ADVERTISEMENT

അതിവേഗം വളര്‍ന്നു പന്തലിക്കുന്ന ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയെ നിയന്ത്രിക്കാനുള്ള ശ്രമത്തിലായിരുന്നു ചില കേന്ദ്ര മന്ത്രാലയങ്ങള്‍. എന്നാല്‍ ഇതിനെതിരെ ധനകാര്യ മന്ത്രാലയമടക്കം രംഗത്തിറങ്ങിയതായുള്ള ചില രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കൊണ്ടുവരാന്‍ ഒരുങ്ങുന്ന ചില നിയമങ്ങള്‍ 'അമിത'മാണെന്നും അവയ്ക്ക് സാമ്പത്തിക യുക്തിഭദ്രതയില്ലെന്നുമാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിലപാട്. അമേരിക്കന്‍ കമ്പനികളായ ആമസോൺ, വാള്‍മാര്‍ട്ട് മുതല്‍ ഇന്ത്യന്‍ കമ്പനികളായ റിലയന്‍സും ടാറ്റയും ഉള്‍പ്പെടുന്ന വൻ മേഖലയാണിത്. രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരമേഖലയുടെ മൂല്യം 2025ല്‍ 18,800 കോടി ഡോളറാകുമെന്നാണ് വിലയിരുത്തല്‍.

 

∙ പ്രധാനമന്ത്രി നേരിട്ടു പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുമോ?

 

അതേസമയം, ധനവകുപ്പിന്റെ എതിര്‍പ്പുകള്‍ എങ്ങനെയാണ് പരിഗണിക്കപ്പെടുക എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നും പറയുന്നു. ഇത്തരത്തിലുള്ള 12 കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. അവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പ്രധാന പദവികള്‍ വഹിക്കുന്നവര്‍ തന്നെ പരിഗണിച്ചേക്കുമെന്നത് ഓണ്‍ലൈന്‍ വ്യാപാര മേഖലയ്ക്ക് പ്രതീക്ഷയാണെന്നും പറയുന്നു. ധനകാര്യ വകുപ്പ് ഇത്ര വലിയ ആശങ്ക അറിയിച്ച സ്ഥിതിക്ക് നയങ്ങളെക്കുറിച്ച് ഒരു പുനരവലോകനം വന്നേക്കുമെന്നാണ് ഇന്ത്യാ പിഎല്‍ആര്‍ ചേംബേഴ്‌സിന്റെ മാനേജിങ് പാര്‍ട്ണര്‍ സുഹാന്‍ മുഖര്‍ജി പറഞ്ഞത്.

 

∙ ടാറ്റാ ഗ്രൂപ്പിനും എതിര്‍പ്പ്

 

ഓണ്‍ലൈന്‍ വില്‍പനക്കാരുടെ ഫ്‌ളാഷ് സെയിലിനും മറ്റും തടയിടുമെന്നു പറഞ്ഞ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രാലയം ഇകൊമേഴ്‌സ് മേഖലയെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും അവയിലെ കച്ചവടക്കാരും തമ്മിലുള്ള ബന്ധം സൂക്ഷ്മായി പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ, ഇത് എന്ന് നടപ്പിലാക്കുമെന്നു മാത്രം പറഞ്ഞിരുന്നില്ല. കടകള്‍ നടത്തുന്നവരുടെ പരാതികള്‍ പരിഗണിച്ചാണ് കടുത്ത നിയമങ്ങളെല്ലാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, ഇതിനെതിരെ 10000 കോടി ഡോളറിലേറെ വരുമാനമുള്ള ടാറ്റാ ഗ്രൂപ്പ് അപ്പോള്‍ തന്നെ രംഗത്തുവന്നിരുന്നു. അവരും വന്‍തോതില്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലേക്ക് കടന്നുവരാന്‍ പദ്ധതിയിടുന്ന സമയമായിരുന്നു അത്. 

 

∙ ആവശ്യത്തിലേറെ ഇടപെടല്‍?

 

പുതിയ നിയമങ്ങള്‍ക്കെതിരെ ധനകാര്യ വകുപ്പ്, കോര്‍പറേറ്റ് അഫയേഴ്‌സ് വകുപ്പ്, നീതി ആയോഗ് തുടങ്ങിയവയില്‍ നിന്നെല്ലാം എതിര്‍പ്പുകളുണ്ടെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. പുതിയ നിയമങ്ങളുടെ ഉദ്ദേശം ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണെന്നാണ് പറയുന്നത്. എന്നാല്‍, ഇതിനൊക്കെ ഒരുപാട് അപ്പുറത്തേക്ക് അവ പോകുന്നുവെന്നും അവയ്ക്ക് വ്യക്തതക്കുറവുണ്ടെന്നുമാണ് വിവിധ വകുപ്പുകളുടെ എതിര്‍പ്പില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31ന് ധനകാര്യ വകുപ്പ് ഇറക്കിയ മെമ്മോയില്‍ പറഞ്ഞിരിക്കുന്നത് ഇത് അമിതമായ ഇടപെടലാണ്, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നികുതി വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു മേഖലയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് അവരുടെ എതിര്‍പ്പില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

