ADVERTISEMENT

ലോകത്തെ ഏറ്റവും പ്രശസ്ത വിസില്‍ബ്ലോവര്‍ (നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അറിയിക്കുന്നയാള്‍) ആണ് എഡ്വേഡ് സ്‌നോഡന്‍. ടെക് ലോകത്തെ ഓരോ നീക്കവും നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന, അതിനു ശ്രമിക്കുന്ന വ്യക്തി. എന്നാൽ, ഡിജിറ്റൽ ലോകത്ത് താന്‍ നിരീക്ഷിക്കപ്പെടാതിരിക്കാന്‍ എന്താണു ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌നോഡന്‍. ഒപ്പം, സ്മാര്‍ട് ഫോണ്‍ എങ്ങനെയാണ് നമ്മുടെ ഓരോ നീക്കവും പോക്കറ്റില്‍ കിടന്ന് ചോർത്തിക്കൊടുക്കുന്നത് എന്നും, ഇങ്ങനെ മുന്നോട്ടുപോയാല്‍ ലോകത്തിന് എന്തു സംഭവിക്കുമെന്നും അതു തടയാൻ സ്വീകരിക്കേണ്ട പ്രതിവിധികളെക്കുറിച്ചും തന്റെ ബ്ലോഗിലൂടെ എഡ്വേഡ് സ്‌നോഡന്‍ വിശദീകരിക്കുന്നു.

∙ സ്‌നോഡന്‍ ഫോണ്‍ വാങ്ങിയാല്‍ ആദ്യം ചെയ്യുന്നത് ഇതാണ്...

പുതിയ ഫോണ്‍ കയ്യില്‍ കിട്ടിയാലുടനെ താനത് തുറക്കുകയാണു ചെയ്യുന്നതെന്ന് സ്‌നോഡന്‍ പറയുന്നു. കാരണം അതേപടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല, ഐഫോണാണെങ്കില്‍ക്കൂടി സുരക്ഷിതമല്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഫോണ്‍ തുറന്ന ശേഷം ഹാര്‍ഡ്‌വെയറിലാണ് ആദ്യം മാറ്റം വരുത്തുന്നത്. ഫോണില്‍ ഒളിച്ചുവച്ചിരിക്കുന്ന രണ്ടോ മൂന്നോ മൈക്രോഫോണുകളാണ് ആദ്യം നീക്കം ചെയ്യുക. തുടര്‍ന്നു നടത്തേണ്ട ദുഷ്‌കരമായ പല പ്രവൃത്തികളുടെയും ആദ്യപടി മാത്രമാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ നിരവധി ദിവസത്തെ പ്രയത്‌നത്തിനു ശേഷം ഫോണ്‍ പോക്കറ്റിലിടുമ്പോഴും, കൊണ്ടുനടക്കുന്ന ഏറ്റവും അപകടകാരിയായ ഉപകരണമാണ് അതെന്നും സ്നോഡൻ മുന്നറിയിപ്പ് നൽകുന്നു.

∙ ഫോണ്‍ ആസക്തി പുകവലിയും മദ്യപാനവും പോലെ

എന്നാല്‍, ഇത്തരം മുന്നറിയിപ്പൊന്നും സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഫോണ്‍ ഹാക്കിങ് വഴി ജീവൻ നഷ്ടപ്പെട്ട ജേണലിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അനുഭവം ആരും മുന്നറിയിപ്പായി എടുക്കുന്നുമില്ല. സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ വിനാശകാരികളായ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. ഇവയുടെ കോഡുകള്‍ എഴുതപ്പെട്ടിരിക്കുന്നത് പഴകിത്തുടങ്ങിയ കോഡിങ് ഭാഷകളിലാണ്. ഇവ വളരെക്കാലമായി സുരക്ഷിതമല്ലെന്നു പറഞ്ഞു വരുന്നതുമാണ്. സ്മാര്‍ട് ഫോണുകൾ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവ ഉപയോഗിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ എളുപ്പമാണ്. ഇതൊക്കെയാണെങ്കിലും, ഉപയോഗിക്കാന്‍ ഇത്ര സുഖമുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് അത്ര നല്ലതല്ലാത്ത പ്രശ്‌നങ്ങളുണ്ടെന്ന കാര്യം അംഗീകരിക്കാന്‍ പലര്‍ക്കും വൈമുഖ്യമുണ്ടെന്നും സ്‌നോഡന്‍ പറയുന്നു. പുകവലിക്കാരെയോ മദ്യപാനികളെയോ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ തന്നെയാണ് സ്മാര്‍ട് ഫോണ്‍ ഉടമകളുടെ കാര്യവും, അതും എളുപ്പത്തിൽ നടക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

