ADVERTISEMENT

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ അനുഭവങ്ങളിലൊന്നായി മാറിയ ഇന്റര്‍നെറ്റിനെ കുത്തകകളില്‍നിന്ന് രക്ഷിക്കാൻ വന്‍ തുക നിക്ഷേപിക്കാനൊരുങ്ങുകയാണ് യുഎസ് കോടീശ്വരന്‍. സമൂഹ മാധ്യമങ്ങളുടെ ഇപ്പോഴത്തെ അടിസ്ഥാന ഘടന തന്നെ പൊളിച്ചെഴുതാനുളള പരിശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഫെയ്‌സ്ബുക് പോലെയൊരു പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകളുടെ അവകാശം കമ്പനിക്കാണ്. അതുവഴി അവര്‍ തന്നെ വരുമാനവും ഉണ്ടാക്കുന്നു. എന്നാല്‍ പുതിയ പദ്ധതി വിജയിച്ചാല്‍ ഓരോ വ്യക്തിയുടെയും ഡേറ്റയില്‍നിന്ന് അവർക്കു തന്നെ പണം ലഭിക്കും. ക്രിപ്‌റ്റോകറന്‍സിക്കു പിന്നിലുള്ള ബ്ലോക് ചെയിൻ ടെക്‌നോളജി ഉപയോഗിച്ച് ഇന്റര്‍നെറ്റിനെ മൊത്തത്തില്‍ പൊളിച്ചഴുതാനുള്ള ഒരു വൻശ്രമമായിരിക്കും ഇത്.

അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് സാമ്രാട്ട് ഫ്രാങ്ക് മക്‌കോര്‍ട്ട് ആണ് പ്രോജക്ട് ലിബര്‍ട്ടി എന്നു പേരിട്ട പദ്ധതിക്കായി 100 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നത്. വ്യക്തികളുടെ സമൂഹ മാധ്യമ ഇടപെടലുകള്‍ക്ക് പൊതുവായൊരു ഡേറ്റാബേസ് ഉണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇതുവഴി വ്യക്തികള്‍ക്ക് അവരുടെ സമൂഹ മാധ്യമ വ്യക്തിബന്ധങ്ങള്‍ യഥേഷ്ടം മാറ്റാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിലൂടെ, ഫെയ്‌സ്ബുക് പോലെയുള്ള ആപ്പുകള്‍ ഉപയോക്താക്കള്‍ക്കു ചുറ്റും കെട്ടിയ വേലികൾ പൊളിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഫെയ്സ്ബുക് പോലെയുള്ള ചില കമ്പനികള്‍ ഒരു പതിറ്റാണ്ടിനിടെ നേടിയെടുത്ത സ്വാധീനം ഭയപ്പെടുത്തുന്നതാണ്. മനുഷ്യരുടെ പ്രധാന ശക്തികളായ ജനാധിപത്യവും മുതലാളിത്തവും നേരിടുന്ന ഭീഷണിയാണ് തന്നെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫ്രാങ്ക് പറയുന്നു. നമ്മള്‍ നിരന്തരമായി നിരീക്ഷിക്കപ്പെടുന്നു. കൂടാതെ അധികാരവും പണവും ചുരുക്കം ചിലരിലേക്ക് പരിമിതപ്പെടുന്നു. ഇത് അവിശ്വസനീയമായ രീതിയില്‍ അസ്വസ്ഥമാക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറയുന്നു. ഇന്റര്‍നെറ്റ് കമ്പനികളുടെ പുതിയ രീതികള്‍ മുതലാളിത്തത്തിനും ഭീഷണിയാണ്. കാരണം അതു നിലനില്‍ക്കണമെങ്കിലും കുറച്ചു നീതിയൊക്കെ വേണമെന്നാണ് ഫ്രാങ്ക് പറയുന്നത്.

ഫ്രാങ്കിനു മാത്രമല്ല, മറ്റു പലര്‍ക്കും ഇത്തരം ആലോചനകളുണ്ടെന്നും പറയുന്നു. അവര്‍ കുത്തകകളെ തകര്‍ക്കാന്‍ വഴികള്‍ ആരായുന്നവരാണ്. നിയമനിര്‍മാണം വഴി കുത്തക കമ്പനികളുടെ പിടിയില്‍നിന്ന് സാധാരണ ജനങ്ങളെ മോചിപ്പിക്കണമെന്നു ചിലർ പറയുമ്പോള്‍, പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വന്ന് നിലവിലുള്ള കമ്പനികളെ തകർക്കുന്നതു കാത്തിരിക്കുകയാണ് മറ്റു ചിലർ.
ഫെയ്‌സ്ബുക് അതിന്റെ പ്രവർത്തനങ്ങളെപ്പറ്റി പുനരാലോചന നടത്തി, ഇപ്പോഴത്തെ ബിസിനസ് രീതിയിൽ മാറ്റം വരുത്തുമെന്നു കരുതുന്നവരുമുണ്ട്. ഫ്രാങ്കും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സെയും കരുതുന്നത് ബ്ലോക്‌ചെയിന്‍ പോലെയുള്ള സാങ്കേതികവിദ്യകളായിരിക്കും പരിഹാരമാര്‍ഗമെന്നാണ്. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്കു പിന്നില്‍ ബ്ലോക്‌ചെയിനാണ് പ്രവര്‍ത്തിക്കുന്നത്.

∙ ബ്ലോക്‌ചെയിന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിനെ ഉടച്ചു വാര്‍ക്കാന്‍ ശ്രമം

ഫ്രാങ്കിന്റെ പരിശ്രമം ഒരു വികേന്ദ്രീകൃത സമൂഹ മാധ്യമ പ്രൊട്ടോക്കോള്‍ (Decentralized Social Networking Protocol) അഥവാ ഡിഎസ്എന്‍പി ഉപയോഗിച്ച് ഇന്റര്‍നെറ്റിന് പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ്. അതായിരിക്കും പ്രോജക്ട് ലിബര്‍ട്ടിയുടെ കേന്ദ്രം. ഓരോരുത്തരുടെയും ഡിജിറ്റല്‍ വോലറ്റുകളിലുള്ള ടോക്കണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്ലോക്‌ചെയിന്‍ വഴി ശേഖരിച്ചുവയ്ക്കുന്ന രീതിയിലാണ് ക്രിപ്‌റ്റോകറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹിക ബന്ധപ്പെടലുകളുടെ കാര്യത്തിലും ഡിഎസ്എന്‍പി കൊണ്ടുവരാനാണ് ഫ്രാങ്ക് ശ്രമിക്കുന്നത്. നിലവില്‍ ഉപയോക്താക്കള്‍ തമ്മില്‍ നടത്തുന്ന സന്ദേശക്കൈമാറ്റത്തിന്റെ ഡേറ്റ മൊത്തം ഫെയ്‌സ്ബുക്കിന് മാത്രം അവകാശപ്പെട്ടതാണ്. ഇത് തങ്ങളുടെ എതിരാളികളുടെ മേല്‍ കമ്പനിക്ക് വ്യക്തമായ മേല്‍ക്കോയ്മ നല്‍കുന്നു.

blockchain

അതേസമയം, എല്ലാ സമൂഹ മാധ്യമ കമ്പനികളും ഒരു പൊതു സോഷ്യല്‍ ഗ്രാഫ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, അവര്‍ക്ക് ഉപയോക്താക്കളെ ആകര്‍ഷിച്ചു നിർത്തണമെങ്കില്‍ കൂടുതല്‍ നല്ല സേവനങ്ങള്‍ നല്‍കേണ്ടി വരും. ഇതു കൂടാതെ, ഏതെങ്കിലും ഒരു കമ്പനി കുത്തകയായിത്തീരാനുള്ള സാധ്യത ഇല്ലാതാകുമെന്നുമാണ് ഡിഎസ്എന്‍പി എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പറയുന്നത്. പുതിയ ഡിഎസ്എന്‍പി സൃഷ്ടിക്കാനുള്ള ചുമതല ബ്രാക്സ്റ്റൻ വുഡാമിനെ ഏല്‍പിക്കാനാണ് സാധ്യത. ഭക്ഷണ വിതരണ ശൃംഖലയായ സണ്‍ ബാസ്‌കറ്റിന്റെ സ്ഥാപകനാണ് അദ്ദേഹം. ഫ്രാങ്ക് നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ ആശയം നേരത്തേതന്നെ ബ്രാക്സ്റ്റന്റെ മനസ്സിലും ഉദിച്ചിരുന്നുവെന്നു പറയുന്നു. എന്നാല്‍, ഇതിനായി മുതല്‍മുടക്കാന്‍ ആരെയെങ്കിലും കിട്ടുമെന്ന് അദ്ദേഹം കരുതിയതുമില്ല. ഇക്കാര്യം ഫ്രാങ്കുമായി സംസാരിച്ചപ്പോള്‍ ഇരുവരും തങ്ങളുടെ സ്വപ്‌നം പങ്കുവയ്ക്കുക മാത്രമാണെന്നാണ് കരുതിയത്. അല്ലാതെ ഇതു നടപ്പാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ലെന്നും ബ്രാക്സ്റ്റൻ പറയുന്നു.

