ADVERTISEMENT

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ഫ്ലിപ്കാര്‍ട്ടിൽ വീണ്ടും വൻ ഓഫർ വിൽപന. 'ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയ്‌സ് സെയില്‍ 2021' ആദായവില്‍പനയെക്കുറിച്ചുള്ള സ്ലൈഡ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇലക്ട്രോണിക്‌സ്, ഫാഷന്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ക്ക് വൻ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. പല ഉൽപന്നങ്ങള്‍ക്കും ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അധിക ഡിസ്‌കൗണ്ട് ലഭിക്കും. പേടിഎം സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും ക്യാഷ്ബാക്ക് ഉണ്ടായിരിക്കും.

സൗണ്ട് ബാറുകള്‍, സ്മാര്‍ട് വാച്ചുകള്‍ തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിച്ചേക്കും. ഡിസോ (Dizo) ബ്രാന്‍ഡിന്റെ വയര്‍ലെസ് ഹെഡ്‌സെറ്റ് 60 ശതമാനം കിഴിവിലാണ് വില്‍ക്കുക. തിരഞ്ഞെടുക്കപ്പെട്ട ഇന്റല്‍ ലാപ്‌ടോപ്പുകള്‍ക്ക് 40 ശതമാനം വരെ കിഴിവു പ്രതീക്ഷിക്കുന്നു. ചില മോഡല്‍ സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെ കിഴിവു നല്‍കും. ഫ്രിജുകള്‍ക്ക് 50 ശതമാനം വരെയും, വീട്ടുപകരണങ്ങള്‍ക്ക് 70 ശതമാനം വരെയും കിഴിവു നല്‍കിയേക്കും. തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്കായിരിക്കും ഡിസ്‌കൗണ്ട്.

∙ പുതിയ ഡീലുകള്‍

ബിഗ് ബില്ല്യന്‍ ഡെയ്‌സ് നടക്കുന്ന സമയത്ത് ഒരോ ദിവസവും രാത്രി 12നും, രാവിലെ 8നും, വൈകിട്ട് 4നും പുതിയ ഡീലുകള്‍ അവതരിപ്പിക്കും. റഷ് അവര്‍ ഡീലുകളും ഫ്‌ളാഷ് സെയിലുകളും ഈ ദിവസങ്ങളില്‍ നടത്തും. ഫ്‌ളാഷ് സെയിലുകളില്‍ ചുരുങ്ങിയ സമയത്തേക്ക് ചില പ്രോഡക്ടുകള്‍ അപ്രതീക്ഷിത വിലയ്ക്ക് പ്രത്യക്ഷപ്പെടും. ബോള്‍ട്ട് ഓഡിയോയുടെ 9,999 എംആര്‍പിയുള്ള സോള്‍പോഡുകള്‍ 2,499 രൂപയ്ക്കു വില്‍ക്കുമെന്നു പറയുന്നു. നോക്കിയയുടെ സ്മാര്‍ട് ടിവി ആദ്യമായി വില്‍പനയ്ക്ക് എത്തുന്നത് ബിഗ് ബില്ല്യന്‍ സെയില്‍ വഴിയായിരിക്കുമെന്നും കരുതുന്നു. ഹൈസെന്‍സിന്റെ ക്യുഎല്‍ഇഡി ടിവിയും പ്രതീക്ഷിക്കുന്നു. 

∙ ഇന്‍ഫോസിസിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റെന്ന് മന്ത്രി നിര്‍മ്മലാ സീതാരാമന്‍

ഇന്‍ഫോസിസ് രാജ്യവിരുദ്ധ കമ്പനിയാണെന്ന് അരോപിച്ച് ആര്‍എസ്എസ് ആഭിമുഖ്യമുണ്ടെന്നു പറയുന്ന പാഞ്ചജന്യ പുറത്തിറക്കിയ ലേഖനം ഒട്ടും ശരിയല്ലെന്ന് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കാന്‍ കമ്പനി ശ്രമിക്കുന്നുവെന്നും ലേഖനം ആരോപിച്ചിരുന്നു. സിഎന്‍എന്‍-ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്തായാലും ലേഖനവുമായി തങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞ് ആര്‍എസ്എസ് രംഗത്തെത്തിയ കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. 

∙ ജിയോഫോണ്‍ നെക്‌സ്റ്റിന്റെ അവതരണം മാറ്റിവച്ചു, റിലയന്‍സിന്റെ ഓഹരി വില 2 ശതമാനം ഇടിഞ്ഞു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില 2 ശതമാനത്തിലേറെ ഇടിഞ്ഞു. ജിയോഫോണ്‍ നെക്‌സ്റ്റിന്റെ അവതരണം മാറ്റിവച്ചതാണ് കാരണമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യക്കായി നിര്‍മിച്ച ഫോണ്‍ എന്ന വിവരണമുള്ള ജിയോഫോണ്‍ നെക്‌സ്റ്റിനു സമാനമായ ഹാന്‍ഡ്‌സെറ്റുകള്‍ ലോകത്ത് ഇതുവരെ ഇറക്കപ്പെട്ടിട്ടില്ല. വില കുറച്ച് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ഹാര്‍ഡ്‌വെയറിനു താങ്ങാനാകുന്ന രീതിയില്‍ ആന്‍ഡ്രോയിഡ് ഒഎസിനെ പരുവപ്പെടുത്തിയതാണ് ഇതിന്റെ സവിശേഷത.

