ADVERTISEMENT

ആദ്യം ഐഒഎസില്‍ മാത്രം ലഭ്യമായിരുന്ന ആപ് ആന്‍ഡ്രോയിഡിലും ലഭ്യമായതോടെ ക്ലബ്ഹൗസില്‍ ഇപ്പോള്‍ മലയാളികളുടെ ബഹളമാണ്. പല റൂമുകളിലും നിരര്‍ഥകമായ ചര്‍ച്ചകള്‍ അരങ്ങുകൊഴുക്കുന്നു. ഒരു റൂമില്‍ കയറിയപ്പോള്‍ കേട്ടത് ലോക്ഡൗണ്‍ സമയത്ത് അടിവസ്ത്രം ധരിക്കണോ എന്ന ചര്‍ച്ചയായിരുന്നു. മറ്റൊരിടത്ത് സെലിബ്രിറ്റികളും നാട്ടിലെ പ്രമുഖരും പങ്കെടുക്കുന്ന മറ്റൊരു ചർച്ച. അടുത്ത സ്ഥലത്ത് മതവിശ്വാസികളുടെ ചർച്ച. ഗൗരവമുള്ളതും അല്ലാത്തതുമായ വിഷയങ്ങളിൽ കൊടുമ്പിരി കൊണ്ട ചർച്ചകൾക്ക് ആവേശമേറിയതോടെ ഓഡിയോ സ്ട്രീമിങ് ആപ്പായ ക്ലബ്ഹൗസ് അതിവേഗം പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തി. ലോക്ഡൗണിൽ അടച്ചിരുന്നു ബോറടിച്ചെന്നു പറഞ്ഞവർക്ക് നേരംപോക്കിന് ഒരു ആപ്പായി.

∙ ഇന്ത്യയിൽ ഒരാഴ്ച കൊണ്ട് പത്തുലക്ഷം പേർ

ഈ വര്‍ഷം ആദ്യം സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ ഒരു ട്വീറ്റിലൂടെ പ്രശസ്തിയിലേക്ക് കുതിച്ചുയരുകയായിരുന്നു ക്ലബ്ഹൗസ്. ടെക്‌സ്‌റ്റോ ചിത്രങ്ങളോ (പ്രൊഫൈല്‍ ഫോട്ടോ ഒഴികെ) കാണാനില്ലാത്ത, ശബ്ദത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു നിര്‍മിച്ച ആപ്പാണ് ക്ലബ്ഹൗസ്. ആരെങ്കിലും ക്ഷണിച്ചാല്‍ മാത്രമേ നിലവിൽ നിങ്ങള്‍ക്ക് ഈ ആപ്പിലേക്ക് എത്താനാകൂ. (അധികം താമസിയാതെ ഇതുമാറും). ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വെരിഫിക്കേഷന്‍. ധാരാളം വെര്‍ച്വല്‍ റൂമുകള്‍, വിവിധ വിഷയങ്ങള്‍ക്കായി ഉണ്ടാകും. ആപ് വഴിയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ സംസാരിക്കുന്നത്. പരസ്പരം കാണാനാകില്ല എന്നതിനാല്‍ ഫോണ്‍ വിളിയെ അനുസ്മരിപ്പിക്കുന്നതാണ് ക്ലബ്ഹൗസിലെ അനുഭവം. പോള്‍ ഡേവിസണും രോഹന്‍ സേത്തും ചേര്‍ന്ന് 2020 ഏപ്രിലില്‍ തുടങ്ങിയ ആപ്പിന്റെ ജൈത്രയാത്ര തുടങ്ങുന്നത് മസ്‌കിന്റെ ട്വീറ്റിനെത്തുടര്‍ന്നാണ്. ആപ്പിന് 2021 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ആഴ്ചയില്‍ ഒരു കോടി ഉപയോക്താക്കളുണ്ട്. എന്നാല്‍, ഈ സമയത്ത് ആപ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമല്ലായിരുന്നു എന്നും ഓര്‍ക്കണം. ഇന്ത്യയിലെത്തി ഒരാഴ്ചയ്ക്കുളളില്‍ പത്തു ലക്ഷം പേരാണ് ആപ് ഡൗണ്‍ലോഡ് ചെയ്തത്.

∙ മിണ്ടണോ? അനുവാദം വേണം!