പകരം ഫ്രാങ്ക്, ബ്രാക്സ്റ്റനിന്റെ സേവനങ്ങള്‍ വാങ്ങുകയാണ് ഉണ്ടായത്. ഇതിയായി ഒരു പ്രോട്ടോക്കോള്‍ സൃഷ്ടിക്കുകയായിരിക്കും ആദ്യ പടി. ഇതിലേക്കായി 75 ദശലക്ഷം ഡോളറും വകമാറ്റിയിരിക്കുന്നു. വാഷിങ്ടനിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലെ ഒരു സ്ഥാപനം, പാരിസിലെ സയന്‍സ് പോ (Sciences Po) എന്നിവയായിരിക്കും ഡിഎസ്എന്‍പിക്കു വേണ്ടിയുള്ള ഗവേഷണത്തില്‍ ഏര്‍പ്പെടുക. ബാക്കി 25 ദശലക്ഷം ഡോളർ തങ്ങള്‍ ഉണ്ടാക്കുന്ന ഡിഎസ്എന്‍പി ഉപയോഗിക്കാന്‍ ബിസിനസ് സ്ഥാപനങ്ങളെ പ്രേരിപ്പിക്കാനായി വിനിയോഗിക്കാനാണ് ഉദ്ദേശ്യം. സമൂഹ മാധ്യമങ്ങളെ നവീകരിക്കാൻ താന്‍ നടത്തുന്ന മൂന്നാമത്തെ പരിശ്രമമാണിതെന്ന് ഫ്രാങ്ക് പറയുന്നു. ആളുകള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രീതിക്കു മാറ്റംവരുത്താനായി ടെക്‌നോളജി കമ്പനികളില്‍ പണമിറക്കുകയാണ് അദ്ദേഹം നേരത്തേ ചെയ്തത്. അത്തരം പരിശ്രമങ്ങളില്‍നിന്ന് അദ്ദേഹത്തിനു മനസ്സിലായ ഒരു കാര്യം ബിസിനസുകാര്‍ മാത്രം വിചാരിച്ചാല്‍ പോര, ചിന്തകരുടെയും മറ്റും പരിശ്രമവും കൂടി ഉണ്ടായാല്‍ മാത്രമേ സമൂഹ മാധ്യമ ബിസിനസ് നേരിടുന്ന ധാര്‍മിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്നാണ്.

