ADVERTISEMENT

45 വര്‍ഷം മുൻപ് മൂന്നു പേര്‍ ഒരു ഗാരിജില്‍ തുടങ്ങിയ കമ്പനിയായ ആപ്പിൾ ഇന്ന് ലോകത്തെ ഏറ്റവും തലയെടുപ്പുള്ള, മൂല്യമുള്ള ബ്രാൻഡാണ്. സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റോണള്‍ഡ് വെയ്ന്‍ എന്നിവരായിരുന്നു ആപ്പിള്‍ കംപ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചത്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടു കാലത്ത് നിരവധി ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നു പോയ ആപ്പിള്‍ ലോകത്തെ കണ്‍സ്യൂമര്‍ ടെക്‌നോളജി ഉപകരണ നിര്‍മാണ മേഖലയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ബ്രാൻഡുകളില്‍ ഒന്നായിരിക്കുന്നു. ലോക ടെക്‌നോളജി രംഗത്ത് ആപ്പിളിന്റെ ഉപകരണങ്ങളും സേവനങ്ങളും ചില വഴിതിരിച്ചുവിടലുകള്‍ നടത്തിയിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്ത് ആപ്പിള്‍ നടത്തിയ ചില ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഇടപെടലുകള്‍ പരിശോധിക്കാം.

∙ ആപ്പിള്‍ നിര്‍മിച്ച ആദ്യ കംപ്യൂട്ടര്‍

ആദ്യ ആപ്പിള്‍ കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്തതും നിര്‍മിച്ചതും സ്റ്റീവ് വോസ്‌നിയാക് ആയിരുന്നു. ഇത് 1976 ല്‍ ആണ് പുറത്തിറക്കിയത്. വിലയിട്ടിരുന്നതും രസകരമായ രീതിയിലായിരുന്നു- 666.66 ഡോളര്‍! ആപ്പിളിന്റെ സംഭവബഹുലമായ യാത്രയ്ക്ക് തുടക്കമിടുന്നത് ഈ കംപ്യൂട്ടറാണ്. അടുത്ത നാലു വര്‍ഷത്തേക്ക് ഈ കംപ്യൂട്ടര്‍ ആപ്പിളിന് ധാരാളം വരുമാനം നല്‍കുകയും ചെയ്തു.

∙ മക്കിന്റോഷ്

ആപ്പിള്‍ തങ്ങളുടെ മക്കിന്റോഷ് പഴ്‌സനല്‍ കംപ്യൂട്ടര്‍ അവതരിപ്പിക്കുന്നത് 1984 ലാണ്. ഇതിനൊപ്പം ഒരു പ്രോഗ്രാമിങ് ഭാഷയുണ്ടായിരുന്നില്ല. കമ്പനിയെ സംബന്ധിച്ച് ഇതൊരു വലിയ നിമിഷമായിരുന്നു. എന്നാല്‍, അതിന്റെ സ്ഥാപകര്‍ക്ക് മോശം കാലം തുടങ്ങുകയായിരുന്നു. ആപ്പിളിന്റെ അന്നത്തെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജോണ്‍ സ്‌കളിയുമായി നിരവധി തവണ വഴക്കിട്ട ശേഷം മടുത്ത സ്റ്റീവ് ജോബ്‌സ് കമ്പനിയില്‍ നിന്ന് 1985 ല്‍ രാജിവച്ചു. തുടര്‍ന്ന് വോസ്‌നിയാക്കും രാജിവച്ചു. പക്ഷേ, മക്കിന്റോഷ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിള്‍ അവതരിപ്പിച്ച ഒരു പരസ്യമുണ്ട് – 1984 എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്തെ എക്കാലത്തെയും മികച്ച പരസ്യമെന്നാണ് ഇതിന്റെ വിശേഷണം.