എളുപ്പത്തില്‍ ഏതു ചാറ്റ് റൂമിലും ജോയിന്‍ ചെയ്യാം. സ്വന്തം ചാറ്റ് റൂം തുടങ്ങുകയുമാകാം. വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ക്കും ആപ് അനുയോജ്യമായിരിക്കും. ഒരു റൂമിലെത്തിയാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ പ്രൊഫൈലുകള്‍ കാണാം. നിങ്ങള്‍ക്ക് സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കിൽ കൈപ്പത്തിയുടെ അടയാളത്തില്‍ അമര്‍ത്തിയാല്‍ മതി. എന്നാല്‍ സംസാരിക്കാന്‍ അനുവദിക്കണോ എന്നു തീരുമാനിക്കുന്നത് മോഡറേറ്ററാണ്. പല വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താം. ഓരോ വിഷയത്തിലെയും വിദഗ്ധരെയും അവിടെ കണ്ടേക്കാം. പല പ്രമുഖ വ്യക്തികളും ആപ് ഉപയോഗിക്കുന്നുണ്ട്.

മറ്റ് ഇൻസ്റ്റന്റ് ആപ്പുകളെ പോലെ ടെക്സ്റ്റ് സന്ദേശം അയയ്ക്കാനോ വിഡിയോ കാണാനോ ചാറ്റുകളിൽ അനാവശ്യ ഇടപെടലുകൾ നടത്താനോ കഴിയില്ല. മോഡറേറ്റർ അനുവദിക്കുന്നവർക്കു മാത്രം സംസാരിക്കാം. മറ്റുള്ളവർക്ക് ആ സംസാരം കേൾക്കാം. താൽപര്യമില്ലെങ്കിൽ റൂമിൽ നിന്നിറങ്ങാം. അതായത്, മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നതു പോലെ ചർച്ചയ്ക്കിടയിൽ കയറി അലമ്പുണ്ടാക്കാനോ ചീത്ത വിളിക്കാനോ കഴിയില്ലെന്ന് അർഥം

clubhouse

∙ അടിമത്തമുണ്ടായേക്കാം, വ്യാജന്മാരും

ആദ്യം പറഞ്ഞതുപോലെ, ഇപ്പോൾ ക്ലബ്ഹൗസ് ഒരു ആള്‍ക്കൂട്ടമായി മാറിക്കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ ഇടിച്ചു കയറുന്നുണ്ട്. സ്വാഭാവികമായും റൂമുകളുടെ ശേഷി വര്‍ധിപ്പിച്ചേക്കും. എന്നാലും, അനാവശ്യവാദങ്ങളുമായി എത്തുന്നവർ ചർച്ചകൾ തടസ്സപ്പെടുത്തിയേക്കാം. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ സമയവും പോകാം. ആളു കൂടുംതോറും നിങ്ങള്‍ക്ക് അഭിപ്രായം പറയാനും ചോദ്യം ചോദിക്കാനുമുള്ള അവസരം കുറയും. ഈ ആപ്പിൽ ധാരാളം സമയം ചെലവഴിച്ചാൽ ക്രമേണ അത് ‘ആസക്തി’ ഉണ്ടാക്കാമെന്നും പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വെറുതേ സമയംപോകും.

ക്ലബ് ഹൗസിൽ ആരെ വിശ്വസിക്കണം എന്നറിയില്ല എന്നതാണ് മറ്റൊരു വിഷയം. പ്രൊഫൈലുകൾക്കു പിന്നിലുള്ളത് ആരാണെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. സെലിബ്രിറ്റികളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങിയ വിരുതന്മാര്‍ കേരളത്തിലും ഉണ്ടായിരുന്നല്ലോ. തങ്ങളുടെ വ്യാജ പ്രൊഫൈലുകാര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ്, നിവിൻ പോളി, ടൊവിനോ തോമസ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സ്വകാര്യതയാണ് മറ്റൊരു വിഷയം. നിങ്ങളുടെ കോണ്ടാക്ട്‌സിലേക്ക് പ്രവേശനം വേണമെന്ന് ആപ് ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ക്ലബ്ഹൗസിന് പാരന്റല്‍ കൺട്രോളുകള്‍ എത്തിയിട്ടില്ല.

prithvi-club-house

∙ ക്രിമിനലുകളുടെ വിളയാട്ടം

ക്ലബ്ഹൗസ് ആപ്പിലേക്കെന്നു തോന്നിക്കുന്ന ലിങ്കുകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ക്രിമിനലുകളും സജീവമാകുകയാണ്. കംപ്യൂട്ടറില്‍ ക്ലബ്ഹൗസ് ഇന്‍സ്റ്റാള്‍ ചെയ്യാമെന്നു പറഞ്ഞും ലിങ്കുകള്‍ കാണിക്കുന്നു. ഇവയെല്ലാം ആപ്പിന്റെ വ്യാജ പതിപ്പുകളിലേക്ക് എത്തിക്കും. തീർച്ചയായും ദുരുദ്ദേശ്യങ്ങളായിരിക്കും ഇത്തരം തട്ടിപ്പുകാര്‍ക്ക്.

