ADVERTISEMENT

ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി മാറി പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണു എൽ സാൽവദോർ. മധ്യ അമേരിക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിനു നിലവിൽ കറൻസി ഇല്ല. യുഎസ് ഡോളറാണു സാമ്പത്തിക വിനിമയത്തിന് ഉപയോഗിക്കുന്നത്. എന്നാൽ ഡോളറിനു മേൽ യുഎസിലെ സെൻട്രൽ ബാങ്കുകൾക്കും മറ്റ് ഏജൻസികൾക്കും നിയന്ത്രണമുള്ളതിനാൽ അതു മറികടന്നു വിദേശത്തു നിന്നുള്ള സാമ്പത്തിക വിനിമയം സുഗമമാക്കാനാണു രാജ്യം ക്രിപ്റ്റോ കറൻസിയിലേക്കു തിരിഞ്ഞതെന്ന അഭ്യൂഹം ശക്തമാണ്. ജിഡിപിയുടെ 20 ശതമാനം വിദേശത്തു നിന്നുള്ള പണമാണ് എൽ സാൽവദോറിൽ.

 

Bitcoin-JPG

22 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യമാണ് എൽ സാൽവദോർ. ആ അഗ്നിപർവതങ്ങൾ പോലെ തന്നെ പ്രക്ഷുബ്ധമായ സാമൂഹിക അന്തരീക്ഷവും ഇവിടെ നിലനിൽക്കുന്നു. രാജ്യാന്തര മേഖലയിൽ വളരെ ശോചനീയമായ പ്രൊഫൈലാണ് രാജ്യത്തിനുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്ന്. ക്രിമിനൽ ഗ്യാങ്ങുകൾ ഭരിക്കുന്ന സമൂഹം.സ്ത്രീകൾ, എൽജിബിടി വിഭാഗത്തിൽ പെട്ടവർ എന്നിവർക്കെല്ലാം എതിരെ വലിയ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യം.എപ്പോൾ വേണമെങ്കിലും ആരും ഇവിടെ കൊല്ലപ്പെടാം, അപ്രത്യക്ഷരാകാം. യാതൊരു ഗ്യാരന്റിയുമില്ല ജീവിതത്തിന്.

 

el-salvador-flag
Photo: Shutterstock

ചേരി തിരിഞ്ഞ് പോരടിക്കുന്ന ഗ്യാങ്ങുകളാണ് എൽ സാൽവദോറിന്റെ പ്രധാന പ്രശ്നം. 35000 ഗ്യാങ് ക്രിമിനലുകളും 5 ലക്ഷത്തോളം ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും ഇവിടെയുണ്ട്. വെറും 65 ലക്ഷം ജനസംഖ്യയുള്ള രാജ്യത്താണ് ഇതെന്ന് ഓർക്കണം. ലഹരി വ്യാപാരം മുതൽ സ്ത്രീകളെ കടത്തൽ വരെയുള്ള കുപ്രവൃത്തികൾ ഇവിടെ ഗ്യാങ്ങുകൾ നടത്തുന്നു. 1979 മുതൽ 1992 വരെ എൽ സാൽവദോറിൽ നടന്ന ആഭ്യന്തര യുദ്ധമാണ് ഈ ഗ്യാങ് സംസ്കാരത്തിനു വളമേകിയതെന്ന് നിരീക്ഷകർ പറയുന്നു. എൺപതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട ഈ യുദ്ധത്തിൽ സൈന്യവും വിമതരും കുട്ടിപ്പടയാളികളെ യുദ്ധത്തിനിറക്കി. പിന്നീട് ആഭ്യന്തരയുദ്ധം ഒടുങ്ങിയെങ്കിലും ഗ്യാങ് സംസ്കാരം അപ്പോഴേക്കും ആഴത്തിൽ അടിയുറച്ചിരുന്നു എൽ സാൽവദോറിൽ.