∙ ഉദിച്ചുയര്‍ന്നുവരുന്ന മേഖലയെ തളര്‍ത്തരുത്

 

ഉദിച്ചുയര്‍ന്നുവരുന്ന ഒരു മേഖലയില്‍ (sunrise sector) എളുപ്പത്തില്‍ ബിസിനസ് ചെയ്യാനാകാതെ വന്നാല്‍ അത് പലതരത്തിലുമുള്ള പരിമിതികൾക്ക് കാരണമാകാം. പുതിയ നിയമങ്ങളെല്ലാം അധിക ഇടപെടല്‍ നടത്തുന്നില്ല എന്ന കാര്യത്തില്‍ ശ്രദ്ധിക്കണം എന്നാണ് മൂന്നു പേജ് വരുന്ന ഒരു മെമ്മോയിലെ നിര്‍ദേശം. അതേസമയം, വിവിധ സർക്കാർ വകുപ്പുകള്‍ തമ്മിലുള്ള ഈ നിര്‍ദേശങ്ങളും അവയെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തില്‍, ഒരു ഇരുത്തംവന്നതും ആരോഗ്യകരവുമായ തീരുമാനമെടുക്കല്‍ പ്രക്രിയ ഉണ്ടെന്നു കാണിച്ചുതരുന്നു എന്ന് കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രാലയ വക്താവ് പ്രതികരിച്ചു.

 

∙ നീതി ആയോഗിനും എതിര്‍പ്പ്

ios-15

 

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും വാണിജ്യ, കണ്‍സ്യൂമര്‍ വകുപ്പിന്റെ മന്ത്രി പിയൂഷ് ഗോയലിനെ എതിര്‍പ്പുകള്‍ അറിയിച്ചിരുന്നു. ചെറുകിട ബിസിനസുകാരെ പുതിയ നിയമങ്ങള്‍ ബാധിക്കുമെന്നും നയരൂപീകരണത്തില്‍ അപ്രവചനീയതയും സ്ഥിരതയില്ലായ്മയും ഉണ്ടെന്നു വ്യാഖ്യാനിക്കപ്പെടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നീതി ആയോഗിന്റെയും ധനകാര്യ വകുപ്പിന്റെയും വാദങ്ങൾ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലുള്ളവരുടെയും, എന്തിന് അമേരിക്കന്‍ സർക്കാരിന്റെ പോലും വാദങ്ങൾക്ക് സമാനമാണെന്നു പറയുന്നു. ഇന്ത്യ ഓണ്‍ലൈന്‍ വ്യാപാര നയങ്ങള്‍ അതിവേഗം മാറ്റുന്നുണ്ടെന്ന പരാതിയും വിദേശ കമ്പനികള്‍ക്കുണ്ട്. അതേസമയം, മന്ത്രി ഗോയലും കടകള്‍ നടത്തുന്നവരും ഇതിനെതിരെയാണ് നിലപാടു സ്വീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ മേഖലയില്‍ വ്യാപകമായ വെട്ടിപ്പും നീതിപൂര്‍വമല്ലാത്ത വ്യാപാര രീതികളും നിലനില്‍ക്കുന്നു എന്നാണ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പിന്റെ വാദം. നിരവധി സംസ്ഥാനങ്ങളുടെയും,വ്യാപാര സ്ഥാപനങ്ങളുടെയും പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് അവര്‍ പറയുന്നത്. 

 

∙ ഒന്നിലേറെ മന്ത്രാലയങ്ങളുടെ എതിര്‍പ്പ്

 

അതേസമയം, നിര്‍ദിഷ്ട നയങ്ങള്‍ ഒന്നിലേറെ മന്ത്രാലയങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പുതിയ നിയമങ്ങളിലൊന്ന് ഓണ്‍ലൈന്‍ വില്‍പനശാലകള്‍ അവരുടെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്യരുതെന്നാണ്. എന്നാല്‍, കോര്‍പറേറ്റ് മന്ത്രാലയം ഇതിനെതിരെ രംഗത്തു വന്നു. ഈ നിബന്ധന അനാവശ്യവും അധികപ്പറ്റുമാണെന്നാണ് മന്ത്രാലയം പറഞ്ഞിരിക്കുന്നത്. ഇത് ആന്റിട്രസ്റ്റ് മേഖല കൈകാര്യം ചെയ്യട്ടെ എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, ഏറ്റവുമധികം എതിര്‍പ്പ് ധനവകുപ്പില്‍ നിന്നാണ് ഉയര്‍ന്നിരിക്കുന്നത്. ഈ വകുപ്പില്‍ നിന്ന് 12 എതിര്‍പ്പുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്ന് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴി വില്‍ക്കുന്ന സെല്ലര്‍മാര്‍ വരുത്തുന്ന പിഴവുകള്‍ക്കും ഉത്തരവാദികള്‍ ഇ–കൊമേഴ്സ് കമ്പനികളായിരിക്കും എന്നതാണ്. 