∙ ബ്ലൂസ്‌കൈ

ട്വിറ്റര്‍ മേധാവി ജാക്ക് ഡോർസെ ഇതിനു സമാനമായ ഒരു പദ്ധതി തയാറാക്കിയിരുന്നു. അതിന്റെ പേരാണ് ബ്ലൂസ്‌കൈ. ഇന്റര്‍നെറ്റിനെ ഏതെങ്കിലും ചില വ്യക്തികള്‍ നിയന്ത്രിക്കുക എന്ന ആശയത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് ജാക്കും പറയുന്നു. ബിറ്റ്‌കോയിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയോടു തന്നെയാണ് ജാക്കിനും ഇഷ്ടം. ഭാവിയിലെ ഇന്റര്‍നെറ്റ് അത്തരത്തിലൊന്നായിരിക്കണം എന്ന് അദ്ദേഹവും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഇന്ന് സമൂഹ മാധ്യമങ്ങളുടെ കൈവശമുള്ള ശക്തി പലരെയും അസ്വസ്ഥമാക്കുന്നു. ഇത്തരം കമ്പനികള്‍ക്ക് മറ്റുള്ളവരുടെമേല്‍ കുതിര കയറാനുള്ള അധികാരമാണ് ഉള്ളത്. അതേസമയം, വികേന്ദ്രീകൃത സമൂഹ മാധ്യമങ്ങള്‍ ഉപയോക്താവിന് ഇഷ്ടമുള്ള സമൂഹ മാധ്യമത്തിലേക്ക് ആവശ്യം തോന്നുമ്പോള്‍ മാറാനുള്ള സാധ്യതയും കൊണ്ടുവരുമെന്നു പറയുന്നു. തങ്ങളുടെ കൂട്ടത്തിലുള്ളവരെയും കൂട്ടി പുതിയ കമ്പനിയുടെ പ്ലാറ്റ്‌ഫോമിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കുക എന്നതായിരിക്കും പുതിയ പരിശ്രമത്തിനു പിന്നിലുള്ള പ്രായോഗിക മാറ്റങ്ങളിലൊന്ന്. പുതിയ ടെക്‌നോളജി മോശം പോസ്റ്റുകള്‍ ഇടുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയും ചെയ്യും. കാരണം, ആ പോസ്റ്റ് ഇട്ടത് അയാളാണെന്ന കാര്യം ഒരിക്കലും നീക്കം ചെയ്യാനാവില്ല.

എന്നാല്‍, ഇത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ ചിന്തിച്ചു തുടങ്ങുന്നതിനു മുൻപ്, പ്രോജക്ട് ലിബര്‍ട്ടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റു ചില കാര്യങ്ങള്‍ കൂടി ചെയ്തുതീര്‍ക്കേണ്ടതായുണ്ട്. ഒന്നാമതായി, തങ്ങളുടെ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കണം. പുതിയ രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കാനായാല്‍ ഇന്റര്‍നെറ്റിന് സമൂല മാറ്റം വരുമെന്നാണ് ഫ്രാങ്കും മറ്റും കരുതുന്നത്. ഈ പദ്ധതിയുമായി മുന്നോട്ടിറങ്ങുന്നവര്‍ പുതിയ സമൂഹ മാധ്യമ വെബ്‌സൈറ്റ് അവതരിപ്പിച്ചേക്കുമെന്നും കരുതുന്നു. ഡിഎസ്എന്‍പി ഒരുക്കുന്ന അടിസ്ഥാനസൗകര്യം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഡേറ്റ അയാളുടേതായിരിക്കും, അല്ലാതെ കമ്പനികളുടേതായിരിക്കില്ല. ഇത് തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതുമായ ഡേറ്റാ സമ്പദ്‌വ്യവസ്ഥയ്ക്ക് തുടക്കംകുറിക്കുമെന്നും കരുതുന്നു. തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തികള്‍ക്ക് സൂക്ഷിക്കാം. അതില്‍നിന്നു പണമുണ്ടാക്കാനുള്ള അവകാശം വ്യക്തിക്കു ലഭിക്കും. അല്ലാതെ ഫെയ്‌സ്ബുക് പോലെയുള്ള കമ്പനികള്‍ ചെയ്യുന്നതു പോലെ എല്ലാം സ്വന്തമാക്കി വയ്ക്കുന്ന അവസ്ഥയായിരിക്കില്ല ലക്ഷ്യം. ഇന്ന് ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥയിലേക്ക് ഇന്റര്‍നെറ്റ് എത്തിച്ചേര്‍ന്നിരിക്കുകയുമാണ്. ഇതില്‍ നിന്നെല്ലാം മോചനം സാധ്യമാക്കാനുള്ള ശ്രമമാണ് പ്രോജക്ട് ലിബര്‍ട്ടിയെന്നാണ് ഫ്രാങ്ക് മക്‌കോര്‍ട്ട് പറയുന്നത്.

English Summary: US Billionaire Wants To Rebuild 'Foundation Of Internet' With Project Liberty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com