ADVERTISEMENT

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ്, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, റിച്ചഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലാക്റ്റിക് എന്നിവയാണ് ബഹിരാകാശ സഞ്ചാരം ലക്ഷ്യംവച്ച് ഉണ്ടാക്കിയ കമ്പനികള്‍. ഇവയില്‍ വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെയും ബ്ലൂ ഒറിജിന്റെയും മേധാവികള്‍ ഓര്‍ബിറ്റിനു (ഭൂമിയുടെ ഭ്രമണപഥം) താഴെ യാത്ര നടത്തുകയും ചെയ്തു. ലോകമെമ്പാടും ധാരാളം ആരാധകരുള്ള കോടീശ്വരനാണ് മസ്‌ക്. അവരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമിതാണ്: എന്നാണ് അദ്ദേഹം ബഹിരാകാശത്തേക്ക് കന്നിപ്പറക്കല്‍ നടത്തുക? സ്‌പേസ്എക്‌സ് പേടകത്തില്‍ മസ്‌ക് എന്നാണ് പറക്കുക എന്ന ചോദ്യത്തിന് ഉത്തരംനല്‍കിയിരിക്കുകയാണ് ബിബിസി. പല തവണ ബഹിരാകാശത്തു പറക്കാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വെര്‍ജിന്‍ ഗലാക്റ്റിക്കില്‍ അദ്ദേഹം സീറ്റു ബുക്ക് ചെയ്തുവെന്നും വാര്‍ത്തകളുണ്ട്.

 

∙ ഇക്കാര്യങ്ങള്‍ അറിയാം

 

നിലവില്‍ വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെയും ബ്ലൂ ഒറിജിന്റെയും ലക്ഷ്യം പണക്കാരെ കുറച്ചു നേരത്തേക്ക് ബഹിരാകാശത്തേക്ക് അയച്ച്, സ്‌പേസ് ടൂറിസം നടത്തുക എന്നതാണ്. ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് ഏതാനും മിനിറ്റു നേരത്തേക്ക് ഭാരമില്ലായ്മയും അനുഭവിക്കാം. കമ്പനി ഉടമകള്‍ തന്നെ പറക്കുക വഴി ഭൂമിയില്‍ കൂടുതൽ പേര്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി നേടാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതേസമയം, മസ്‌കിന്റെ സ്‌പേസ്എക്‌സിനുമുണ്ട് സ്വകാര്യ വ്യക്തികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാനുള്ള താത്പര്യം. എന്നാല്‍, ഇവ ഒരു പരോപകാര പ്രവൃത്തി എന്ന നിലയിലായിരിക്കും നടത്തുക. ഇതിന്റെ ഭാഗമായിരിക്കും 2021 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഇന്‍സ്പിരേഷന്‍4 (Inspiration4) ദൗത്യം, 2022 ജനുവരിക്കു മുൻപ് നടത്താന്‍ ഉദ്ദേശിക്കുന്ന എഎക്‌സ്-1 ദൗത്യം എന്നിവ. മസ്‌ക് ബഹിരാകാശത്തേക്കു പറന്നേക്കാം. എന്നാല്‍, മസ്‌കിന്റെ യാത്രയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനമല്ല സ്‌പേസ്എക്‌സിന്റേതെന്ന് മാത്രം.

 

∙ കമ്പനികളുടെ ലക്ഷ്യങ്ങള്‍ വേറെ

 

സ്‌പേസ്എക്‌സ് മനുഷ്യരെ കൊണ്ടുപോകാനായി നിര്‍മിച്ച പേടകത്തിന്റെ പേരാണ് ക്രൂ ഡ്രാഗണ്‍. ഇതാകട്ടെ നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ (Commercial Crew) പദ്ധതിയുടെ ഭാഗമായിരുന്നു. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പ്രൊഫഷണല്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതില്‍ സ്‌പേസ്എക്‌സ് വിജയിക്കുകയും ചെയ്തു. ഈ പേടകത്തിൽ 2020 മേയിലാണ് ബോബ് ബെഹ്ന്‍കന്‍, ഡഗ് ഹേളി എന്നീ ബഹിരാകാശ യാത്രികര്‍ വിജയകരമായി പറന്നത്.

 

∙ സ്റ്റാര്‍ഷിപ്

 

സ്‌പേസ്എക്‌സ് ഇപ്പോള്‍ നിര്‍മിച്ചുവരുന്നത് സ്റ്റാര്‍ഷിപ് എന്ന റോക്കറ്റാണ്. ഇതാകട്ടെ, ചൊവ്വാ ദൗത്യത്തിനുതകുന്ന രീതിയിലാണ് നിര്‍മിച്ചു വരുന്നത്. ഈ പതിറ്റാണ്ടിന്റെ മധ്യത്തിലെങ്കിലും ആളുകളെ ചൊവ്വയിലിറക്കാനുള്ള ശ്രമമായിരിക്കും കമ്പനി നടത്തുക. അതിനുമുൻപ് ചന്ദ്രനിലേക്കുള്ള ദൗത്യം നടന്നേക്കാം. ചന്ദ്രനിലേക്കു പോകാനാണ് മസ്‌ക് തീരുമാനിക്കുന്നതെങ്കില്‍ ബെസോസും ബ്രാന്‍സനും പോയതിനപ്പുറത്തേക്കുളള ഉയരങ്ങള്‍ മസ്‌ക് താണ്ടും. വെര്‍ജിന്‍ ഗലാക്റ്റിക് ഉയര്‍ന്നത് 53.5 മൈലും, ബ്ലൂ ഒറിജിന്‍ പൊങ്ങിയത് 66.52 മൈലുമാണ്. ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 238,855 മൈല്‍ ആണെന്നാണ് നാസ പറയുന്നത്.

