ADVERTISEMENT

വ്യാഴത്തിന്റെ ചന്ദ്രനായ യൂറോപ്പയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനൊരുങ്ങുകയാണ് നാസ. ഇതിനായി ഇലോൺ മസ്ക്കിന്റെ സ്പേസ്എക്സുമായി നാസ 178 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1,300 കോടി) കരാറിലെത്തി. അതിശൈത്യമുള്ള യൂറോപ്പയില്‍ ജീവന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്നായിരിക്കും പ്രധാനമായും പരിശോധിക്കുക. നാസയുടെ യൂറോപ്പ ക്ലിപ്പര്‍ മിഷന് (നേരത്തെ ഇതിനെ മള്‍ട്ടിപ്പിള്‍ ഫ്‌ളൈബൈ മിഷന്‍ എന്നായിരുന്നു വിളിച്ചിരുന്നത്) 2024 ഒക്ടോബറിലാണ് തുടക്കമാകുക. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ്എക്സിന്റെ 'ഫാള്‍ക്കണ്‍ ഹെവി' റോക്കറ്റിലായിരിക്കും പേടകം വിക്ഷേപിക്കുക.

 

ഈ വര്‍ഷം ഏപ്രിലിലും നാസ സ്‌പേസ്എക്‌സുമായി 290 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു. എന്നാല്‍, ഇത് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ആര്‍ട്ടമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലിറങ്ങാനുള്ള ബഹിരാകാശ പേടകം നിര്‍മിക്കാനുള്ള കരാറായിരുന്നു ഇത്. സ്‌പേസ്എക്‌സിന്റെ എതിരാളികളായ കമ്പനികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കരാര്‍ മരവിപ്പിച്ചത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, അമേരിക്കയിലെ പ്രതിരോധ കരാറുകാരനായ ഡൈനറ്റിക്‌സ് എന്നിവയാണ് പ്രതിഷേധവുമായി എത്തിയിരുന്നത്.

 

സ്‌പേസ്എക്‌സിന്റെ പുനരുപയോഗിക്കാവുന്ന ഫാള്‍ക്കണ്‍ ഹെവിയാണ് ഇന്ന് പ്രവര്‍ത്തനക്ഷമമായ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ലോഞ്ച് പേടകം. 2019ല്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് സാമഗ്രികളുമായി ഇത് പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. യൂറോപ്പ ക്ലിപ്പര്‍ ലോഞ്ച് കരാറിനായി മറ്റേതെല്ലാം കമ്പനികള്‍ സമീപിച്ചിരുന്നുവെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല. ഹിമപാളികള്‍ മൂടിക്കിടക്കുന്ന യൂറോപ്പയുടെ പ്രതലത്തില്‍ പഠനം നടത്തുക എന്നതായിരിക്കും ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. ഭൂമിയുടെ ചന്ദ്രനേക്കാള്‍ അല്‍പ്പം വലുപ്പം കുറവാണ് യൂറോപ്പയ്ക്ക്. സൗരയൂഥത്തില്‍ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടെന്നു കരുതുന്ന ഉപഗ്രഹങ്ങളിലൊന്നാണ് യൂറോപ്പ. ഉപഗ്രഹത്തിന്റെ പ്രതലത്തിന്റെ ഹൈ-റെസലൂഷന്‍ ചിത്രങ്ങള്‍ പകര്‍ത്തുക, അതിന്റെ ചേരുവകളെക്കുറിച്ച് പഠിക്കുക, ജീവന്റെ സൂചനകളുണ്ടോ എന്നു പരിശോധിക്കുക, ഹിമപാളികളെക്കുറിച്ച് പഠിക്കുക, യൂറോപ്പയിലെ കടലുകളുടെ ആഴവും, അവയിലെ ഉപ്പുരസവും പരിശോധിക്കുക തുടങ്ങിയവയായിരിക്കും ദൗത്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

∙ ടെസ്‌ല ഇന്ത്യയിലേക്കു വരാത്തതിന് തടസങ്ങള്‍ രണ്ടെന്ന് മസ്‌ക്

 

ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ എന്നാണ് നിര്‍മാണവും വില്‍പ്പനയും തുടങ്ങുക എന്ന് അന്വേഷിക്കുന്ന നിരവധി ഇന്ത്യയ്ക്കാരുണ്ടെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌കിനും അറിയാം. പല തവണ ഇതേക്കുറിച്ച് സൂചനകളും നല്‍കിയിട്ടുണ്ട്. ടെസ്‌ല ഇന്ത്യയില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും സൂചനകളുണ്ട്. എന്നാല്‍, കമ്പനിയുടെ വാഹനങ്ങള്‍ ഇവിടെയെത്തണമെങ്കില്‍ ഇനിയും സമയമെടുക്കുമെന്നതിനു വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് മസ്‌ക്. ഇന്ത്യയിലെ ഒരു ടെസ്‌ല പ്രേമി, 'പ്രിയ ഇലോണ്‍ മസ്‌ക്, ടെസ്‌ല കാറുകള്‍ ദയവായി ഇന്ത്യയിലും അവതരിപ്പിക്കൂ’, എന്ന് ട്വിറ്ററില്‍ കുറിച്ചതിനു മറുപടിയായാണ് മസ്‌ക് കമ്പനി ഇന്ത്യയിലേക്ക് എത്താൻ വൈകുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയത്.

youtube

 

∙ നികുതിയിളവ് നൽകണമെന്ന് മസ്‌ക്

 

