ADVERTISEMENT

കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട് ഫോണുകള്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ എന്ന് കുറച്ചുകാലമായി പറഞ്ഞു കേള്‍ക്കുന്നതാണ്. എന്തായാലും, പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം അത്തരം ഫോണുകളില്‍ ആദ്യത്തേത് സെപ്റ്റംബര്‍ 10ന് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഗൂഗിളിന്റെയും റിലയന്‍സിന്റെയും എൻജിനീയര്‍മാര്‍ ചേര്‍ന്ന് മാസങ്ങളായി ഫോണ്‍ നിര്‍മാണത്തിനു വേണ്ട ചേരവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു എന്നായിരുന്നു അവസാനം കേട്ടിരുന്നത്. എന്തായാലും, പുതിയ ഫോണ്‍ അധികം ശേഷിയില്ലാത്ത ഫോണുകളിലും പ്രവര്‍ത്തിപ്പിക്കാവുന്ന ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും നിര്‍മിച്ചിറക്കുക.

 

∙ വില 3,499?

 

ഇന്ത്യയില്‍ ഇപ്പോഴും 30 കോടി 2ജി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അവരെയും 4ജി നെറ്റ്‌വര്‍ക്കിലേക്ക് എത്തിക്കുക എന്നത് ജിയോയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പുതിയ ഫോണിന്റെ പേര് 'ജിയോഫോണ്‍ നെക്‌സ്റ്റ്' എന്നായിരിക്കാം. നിലവില്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാനുള്ള അവസരം നല്‍കുക, അവരെ വേഗമേറിയ 4ജി നെറ്റ്‌വര്‍ക്കിലെത്തിക്കുക തുടങ്ങിയവയായിരിക്കും ഗൂഗിള്‍-റിലയന്‍സ് കൂട്ടുകെട്ടിലെ ആദ്യ ഫോണിന്റെ ലക്ഷ്യം. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ റിലയന്‍സ് പുറത്തുവിട്ടിട്ടില്ല. അതേസമയം, വിവിധ മാധ്യമ റിപ്പോര്‍ട്ടുകൾ പ്രകാരം ഫോണിന്റെ വില 3,500 രൂപ ആയിരിക്കും. നേരത്തെ നല്‍കിയ സൂചനകള്‍ പ്രകാരം ഫോണ്‍ 50 ഡോളറില്‍ താഴെ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി എന്നു മനസ്സിലാക്കാം. എംആര്‍പി 3,499 രൂപയും ആയിരിക്കാം. അതേസമയം, ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു കൊല്ലത്തേക്കോ, ആറു മാസത്തേക്കോ എല്ലാം ഉപയോഗിക്കാനുള്ള ഡേറ്റ അടക്കമുള്ള മൊബൈല്‍ സേവനങ്ങളും ഉള്‍പ്പെടുത്തി ഫോണ്‍ കൂടുതല്‍ സ്വീകാര്യമാക്കിയേക്കാമെന്നും പറയുന്നു. തവണ വ്യവസ്ഥയില്‍ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയേക്കാം.

jiophone-next

 

∙ പല ഗെയിമുകളും ആപ്പുകളും ലഭിച്ചേക്കില്ല

 

അധികം ഹാര്‍ഡ്‌വെയര്‍ കരുത്തില്ലാതെ നിർമിക്കുന്ന ഫോണ്‍ ആയതിനാല്‍ പല ഗെയിമുകളും ചില ആപ്പുകളും പ്രവര്‍ത്തിപ്പിക്കാനായേക്കില്ല. അതേസമയം, ഗൂഗിളിന്റെ ആപ്പുകള്‍, വാട്‌സാപ് തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും കരുതുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസ് കേന്ദ്രമായ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. ഗൂഗിള്‍ സര്‍വീസസ്, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ശേഷി തുടങ്ങിയവ ഫോണിനുണ്ടായിരിക്കും. അതേസമയം, എല്ലാ ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാനായേക്കില്ല. പല ഗെയിമുകളും, ചില സ്ട്രീമിങ് ആപ്പുകൾ പോലും ഫോണില്‍ പ്രവര്‍ത്തിച്ചേക്കില്ലെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍, ആന്‍ഡ്രോയിഡ് ഗോയ്ക്കു വേണ്ടി പരുവപ്പെടുത്തിയ ആപ്പുകളെല്ലാം ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നും പറയുന്നു. 

