ADVERTISEMENT

കേവലം ഒരു സമൂഹ മാധ്യമമെന്ന നിലയില്‍ തുടരുന്നതിനേക്കാൾ അപ്പുറത്തായിരിക്കും ഫെയ്‌സ്ബുക്കിന്റെ ഭാവി എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിരവധി പുതിയ സാധ്യതകളുള്ള, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന, സയന്‍സ് ഫിക്ഷനില്‍ മാത്രം പരിചയമുള്ള ഒരു വെര്‍ച്വല്‍ലോകം പരീക്ഷിക്കാനായിരിക്കും കമ്പനിയുടെ അടുത്ത ശ്രമം. ഇതിനെ മെറ്റാവേഴ്‌സ് (metaverse) എന്നായിരിക്കും വിളിക്കുക. ഇക്കഴിഞ്ഞ ജൂണ്‍ അവസാനമാണ് ഫെയ്‌സ്ബുക് മേധാവി കമ്പനിയിലെ ജോലിക്കാരോട് തന്റെ പുതിയ സ്വപ്‌നത്തെക്കുറിച്ചു പറഞ്ഞത്. ഈ സ്വപ്‌നം സാക്ഷാത്കരിക്കാനായിരിക്കും കമ്പനിയുടെ അടുത്ത ശ്രമം. പല വിഷയങ്ങള്‍ സമ്മേളിപ്പിച്ച് വലിയൊരു ആശയം തന്നെ നടപ്പില്‍ വരുത്താനായിരിക്കും കമ്പനി ശ്രമിക്കുക. മെറ്റാവേഴ്‌സ് നിലവില്‍ വരുത്താനുള്ള ശ്രമത്തിനു വേണ്ട ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും നിര്‍മിക്കാന്‍ കമ്പനി ശ്രമിക്കും. സക്കര്‍ബര്‍ഗിന്റെ സ്വപ്‌നലോകം ഒരു 3ഡി ഇന്റര്‍നെറ്റ് ആയിരിക്കുമെന്നു പറയുന്നു. യഥാര്‍ഥ ലോകവും വെര്‍ച്വല്‍ ലോകവും സമ്മേളിപ്പിക്കുകയായിരിക്കും ലക്ഷ്യം.

 

24 മണിക്കൂറും ഓരോരുത്തരുടെയും വീട്ടില്‍ തന്നെ ഇരിക്കുകയും, എന്നാല്‍ വെര്‍ച്വലായി സഞ്ചരിച്ച് ജോലി സ്ഥലത്തും കൂട്ടുകാരുടെ അടുത്തുമൊക്കെ എത്തുക എന്നതുമായിരിക്കും വെര്‍ച്വല്‍ ലോകത്തുള്ളവര്‍ക്ക് ചെയ്യാനാകുക. ഇത് നടപ്പിലാകാൻ പതിറ്റാണ്ടുകള്‍ എടുക്കുകയില്ലേ എന്ന ചോദ്യം വരാം. എന്നാൽ, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിലോ മറ്റോ തന്റെ കമ്പനി പുതിയ അധ്യായം രചിക്കുമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. അതു വഴി ഫെയ്‌സ്ബുക്കിനെ ലോകം ഒരു സമൂഹ മാധ്യമ കമ്പനി എന്ന നിലയില്‍ നിന്ന് മെറ്റാവേഴ്‌സ് കമ്പനിയായി കണ്ടു തുടങ്ങുമെന്നാണ് അദ്ദേഹം പ്രതീക്ഷഷിക്കുന്നത്.

 

vr

∙ അപ്പോള്‍ എന്താണീ മെറ്റാവേഴ്‌സ്?

 

AR-VR

മൊത്തം ടെക്‌നോളജി വ്യവസായത്തെയും ഒന്നിപ്പിക്കുന്നതായിരിക്കും അത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ലോകത്തിന് അപ്പുറത്തേക്കുള്ള മാറ്റം. കൂടുതല്‍ മൂര്‍ത്തമായ ഒന്നായിരിക്കും അത്. നിലവിലെ ഇന്റര്‍നെറ്റില്‍ ഉള്ളടക്കത്തിന്റെ കാഴ്ചക്കാരന്‍ മാത്രമാണ് ശരാശരി ഉപയോക്താവെങ്കില്‍ മെറ്റാവേഴ്‌സില്‍ അയാളും പങ്കാളിയായിരിക്കും. പുതിയ ടെക്‌നോളജി ഉപയോഗിക്കുന്ന എല്ലാവരും അതില്‍ 'പെടും'. ഒരു പൊതു സ്ഥലത്ത് എത്തിയാലെന്നവണ്ണം നിങ്ങള്‍ക്ക് അനുഭവങ്ങള്‍ നല്‍കുന്ന രീതിയിലായിരിക്കും അത് വികസിപ്പിക്കുക. നിലവിലുള്ള 2ഡി ആപ്പുകളിലോ, വെബ് പേജുകളിലോ സാധ്യമല്ലാത്ത രീതിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യാനോ, അല്ലെങ്കില്‍ വ്യായാമങ്ങള്‍ നടത്താനോ സാധിക്കുന്ന തരത്തിലുള്ള ഒന്നായിരിക്കും പുതിയ ലോകം. 

