ADVERTISEMENT

കഴിഞ്ഞ ദിവസം രാജ്യത്തെ പല പ്രമുഖ ഓണ്‍ലൈന്‍ സേവനങ്ങളും നിലച്ചിരുന്നു. സൈബര്‍ ആക്രമണമായിരിക്കാം ഇതിനു പിന്നിലെന്നായിരുന്നു ആദ്യ അനുമാനം. എസ്ബിഐ, എച്ഡിഎഫ്‌സി ബാങ്ക്, സൊമാറ്റോ, ഡിസ്‌നിപ്ലസ്, ഹോട്ട്സ്റ്റാര്‍, പിഎസ്എന്‍, സ്റ്റീം, പേടിഎം, ഡിസ്‌കോഡ്, ഗൂഗിള്‍, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ്, സ്വിഗി, ആമസോണ്‍ വെബ് സര്‍വീസസ് എന്നിവ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍ വരെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍, ഇത് ആഗോള പ്രശ്‌നമാണെന്ന് പിന്നീട് കണ്ടെത്തി. കണ്ടെന്റ് ഡെലിവറി, ക്ലൗഡ് സേവന കമ്പനിയായ അക്കാമയ്ക്കു (Akamai) വന്ന പ്രശ്‌നങ്ങളായിരുന്നു ഇതിനു പിന്നില്‍.

 

എല്ലാ വെബ്‌സൈറ്റുകളും തന്നെ ക്ലൗഡ് സേവനങ്ങളെയും കണ്ടെന്റ് ഡെലിവറി നെറ്റ്‌വര്‍ക്കുകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ഒരു സേവനദാതാവിന് പ്രശ്‌നം നേരിട്ടാല്‍ പോലും അത് മൊത്തത്തില്‍ ബാധിക്കും എന്നതിന്റെ ഉത്തമോദാഹരണമാണ് കഴിഞ്ഞ ദിവസം കണ്ടത്. അക്കാമയ് സേവനങ്ങള്‍ക്ക് പ്രശ്നം നേരിട്ടപ്പോള്‍ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വെബ് സേവനങ്ങള്‍ക്കെല്ലാം തന്നെ പ്രശ്‌നം നേരിട്ടു. തങ്ങളുടെ എഡ്ജ് ഡിഎന്‍എസ് സര്‍വീസസിനു വന്ന പ്രശ്‌നമാണ് ഇതിനു പിന്നിലെന്ന് അക്കാമയ് അറിയിച്ചു. പ്രശ്‌നമെന്താണെന്ന് വിശദമായി പഠിച്ചുവരികയാണെന്നും കമ്പനി വക്താവ് പറഞ്ഞു.

 

അടിയന്തര പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചെന്നും കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അക്കാമയ് അറിയിച്ചു. അതേസമയം, തങ്ങള്‍ക്കെതിരെ ഒരു സൈബര്‍ ആക്രമണം നടന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയാമെന്നും അക്കാമയ് വാദിക്കുന്നുണ്ട്. ബ്രിട്ടിഷ് എയര്‍വെയ്‌സ് അടക്കമുള്ള സേവനങ്ങള്‍ തടസപ്പെട്ടതില്‍ അക്കാമയ് ഖേദം അറിയിച്ചു.

 

എഡ്ജ് ഡിഎന്‍എസ് ആണ് വെബ്‌സൈറ്റുകളെയും ആപ്പുകളെയും പ്രശ്‌നമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഘടകം. ഡൊമെയിൻ നാമങ്ങളെ മെഷീനുകള്‍ക്ക് വായിക്കാവുന്ന ഐപി അഡ്രസുകളായി തര്‍ജമചെയ്യുക എന്ന ജോലിയാണ് ഡിഎന്‍എസ് ചെയ്യുന്നത്.

 

∙ സ്മാർട് ഫോണ്‍ ക്യാമറയ്ക്കും സംരക്ഷണമൊരുക്കി കോര്‍ണിങ്

 

സ്മാര്‍ട് ഫോണുകൾക്ക് സ്‌ക്രീൻ ഗ്ലാസ് നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ കോര്‍ണിങ് ഇനി ഫോണുകളുടെ ക്യാമറകള്‍ക്കും സംരക്ഷണമൊരുക്കും. തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ ഗ്ലാസ് മിശ്രണത്തിന് പോറലേൽക്കുന്നത് കുറയ്ക്കാനും, പ്രകാശം കടത്തിവിടുന്നതു വര്‍ധിപ്പിക്കാനുമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. കോര്‍ണിങ് ഗൊറിലാ ഗ്ലാസ് ഡിഎക്‌സ്, ഡിഎക്‌സ് പ്ലസ് എന്നീ രണ്ടു വകഭേദങ്ങളാണ് കമ്പനി ഇറക്കിയിരിക്കുന്നത്. ഫോണ്‍ ക്യാമറകളുടെ ഏറ്റവും പുറത്തെ ലെയറായിട്ടായിരിക്കും കോര്‍ണിങ് ഗ്ലാസുകള്‍ പിടിപ്പിക്കുക.