 

∙ കരുത്തു കുറഞ്ഞ പ്രോസസര്‍

 

കരുത്തു കുറഞ്ഞ പ്രോസസറും വളരെ കുറച്ചു റാമും ആണ് ആദ്യ ജിയോഫോണ്‍ നെക്‌സ്റ്റില്‍ പ്രതീക്ഷിക്കുന്നത്. ഇതു രണ്ടും സാധാരണ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് ആകര്‍ഷകമായ ഘടകങ്ങള്‍ ആയിരിക്കില്ല. പ്രമുഖ ചിപ്പ് നിര്‍മാതാവായ ക്വല്‍കം തന്നെ നിര്‍മിച്ച പ്രോസസര്‍ ആയിരിക്കാം ഉള്‍പ്പെടുത്തുക. ക്വാല്‍കമിന്റെ ക്യുഎം 215 പ്ലാറ്റ്‌ഫോമിലുള്ള ചിപ്‌സെറ്റ് ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്ന് അവകാശപ്പെടുന്നവരും ഉണ്ട്. ഇതിന് ഒരു 64-ബിറ്റ് സിപിയു, ഇരട്ട ഐഎസ്പി സപ്പോര്‍ട്ട് എന്നിവ ഉണ്ട്. ആദ്യ ജിയോഫോണ്‍ നെക്‌സ്റ്റിന്റെ പിന്നില്‍ ഒരു ക്യാമറ ആണ് പ്രതീക്ഷിക്കുന്നത്. ഇത് 13 എംപി റെസലൂഷനുള്ളതായിരിക്കും എന്നാണ് സൂചന. സെല്‍ഫിക്കും വിഡിയോ കോളിനുമായി 8 എംപി ക്യാമറയും പ്രതീക്ഷിക്കുന്നു. ഗൂഗിള്‍ ക്യാമറ ഗോ ആയിരിക്കും ഡിഫോള്‍ട്ട് ക്യാമറ ആപ്പ് എന്നും പറയുന്നു. എച്ഡിപ്ലസ് (1440×720) റെസലൂഷനുള്ള ഡിസ്‌പ്ലെയും പ്രതീക്ഷിക്കുന്നു. എക്‌സ്ഡിഎ യുടെ എഡിറ്റര്‍-ഇന്‍-ചീഫ് മിഷാല്‍ റഹ്മാനാണ് (Mishaal Rahman) പല വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്. 

 

∙ റിയല്‍മിയുടേത് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ലാപ്‌ടോപ് ശ്രേണികളില്‍ ഒന്നോ?

 

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിലൂടെ പേരെടുത്ത റിയല്‍മി ലാപ്‌ടോപ്പുകളും അവതരിപ്പിച്ചിരിക്കുകയാണ്. വില നോക്കുമ്പോൾ ഇപ്പോള്‍ ലഭ്യമായിരിക്കുന്നവയില്‍ വച്ച് ഏറ്റവും മികച്ച ഫീച്ചറുകളാണ് അവയ്ക്കുള്ളതെന്ന് മനസ്സിലാക്കാം. ഇവയ്ക്ക് 400 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ്ഉളള 2കെ സ്‌ക്രീന്‍, 90 ശതമാനം ബോഡി-സ്‌ക്രീന്‍ അനുപാതം, 100 ശതമാനം എസ്ആര്‍ജിബി കളര്‍ ഗമട്ട്, ഇരട്ട ഹാര്‍മണ്‍ കാര്‍ഡൊണ്‍ സ്പീക്കര്‍, ഫിംഗര്‍പ്രിന്റ് റീഡര്‍, ലാപ്‌ടോപ് ചാര്‍ജ് ചെയ്യാന്‍ അടക്കം ഉപയോഗിക്കാവുന്ന തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ട്, 65w ചാര്‍ജര്‍ (30 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് നിറയ്ക്കാം), ഒറ്റ ഫുള്‍ ചാര്‍ജില്‍ 11 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് തുടങ്ങിയ ഫീച്ചറുകളാണ് ലഭിക്കുക്കുന്നതെന്നു കമ്പനി പറയുന്നു. വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്നവയും, വിന്‍ഡോസ് 11 പുറത്തിറക്കുമ്പോള്‍ അതിലേക്ക് സ്വാഭാവികമായി അപ്‌ഗ്രേഡുചെയ്യാന്‍ സാധിക്കുന്നവയുമാണ് ഇവ. ബാക്‌ലിറ്റ് കീബോര്‍ഡ്, എച്ഡി വെബ് ക്യാം തുടങ്ങിയവയും ഉണ്ട്.

 

∙ ഹാര്‍ഡ്‌വെയര്‍ കരുത്ത്

 

ഇന്റലിന്റെ 11-ാം തലമുറയിലെ ഐ5, ഐ3 പ്രോസസറുകളില്‍ ഏതെങ്കിലും ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുക. ഇവയ്ക്ക് 8 ജിബി ആയിരിക്കും റാം. സംഭരണശേഷി 512 ജിബി ആയിരിക്കും. എസ്എസ്ഡിയാണ് ഹാര്‍ഡ് ഡിസ്‌ക്. വൈ-ഫൈ-6 ഉണ്ട്. കോര്‍ ഐ3 മോഡലിന് 46,999 രൂപയാണ് എംആര്‍പി. തുടക്ക ഓഫറായി 44,999 രൂപയ്ക്ക് ഇതു സ്വന്തമാക്കാം. കോര്‍ ഐ5 വേര്‍ഷന് തുടക്ക ഓഫര്‍ 56,999 രൂപയായിരിക്കും. ഓഗസ്റ്റ് 30ന് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും റിയല്‍മി.കോമിലും വില്‍പന തുടങ്ങും.

