ADVERTISEMENT

ചൈനീസ് കറന്‍സി യുവാന്റെ ഡിജിറ്റല്‍ പരീക്ഷണത്തിലെ വിനിമയങ്ങള്‍ 34.5 ബില്യണ്‍ (3450 കോടി) യുവാനിലെത്തി. ആഗോളതലത്തിലുള്ള പ്രമുഖ വെര്‍ച്ചുല്‍ കറന്‍സികളെ നിഷ്പ്രഭമാക്കുന്ന പ്രകടനാണ് ചൈനീസ് ഡിജിറ്റല്‍ യുവാന്‍ നടത്തുന്നത്. ഇതുവരെ 2.08 കോടിയിലേറെ ചൈനക്കാരാണ് വെര്‍ച്ചുല്‍ വോലറ്റിലൂടെ ഡിജിറ്റല്‍ യുവാന്‍ വിനിമയം ആരംഭിച്ചിരിക്കുന്നതെന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) പുറത്തിറക്കിയ ധവളപത്രം പറയുന്നു.

 

ഡിജിറ്റല്‍ കറന്‍സിയുടെ ഗവേഷണവും നിര്‍മാണവും പ്രവര്‍ത്തനത്തിന്റെ പരീക്ഷണവും ചൈനീസ് സെന്‍ട്രല്‍ ബാങ്ക് പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, എപ്പോഴാണ് പരീക്ഷണം അവസാനിപ്പിച്ച് ഡിജിറ്റല്‍ യുവാന്‍ പ്രവര്‍ത്തനം തുടങ്ങുകയെന്ന് ചൈന ഇപ്പോഴും പറഞ്ഞിട്ടില്ല. ഡിജിറ്റല്‍ യുവാന്‍ പുറത്തിറക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളുടെ കേന്ദ്രീയ ബാങ്കുകളെ വെര്‍ച്ചുല്‍ കറന്‍സി നിര്‍മിക്കാന്‍ പ്രോത്സാഹനമാവുകയാണ്.

 

അമേരിക്കന്‍ ഡോളറിന്റെ ആഗോള കറന്‍സി സ്ഥാനത്തിന് ചൈനീസ് യുവാന്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന ആശങ്കകളും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിലും തങ്ങളുടെ ആഭ്യന്തര ഉപയോഗമാണ് പ്രധാനമായും ഡിജിറ്റല്‍ യുവാന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ ആവര്‍ത്തിക്കുന്നുമുണ്ട്. 

 

2019 മുതല്‍ തന്നെ ഡിജിറ്റല്‍ യുവാന്റെ പരീക്ഷണ വിനിമയങ്ങള്‍ ചൈന ആരംഭിച്ചിരുന്നു. 11 ചൈനീസ് നഗരങ്ങളിലായിരുന്നു ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ യുവാന്‍ അവതരിപ്പിച്ചതെന്നും പിബിഒസി ധവളപത്രത്തില്‍ പറയുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പണം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയാന്‍ സഹായിക്കുകയും ചെയ്തു.

 

ചൈനക്ക് പുറത്തേക്കും വിനിമയം വ്യാപിപ്പിക്കാന്‍ സാങ്കേതികമായി ഡിജിറ്റല്‍ യുവാന് യാതൊരു തടസങ്ങളുമില്ല. എങ്കിലും നിലവില്‍ ആഭ്യന്തര വിനിമയമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ധവളപത്രം ആവര്‍ത്തിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ സാമ്പത്തിക പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടായിരിക്കും ഭാവിയില്‍ രാജ്യാന്തര തലത്തില്‍ ഉപയോഗിച്ചാല്‍ പോലും അത് സംഭവിക്കുകയെന്നും പിബിഒസി വ്യക്തമാക്കുന്നു.

 

വിവരങ്ങൾക്ക് കടപ്പാട്: ബ്ലൂംബെര്‍ഗ്

 

English Summary: China’s Digital Yuan Trial Reaches $5.3 Billion in Transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com