∙ റിലയന്‍സ് ജിയോബുക്ക് ലാപ്‌ടോപ്പ് താമസിയാതെ പുറത്തിറക്കിയേക്കും

ജിയോഫോണ്‍ നെക്‌സ്റ്റ് പുറത്തിറക്കുന്നത് മാറ്റിവച്ചെങ്കിലും റിലയന്‍സിന്റെ മറ്റൊരു കംപ്യൂട്ടിങ് ഉപകരണമായ ജിയോബുക് ലാപ്‌ടോപ് വൈകാതെ പുറത്തിറക്കിയേക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡര്‍ഡ്‌സില്‍ നിന്ന് ജിയോബുക്കിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുവെന്ന് മുകുല്‍ ശര്‍മ്മ എന്ന ടിപ്സ്റ്റര്‍ അറിയിക്കുന്നു. ആന്തരികമായി വ്യത്യാസമുള്ള മൂന്നു മോഡലുകള്‍ (NB1118QMW, NB1148QMW, NB1112MM) പുറത്തിറക്കിയേക്കുമെന്നും മുകുല്‍ പറയുന്നു. അതേസമയം, ഇതാദ്യമായല്ല ജിയോബുക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എല്‍ടിഇ ഉള്ള ലാപ്‌ടോപ്പ് ആയിരിക്കും ഇത്.

∙ റോഡ് നശിപ്പിച്ചതിന് റിലയന്‍സിനും എയര്‍ടെലിനും നോയിഡ പിഴയിട്ടു

രാജ്യമെമ്പാടുമുള്ള പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മാതൃകയാകുകയാണ് നോയിഡ. ടെലികോം സേവനദാതാക്കളായ റിലയന്‍സ് ഡിജിറ്റലിനും എയര്‍ടെലിനായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക കമ്പനി ടെലിസോണിക് നെറ്റ്‌വര്‍ക്കിനും 20 ലക്ഷം രൂപ വീതം ഗ്രേറ്റര്‍ നോയിഡ പിഴ ചുമത്തി. ഒപ്റ്റിക്കല്‍ ഫൈബറിനായി കുഴിച്ച് റോഡ് നശിപ്പിച്ചതിനാണ് ഇതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ബീറ്റാ 1, ബീറ്റാ 2 സെക്ടറുകളില്‍ ഒപ്ടിക്കല്‍ ഫൈബര്‍ വലിക്കാനായി റോഡു നശിപ്പിച്ചതിനെതിരെ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു, ഇതിനെതിരെ നടപടി സ്വീകരിച്ചുവെന്നും ഗ്രേറ്റര്‍ നോയിഡ അതോറിറ്റി ഇറക്കിയ കുറിപ്പില്‍ പറയുന്നു.

xiaomi-store

∙ ഷഓമിക്ക് പുതിയ ലോഗോ, മി യുഗം അവസാനിച്ചു

ഷഓമിയുടെ പുതിയ ലോഗോ പുറത്തിറക്കി. മി എന്ന പേരുമായി ഇനി കമ്പനിയുടെ വില കൂടിയ സ്മാര്‍ട് ഫോണുകളോ, ഉപകരണങ്ങളോ ഇറക്കില്ല. കമ്പനി പുതിയതായി ഇറക്കിയ ലോഗോയില്‍ ഷഓമി എന്നു മാത്രമാണ് ഉളളത്. അതേസമയം, കമ്പനിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മി എന്ന പേര് നിലനിര്‍ത്തും. റെഡ്മി എന്ന പേരിൽ വിലകുറഞ്ഞ ഉൽപന്നങ്ങളും, ഷഓമി എന്ന ബ്രാന്‍ഡിൽ പ്രീമിയം ഗണത്തിലും പെടുത്താനാണ് തീരുമാനം. അതേസമയം, കോര്‍പറേറ്റ് ബ്രാന്‍ഡിങ്ങില്‍ മി ലോഗോ നിലനിര്‍ത്തുമെന്നും പറയുന്നു.

∙ ആന്‍ഡ്രോയിഡ് 12 ഒക്ടോബര്‍ 4ന് പുറത്തിറക്കും?

ലോകത്തെ ഏറ്റവും ജനപ്രിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതുക്കിയ ബീറ്റാ അല്ലാത്ത പതിപ്പ് ഒക്ടോബര്‍ 4ന് പുറത്തിറക്കുമെന്ന് എക്‌സ്ഡിഎ ഡവലപ്പേഴ്‌സ് അവകാശപ്പെടുന്നു. ഗൂഗിള്‍ കമ്പനിയ്ക്കുള്ളില്‍ നിന്ന് പുറത്തുവന്ന രേഖയാണ് അവര്‍ തെളിവായി കാണിച്ചിരിക്കുന്നത്.

∙ ആന്‍ഡ്രോയിഡ് 12 ഉള്‍പ്പെടുത്തി ഇറങ്ങുന്ന ആദ്യ ഫോണ്‍ ഏത്?

പുതിയ ഒഎസുമായി ഇറങ്ങുന്ന ആദ്യ ഫോണുകളില്‍ ഒന്ന് ആന്‍ഡ്രോയിഡ് ഉടമയായ ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളായിരിക്കും. എന്നാല്‍, അവ കൂടാതെ ആന്‍ഡ്രോയിഡ് 12 മായി ആദ്യം ഇറങ്ങുന്ന മോഡല്‍ ഒപ്പോ റെനോ 7 ആയിരിക്കുമെന്നും പറയുന്നു.

English Summary: Flipkart announces Big Billion Days sale, teases discounts, offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com