 

∙ റെഡ്മി 10 പുറത്തിറക്കി

 

ഷഓമിയുടെ റെഡ്മി 10 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണ്‍ പുറത്തിറക്കി. ഫോണിന് 6.5-ഇഞ്ച് ഫുള്‍ എച്ഡി പ്ലസ് റെസലൂഷന്‍ (90 ഹെട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്), സണ്‍ലൈറ്റ് ഡിസ്‌പ്ലേ ആന്‍ഡ് റീഡിങ് മോഡ് 3.0 തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. മീഡിയടെക് ഹെലിയോ ജി88 ആണ് പ്രോസസര്‍. മുന്നു കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കും. തുടക്ക വേരിയന്റിന് 4 ജിബി റാമും, 64 ജിബി സംഭരണശേഷിയും ആയിരിക്കും ഉണ്ടായിരിക്കുക. കൂടിയ മോഡലിന് 6ജിബി റാമും, 128 ജിബി സംഭരണശേഷിയും ലഭിക്കും. നാലു ക്യാമറകള്‍ അടങ്ങുന്ന പിന്‍ക്യാമറാ സിസ്റ്റത്തില്‍ മുഖ്യ ക്യാമറയ്ക്ക് 50 എംപി ആണ് റെസലൂഷന്‍. 8 എംപി വൈഡ്, 2എംപി മാക്രോ, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മുന്‍ ക്യാമറയ്ക്ക് 8 എംപി റെസലൂഷന്‍ ഉണ്ട്. 5000 എംഎഎച് ബാറ്ററിയും, 18w ക്വിക് ചാര്‍ജിങും ഉണ്ട്. റെഡ്മി 10 ഫോണ്‍ ഉപയോഗിച്ച് വയേഡായി മറ്റു ഫോണുകള്‍ ചാര്‍ജ് ചെയ്യാമെന്നത് ആകര്‍ഷകമായ ഒരു ഫീച്ചറായി കരുതുന്നു. റെഡ്മി 10 നെ ഷഓമിയുടെ നോട്ട് സീരീസില്‍ അല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ തുടക്ക മോഡലിന് ഏകദേശം 10,000 രൂപ ആയിരിക്കും വില എന്നു കരുതുന്നു. 

 

∙ ബെന്‍ക്യുവിന്റെ ലേസര്‍ ആഡംബര ടിവി പ്രൊജക്ടറുകള്‍ 4,99,000 രൂപ മുതല്‍

 

പ്രമുഖ ടിവി, മോണിട്ടര്‍ നിര്‍മാതാവയ ബെന്‍ക്യുവിന്റെ അള്‍ട്രാ-ഷോര്‍ട് ത്രോ 4കെ ലേസര്‍ ടിവി പ്രോജക്ടറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. വി6000, വി6050 മോഡലുകളാണ് വില്‍പനയ്‌ക്ക് എത്തിയിരിക്കുന്നത്. വലിയ ഭിത്തികളിലോ, എഎല്‍ആര്‍ സ്‌ക്രീനുകളിലോ ആയിരിക്കും ഇവ ചിത്രങ്ങള്‍ പ്രോജക്ടു ചെയ്യുക. ട്രൂ 4കെ ഇമേജ് ക്വാളിറ്റി നല്‍കുന്നു. ഇവ 120-ഇഞ്ച് വലുപ്പത്തില്‍ പ്രോജക്ടു ചെയ്യാം. വീടുകളില്‍ വലിയ ടിവികള്‍ വാങ്ങി വയ്‌ക്കേണ്ടി വരുന്നത് ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്നു കമ്പനി പറയുന്നു. ഇതിന് 4,99,000 രൂപ മുതലാണ് വില. 

 

∙ ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സ് എ സീരീസ് ഇന്ത്യയില്‍

 

ഓഗസ്റ്റ് 25 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ടാറ്റാ ക്ലിക് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ഗൂഗിളിന്റെ പിക്‌സല്‍ ബഡസ് എ സീരീസ് വാങ്ങാനാകും. 12എംഎം ഡ്രൈവറുകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 6 മുതലുള്ള ഫോണുകള്‍ക്കൊപ്പം ഇതു പ്രവര്‍ത്തിക്കും. ഒറ്റ ചാര്‍ജില്‍ 5 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. ഒപ്പം കിട്ടുന്ന കേസില്‍ ഇട്ടു ചാര്‍ജു ചെയ്ത് 24 മണിക്കൂര്‍ വരെ ഉപയോഗിക്കാം. വില 9,999 രൂപ. 

 

English Summary: Reliance JioPhone Next smartphone price, features leaked ahead of launch. Check details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com