∙ പെഗസസ് നല്‍കുന്ന മുന്നറിയിപ്പ്

നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന ഫോണിനെ ഒരു നിരീക്ഷണ യന്ത്രമായി ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് പെഗസസ് സോഫ്റ്റ്‌വെയര്‍. ഹാക്കര്‍മാര്‍ക്ക് പണം നല്‍കിയാല്‍ അവര്‍ ആരുടെ ഫോണും ഹാക്ക് ചെയ്യും. സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ എന്നു വിളിക്കുന്ന ഡിജിറ്റല്‍ വാക്‌സീനുകളെ മറികടക്കാനാകുന്ന പുതിയ വകഭേദങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുക എന്ന ജോലിയായിരിക്കും വിരുദ്ധ ചേരിയിലുള്ളവര്‍ ചെയ്യുക. ഇവ ആളുകളെ അടിച്ചമര്‍ത്താനുള്ള ഉപകരണങ്ങളായി ഉപയോഗിക്കപ്പെടാം. ഹാക്കിങ് വ്യവസായം ലോകമെമ്പാടും എന്തുകൊണ്ട് തകര്‍ക്കപ്പെടണമെന്നത് ഇതില്‍നിന്നുതന്നെ മനസ്സിലാക്കാം.

∙ ജീവിച്ചിരിക്കുന്നത് സുരക്ഷിതമല്ലാത്ത കോഡുകള്‍ക്കൊപ്പം

പെഗസസിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേലി സ്ഥാപനമായ എന്‍എസ്ഒയും അതുപോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളും മുഴുവന്‍ നാളെ തകര്‍ക്കപ്പെട്ടാലും നാം ജീവിക്കുന്നത് കംപ്യൂട്ടർ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടത്തിലാണെന്ന വാസ്തവം മറയ്ക്കാനാവില്ല. എല്ലാ സോഫ്റ്റ്‌വെയര്‍, ചിപ്പ് നിർമാതാക്കളും സുരക്ഷിതമല്ലാത്ത കോഡുകള്‍ എഴുതിക്കൊണ്ടിരിക്കും. കാരണം അതാണ് അവര്‍ എക്കാലത്തും ചെയ്തുപോന്നത്. ഇതെല്ലാം ആധുനികവല്‍ക്കരിക്കണമെങ്കില്‍ നല്ല പ്രയത്‌നം വേണ്ടിവരും. പണച്ചെലവും ഉണ്ടാകും. ക്രോം ബ്രൗസറിലുള്ള 70 ശതമാനം ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളും മെമ്മറി സുരക്ഷയുമായി ബന്ധപ്പെട്ടവയാണെന്ന് ഗൂഗിള്‍ പറയുന്നു. എന്നാൽ, കൂടുതല്‍ സുരക്ഷിതമായ പ്രോഗ്രാമിങ് ഭാഷകള്‍ ഉപയോഗിച്ചാല്‍ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാമെന്നും സ്‌നോഡന്‍ പറയുന്നു.

bank-hacking

∙ സ്വകാര്യ കമ്പനികളെ ഉത്തരവാദിത്തം ഏല്‍പ്പിക്കണം

കമ്പനികള്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ അതിനുള്ള നടപടികൾ അധികാരികള്‍ സ്വീകരിക്കണം. മൈക്രോസോഫ്റ്റിനു ശ്രദ്ധയുണ്ടാവണമെങ്കില്‍, അവര്‍ വാണിജ്യ തലത്തില്‍ ഉപയോഗിക്കുന്ന കോഡുകള്‍ പ്രശ്‌നമുണ്ടാക്കിയാല്‍ അവരാണ് നിയമപരമായ ഉത്തരവാദി എന്ന നില വരണം. ഫെയ്‌സ്ബുക്കിന് ഭയമുണ്ടാകണമെങ്കില്‍, ഉപയോക്താക്കളുടെ ഡേറ്റ ചോർന്നാൽ അവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു നിയമം വരണം. ഒരു ഉത്തരവാദിത്തവും സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കേണ്ട എന്നാണെങ്കില്‍ ഇപ്പോള്‍ നടക്കുന്നതു പോലെയാണ് കാര്യങ്ങള്‍ സംഭവിക്കുക എന്നും സ്നോഡൻ പറഞ്ഞു.