∙ ഐപോഡ്

സ്വന്തം കമ്പനിയില്‍നിന്നു രാജിവച്ചു പുറത്തുപോയ സ്റ്റീവ് ജോബ്‌സ് 1997 ലാണ് തിരിച്ചെത്തുന്നത്. രാജിവയ്ക്കലിലും തിരിച്ചെത്തലിലും ഉണ്ട് ഒരു ട്വിസ്റ്റ് - രണ്ടും നടക്കുന്നത് സെപ്റ്റംബര്‍ 16 നാണ്! തിരിച്ചെത്തിയ ജോബ്‌സ് ആപ്പിളിന് രക്ഷകനാകുകയായിരുന്നു. തുടര്‍ന്ന് അവതരിപ്പിച്ച ഉൽപന്നങ്ങളില്‍ ഒന്നായിരുന്നു ഐപോഡ്. ഐപോഡിനു മുൻപും എംപി3 പ്ലെയറുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഐപോഡ് കൊണ്ടുവന്ന ഒരു അനുഭവം നല്‍കുന്നവയായിരുന്നില്ല അവ. ഐപോഡ് 2001ല്‍ ആണ് ആദ്യം പുറത്തിറക്കിയത്. പല വിധത്തിലും ഐപോഡ് പാട്ടു കേള്‍ക്കുന്നവര്‍ക്കിടയില്‍ ഒരു അനുഭവമായി പടരുകയായിരുന്നു. ആപ്പിള്‍ ആരാധനയ്ക്ക് തുടക്കമിടുന്ന ഉപകരണവും ഇതായിരുന്നു. അടുത്ത ആറു വര്‍ഷം കൊണ്ട് 100 ദശലക്ഷം ഐപോഡുകളാണ് ലോകമെമ്പാടുമായി ആപ്പിള്‍ വിറ്റത്.

tim-cook-and-steve-jobs

∙ ആപ്പിള്‍ സ്‌റ്റോര്‍

എന്തും വ്യത്യസ്തമായി ചെയ്യണമെന്ന് ആഗ്രഹമുള്ള കമ്പനിയാണ് ആപ്പിള്‍. ഇതാണ് ആളുകളെ ഈ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതും. കമ്പനി തങ്ങളുടെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ തുടങ്ങുന്നത് 2001 ലാണ്. മറ്റൊരു റീട്ടെയില്‍ കടയിലുമെത്തുന്ന അനുഭവമല്ല ഒരു ആപ്പിൾ സ്റ്റോറില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ലോകത്തെ ആപ്പിള്‍ സ്റ്റോറുകളെല്ലാം ഈ വിധത്തില്‍ പ്രശസ്തമാണ്. ആദ്യ ആപ്പിൾ സ്റ്റോര്‍ തുടങ്ങിയത് അമേരിക്കയിലെ വെര്‍ജീനിയയിലെ മക്‌ലീനിലാണ്. ആപ്പിള്‍ സ്റ്റോര്‍ പകരുന്ന അനുഭവം ചരിത്ര പ്രാധാന്യമുളള സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതു പോലെയാണ് ആപ്പിള്‍ ആരാധകര്‍ക്ക്. ന്യൂയോര്‍ക്കിലെ ഫിഫ്ത് അവന്യു ആപ്പിള്‍ സ്റ്റോറിലേക്ക്, അമേരിക്കയുടെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയോ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങോ കാണാന്‍ എത്തുന്നതിനേക്കാള്‍ കൂടുതല്‍ പേർ എത്തുന്നുവെന്നു പറയപ്പെടുന്നു. ഇന്ത്യയില്‍ ആദ്യ ആപ്പിള്‍ സ്‌റ്റോര്‍ താമസിയാതെ തുടങ്ങിയേക്കും. മഹാമാരി പടര്‍ന്നില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ത്തന്നെ ആപ്പിള്‍ സ്റ്റോര്‍ കണ്ടേനെ. ആദ്യ സ്‌റ്റോര്‍ ഹൈദരാബാദിലോ ബെംഗളൂരുവിലോ തുടങ്ങിയേക്കുമെന്നാണ് അഭ്യൂഹം.

