ADVERTISEMENT

എജ്യൂടെക് കമ്പനി ബൈജൂസ് സിംഗപ്പൂരിലെ ഗ്രേറ്റ് ലേണിങ് കമ്പനിയെ 60 കോടി ഡോളറിന് (ഏകദേശം 4467 കോടി രൂപ) ഏറ്റെടുത്തു. ഇതോടെ യുണികോൺ കമ്പനികളിൽ ഏറ്റവുമധികം ഏറ്റെടുക്കൽ നടത്തിയ സ്റ്റാർട്ട്–അപ്പ് എന്ന റെക്കോർഡും ബൈജൂസ് സ്വന്തമാക്കി. വിവിധ കമ്പനികളെ സ്വന്തമാക്കാനായി ഏകദേശം 220 കോടി ഡോളറാണ് ബൈജൂസ് ചെലവിട്ടത്.

 

കോവിഡ് മഹാമാരി കാരണം പഠനങ്ങളെല്ലാം ഓൺലൈനിലേക്ക് മാറിയതാണ് ബൈജൂസിന്റെ അതിവേഗ മൂന്നേറ്റത്തിന് വഴിയൊരുക്കിയത്. ഗ്രേറ്റ് ലേണിങ്ങിന്റെ സ്ഥാപകരായ മോഹൻ ലഖംരാജു, ഹരി നായർ, അർജുൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നിലവിലെ പ്രവർത്തനങ്ങൾ തുടരുമെന്നും ബൈജൂസ് അറിയിച്ചു.

 

രാജ്യാന്തരതലത്തിൽ അംഗീകൃത സര്‍വകലാശാലകളുമായി സഹകരിച്ച് ഡേറ്റാ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, നിർമിത ബുദ്ധി, മെഷീൻ ലേണിങ് തുടങ്ങി വിഷയങ്ങളിൽ ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളാണ് ഗ്രേറ്റ് ലേണിങ് നൽകുന്നത്.

 

ഇതിനിടെ ബൈജൂസ് ലേണിങ് ആപ്പിലേക്ക് കോടികളുടെ നിക്ഷേപമാണ് വരുന്നത്. ഏറ്റവും അവസാനമായി, കഴിഞ്ഞ മാസം 350 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. ഇതോടെ ബൈജൂസ് സ്റ്റാർട്ടപ്പിന്റെ മൊത്തം മൂല്യം 1650 കോടി ഡോളറായി ( ഏകദേശം 120832.47 കോടി രൂപ) ഉയർന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈജൂസ് ലോകത്ത് പതിനൊന്നാം സ്ഥാനത്താണ്.

 

യു‌ബി‌എസ് ഗ്രൂപ്പ്, ബ്ലാക്ക്സ്റ്റോൺ, അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോള്‍ഡിങ് കമ്പനിയായ എഡിക്യു , സൂം സ്ഥാപകൻ എറിക് യുവാൻ, ഫീനിക്സ് റൈസിങ് - ബീക്കൺ ഹോൾഡിങ്സ് എന്നിവരാണ് ബൈജൂസിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെയാണ് ബൈജൂസ് സംരംഭത്തിന്റെ മൂല്യം 1650 കോടി ഡോളറായി ഉയർന്നത്. 1600 കോടി ഡോളർ മൂല്യമുള്ള പേടിഎമ്മിനെയാണ് ബൈജൂസ് പിന്നിലാക്കിയത്.

 

ഏപ്രിലിൽ തുടങ്ങിയ 150 കോടി ഡോളർ നിക്ഷേപം സമാഹരിക്കലിന്റെ ഭാഗമായാണ് ഇപ്പോൾ 350 ദശലക്ഷം ഡോളറിന്റെ ഫണ്ട് സമാഹരണം. നേരത്തെ ബാരൺ ഫണ്ട്സ്, ബി ക്യാപിറ്റൽ ഗ്രൂപ്പ്, എക്സ്എൻ എക്സ്പോണന്റ് ഹോൾഡിങ് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് കമ്പനി ഏപ്രിലിൽ 100 കോടി ഡോളർ സമാഹരിച്ചിരുന്നു. ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡിനെ (എഇഎസ്എൽ) ഏപ്രിലിൽ 100 കോടി ഡോളറിന് ബൈജൂസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

 

2015 ൽ ആരംഭിച്ച ബൈജൂസ് ആപ്പ് ഉപയോഗിച്ച് 80 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. 55 ലക്ഷം പേർ ബൈജൂസ് ആപ്പിന്റെ പെയ്ഡ് സർവീസ് ഉപയോഗിക്കുന്നുണ്ട്. 2020 ഏപ്രിൽ - സെപ്റ്റംബർ കാലയളവിൽ ബൈജൂസ് ആപ്പിന് 45 ദശലക്ഷം പുതിയ വിദ്യാർഥികളെയാണ് ലഭിച്ചത്.

 

English Summary: BYJU's acquires Singapore-based Great Learning for $600M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com