∙ വ്യക്തിവിവരങ്ങൾ വിൽക്കില്ല, പക്ഷേ പലർക്കും കൈമാറും

ക്ലബ്ഹൗസിലെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ആർക്കും വിൽക്കില്ലെന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ ഇതോടൊപ്പം തന്നെ പറയുന്നത്, മറ്റു ചിലരുമായി നിങ്ങളുടെ വിവരങ്ങൾ പങ്കുവച്ചേക്കാമെന്നാണ്. ടെലികോം സേവന ദാതാക്കൾ, അഭിഭാഷകർ, ഓഡിറ്റർമാർ, പ്രഫഷനൽ ഉപദേഷ്ടാക്കൾ, നിയമ നിർവഹണ സംവിധാനം, സർക്കാർ, സ്വകാര്യ കക്ഷികൾ എന്നിവർക്കെല്ലാം അത്യാവശ്യ ഘട്ടത്തിൽ ഉപയോക്താക്കളുടെ ഡേറ്റ നൽകുമെന്നാണ് ക്ലബ്ഹൗസിന്റെ സ്വകാര്യതാ നിയമത്തിൽ പറയുന്നത്.

∙ ക്ലബ്ഹൗസ് നൽകുന്ന വിവരങ്ങൾ

ക്ലബ്ഹൗസിലെ നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങളെല്ലാം ആവശ്യംവരുമ്പോൾ പുറത്തേക്കു നൽകും. ഈ വിവരങ്ങളിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം, പേര്, നിങ്ങൾ ക്ലബ്‌ഹൗസിലേക്ക് കണക്ട് ചെയ്യുന്ന സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ, നിങ്ങൾ പിന്തുടരുന്ന ഉപയോക്താക്കളുടെ പട്ടിക, നിങ്ങളെ പിന്തുടരുന്നവർ, ക്ലബ്‌ഹൗസിൽ ചേർന്ന തീയതി, നിങ്ങളെ നാമനിർദ്ദേശം ചെയ്ത സുഹൃത്ത്, നിങ്ങളുമായി ബന്ധപ്പെട്ട ക്ലബ്‌ഹൗസ് ഇവന്റുകൾ, പങ്കെടുക്കുന്ന ചർച്ചകൾ തുടങ്ങിയ വിവരങ്ങൾ പങ്കുവയ്ക്കും.

club-house-food-talk

∙ നാലു കാശുണ്ടാക്കാനും വഴി!

ക്ലബ്ഹൗസില്‍ ക്രിയേറ്റര്‍മാര്‍ക്ക് കാശുണ്ടാക്കാനുള്ള മാര്‍ഗം ഇന്ത്യയിലും ഉടനടി തുറന്നേക്കും. ആപ് ഉപയോഗിക്കുന്നവർ വിവിധ റൂമുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍, അവ നടത്തുന്നവര്‍ക്ക് പണം നല്‍കാനുള്ള അവസരമായിരിക്കും ഒരുങ്ങുക. ഈ ഫീച്ചര്‍ അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനക്ഷമമാണ്.

∙ ഐടി നയം അംഗീകരിക്കേണ്ടി വരും

ഉപയോക്താക്കൾ കൂടും തോറും ക്ലബ് ഹൗസിനും ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ അംഗീകരിക്കേണ്ടി വരും.

∙ വെറുതെയല്ല, സക്കര്‍ബർഗിന്റെ എൻട്രി

ഒന്നുകിൽ ക്ലബ്ഹൗസിനെ കൈപ്പിടിയിലൊതുക്കുക, അല്ലെങ്കിൽ അതുപോലൊന്ന് സൃഷ്ടിക്കുക – ഇതായിരിക്കും ഒരുപക്ഷേ ഫെയ്‌സ്ബുക് മേധാവിയുടെ ഇപ്പോഴത്തെ ചിന്ത. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഒക്യുലസുമെല്ലാം കളം പിടിച്ചപ്പോൾ സക്കര്‍ബര്‍ഗ് അവ സ്വന്തമാക്കിയിട്ട് ഏറെക്കാലമായിട്ടില്ല. ക്ലബ്ഹൗസ് പോലെയൊരു ആപ് വികസിപ്പിക്കാനുള്ള നിർദേശം സക്കര്‍ബര്‍ഗ് ഡവലപ്പര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ഒരു ഉൽപന്നം വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അതു കോപ്പിയടിക്കുക എന്നത് ഫെയ്‌സ്ബുക്കിന്റെ ശീലമാണ്. സ്‌നാപ്ചാറ്റിനു മാത്രമുണ്ടായിരുന്ന പല ഫീച്ചറുകളും ഇന്‍സ്റ്റഗ്രാമിലേക്ക് 2016 ല്‍ പകര്‍ത്തിയത് ഉത്തമോദാഹരണം. ടിക്‌ടോക്കിനെ അനുകരിക്കാനായി ഇന്‍സ്റ്റഗ്രാം റീല്‍സ് അവതരിപ്പിച്ചത് മറ്റൊരു ഉദാഹരണം. സൂം വിഡിയോയ്ക്കു പകരം ഫെയ്‌സ്ബുക് റൂംസ് സൃഷ്ടിച്ചതും മറക്കരുത്.