 

ഇന്നു പ്രധാനമായും രണ്ട് ഗ്യാങ്ങുകളാണ് എൽ സാൽവദോറിൽ അന്യോന്യം പോരടിച്ചു ശക്തരായി നിൽക്കുന്നത്. എംഎസ് –13 എന്നറിയപ്പെടുന്ന മാറ സാൽവട്രൂച്ചയും എൽഎ 18 എന്ന ഗ്യാങ്ങും. എൽ സാൽവദോറിന്റെ തലസ്ഥാനനഗരവും പ്രധാന കേന്ദ്രവുമായ സാൻ സാൽവദോറിലെ തെരുവുകൾ ഇവർ പങ്കിട്ടെടുത്തിരിക്കുകയാണ്. ഒരു തെരുവ് എംഎസ് 13 നിയന്ത്രിച്ചാൽ തൊട്ടപ്പുറത്തേക് എൽഎ 18ന്റെ കീഴിലായിരിക്കും. ഒരു തെരുവിൽ ജീവിക്കുന്നയാൾ അബദ്ധത്തിൽ അപ്പുറത്തെ തെരുവിലെത്തിയാൽ വലിയ പ്രശ്നമാകും. ചിലപ്പോൾ എത്തുന്നയാൾ കൊല്ലപ്പെട്ടെന്നും വരാം.ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി എൽ സാൽവദോറിൽ നിന്ന് വലിയൊരു വിഭാഗം ആളുകൾ യുഎസിൽ അഭയം തേടിയിരുന്നു. ഇവർ ലൊസാഞ്ചലസിൽ തുടങ്ങിയ ഗ്യാങ്ങുകളാണ് രണ്ടും. ഇവ പിന്നീട് എൽ സാൽവദോറിൽ വളരുകയായിരുന്നു.

 

ക്രൂരതയുടെ പര്യായങ്ങളാണ് ഇരു ഗ്യാങ്ങുകളും. തോക്കുകളേക്കാൾ അറവുകത്തികൾ എതിരാളികളിൽ പ്രയോഗിക്കാൻ ഇഷ്ടമുള്ള കൂട്ടരാണ് ഇവർ. വെടിയുണ്ടയേറ്റയാൾ ഉടൻ മരിക്കും, പക്ഷേ ഇവർക്കു വേണ്ടത്, കഠിന വേദന അനുഭവിച്ച് ഇഞ്ചിഞ്ചായി എതിരാളി മരിക്കുന്നതാണ്. അതിൽ ഇവർ ഒരു സാഡിസ്റ്റിക് ആനന്ദം കണ്ടെത്തുന്നു.

കൊല്ലപ്പെട്ട എതിരാളികളുടെ ശവങ്ങൾ തുണ്ടുതുണ്ടായി മുറിക്കുന്നതും അവയവങ്ങൾ അടർത്തിമാറ്റുന്നതുമൊക്കെ ചിത്രീകരിച്ചുള്ള എൽ സാൽവദോർ ഗ്യാങ്ങുകളുടെ വിഡിയോകൾ അവർ തന്നെ പുറത്തു വിട്ടു പ്രചരിപ്പിക്കാറുണ്ട്. സമൂഹത്തിലും എതിരാളികളിലും ഭയം പടർത്താൻ. 

 