 

∙ ഡിസ്‌കൗണ്ട് നല്‍കല്‍ സാധാരണ വ്യാപാര രീതി മാത്രം

 

ആമസോണും ഫ്‌ളിപ്കാര്‍ട്ടുമെല്ലാം മാര്‍ക്കറ്റ്‌പ്ലെയ്‌സുകളാണ്. ഇവയിലൂടെ ആര്‍ക്കും സാധനങ്ങള്‍ വില്‍ക്കാം. ഇങ്ങനെ വില്‍ക്കുന്നവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കും ആമസോണും ഫ്‌ളിപ്കാര്‍ട്ടുമായിരിക്കും ഉത്തരവാദി എന്ന നിര്‍ദിഷ്ട നിയമത്തിനെതിരെയാണ് ധനവകുപ്പ് എതിർക്കുന്നത്. 'ധാരാളം കിഴിവ് നല്‍കരുത്' എന്ന വാദത്തിനെയും ധനകാര്യ വകുപ്പ് എതിര്‍ക്കുന്നു. ഉത്സവ സീസണുകളിലും മറ്റും ആമസോണ്‍ പോലെയുള്ള വെബ്‌സൈറ്റുകള്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍ ജനങ്ങള്‍ ആസ്വദിക്കുന്നു എന്നാണ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ഡിസ്‌കൗണ്ട് നല്‍കല്‍ സാധാരണ വ്യാപാര രീതി മാത്രമാണ്. ഇതിനെതിരെയുള്ള നിര്‍ദിഷ്ട നിര്‍ദേശത്തിന് സാമ്പത്തിക യുക്തിഭദ്രതയില്ലെന്നുമാണ് ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

 

∙ അടുത്ത വര്‍ഷം ഐഫോണ്‍ മിനി മോഡല്‍ ഉണ്ടായേക്കില്ല

 

അടുത്ത വര്‍ഷം മുതല്‍ 5.4-ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ മിനി മോഡല്‍ ആപ്പിള്‍ ഇറക്കിയേക്കില്ലെന്ന് സൂചന. നിക്കെയ് ഏഷ്യ അടക്കമുള്ള പല വെബ്‌സൈറ്റുകളും ഇതു പറയുന്നു.

 

∙ ഐഒഎസ് 15 അപ്‌ഡേറ്റു സ്വീകരിച്ച ഫോണുകളെ ഡൗണ്‍ഗ്രേഡ് ചെയ്യാന്‍ അനുവദിക്കില്ല

 

ആപ്പിളിന്റെ പുതുക്കിയ ഒഎസ് പതിപ്പായ ഐഒഎസ് 15 ലേക്ക് അപ്ഡ്റ്റു ചെയ്ത ഐഫോണുകള്‍ തിരിച്ച് പഴയ ഐഒഎസ് വേര്‍ഷനിലേക്ക് പോകാനാവില്ല. ആപ്പിള്‍ ഐഒഎസ് 14.7.1 'സൈന്‍ ചെയ്യുന്നത്' നിർത്തി എന്നതാണ് പ്രശ്‌നം. 

 

∙ കൊണ്ടു നടക്കാവുന്ന പുതിയ എസ്എസ്ഡി പുറത്തിറക്കി വെസ്റ്റേണ്‍ ഡിജിറ്റല്‍

 

വെസ്റ്റേണ്‍ ഡിജിറ്റല്‍ എലമെന്റ്‌സ് എസ്ഇ എസ്എസ്ഡി എന്ന പേരില്‍ പുതിയ എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ് പുറത്തിറക്കിയിരിക്കുകയാണ് ഡബ്ല്യൂഡി. ഇതിന് 400 എംബിപിഎസ് റീഡ് സ്പീഡാണുള്ളത്. 2ടിബി വരെ സംഭരണ ശേഷിയുള്ള മോഡലുകള്‍ ഉണ്ട്. രണ്ടു മീറ്റര്‍ പൊക്കത്തില്‍ നിന്നുവീണാല്‍ പോലും അധികം പ്രശ്‌നം സംഭവിച്ചേക്കില്ലെന്നു പറയുന്നു.

 

English Summary: Tighter ecommerce rules hit roadblock as Finance Ministry raises concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com