∙ ഓരോ രാജ്യവും ഒളിംപിക്‌സില്‍ ഹാക്കിങ് മത്സരത്തില്‍ ഏറ്റുമുട്ടട്ടെ

ഹാക്കിങ് ഒളിംപിക്‌സിലെ ഒരു സ്ഥിരം ഇനമാക്കണമെന്നും സ്‌നോഡന്‍ തമാശയായി പറയുന്നു. മറ്റു രാജ്യങ്ങളുടെ ആക്രമണങ്ങളെക്കുറിച്ച് ഓരോ രാജ്യവും വാചാലമാകാറുണ്ട്. എന്നാല്‍, ആ രാജ്യം നടത്തുന്ന കടന്നുകയറ്റം എത്ര ഉപദ്രവകാരിയാണെന്ന് സമ്മതിക്കാന്‍ ഒരുക്കവുമല്ല. നമ്മള്‍ നടത്തുമ്പോള്‍ ഹാക്കിങ് നിയമപരമാണെങ്കില്‍ എതിര്‍രാജ്യം നടത്തുമ്പോഴും അത് നിയമപരമായിരിക്കുമെന്ന് ഓരോ രാജ്യവും ഓര്‍ക്കണം. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയിലെ ഒരു പ്രാഥമിക തത്വമാണത്- മറ്റെല്ലാവരും അതു ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഞാന്‍ ചെയ്യാതിരിക്കണം? ഈ വാദമാണ് ലോകത്തെ ആയുധ കിടമത്സരത്തിനു പിന്നില്‍ പോലും. ഇപ്പോള്‍ അത് ഡിജിറ്റല്‍ മേഖലയിലേക്കും എത്തിയിരിക്കുന്നു. ഐഫോണുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളെക്കാള്‍ സുരക്ഷിതമാണെന്നു പറയാമെങ്കിലും അവയ്ക്ക് ഒരു പ്രശ്‌നമുണ്ട്. ഒരു ഐഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിച്ചാല്‍ എല്ലാ ഐഫോണുകളും ഹാക്ക് ചെയ്യാം. ഇതിനെ മോണോകള്‍ചര്‍ എന്നാണ് സ്‌നോഡന്‍ വിളിക്കുന്നത്.

1200-edward-snowden

∙ ഹാക്കിങ് എല്ലാ രാജ്യങ്ങളും നിയമവിരുദ്ധമാക്കണം

പൊതുജനാരോഗ്യത്തിന്റെ കാര്യം പോലെ തന്നെയാണ് ഡിജിറ്റല്‍ സുരക്ഷയെന്നും സ്‌നോഡന്‍ വാദിക്കുന്നു. ഒരാളെ സംരക്ഷിക്കണമെങ്കില്‍ എല്ലാവരെയും സംരക്ഷിക്കണം. ഇതിനുള്ള ആദ്യപടി ഹാക്കിങ് സോഫ്റ്റ്‌വെയറിന്റെ വില്‍പന നിരോധിക്കുക എന്നതാണ്. ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ പരത്താന്‍ നമ്മള്‍ മറ്റുള്ളവരെ അനുവദിക്കാത്തതു പോലെ ഡിജിറ്റല്‍ ഉപകരണങ്ങളെയും ‘പകര്‍ച്ചവ്യാധികളില്‍’ നിന്ന് സംരക്ഷിച്ചു നിർത്തണമെന്നും സ്‌നോഡന്‍ പറയുന്നു. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ എന്തു സംഭവിക്കുമെന്നും സ്‌നോഡന്‍ പറഞ്ഞുവയ്ക്കുന്നുണ്ട് – ‘ജനങ്ങള്‍ തിടുക്കത്തില്‍ സ്മാര്‍ട് ഫോണുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കും, തങ്ങളെ നിയന്ത്രിക്കുന്നത് മറ്റാരോ ആണെന്നു മനസ്സിലാക്കാന്‍ പോലുമുള്ള സാവകാശമെടുക്കാതെ.’

കടപ്പാട്: സ്‌നോഡന്റെ ബ്ലോഗ്

English Summary: When Edward Snowden gets a new phone, to protect his privacy this is what he does

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com