apple-store-marina

∙ ഐഫോണ്‍

ഫോണിനെ ഒരു പോക്കറ്റ് കംപ്യൂട്ടറായി എടുത്തുയര്‍ത്തുന്ന നിമിഷമായിരുന്നു ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍ സംഭവിച്ചത്. 2007 ല്‍ ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍, ഫോണ്‍ വ്യവസായം ഐഫോണിനു മുൻപും പിൻപുമെന്നായി വേര്‍തിരിക്കുകയായിരുന്നു ആപ്പിൾ. ഒരു സ്മാര്‍ട് ഫോണ്‍ എങ്ങനെയിരിക്കണമെന്ന പലരുടെയും സങ്കല്‍പത്തിനാണ് ആപ്പിള്‍ അന്ന് ജീവന്‍ നല്‍കിയത്. ഫോണ്‍ വില്‍പനയ്‌ക്കെത്തി 30 മണിക്കൂറിനുള്ളില്‍ കമ്പനി 27 ലക്ഷം ഫോണുകളാണ് വിറ്റത്. പിന്നീടൊരിക്കലും ആപ്പിള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. തുടര്‍ന്നുള്ള ഓരോ വര്‍ഷവും ഐഫോണ്‍ അവതരണ ദിവസത്തിന് വിശേഷ ദിനങ്ങളുടെ പദവിയാണ് ടെക് പ്രേമികള്‍ നല്‍കിയത്. കംപ്യൂട്ടര്‍ നിര്‍മാണ കമ്പനിയായി തുടങ്ങിയ ആപ്പിള്‍ പിന്നെ ഐഫോണിന്റെ അപ്പന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങുകയായിരുന്നു. ഇന്നും അത് അങ്ങനെ തുടരുകയാണ്. 

iphone-11-

∙ ആപ് സ്റ്റോര്‍

ഐഫോണിനു മുൻപ് സ്മാര്‍ട് ഫോണുകള്‍ നിർമിക്കാനുള്ള പല ഉദ്യമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍, അതൊക്കെ പാതിവെന്ത രീതിയിലുള്ളവയായിരുന്നു. ഇവ ഉപയോഗിച്ചു നോക്കിയ ശേഷം ആളുകള്‍ കീപാഡ് ഫോണുകളിലേക്ക് മടങ്ങിപ്പോകുക പതിവായിരുന്നു. എന്നു പറഞ്ഞാല്‍, ആപ്പിള്‍ ടെക് ലോകത്ത് നടത്തിയ ഇടപെടലുകള്‍ പലതും മറ്റു കമ്പനികള്‍ പരാജയം സമ്മതിച്ചു കൈപൊക്കി നില്‍ക്കുന്ന സമയത്തായിരുന്നു. ആപ് സ്റ്റോറിന്റ കാര്യത്തിലും സ്ഥിതി അതുതന്നെ. ആപ്പിള്‍ അവതരിപ്പിക്കുന്നതിനു മുൻപും ആപ് സ്റ്റോറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആപ് സ്റ്റോറിന്റെ സാധ്യതകളെക്കുറിച്ച് ആളുകള്‍ മനസ്സിലാക്കുന്നത് ആപ്പിള്‍ അവതരിപ്പിച്ചതിനു ശേഷമാണ്. തങ്ങളുടെ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ കണ്ടെത്തുക എന്നത് ആപ്പിളിന്റെ ആപ്‌ സ്റ്റോറിന്റെ വരവിനു മുൻപ് എളുപ്പമുള്ള കാര്യമായിരുന്നില്ല. അവയെ ചിട്ടയോടെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ആപ്പിള്‍ ചെയ്തത്. ആപ്പിള്‍ അവതരിപ്പിച്ച ആപ് മാര്‍ക്കറ്റ് പ്ലെയ്‌സ്, ബില്ല്യന്‍ കണക്കിനു ഡോളര്‍ ഒഴുകുന്ന ഒരു വമ്പന്‍ ബിസിനസായി പടര്‍ന്നു. 

App-store

∙ മാക്ബുക്ക് എയര്‍

മാക്ബുക്ക് എയര്‍ രംഗത്തെത്തുന്നതിനു മുൻപ് ലാപ്‌ടോപ് എന്നു പറഞ്ഞാല്‍ ആയാസത്തോടെ ചുമന്നു കൊണ്ടു നടക്കേണ്ട ഒന്നായിരുന്നു. ലാപ്‌ടോപ്പുകള്‍ എങ്ങനെ ചെറുതാക്കി ഇറക്കാം എന്നതിനെക്കുറിച്ച് മറ്റു കംപ്യൂട്ടര്‍ കമ്പനികള്‍ക്ക് ഒരു ക്ലാസു കൊടുക്കുകയായിരുന്നു ആപ്പിള്‍.

