര ദൗത്യത്തില്‍ ഉപയോഗിച്ചത്. സൈസ് ഇറക്കിയ ഈ പത്തു ലെന്‍സുകളിലൊന്നാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ഇതുവരെ ഏറ്റവുമധികം വിളിച്ചിരിക്കുന്നത് ഏകദേശം 67,000 ഡോളറാണ്. ഇതടക്കമുള്ള ലെന്‍സുകളും മറ്റും ലേലത്തിനു വച്ചിരിക്കുന്ന പേജിലെത്താന്‍ ഈ ലിങ്ക് ഉപയോഗിക്കാം. https://bit.ly/3ipmZ7p

∙ മസ്‌കിന്റെ പ്രധാന 'ലെഫ്റ്റനന്റ്' ടെസ്‌ല വിട്ടു

അടുത്തിടെ ലോകത്ത് ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ മുഖ്യ ഉദ്യോഗസ്ഥരിലൊരാളായ ജറോം ഗുയിലന്‍ കമ്പനിവിട്ടു. ടെസ്‌ലയുടെ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ പ്രധാന ലെഫ്റ്റനന്റ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പത്തു വര്‍ഷമായി ടെസ്‌ലയില്‍ പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം ഹെവി ട്രക്കിങ്ങിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെറോം അടക്കം നാല് എക്‌സിക്യൂട്ടിവുമാരും മസ്‌കുമാണ് ടെസ്‌ലയുടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നാണ് പറയുന്നത്. കമ്പനിക്ക് ഇതൊരു അപ്രതീക്ഷിതമായ വമ്പന്‍ നഷ്ടമാണെന്ന് വിലയിരുത്തപ്പെടുന്നു. ജെറോം ടെസ്‌ലയില്‍ ചേര്‍ന്നത് 2010ല്‍ ആണ്. എന്തിനാണ് അദ്ദേഹം കമ്പനി വിട്ടതെന്ന് വ്യക്തമല്ല.

∙ ജിയോഫോണില്‍ വാട്‌സാപ് വോയിസ് കോളിങ്

കായ്ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഇനി വാട്സാപ് വോയിസ് കോളുകള്‍ സാധ്യമാകും. ഇതുവരെ ടെക്‌സ്റ്റ് ചാറ്റുകള്‍, വോയിസ് മെസേജുകള്‍ തുടങ്ങിയവ മാത്രമായിരുന്നു ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കു ലഭിച്ചിരുന്നത്.

∙ ഗൂഗിള്‍, ഷഓമി, വിവോ കമ്പനികള്‍ ഫോള്‍ഡബിൾ ഫോണുകള്‍ക്ക് സാംസങ് ഡിസ്‌പ്ലെ ഉപയോഗിക്കും

ഗൂഗിള്‍, വിവോ, ഒപ്പോ, ഷഓമി തുടങ്ങിയ കമ്പനികളുടെ ആദ്യ ഫോള്‍ഡബിൾ ഫോണുകളുടെ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ കമ്പനികളെല്ലാം സാംസങ്ങിന്റെ ഡിസ്‌പ്ലെ ആയിരിക്കും ഉപയോഗിക്കുക. 

∙ ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 2ന്റെ വില 10,000 രൂപ കുറച്ചു

സാംസങ്ങിന്റെ സ്വന്തം ഫോള്‍ഡിങ് ഫോണായ സെഡ് ഫോള്‍ഡ് 2 ന് ഇന്ത്യയില്‍ ഒറ്റയടിക്ക് 10,000 രൂപ കുറച്ചിരിക്കുകയാണ്. പുതിയ വില 1,34,999 രൂപയായിരിക്കും.

English Summary: Apple will continue to update iOS 14 even after iOS 15 is released

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA