sections
MORE

പണം ഇരട്ടിപ്പിൽ കുടുങ്ങിയത് 5 ലക്ഷം ഇന്ത്യക്കാർ, ചൈനക്കാർ തട്ടിയെടുത്തത് 150 കോടി രൂപ

phone-scam
SHARE

ഓൺലൈനിൽ ഏറ്റവും കൂടുതൽ തട്ടിപ്പിനിരയാകുന്നവരാണ് ഇന്ത്യക്കാർ. ഓരോ ദിവസവും കോടികളുടെ പണമാണ് വിവിധ തട്ടിപ്പ് സംഘങ്ങൾ കൊണ്ടുപോകുന്നത്. രഹസ്യമായും പരസ്യമായും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം കൂടുതൽ തട്ടിപ്പുകൾക്ക് പിന്നിലും ചൈനീസ് സംഘമാണെന്നാണ് പുതിയ റിപ്പോർട്ട്. അടുത്തിടെ നടന്ന ഓൺലൈൻ തട്ടിപ്പിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാരിൽ നിന്ന് ചൈനീസ് സംഘം തട്ടിയെടുത്തത് 150 കോടി രൂപയാണ്.

ഡൽഹി പൊലീസാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. രാജ്യത്തിനകത്തും പുറത്തും ആളുകളുള്ള ചൈനീസ് സംഘമാണ് ഓൺലൈൻ ആപ് വഴി പണം തട്ടിയെടുത്തിരുന്നത്. സാധാരണക്കാർക്കിടയിൽ ഏറെ വിജയസാധ്യതയുള്ള ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് തന്ത്രം തന്നെയാണ് ചൈനീസ് സംഘവും പ്രയോഗിച്ചത്. ഇതിനായി പവർബാങ്ക്, ഇ ഇസഡ് പ്ലാൻ എന്നീ ആപ്പുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കേസിൽ ഒരു ടിബറ്റൻ യുവതിയും മറ്റ് 10 പേരും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ രണ്ടു പേർ ചാർട്ടേഡ് അക്കൗണ്ടന്റുമാരാണ്.

ആപ്പുകൾ വഴി ചതിയിൽ കുടുങ്ങിയവരുടെ ഫോണുകളിലെ പ്രധാന ഡേറ്റ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേവലം രണ്ട് മാസത്തിനുള്ളിലാണ് 150 കോടി രൂപ തട്ടിയെടുത്തിരിക്കുന്നതെന്ന് പൊലീസ് കമ്മീഷണർ എസ്. ശ്രീവാസ്തവ പറഞ്ഞു. തട്ടിയെടുത്ത പണത്തിൽ 11 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പേയ്‌മെന്റ് ഗേറ്റ്‌വേകളിലും തടയാനായി. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് 97 ലക്ഷം രൂപയും പിടിച്ചെടുത്തു. ചൈനീസ് തട്ടിപ്പുകാർക്കായി രണ്ടു മാസത്തിനിടെ ചാർട്ടേഡ് അക്കൗണ്ടന്റുമാർ 110 വ്യാജ കമ്പനികളാണ് സ്ഥാപിച്ചത്.

ഈ ആപ്ലിക്കേഷനുകൾ വഴി പണം നിക്ഷേപിച്ചാൽ 24-35 ദിവസത്തിനുള്ളിൽ നിക്ഷേപ തുക ഇരട്ടിയാക്കി നൽകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇതോടൊപ്പം തന്നെ നിക്ഷേപകർക്ക് മറ്റ് സമ്മാനങ്ങളും ഓഫർ ചെയ്തിരുന്നു. പണം മണിക്കൂറിലും ദിവസേനയും ഇരട്ടിയാക്കി നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന സ്കീമുകളും ഇവർക്കുണ്ടായിരുന്നു. കൂടാതെ 300 രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിക്കാനുള്ള ഓപ്ഷനുകളും ആപ്പിലുണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ട  ആപ്ലിക്കേഷനുകളിലൊന്നായ പവർ ബാങ്ക് അടുത്തിടെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ട്രന്റിങ് പട്ടികയിൽ നാലാം സ്ഥാനത്ത് വരെ എത്തിയിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു. പവർ ബാങ്ക്, ഇസെഡ്പ്ലാൻ എന്നീ രണ്ട് ആപ്ലിക്കേഷനുകളെക്കുറിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് ശ്രദ്ധിക്കാൻ തുടങ്ങിയത്.