 

നിലവില്‍ പല കമ്പനികളും ക്യാമറയ്ക്കു മുന്നില്‍ ഘടിപ്പിച്ചിക്കുന്ന ഗ്ലാസുകളുടെ പ്രകാശം കടത്തിവിടാനുള്ള ശേഷി ഏകദേശം 95 ശതമാനമാണ്. അതേസമയം, തങ്ങളുടെ പുതിയ ഗ്ലാസിന് 98 ശതമാനം പ്രകാശം കടത്തിവിടാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ പല ഫോണ്‍ നിര്‍മാതാക്കളും ഉപയോഗിക്കുന്ന ഗ്ലാസ് ഘടകം പ്രകാശത്തെ അല്‍പം പ്രതിഫലിപ്പിക്കുകയും ചെയ്യും. ഇതും തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ ലെന്‍സിലുണ്ടാവില്ലെന്ന് കോര്‍ണിങ് പറയുന്നു. സാംസങ് ആയിരിക്കും പുതിയ ഗ്ലാസ് ആദ്യമായി പരീക്ഷിക്കുക.

 

∙ പെഗസസ് നിരീക്ഷിച്ചവരുടെ ലിസ്റ്റില്‍ അനില്‍ അംബാനിയും?

 

വ്യവസായി അനില്‍ അംബാനി, മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ (Verma), സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന, മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ.കെ. ശര്‍മ്മ തുടങ്ങിയവരെയും പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിരീക്ഷിച്ചിട്ടുണ്ടാകാമെന്ന് റിപ്പോർട്ട്.

 

∙ തന്നെയും നിരീക്ഷിച്ചിരിക്കാമെന്ന് ടെലഗ്രാം മേധാവി

 

സന്ദേശ കൈമാറ്റ ആപ്പായ ടെലഗ്രാമിന്റെ മേധാവി പാവെല്‍ ഡുറോവ് പറയുന്നത് തന്റെ ഫോണും പെഗസസ് ഉപയോഗിച്ച് നിരീക്ഷിച്ചിരിക്കാമെന്നാണ്. പല സർക്കാരുകളും ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകള്‍ നിരീക്ഷണ ടൂളുകള്‍ ഉപയോഗിച്ച് ഹാക്കു ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇങ്ങനെ ഹാക്കു ചെയ്ത ഫോണുകളില്‍ ഏത് ആപ്പ് ഉപയോഗിച്ചാലും രക്ഷയില്ല. കാരണം ഫോണിന്റെ പ്രവര്‍ത്തന കേന്ദ്രം തന്നെയാണ് ഹാക്കു ചെയ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

 

∙ വണ്‍പ്ലസ് നോര്‍ഡ് 2 5ജി അവതരിപ്പിച്ചു

 

പ്രകടനത്തിലും ബാറ്ററി ലൈഫിലും മാറ്റം പ്രതീക്ഷിക്കാമെന്ന അവകാശവാദങ്ങളുമായി വണ്‍പ്ലസിന്റെ വില കുറഞ്ഞ മോഡലുകളിലൊന്നായ നോര്‍ഡിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. വണ്‍പ്ലസ് നോര്‍ഡ് 2 5ജി എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോണിന്റെ തുടക്ക വേരിയന്റിന് (6/128ജിബി) 27,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഫോണിന് 6.43-ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 90 ഹെട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. മീഡിയടെക് ഡിമന്‍സിറ്റി 1200 5ജിയാണ് പ്രോസസര്‍. 4500എംഎഎച് ബാറ്ററി, 65w വാര്‍പ് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. 

