ADVERTISEMENT

ജപ്പാനിലെ എൻജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത ടെക്‌നോളജി ഉപയോഗിച്ച് ഇന്റർനെറ്റ് ഡേറ്റാ കൈമാറ്റ വേഗത്തിൽ പുതിയ റെക്കോർഡിട്ടു. 3,000 കിലോമീറ്റര്‍ നീളമുള്ള ഒപ്ടിക്കല്‍ കേബിള്‍ വഴി സെക്കന്‍ഡില്‍ 319 ടെറാബൈറ്റ് –Tb/s ( സെക്കന്‍ഡില്‍ 319,000 ജിബി) വേഗത്തിലാണ് ഡേറ്റ കൈമാറ്റം ചെയ്ത് കാണിച്ചത്. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സെക്കന്‍ഡില്‍ 178 ടിബി ഡേറ്റ അയച്ചതായിരുന്നു നിലവിലെ റെക്കോഡ്. ജപ്പാന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയിലെ (എന്‍ഐസിടി) ഫിസിസിസ്റ്റ് ബെഞ്ചമിന്‍ പുട്ടനമിന്റെ (Benjamin Puttnam) നേതൃത്വത്തിലുള്ള എൻജിനീയര്‍മാരുടെ ടീമാണ് പുതിയ റെക്കോർഡിട്ടത്. 

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ലോകമെമ്പാടും ഡേറ്റാ ട്രാന്‍സ്ഫര്‍ വേഗം വര്‍ധിപ്പിക്കാനുള്ള പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. സ്‌പേസ്-ഡിവിഷന്‍ മള്‍ട്ടിപ്ലെക്‌സിങ് (space-division multiplexing) ഉപയോഗിച്ച് വിവിധ ഒപ്ടിക്കല്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റങ്ങളും പരീക്ഷിച്ചിട്ടുണ്ട്. പുതിയ ദീര്‍ഘദൂര ഡേറ്റാ കൈമാറ്റത്തിനായി എര്‍ബിയം (erbium), തുലിയം (thulium) എന്നിവ ചേര്‍ത്ത ഫൈബര്‍ ആംപ്ലിഫയറുകളും രാമന്‍ ആംപ്ലിഫിക്കേഷനും പ്രയോജനപ്പെടുത്തിയാണ് ഗവേഷകർ പുതിയ നേട്ടം കൈവരിച്ചത്.

 

ഒന്നിനു പകരം മൂന്നു കോറുള്ള കപ്പിൾഡ് (coupled) ഒപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ചുള്ള ഡേറ്റാ കൈമാറ്റമാണ് ഇക്കാലത്ത് കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. ഇതുവഴി സിഗ്നലില്‍ വരുന്ന നഷ്ടം കുറയ്ക്കാനാകുന്നു. എന്നാല്‍, 319 ടെറാബിറ്റ് പരീക്ഷണത്തില്‍ നിലവിലുള്ള ടെക്‌നോളജി പ്രയോജനപ്പെടുത്തി മൂന്നിനു പകരം നാലു കോറുകളാണ് ഉപയോഗിച്ചത്. ഡേറ്റ കൈമാറ്റം ചെയ്യുന്നത് വേവ്‌ലെങ്ത്-ഡിവിഷന്‍ മള്‍ട്ടിപ്ലെക്‌സിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഡേറ്റ ഒരു ലേസര്‍ ഉപയോഗിച്ച് 552 ചാനലുകളായി വിഭജിച്ചാണ് നാല് ഒപ്ടിക്കല്‍ ഫൈബര്‍ കോറുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഓരോ 70 കിലോമീറ്റര്‍ കൂടുമ്പോഴും സിഗ്നലിന്റെ ശക്തി ബൂസ്റ്റ് ചെയ്യാനായി ആംപ്ലിഫയറുകളും ഘടിപ്പിച്ചിരുന്നു.

 

ഇതുവഴി ദീര്‍ഘദൂരം ഡേറ്റ കൈമാറ്റം ചെയ്യുമ്പോഴും വലിയതോതില്‍ ഡേറ്റാ നഷ്ടം കുറയ്ക്കാനാകുന്നു. ഈ ആംപ്ലിഫയറുകളാണ് വിരളമായി ലഭിക്കുന്ന എര്‍ബിയവും തുലിയവും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പുതിയ സംവിധാനം വഴി ഒരോ ചാനലിലൂടെയും 145 ഗിഗാബിറ്റ് ഡേറ്റയാണ് പ്രവഹിപ്പിക്കാന്‍ സാധിച്ചത്. നാലു ചാനലിലും കൂടി നോക്കിയാല്‍ സെക്കന്‍ഡില്‍ 580 ഗിഗാബിറ്റ് വരും. എന്നാല്‍, സെക്കന്‍ഡില്‍ 319 ടെറാബിറ്റ് സ്പീഡ് പരീക്ഷണത്തില്‍ 552 തരംഗദൈര്‍ഘ്യമുള്ള ചാനലുകളാണ് ഉപയോഗിച്ചത്.

 

∙ പ്രായോഗിക തലത്തില്‍

 

പുതിയ സാങ്കേതികവിദ്യ ഹൃസ്വകാലയളവില്‍ തന്നെ വേണമെങ്കില്‍ പ്രയോജനപ്പെടുത്താമെന്ന് പറയുന്നു. നിലവിലുള്ള ഫൈബര്‍ ഒപ്ടിക് കേബിളുകള്‍ക്ക് സമാനമായ കേബിളുകള്‍ വഴിയാണ് പരീക്ഷണം നടത്തിയിരിക്കുന്നത് എന്നതാണ് ഇതിനു കാരണം. പുതിയ ഡേറ്റാ ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ 5ജി സാങ്കേതികവിദ്യയ്ക്ക് അപ്പുറത്തേക്കുള്ള ഡേറ്റാ വിതരണ രീതികള്‍ക്ക് നട്ടെല്ലായി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. അതേസമയം, എന്‍ഐസിടി ഇനിയും വൈഡ്-ബാന്‍ഡിന്റെ വികസന സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ എസ്ഡിഎം ഫൈബറുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നടത്തും. കടലുകള്‍ താണ്ടിയുള്ള ഡേറ്റാ ട്രാന്‍സ്മിഷന്‍ കൂടുതല്‍ മികവുറ്റാതാക്കാനുള്ള പരിശ്രമവും നടത്തും. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഒപ്ടിക്കല്‍ ഫൈബര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിലൂടെയാണ് ജാപ്പനീസ് ഗവേഷകര്‍ തങ്ങളുടെ നേട്ടം ലോകത്തെ പരിചയപ്പെടുത്തിയത്.

 

വിവരങ്ങൾക്ക് കടപ്പാട്: സയന്‍സ്അലേര്‍ട്ട്, യുറീക്കാഅലേര്‍ട്ട്

 

English Summary: With 319 Tb/s, Japan Absolutely Smashes World Record For Data Transmission Speed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com