bitcoin

കൗമാരപ്രായത്തിലും ചിലപ്പോൾ ബാല്യത്തിലും ഇതിലേക്ക് അംഗങ്ങൾ ചേരുന്നു. തടവറകളിൽ പണ്ടുണ്ടായിരുന്ന നടയടി പോലെ ആദ്യമായി ചേരുന്നവരെ സംഘമായി മർദ്ദിച്ചവശരാക്കുന്ന രീതി ഈ ഗ്യാങ്ങുകൾക്കുണ്ട്. വേദനയോടുള്ള പേടി ഇല്ലാതെയാക്കാനാണത്രേ ഇത്. പെൺകുട്ടികളും ഇങ്ങനെ ഗ്യാങ്ങിൽ ചേരാറുണ്ട്. ഒരിക്കൽ ചേർന്നാൽ പിന്നെ എന്നെന്നേക്കുമാണ്. പിരിയുന്നവർ മരണത്തോടു കൊതിയുള്ളവർ മാത്രമായിരിക്കും. ഗ്യാങ്ങിനോടുള്ള പ്രതിപത്തി വ്യക്തമാക്കാൻ എല്ലാവരും ഗ്യാങ്ങിന്റെ ചിഹ്നങ്ങൾ നെഞ്ചിലും കൈയിലും മുഖത്തും ടാറ്റൂ കുത്താറുമുണ്ട്. ഗ്യാങ് അംഗങ്ങൾക്കു മദ്യം നിഷിദ്ധമാണ്. പൂർണ സ്വബോധത്തിലാണ് ഇവർ ഈ പാതകങ്ങളെല്ലാം ചെയ്യുന്നത്.

 

പൊലീസ് ഉദ്യോഗസ്ഥർ ഗ്യാങ്ങുകളുടെ നിരന്തര ഭീഷണിയിലാണു കഴിയുന്നത്. പലപ്പോഴും യൂണിഫോമിടാതെയാണ് ഇവർ ഡ്യൂട്ടി ചെയ്യുക. പൊലീസ് ഉദ്യോഗസ്ഥരും മനുഷ്യാവകാശം ലംഘിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. മുൻപിരുന്ന സർക്കാരുകൾ പലതും ഗ്യാങ്ങുകളോട് ഒട്ടിച്ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. തങ്ങൾക്കു ഫണ്ട് ലഭിക്കുന്നതിനു വേണ്ടിയും പ്രതിയോഗികളെ ഒതുക്കിത്തീർക്കാനും ഇവർ ഗ്യാങ് നേതാക്കളുടെ സഹായം തേടി. പതിയപ്പതിയെ ഗ്യാങ്ങുകൾ ഇല്ലാതെ എൽ സാൽവദോറിന്റെ ഭരണചക്രം തിരിയില്ലെന്ന ദുർസ്ഥിതി വന്നു. തീർത്തും  അന്യാധീനപ്പെട്ട ഈ നിലയിൽ രാജ്യമിരിക്കുമ്പോഴാണ് ഇപ്പോഴത്തെ പ്രസിഡന്റും ചെറുപ്പക്കാരനുമായ നയീബ് അർമാൻ‍ഡോ ബുകേലെ അധികാരമേൽക്കുന്നത്. പലവിധ പദ്ധതികളിലായി എൽ സാൽവദോറിലെ ക്രിമിനൽ ഗ്യാങ്ങുകളെ തുടച്ചുനീക്കുമെന്നു ബുകേല പറയുന്നു. ചടുലമായ തീരുമാനങ്ങളുള്ള ബുകേല അധികാരത്തിൽ വന്ന ശേഷം പൊലീസിന്റെയും മിലിട്ടറിയുടെയും അധികാരങ്ങൾ വർധിപ്പിക്കുകയും ഇവർക്കുള്ള ഫണ്ടിങ് കൂട്ടുകയും ചെയ്തു. തമ്മിൽ കണ്ടാൽ വെട്ടിക്കൊല്ലുന്ന മാറ സാൽവട്രൂച്ചയും എൽഎ 18നെയും തമ്മിൽ പല തവണ രമ്യതയിലെത്തിക്കാനും ബുകേലയ്ക്കു കഴിഞ്ഞു. പക്ഷേ ഈ രമ്യതയ്ക്കു വലിയ നാളുകളൊന്നും ആയുസ്സുണ്ടാകാറില്ല. തമ്മിൽ അക്രമങ്ങൾ നടത്തിയില്ലെങ്കിൽ തങ്ങൾക്കു എൽ സാൽവദോറിൽ നിൽക്കാൻ കഴിയില്ലെന്ന് ഗ്യാങ് അംഗങ്ങൾക്കു നന്നായി അറിയാം.

സ്ത്രീകളുൾപ്പെടെ പതിനായിരത്തോളം ഗ്യാങ് അംഗങ്ങളെ അകത്താക്കാൻ ബുകേലയ്ക്കു സാധിച്ചു. ഗ്യാങ് അംഗങ്ങളെ ജയിലിൽ ഇടുമ്പോൾ ഇടകലർത്തി ഇടണമെന്നും കർശന നിർദേശമുണ്ട്.

 

താറുമാറായിരിക്കുന്ന സാമ്പത്തിക സ്ഥിതി ഉയർത്തിയുള്ള ഒരു മുന്നേറ്റം മാത്രമാണ് രാജ്യം നേരിടുന്ന ക്രിമിനൽ ഭീഷണിക്കുള്ള മറുപടിയെന്നു ബുകേല പലതവണ പ്രസ്താവിച്ചതാണ്. ഇതിനായുള്ള ഒരു ശ്രമമായാകാം അദ്ദേഹം ബിറ്റ്കോയിൻ അംഗീകരിക്കുന്നതിനെ നോക്കിക്കാണുന്നത്. 3 ബിറ്റ്കോയിൻ (ഏകദേശം 80–90 ലക്ഷം രൂപ) എൽ സാൽവദോറിന്റെ സമ്പദ്ഘടനയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള ആർക്കും പൗരത്വം കൊടുക്കാൻ തയാറാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുമുണ്ടായി. ഇപ്പോഴത്തെ സ്ഥിതിയിൽ ആർക്കും അതിനു വലിയ താൽപര്യമുണ്ടാകാൻ സാധ്യതയില്ല. 

 

എന്നാൽ വളരെ ബൃഹത്തായ പദ്ധതികളെക്കുറിച്ച് ബുകേല പറഞ്ഞിരുന്നു. അഗ്നിപർവതങ്ങളിൽ നിന്നുള്ള ജിയോതെർമൽ ഊർജം ഉപയോഗിച്ച് ബിറ്റ്കോയിൻ മൈനിങ് നടത്തുന്നതൊക്കെ ഇതിൽ ഉൾപ്പെടും. ഏതെങ്കിലുമൊരു സാങ്കേതികവിദ്യയിൽ ഊന്നിയുള്ള വികാസം താറുമാറായ പല രാജ്യങ്ങളെ രക്ഷിച്ചെടുത്ത ചരിത്രമുണ്ട്. അത്തരത്തിലൊരു മാറ്റം ബിറ്റ്കോയിൻ വഴി എൽ സാൽവദോറിലെത്തുമോ? അതോ ക്രിമിനൽ സംഘങ്ങൾക്ക് യാതൊരു പരിധിയുമില്ലാതെ സാമ്പത്തിക വിനിമയം നടത്താനുള്ള ഉപാധിയായി മാറി ക്രിപ്റ്റോനാണയം കൂടുതൽ മുറിവുകൾ നൽകുമോ?

 

ഉത്തരങ്ങൾ ഒരു സമീപഭാവിയിൽ നമുക്ക് ലഭിച്ചേക്കാം. ബിറ്റ്കോയിൻ അംഗീകരിച്ചതു വഴി എൽ സാൽവദോർ ലോക സാമ്പത്തികമേഖലയുടെ ശക്തമായ നിരീക്ഷണത്തിൽ പെട്ടിരിക്കുകയാണ്. രാജ്യത്തെ ഇനിയുള്ള ഓരോ ചലനങ്ങളും ശക്തമായ വിധിയെഴുത്തുകൾക്കു വഴിയൊരുക്കാം.

 

English Summary: El Salvador offers citizenship to Bitcoin holders, approves Bitcoin as official currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com