ലോകത്തെ ഏതൊരു രാജ്യത്തെ അപേക്ഷിച്ചും ഇന്ത്യയിലെ ഇറക്കുമതി ചുങ്കം കൂടുതലാണ് എന്നാണ് മസ്ക് പറഞ്ഞത്. രണ്ടാമതായി, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇതുവരെ പ്രത്യേക പരിഗണന നല്‍കിത്തുടങ്ങിയിട്ടില്ലെന്നും മസ്ക് ആരോപിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കു നല്‍കുന്ന പരിഗണന മാത്രമാണ് നല്‍കുന്നതെന്നും അത് ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മസ്‌ക് പറഞ്ഞു. താത്കാലികമായെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്‍കണമെന്നും മസ്‌ക് ആവശ്യപ്പെട്ടു. എന്നുവച്ചാല്‍, ഇനി ടെസ്‌ലയുടെ കാര്യത്തില്‍ കേന്ദ്ര സർക്കാരിനു തീരുമാനം എടുക്കാമെന്നാണ് മസ്‌ക് പറഞ്ഞുവയ്ക്കുന്നത്. അതേസമയം, ടെസ്‌ലയ്ക്ക് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനായാല്‍ ഇവിടെ ഫാക്ടറി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.  

 

∙ യൂട്യൂബ് ആപ്പിന് 100 ബില്ല്യന്‍ ഡൗണ്‍ലോഡ്

 

ലോകത്തെ ഏറ്റവും മികച്ച സ്ട്രീമിങ് സേവനങ്ങളിലൊന്നായ യൂട്യൂബിന്റെ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് 100 ബില്ല്യന്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ലോകത്തെമ്പാടും 4ജി ഡേറ്റാ സേവനങ്ങള്‍ക്ക് പ്രചാരം ലഭിച്ചത് ആപ്പിന്റെ ജനപ്രീതി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 

 

∙ സാംസങ്ങിന്റെ വില കുറഞ്ഞ 5ജി ഫോണുകളിലൊന്ന് ഇന്ത്യയില്‍

 

സാംസങ് ഗ്യാലക്‌സി എ22 5ജി ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എ സീരീസിലെ ആദ്യ 5ജി ഫോണ്‍ എന്ന കീര്‍ത്തിയും ഈ മോഡലിനാണ്. മീഡിയടെക് ഡിമന്‍സിറ്റി 700 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് രണ്ടു വേരിയന്റുകളാണ് ഉള്ളത്. തുടക്ക വേരിയന്റിന് 6 ജിബി + 128 ജിബി ശേഷിയാണുള്ളതെങ്കില്‍ രണ്ടാമത്തെ വേരിയന്റിന് 8ജിബി + 128 ജിബി കരുത്തുണ്ട്. തുടക്ക വേരിയന്റിന് 19,999 രൂപയാണ് വില. റാം കൂടിയ വേരിയന്റിന് 21,999 രൂപ നല്‍കണം. തുടക്കത്തില്‍ എച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 1500 രൂപ കിഴിവു നല്‍കും. ജൂലൈ 25 മുതല്‍ ഫോണ്‍ ലഭ്യമായിരിക്കും.

 

മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 11 ന്റെ വണ്‍ യൂസര്‍ ഇന്റര്‍ഫെയ്സ് കോര്‍ 3.1 ആണ് ഒഎസ്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് ആണുള്ളത്. പ്രധാന ക്യാമറയ്ക്ക് 18എംപി സെന്‍സറാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, 5 എംപി അള്‍ട്രാ വൈഡ്, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സെല്‍ഫി ക്യാമറയ്ക്ക് 8എംപിയാണ് റെസലൂഷന്‍. ഫോണിന് 5000 എംഎഎച് ബാറ്ററിയും ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ സപ്പോര്‍ട്ടുമുണ്ട്. ഇതു ആസ്വദിക്കണമെങ്കില്‍ ഈ ഫീച്ചറുള്ള വയേഡ്, വയര്‍ലെസ് ഹെഡ്‌സെറ്റ് വേണം.

 

∙ ജൂലൈ 26 മുതല്‍ ആമസോണ്‍ പ്രൈം ഡേ വില്‍പ്പന

 

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍ ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം കിഴിവു നല്‍കുന്ന അവസരങ്ങളിലൊന്നാണ് പ്രൈം ഡേ വില്‍പ്പന. ഇതിന്റെ ഗുണം പൂര്‍ണമായി ലഭിക്കണമെങ്കില്‍ പ്രൈം അംഗങ്ങളായിരിക്കണം. ഇന്ത്യയില്‍ പ്രൈം അംഗത്വത്തിന് പ്രതിവര്‍ഷം 999 രൂപയാണ് നല്‍കേണ്ടത്. 

 

∙ ഫെയ്‌സ്ബുക്കിന്റെ ക്ലൗഡ് ഗെയ്മിങ് സേവനം ഐഒഎസില്‍

 

ഫെയ്‌സ്ബുക്കിന്റെ ക്ലൗഡ് ഗെയിമിങ് സേവനം ഐഫോണുകളിലും, ഐപാഡുകളിലേക്കും എത്തുകയാണ്. എന്നാലിത് തത്കാലം ഇന്ത്യയില്‍ ലഭ്യമായിരിക്കില്ല. ഇപ്പോള്‍ പ്രതിമാസം 15 ലക്ഷത്തോളം ആളുകള്‍ ഫെയ്‌സ്ബുക്കിന്റെ ക്ലൗഡ് ഗെയിമുകള്‍ കളിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നത്. 

 

കടപ്പാട്: ഫെയ്‌സബുക്, ആമസോണ്‍, സാംസങ്, 9ടു5ഗൂഗിള്‍, ബിസിനസ് ഇന്‍സൈഡര്‍, റോയിട്ടേഴ്‌സ്

 

English Summary: SpaceX lands NASA launch contract for mission to Jupiter's moon Europa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com