എസിപി ആദിത്യ ഗൗതത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആപ്ലിക്കേഷനുകളെ കുറിച്ച് വിപുലമായ സാങ്കേതിക വിശകലനം നടത്തി. ഈ ആപ്പുകളും മറ്റുവിവരങ്ങളും ഇസെഡ്പ്ലാൻ ഡോട് ഇൻ എന്ന വെബ്‌സൈറ്റിൽ ലഭ്യമായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ടെക്നോളജി സ്റ്റാർട്ട്-അപ്പ് ആണ് പവർ ബാങ്ക് ആപ്ലിക്കേഷനു പിന്നിലെന്നാണ് കാണിച്ചിരുന്നത്. എന്നാൽ, ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന സെർവർ ചൈനയിലാണെന്നും പൊലീസ് കണ്ടെത്തി.

വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തവരുടെ ഫോണിലെ ക്യാമറയിലേക്കും കോൺടാക്റ്റ് ലിസ്റ്റിലേക്കും തട്ടിപ്പ് സംഘത്തിനു പ്രവേശനമുണ്ടായിരുന്നു. ഫോണിലെ മെമ്മറി കാർഡ്, മെസേജുകൾ എന്നിവ പരിശോധിക്കാനും ഇവർക്ക് സാധിച്ചിരുന്നു. പണം ഇരട്ടിയാക്കുന്ന ‘സ്കീമിൽ’ വിശ്വസിച്ചവരെല്ലാം കൂടുതൽ പണം നിക്ഷേപിച്ചു. ഇതോടൊപ്പം തന്നെ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇതിൽ ചേരാനും പ്രേരിപ്പിച്ചു. ആരെങ്കിലും ഒരു വലിയ തുക നിക്ഷേപിച്ചുകഴിഞ്ഞാൽ, അപ്ലിക്കേഷനുകൾ അവരുടെ അക്കൗണ്ട് പെട്ടെന്ന് ബ്ലോക്ക് ചെയ്യുകയായിരുന്നു പതിവ്. ഇതാണ് പലർക്കും കൂടുതൽ പണം നഷ്ടപ്പെടാൻ കാരണമായത്. 

ഈ ആപ്ലിക്കേഷനുകളെക്കുറിച്ച് ആളുകൾക്ക് എങ്ങനെ അറിയാമെന്ന് പിന്നിൽ പ്രവർത്തിച്ചവരോട് ചോദിച്ചപ്പോൾ പറഞ്ഞത് ഇതിനു പിന്നില്‍ വൻ സംഘം തന്നെയുണ്ടെന്നാണ്. ഇവർ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിലൂടെ ആളുകളെ വിവിധ പേരുകളിലൂടെ ബന്ധപ്പെടുകയും ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയുമായിരുന്നു.

പവർ ബാങ്ക്, ഇസെഡ് കോയിൻ, സൺ ഫാക്ടറി, ലൈറ്റനിംഗ് പവർ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ആപ്ലിക്കേഷനുകൾ വഴിയായിരുന്നു തട്ടിപ്പ്. ഈ വ്യാജ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണെന്നതാണ് മറ്റൊരു വസ്തുത. ഒന്നിച്ചുള്ള എസ്എംഎസുകളിലൂടെയും യുട്യൂബ് ചാനലുകൾ, ടെലിഗ്രാം ചാനലുകൾ, വാട്സാപ് ചാറ്റ് ലിങ്കുകൾ വഴിയുമാണ് വ്യാജ ആപ്പുകള്‍ സാധാരണക്കാരിലേക്ക് എത്തുന്നത്. ഇത്തരം ആപ്പുകളെ സൂക്ഷിക്കണമെന്ന് നിരവധി തവണ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.

English Summary: Chinese Scam That Cheated 5 Lakh Indians Of Rs 150 Crore Busted

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA