ADVERTISEMENT

ഇന്ത്യയിലെ ടെലികോം വിപണി രണ്ട് സ്വകാര്യ കമ്പനികളിലേക്ക് ചുരുങ്ങിയാൽ അത് ദുരന്തമായിരിക്കുമെന്ന് ഭാരതി എയർടെൽ മേധാവി സുനിൽ മിത്തലിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ടെലികോം വിപണിയിൽ മൽസരം വേണം, ഇതിന് ചുരുങ്ങിയത് മൂന്ന് കമ്പനികളെങ്കിലും നിലവിലെ പ്രതിസന്ധികൾ അതിജീവിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും മിത്തൽ പറഞ്ഞു. ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മിത്തൽ.

 

നേരത്തെ 12 സ്വകാര്യ ടെലികോം കമ്പനികൾ ഇന്ത്യയിലുണ്ടായിരുന്നു. ഇതിൽ നിന്ന് രണ്ട് സ്വകാര്യ കമ്പനികളായി ചുരുങ്ങിയാൽ അത് ദാരുണമാകും. വിപണിയിൽ വൻ പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ അതിജീവനത്തിനായുള്ള നിരന്തരമായ പോരാട്ടത്തെയാണ് മിത്തൽ സൂചിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

നേരത്തെയുള്ള 12 ൽ നിന്ന് ഞങ്ങൾ 2.5 ഓപ്പറേറ്റർമാരായി കുറഞ്ഞു, ഇതിനി രണ്ടായി കുറയുമോ എന്ന് ഭീതിയുണ്ട്. ഇന്ത്യ കേവലം രണ്ട് ഓപ്പറേറ്റർമാരിലേക്ക് ചുരുങ്ങിയാൽ അത് വളരെ ദാരുണമായിരിക്കും. കാരണം രാജ്യം വളരെ വലുതാണ്, ഇവിടെ മൂന്ന് സ്വകാര്യ കമ്പനികൾക്ക് പ്രവർത്തിക്കാൻ അർഹതയുണ്ടെന്നും മിത്തൽ പറഞ്ഞു.

 

അതേസമയം, ഇന്ത്യയിൽ എയർടെൽ മികച്ച നിലയിലാണ്. ഇന്ത്യയിലെ വിപണി വിഹിതം നേടുന്നതിൽ മുന്നേറ്റം പ്രകടമാണെന്നും ആഫ്രിക്കയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് മിത്തൽ പറഞ്ഞു. ഭാരതിയുടെ പിന്തുണയുള്ള വൺ‌വെബിന്റെ വരാനിരിക്കുന്ന സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് പ്രവർത്തനങ്ങൾ ‘ഒരു ഗെയിം ചേഞ്ചർ’ ആയിരിക്കും. ആഗോള ബഹിരാകാശ ഇന്റർനെറ്റ് സംരംഭത്തിന്റെ ഭാഗമായി ലോ-എർത്ത് ഓർബിറ്റ് (ലിയോ) സാറ്റലൈറ്റുകൾ വഴി ലഭ്യമാകുന്ന ഇന്റർനെറ്റിലൂടെ വിദൂര, ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിക്കാൻ കഴിയും. ഇത് എയർടെലിന്റെ വളർച്ചാ അഭിലാഷങ്ങളെ പൂർത്തീകരിക്കുമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ 24 മാസത്തിനിടെ ഭാരതി ഇതിനകം 1200 കോടി ഡോളർ സമാഹരിച്ചിട്ടുണ്ടെന്നും പുതിയ മൂലധനം സമാഹരിക്കരുതെന്ന് ഒരിക്കലും പറയാൻ ആർക്കും കഴിയില്ലെങ്കിലും മിത്തൽ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യമായി പ്രഖ്യാപിച്ച വി യുടെ 25,000 കോടി രൂപയുടെ ധനസമാഹരണ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് മിത്തലിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

 

വിവരങ്ങൾക്ക് കടപ്പാട്: ബ്ലൂംബർഗ്

 

English Summary: Tragic if India reduced to two private player telecom market: Sunil Mittal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com