zuckerberg-facebook

∙ ഓഡിയോ സംഭവമാണ്, ഭാവിയാണ്

ഇന്ത്യയിൽ അത്ര പ്രചാരത്തിലായിട്ടില്ലെങ്കിലും ഭാവിയുെട മാധ്യമമെന്ന നിലയിൽ ചർച്ച ചെയ്യപ്പെടുന്നതാണ് പോഡ്കാസ്റ്റ്. ഓഡിയോയുടെ മാസ്മരികതയ്ക്ക് ജനങ്ങളിൽ കൂടുതൽ പ്രചാരമുണ്ടാകുമെന്ന ചർച്ചയ്ക്കിടെയാണ് ആൻഡ്രോയ്ഡിൽ ക്ലബ് ഹൗസിന്റെ കടന്നുവരവ്. ഇവിടെ കളം പിടിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞവർക്കു പലർക്കും ക്ലബ് ഹൗസ് ഒരു വിസ്മയമായിരുന്നു.

ഇനി വരാൻ പോകുന്നത് ഓഡിയോ യുദ്ധമാണ്. ഫെയ്സ്ബുക്, ട്വിറ്റർ, ടെലിഗ്രാം, സ്പോട്ടിഫൈ, റെഡിറ്റ് പോലുള്ള വമ്പൻമാർ ക്ലബ്ഹൗസിന് പകരമൊന്ന് ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ്. ചില വമ്പൻമാർക്ക് ഓഡിയോ പ്ലാറ്റ്ഫോമുകളുണ്ടെങ്കിലും ക്ലബ്ഹൗസിന്റെ കുത്തകയ്ക്ക് മുന്നിൽ അവ ഒന്നുമല്ലാതായിരിക്കുന്നു.

ഒരു പോഡ്കാസ്റ്റ് മേധാവിക്കായി നെറ്റ്ഫ്ലിക്സ് അന്വേഷണം നടത്തുന്നുണ്ട്. റെഡിറ്റിന്റെ റെഡിറ്റ് ടോക്ക്, സ്പോട്ടിഫൈ ലോക്കർ റൂം, ടെലിഗ്രാമിൽ വോയിസ് ചാറ്റ് എന്നിങ്ങനെ, ഓഡിയോ യുദ്ധത്തിന് ഒരു വശത്തുനിന്നു തിരികൊളുത്തിത്തുടങ്ങിയിട്ടുണ്ട്.

∙ അന്തിമവാക്ക്

നല്ല ഒരു ആപ്പാകാനുള്ള ചേരുവകള്‍ ധാരാളം ഉണ്ടെങ്കിലും അപ്രസക്തമായ ചര്‍ച്ചകള്‍ വഴി ആളുകളുടെ സമയം കളയാനുള്ള മാർഗമായി ക്ലബ് ഹൗസ് അധഃപതിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ലോക്ഡൗണ്‍ കാലഘട്ടം കഴിയുമ്പോള്‍ ക്ലബ്ഹൗസ് ആലസ്യവും മലയാളികള്‍ക്കുണ്ടാകുമോ എന്നാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരു സംശയം. ഭാവിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റും ഒഴിച്ചുകൂടാനാകാത്ത ആപ്പായേക്കാം ക്ലബ്ഹൗസ് എന്നൊരു പ്രവചനം ഉണ്ടായിരുന്നു എങ്കിലും അതിനൊക്കെയുള്ള സാധ്യത എത്രമാത്രമുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും ആപ്പിന്റെ പുതുമകള്‍ ആസ്വദിക്കാനെത്തുന്നവരില്‍ വലിയൊരു പങ്ക് മലയാളികളാണ് എന്നത് ഒരു വസ്തുതയാണ്.

English Summary: Clubhouse: How much can you trust this app? Need to join it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com