ADVERTISEMENT

ഇന്ത്യയുടെ ആന്റിട്രസ്റ്റ് അധികാരിയായ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആമസോണും ഫ്ലിപ്കാർട്ടും നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയിരിക്കുന്നത്. ഇതോടെ ഇരു കമ്പനികളും വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്. സിസിഐയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ ഇരു കമ്പനികളുടെയും ഓഫർ വിൽപനകളിൽ വരെ വൻ മാറ്റങ്ങൾ വന്നേക്കുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

 

ഇ കൊമേഴ്സ് കമ്പനികൾക്കെതിരായ അന്വേഷണം റദ്ദാക്കാനാവില്ലെന്ന് ആദ്യം തന്നെ കോടതി അറിയിക്കുകയായിരുന്നു. ജസ്റ്റിസ് സതീഷ് ശര്‍മ്മ, നടരാജ് രംഗസ്വാമി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് അന്വേഷണം തുടരാൻ ഉത്തരവിട്ടത്. ആമസോണും ഫ്ലിപ്കാർട്ടും രാജ്യത്തെ നിയമങ്ങൾ പാലിക്കാതെയാണ് കച്ചവടം നടത്തുന്നതെന്നാണ് ആരോപണം. വൻ ഓഫറുകൾ നൽകിയുള്ള കച്ചവടം ചെറുകിട വ്യാപാരികളെ തകർക്കുന്നതാണെന്നും പരാതിയുണ്ട്.

 

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ വ്യാപാര സേവനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനുമെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചത് ഇരു കമ്പനികള്‍ക്കും കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും എതിരെയുള്ള പ്രധാന അന്വേഷണം ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതടക്കമുള്ള കാര്യത്തിലാണ്. ഇരു കമ്പനികളും ഉപയോക്താക്കള്‍ക്ക് അമിത ഡിസ്‌കൗണ്ട് നല്‍കി എതിരാളികളുടെ കച്ചവടം കുറയ്ക്കുന്നു എന്നതാണ് ആരോപണം. ഇരു കമ്പനികളും ചില കച്ചവടക്കാരുടെ ഉൽപന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ് മറ്റൊരു പ്രധാന ആരോപണം. എന്നാൽ, രണ്ട് കമ്പനികളും ഇത് നിഷേധിച്ചിരുന്നു.

 

സിസിഐ 2020 ജനുവരിയിലാണ് ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. ഇതിനിടെ ആമസോണും ഫ്ലിപ്കാർട്ടും കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ അന്വേഷണം തുടരുന്നതിനു തടസമില്ലെന്ന് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നു. കമ്പനികള്‍ ഉയര്‍ന്ന കോടതിയെ സമീപിച്ചേക്കുമെങ്കിലും സിസിഐ അന്വേഷണം ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും ആരോപണങ്ങള്‍ സംബന്ധിച്ച് കമ്പനികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എത്രയും വേഗത്തില്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇതാണ് കമ്പനികള്‍ക്ക് വിനയാകാന്‍ പോകുന്നത്. സാധാരണ ഗതിയില്‍ ഇത്തരം അന്വേഷണങ്ങള്‍ മാസങ്ങളെടുത്തു മാത്രമാണ് ഇന്ത്യയില്‍ പൂര്‍ത്തിയാകുക. എങ്കിലും ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും കാര്യത്തില്‍ അത് ത്വരിതപ്പെടുത്താനാണ് ശ്രമമെന്നു പറയുന്നു.

 

ഇരു കമ്പനികള്‍ക്കും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സുപ്രധാന സ്ഥാനമാണുള്ളത്. അതു പോലെ പല ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് കമ്പനികൾക്കും ഇവരുടെ സാന്നിധ്യം ആഘാതം സൃഷ്ടിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരെയുള്ള അന്വേഷണം പുനരാരംഭിക്കുന്നത് ഓഫ്‌ലൈനായി കടകള്‍ നടത്തുന്നവരുടെ ആരോപണവും കൂടി പരിഗണിച്ചാണ്. അതിസങ്കീര്‍ണമായ ഘടനകള്‍ ഉപയോഗിച്ച് പല നിയമങ്ങളെയും മറികടന്നാണ് ഇരു കമ്പനികളും ഇത്രയധികം ഡിസ്‌കൗണ്ട് നല്‍കിവരുന്നതെന്നാണ് ഇരു കമ്പനികള്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്. ഏതാനു ചില സെല്ലര്‍മാര്‍ക്കാണ് ഇരു കമ്പനികളും പ്രാധാന്യം നല്‍കുന്നത് എന്നാണ് സിസിഐ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെന്ന് ആമസോണ്‍ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. 

 

അതേസമയം, ലോകമെമ്പാടും ടെക്‌നോളജി കമ്പനികള്‍ക്കെതിരെ ആന്റിട്രസ്റ്റ് നീക്കങ്ങള്‍ നടക്കുന്ന സമയത്തു തന്നെയാണ് ഇന്ത്യയിലും ഇതു സംഭവിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ കേസുകള്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍, ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് നാടകീയമായ മാറ്റങ്ങള്‍ സംഭവിച്ചേക്കാം.

 

English Summary: Karnataka High Court dismisses Amazon and Flipkart pleas against CCI probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com