 

പെഗസസ് സോഫ്റ്റ്‌വെയർ തയാറാക്കിയ എൻഎസ്ഒ കമ്പനിയുടെ വെബ്സൈറ്റിൽ പരിശോധിക്കുന്നയാൾ. (Photo by Mario GOLDMAN / AFP)
പെഗസസ് സോഫ്റ്റ്‌വെയർ തയാറാക്കിയ എൻഎസ്ഒ കമ്പനിയുടെ വെബ്സൈറ്റിൽ പരിശോധിക്കുന്നയാൾ. (Photo by Mario GOLDMAN / AFP)

∙ ഗലാക്റ്റിക്കില്‍ മസ്‌ക് ടിക്കറ്റെടുത്തു!

 

അതേസമയം, മസ്‌ക് വെര്‍ജിന്‍ ഗലാക്റ്റിക്കിൽ തന്റെ കന്നിപ്പറക്കലിന് ഒരുങ്ങുകയാണെന്ന് സ്‌പേസ്.കോം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനായി സീറ്റ് റിസേര്‍വ്‌ ചെയ്യാന്‍ 10,000 ഡോളര്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ വക്താവ് ശരിവച്ചുവെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ടിക്കറ്റിന്റെ മൊത്തം ചാര്‍ജ് 250,000 ഡോളറാണ്. ഇലോണ്‍ തന്റെ സുഹൃത്താണെന്നും, താന്‍ അദ്ദേഹത്തിന്റെ പേടകത്തില്‍ ഒരിക്കല്‍ യാത്ര ചെയ്‌തേക്കാമെന്ന് ബ്രാന്‍സനും പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മസ്‌കിന്റെ കന്നിപ്പറക്കല്‍ താമസിയാതെ നടന്നേക്കാം. എന്നാല്‍, സ്വന്തം കമ്പനിയുടെ പേടകത്തിലുള്ള യാത്രയ്ക്ക് സമയമെടുത്തേക്കും. 

 

∙ ഡ്രോണ്‍ ചിത്രങ്ങള്‍ ഇനി മനുഷ്യരാശിക്ക് വിവിധ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും

 

പ്രകൃതി ദുരന്തം, ധാരാളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍, ട്രാഫിക് പ്രശ്‌നങ്ങളുള്ള നഗരങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഡ്രോണുകള്‍ പറത്തി ശേഖരിക്കുന്ന ചിത്രങ്ങള്‍ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യാന്‍ ശേഷിയുള്ള പുതിയ സോഫ്റ്റ്‌വെയര്‍ സിസ്റ്റം റഷ്യയില്‍ പരിചയപ്പെടുത്തി. ലോകപ്രശസ്ത ആന്റിവൈറസ് സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കിയാണ് പുതിയ സോഫ്റ്റ്‌വെയറുമായി എത്തിയിരിക്കുന്നത്. കാസ്പര്‍സ്‌കി ന്യൂറല്‍ നെറ്റ്‌വര്‍ക്‌സ് എന്നു പേരിട്ടിരിക്കുന്ന സോഫ്റ്റ്‌വെയറിന് ഡ്രോണുകള്‍ പ്രക്ഷേപണം ചെയ്യുന്ന ഫോട്ടോകളിലെ വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കും. നിരവധി ഡ്രോണുകളില്‍ നിന്നു ലഭിക്കുന്ന സിഗ്നലുകള്‍ തത്സമയം വിശകലനം ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

 

ഇതൊരു പുതിയ 'സംഭവവികാസമാണ്' എന്നാണ് കമ്പനി അവകാശപ്പെടുന്നത്. റഷ്യന്‍ ഡ്രോണ്‍ നിര്‍മാതാവ് അല്‍ബട്രോസ് നിര്‍മിച്ച ഡ്രോണുകള്‍ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഒരു സംഭവം നടക്കുന്നതിനിടയില്‍ തന്നെ അതേപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാമെന്നത് പ്രകൃതി ദുരന്തങ്ങള്‍ അടക്കം പല മേഖലകളിലും ഉപകാരപ്രദമായേക്കാം. ആളുകളുടെ കൂട്ടം, വീടുകള്‍, കാറുകള്‍, മൃഗങ്ങള്‍, മറ്റു വസ്തുക്കള്‍ തുടങ്ങി പലതും തിരിച്ചറിയാനാകുമെന്ന് കമ്പനി അറിയിക്കുന്നു. നേരിട്ട് എത്തിച്ചേരാന്‍ വിഷമമുള്ള ഇടങ്ങളില്‍ നടക്കുന്ന കാര്യങ്ങളും ഇങ്ങനെ നിരീക്ഷിക്കാനാകും. അടിയന്തര ഘട്ടങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം പല മേഖലകളിലും പ്രയോജനപ്പെടുത്താനായേക്കും.