 

സോണി നിര്‍മിച്ച 50എംപി സെന്‍സറാണ് പ്രധാന ക്യാമറയ്ക്ക് നല്‍കിയിരിക്കുന്നത്. പിന്‍ ക്യാമറാ സിസ്റ്റത്തില്‍ 8 എംപി അള്‍ട്രാ വൈഡ്, 2എംപി മോണോ ലെന്‍സുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ 4കെ വിഡിയോ റെക്കോഡു ചെയ്യാമെന്നതു കൂടാതെ, സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ 1080പി വിഡിയോയും പകർത്താം. സെല്‍ഫി ക്യാമറയ്ക്ക് 32എംപി റസലൂഷനാണ് ഉള്ളത്. ഇരട്ട സ്‌റ്റീരിയോ സ്പീക്കറുകളാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 

 

∙ വണ്‍പ്ലസ് ബഡ്‌സ് പ്രോ

 

ബ്ലൂടൂത്ത് 5.2 ഉള്‍പ്പെടുത്തിയ പുതിയ ഇയര്‍ ബഡ്‌സ് അവതരിപ്പിച്ചിരിക്കുകയാണ് വണ്‍പ്ലസ്. ഒറ്റ ഫുള്‍ ചാര്‍ജില്‍ 7 മണിക്കൂര്‍ വരെ ബാറ്ററി ലഭിക്കുമെന്നും കമ്പനി പറയുന്നു. അഡാപ്റ്റീവ് നോയിസ് ക്യാന്‍സലേഷനാണ് പ്രധാന ഫീച്ചറുകളിലൊന്ന്. വില പുറത്തുവിട്ടിട്ടില്ല.

 

∙ 500 ദശലക്ഷം ഡോളറിന് അമേരിക്കന്‍ എപ്പിക് കമ്പനിയെ ബൈജൂസ് വാങ്ങി

 

കുട്ടികളുടെ ഡിജിറ്റല്‍ വായനാ പ്ലാറ്റ്‌ഫോമായ അമേരിക്കന്‍ കമ്പനി എപ്പിക്കിനെ 500 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയിരിക്കുകയാണ് ബൈജൂസ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം വീടുകള്‍ക്കുള്ളിലേക്കു മറിയിരിക്കുന്ന സാഹചര്യത്തില്‍ ഒരു ആഗോള സാന്നിധ്യമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബൈജൂസ് പുതിയ കമ്പനി വാങ്ങിയിരിക്കുന്നത്. എപ്പിക്കില്‍ 20 ലക്ഷം അധ്യാപകരും, അഞ്ചു കോടി വിദ്യാർഥികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

∙ ടെസ്‌ല വീണ്ടും ബിറ്റ്‌കോയിന്‍ സ്വീകരിച്ചേക്കുമെന്ന് മസ്‌ക്

 

ടെസ്‌ലയുടെ വാഹനങ്ങള്‍ വാങ്ങാനായി വീണ്ടും ബിറ്റ്‌കോയിന്‍ സ്വീകരിച്ചു തുടങ്ങാൻ സാധ്യതയുണ്ടെന്ന് കമ്പനി മേധാവി ഇലോൺ മസ്ക് പറഞ്ഞു. പ്രസ്താവനയ്ക്കു പിന്നാലെ ബിറ്റ്‌കോയിന്റെ വില 8 ശതമാനം വര്‍ധിച്ചു.

 

∙ ആപ്പിള്‍ മാഗ്‌സെയ്ഫ് പോലെയുള്ള ചാര്‍ജിങ് ടെക്‌നോളജി റിയല്‍മിയും ഉപയോഗിക്കും

 

ആപ്പിളിന്റെ വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യയായ മാഗ്‌സെയ്ഫിനു തുല്യമായ സാങ്കേതികവിദ്യ ഇനി റിയല്‍മിയും ഉപയോഗിക്കും. അതേസമയം ഇത് മോഷണമായിരിക്കില്ല. യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫിസില്‍ റജിസ്റ്റര്‍ ചെയ്ത 'മാഗ്ഡാര്‍ട്ട്' ('MagDart') ട്രേഡ് മാര്‍ക്ക് സാങ്കേതികവിദ്യയായിരിക്കുമെന്ന് ഗിസ്‌മോചൈന റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

കടപ്പാട്: ഗിസ്‌മോചൈന, റോയിട്ടേഴ്‌സ്, ബ്ലൂംബര്‍ഗ്, വണ്‍പ്ലസ്, ദി വയര്‍, സ്‌കൈ.കോം, കോര്‍ണിങ്

 

English Summary: Major web services, including Paytm, go down after Akamai glitch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com