 

∙ സയന്‍സ് ഫിക്ഷനില്‍ മെറ്റാവേഴ്‌സ്

facebooks-oculus-connect-vr

 

ഏണസ്റ്റ് ക്ലൈനിന്റെ നോവല്‍ 'ഓയെയ്‌സിസ്' ഇത്തരം സാധ്യതയാണ് വരച്ചിടുന്നത്. നോവലില്‍ ഒരു സക്കര്‍ബര്‍ഗിനെയോ, മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിനെയോ പോലെയുള്ള കഥാപാത്രമുണ്ട്- ജെയിംസ് ഹാലിഡെ. ഒരു ഹെഡ്‌സെറ്റ് വയ്ക്കുന്നതോടെ ആര്‍ക്കും ഒരു വെര്‍ച്വല്‍ ലോകത്തേക്കു പ്രവേശിക്കാം. അവിടെ അയാള്‍ക്ക് ആരുമായിരിക്കാം. എന്തും ചെയ്യാം. വ്യക്തി തന്റെ വീട്ടില്‍ തന്നെ ഇരിക്കുകയായിരിക്കും. നോവലിലെ നായകന്‍ വെയ്ഡ് വോട്‌സ് ഇത്തരത്തില്‍ മെറ്റാവേഴ്‌സിലേക്കു പ്രവേശിക്കുന്നു. നീല്‍ സ്‌റ്റെഫന്‍സനിന്റെ 1992ല്‍ പുറത്തിറങ്ങിയ ശാസ്ത്ര നോവലായ സ്‌നോ ക്രാഷിലാണ് മെറ്റാവേഴ്‌സ് എന്ന പ്രയോഗം ആദ്യം കയറിക്കൂടുന്നത്. ഇപ്പോഴുള്ള പല വിഡിയോ ഗെയിമുകളിലും ഈ സാധ്യത, നിലവിലെ ഹാര്‍ഡ്‌വെയറിന് അനുസരിച്ച് പ്രയോജനപ്പെടുത്തുന്നു എന്ന് ദി ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ പഠനങ്ങളില്‍ കാണാം. എപ്പിക് ഗെയിംസിന്റെ ഫോര്‍ട്‌നൈറ്റ്, റോബ്ലോക്‌സ്, അനിമല്‍ ക്രൊസിങ്: ന്യൂ ഹൊറൈസണ്‍സ് തുടങ്ങിയവയിലൊക്കെ മെറ്റാവേഴ്‌സ് ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു കാണാം. 

 

∙ മെറ്റാവേഴ്‌സിന്റെ ചില സ്വഭാവ സവിശേഷതകള്‍

 

വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റായ മാത്യു ബോള്‍ 2020 ജനുവരിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ മെറ്റാവേഴ്‌സിന്റെ സ്വഭാവ സവിശേഷതകള്‍ എന്തായിരിക്കുമെന്ന് ആരായുന്നുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പ്രകാരം, മെറ്റാവേഴ്‌സില്‍ നമ്മുടെ ഭൗതിക ലോകവും വെര്‍ച്വല്‍ ലോകവും ഉള്‍പ്പെടണം. അതിന് അതിന്റേതായ ഒരു സമ്പദ്‌വ്യവസ്ഥ ഉണ്ടായിരിക്കണം. മുൻപൊരിക്കലും സാധിക്കാത്ത വിധത്തില്‍ പരസ്പരപ്രവര്‍ത്തനക്ഷമത (interoperability) ഉണ്ടാവണം. തങ്ങളുടെ വസ്തുവകകള്‍ ഉപയോക്താക്കള്‍ക്ക് മള്‍ട്ടിവേഴ്‌സിന്റെ ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറ്റാനാകണം. മെറ്റാവേഴ്‌സിന്റെ ആ ഭാഗം ആരാണ് നിയന്ത്രിക്കുന്നത് എന്നതൊന്നും പ്രശ്‌നമാകരുത്. എന്നാൽ, ഒരു പ്രത്യേക കമ്പനിയായിരിക്കരുത് മെറ്റാവേഴ്‌സ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. അത് ഇന്റര്‍നെറ്റിന്റെ മൂര്‍ത്തീകരണം ആയിരിക്കണം. വിവിധ കമ്പനികളും മറ്റും ചേര്‍ന്ന് വികേന്ദ്രീകൃതമായി പ്രവര്‍ത്തിപ്പിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ള മെറ്റാവേഴ്‌സ്. ഓഫിസ് ജോലികള്‍ മുതല്‍ വിനോദ പരിപാടികള്‍ വരെ ഇന്നത്തെ രീതിയില്‍ നിന്ന് മാറ്റിമറിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അതേസമയം, സക്കര്‍ബര്‍ഗ് പുതിയ വമ്പന്‍ നീക്കവുമായി വരുന്ന സമയത്താണ് അമേരിക്കന്‍ സർക്കാർ അദ്ദേഹത്തിന്റെ കമ്പനിയെ പല കഷണങ്ങളാക്കി മുറിക്കാനുള്ള ശ്രമവും നടത്തുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലെത്താന്‍ പോകുന്ന പുതിയ ബില്ലുകള്‍ ഇന്‍സ്റ്റഗ്രാമിനെയും വാട്‌സാപ്പിനെയും ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയില്‍ നിന്നു മാറ്റിയേക്കുമെന്നു കരുതുന്നവരും ഉണ്ട്.

 

അതേസമയം, സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് സ്വപ്‌നം സാക്ഷാത്കരിച്ചാല്‍ പോലും ഈ വെര്‍ച്വല്‍ ലോകം എങ്ങനെയാണ് ഭരിക്കപ്പെടുന്നത് എന്ന ചോദ്യം ഉയരുന്നു. ഇതിലേക്ക് എത്തുന്ന ഉള്ളടക്കം ആരാണ് നിയന്ത്രിക്കുക തുടങ്ങിയ ചോദ്യങ്ങളും വരുന്നു. ഇത്തരം ഒരു ലോകം സ്ഥാപിതമായാല്‍ യാഥാര്‍ഥ്യത്തെക്കുറിച്ച് ഇപ്പോഴുള്ള ധാരണകള്‍ക്ക് എന്തു സംഭവിക്കുമെന്ന് ചോദിക്കുന്നവരുണ്ട്. സമൂഹ മാധ്യമങ്ങളുടെ 2ഡി അവതാരത്തെ പോലും നിയന്ത്രിക്കാനാകാതെ വിഷമിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇനി വന്നേക്കാവുന്ന 3ഡി അവതാരം ഇതിന്റെ പതിന്മടങ്ങ് പ്രശ്‌നങ്ങളായിരിക്കാം ഉണ്ടാക്കുക. 

 

എന്നാല്‍, മെറ്റാവേഴ്‌സില്‍ ക്രിയേറ്റര്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും വന്‍ സാധ്യതകളായിരിക്കും തുറക്കുക എന്നും സക്കര്‍ബര്‍ഗ് പറയുന്നു. ഇപ്പോഴത്തെ നഗരങ്ങളില്‍ നിന്ന് അകലെ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതൊരു പുതിയ സാധ്യത തന്നെ സമ്മാനിച്ചേക്കാം. ദൂരെയിരുന്ന് ജോലി ചെയ്യുകയും പഠിക്കുകയും എല്ലാം ചെയ്യാവുന്ന ഒരു ലോകമാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത്. ഫെയ്‌സ്ബുക്കിന്റെ ഹെഡ്‌സെറ്റ് നിര്‍മാണ വിഭാഗമാണ് ഓക്യുലസ്. ഒരു പക്ഷേ, ഓക്യുലസ് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ഹെഡ്‌സെറ്റുകളുടെ നിര്‍മാണമായിരിക്കാം. ഇപ്പോഴത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സക്കര്‍ബര്‍ഗ് ചെറിയൊരു മെറ്റാവേഴ്‌സ് തുടങ്ങിയിട്ടുമുണ്ട്- ഫെയ്‌സ്ബുക് ഹൊറൈസണ്‍. ഇതിലേക്കു പ്രവേശനം ക്ഷണം ലഭിച്ചാല്‍ മാത്രമായിരിക്കും സാധ്യമാകുക. 

 

കടപ്പാട്: ദി വേര്‍ജ്, ബിസിനസ് ഇന്‍സൈഡര്‍

 

English Summary: Zuckerberg wants Facebook to become online 'metaverse'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com