 

∙ പെഗസസ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇസ്രയേലി പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക്

 

പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആളുകളുടെ ഫോൺ ചോര്‍ത്തിയത് വിവിധ രാജ്യങ്ങളില്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണ്. പെഗസസിനെതിരെ ശക്തമായി പ്രതികരിച്ച രാജ്യങ്ങളിലൊന്നായ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്താനായി ഇസ്രയേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് എത്തുമെന്നാണ് റിപ്പോർട്ട്. ഫ്രാന്‍സുമായുള്ള ബന്ധം വഷളായാല്‍ ഇസ്രയേലിന്റെ ബദ്ധവൈരികളായ ഇറാന്‍ ആണവായുധം കൈവശപ്പെടുത്തുമോ എന്ന ഭയം ഇസ്രയേലിനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

∙ ലെനോവോ ലീജിയന്‍ 5 പ്രോ ലാപ്‌ടോപ് ഇന്ത്യയില്‍

 

ലാപ്‌ടോപ് ഗെയിമിങ് പ്രേമികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ലെനോവോ പുതിയ ലീജിയന്‍ 5 പ്രോ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചു. എഎംഡി റൈസണ്‍7 5800 എച് പ്രോസസര്‍, എന്‍വിഡിയ ജീഫോഴ്‌സ് ആര്‍ടിഎക്‌സ് 3070 (8ജിബി ജിഡിഡിആര്‍6 വിറാം) എന്നിവയാണ് ലാപ്‌ടോപ്പിന്റെ കേന്ദ്ര സ്ഥാനത്ത്. 16 ജിബി റാമുള്ള മോഡലിന് 1,39,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം, 32 ജിബി റാം ഉള്ള മോഡലിന് 1,59,990 രൂപ നല്‍കണം. ആധുനിക ഗെയിമിങ് ലാപ്‌ടോപ്പുകളില്‍ പ്രതീക്ഷിക്കാവുന്ന മിക്ക ഫീച്ചറുകളും ഇരു മോഡലുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ലാപ്‌ടോപ്പിന്റെ 16-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിന് 165 ഹെട്‌സ് റിഫ്രഷ് റേറ്റും, 2,560x1,600 പിക്‌സല്‍ റെസലൂഷനും, 500 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നസും ഉണ്ട്. 

 

∙ റെഡ്മി ലാപ്‌ടോപ്പുകള്‍ ഓഗസ്റ്റ് 3ന് അവതരിപ്പിക്കും

 

ഷഓമിയുടെ റെഡ്മി ബ്രാന്‍ഡിലുള്ള റെഡ്മിബുക്ക് ലാപ്‌ടോപ്പുകള്‍ ഓഗസ്റ്റ് 3ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എഎംഡി, ഇന്റല്‍ കമ്പനികളുടെ പ്രോസസറുകള്‍ ഉപയോഗിച്ചുള്ള വ്യത്യസ്ത മോഡലുകള്‍ പുതിയ ശ്രേണിയില്‍ ഉണ്ടായിരിക്കും. ഫോണ്‍ നിര്‍മാതാവ് എന്നതിനപ്പുറത്തേക്ക് റെഡ്മി ബ്രന്‍ഡിനെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ലാപ്‌ടോപ്പുകള്‍ ഇറക്കുന്നത്. തുടക്ക മോഡലുകള്‍ക്ക് 50,000 രൂപയില്‍ താഴെയായിരിക്കും വില. 

 

∙ ഐഒഎസ് 14.7.1 പരിഹരിക്കുന്നത് സീറോ ഡേ ഭേദ്യത

 

ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയുടെ പുതിയ വേര്‍ഷനുകള്‍ ആപ്പിള്‍ പുറത്തിറക്കി. പുതിയ 14.7.1 വേര്‍ഷന്‍ സീറോ ഡേ വള്‍നറബിലിറ്റിക്ക് (CVE-2021-30807) പരിഹാരമായാണ് ഇറക്കിയിരിക്കുന്നതെന്നും ഇവ സ്വീകരിക്കാന്‍ കഴിവുള്ള ഉപകരണങ്ങളില്‍ എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആപ്പിള്‍ അറിയിച്ചു. 

 

കടപ്പാട്: ബിബിസി, സ്‌പേസ്.കോം, സ്പുട്‌നിക്, റോയിട്ടേഴ്‌സ്, ഷഓമി, ആപ്പിള്‍

 

English Summary: When will Elon Musk go to Space? Spacex timeline reaveals vital difference to blue origin innovation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com