∙ ഐപാഡ്

ഐഫോണ്‍ അവതരിപ്പിച്ച ശേഷം ആപ്പിള്‍ വലിയ സ്‌ക്രീന്‍ സൈസ് ഉള്ള ഒരു ടാബ് ഇറക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. ഇതിനിടയില്‍ പല കമ്പനികളും ടാബുകള്‍ ഇറക്കിയെങ്കിലും ആപ്പിള്‍ തങ്ങളുടെ ടാബ്‌ലറ്റ് കംപ്യൂട്ടറായ ഐപാഡ് അവതരിപ്പിക്കുന്നതു വരെ ആളുകള്‍ക്ക് ഈ കംപ്യൂട്ടിങ് സാധ്യതയെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്നില്ല. ആദ്യ ഐപാഡ് ടാബുകളെക്കുറിച്ചുള്ള സങ്കല്‍പം തന്നെ മാറ്റിമറിച്ചു. ലോകത്തെ എക്കാലത്തെയും ഏറ്റവും പ്രശസ്തമായ മാസികളിലൊന്നായ ദി ഇക്കണോമിസ്റ്റ് അതിന്റെ കവര്‍ പേജില്‍ സ്റ്റീവ് ജോബ്‌സിനെ ഇലസ്‌ട്രേഷന്‍ നടത്തി ഒരു തലക്കെട്ടും നല്‍കി - ദ് ബുക്ക് ഓഫ് ജോബ്‌സ്- ഹോപ്, ഹൈപ് ആന്‍ഡ് ആപ്പിള്‍സ് ഐപാഡ്. ടാബ് നിര്‍മാണത്തില്‍ ആപ്പിളിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഈ മേഖല അടക്കി വാഴുന്നത് ഐപാഡ് ആണ്. 

apple-watch

∙ ആപ്പിള്‍ വാച്ച്

ആഡംബര വാച്ചുകള്‍ മുതല്‍ സാധാരണ വാച്ചുകള്‍ വരെ, സ്വിസ് കമ്പനികള്‍ ഇറക്കുന്നവയാണ് ഏറ്റവും മികവുറ്റതെന്ന ധാരണ നിലനിന്നിരുന്ന സമയത്താണ് ആപ്പിള്‍ തങ്ങളുടെ ആദ്യ ആപ്പിള്‍ വാച്ച് ഇറക്കുന്നത്. മറ്റ് ആപ്പിള്‍ ഉപകരണങ്ങളെ പോലെ ആപ്പിള്‍ വാച്ചുകളും പുതിയ വാച്ച് സങ്കല്‍പം ലോകത്തിനു മുന്നില്‍ തുറന്നിട്ടു. ആപ്പിള്‍ വാച്ചും വാണിജ്യപരമായി വിജയം സമ്മാനിച്ചു. സ്വിസ് വാച്ച് നിര്‍മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് ആപ്പിള്‍ വാച്ച് ‌നല്‍കിയത്.

ആപ്പിളിന്റെ പല പ്രോഡക്ടുകളെക്കുറിച്ചും പരിഷ്‌കാരങ്ങളെക്കുറിച്ചും വിശദമായി ഇവിടെ പറയുന്നില്ലെങ്കിലും അവയും ടെക് മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. മക്കിന്റോഷ് 128കെ ഐമാക്, എയര്‍പോഡ്‌സ് തുടങ്ങിയ സവിശേഷ ഉൽപന്നങ്ങള്‍ വേറെയുമുണ്ടെന്ന് ഓരോ ആപ്പിള്‍ പ്രേമിക്കും അറിയാം. ആപ്പിളിന്റെ മറ്റൊരു സവിശേഷത, ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കമ്പനിയാണ് എന്നതാണ്. ഇത്ര കള്‍ട്ട് ഫോളോവര്‍മാരുള്ള മറ്റൊരു കമ്പനിയും ലോകത്തില്ല. വെറുതെയല്ല ലോകത്ത് ആദ്യമായി 2 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി ആപ്പിള്‍ മാറിയത് - പ്രകടന മികവു കൊണ്ടാണ്. 

English Summary: 45 years of Apple - some great products, innovations etc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com