ഗൂഗിളിന് 23-ാം പിറന്നാള്‍! യാദൃശ്ചികമായ ഒരു കണ്ടുമുട്ടല്‍ ലോകത്തെ മാറ്റിമറിച്ചത് ഇങ്ങനെ

Mail This Article
ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ ഇന്ന് 23-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇതിനായി പ്രത്യേക ഡൂഡിലും ഒരുക്കിയിരിക്കുകയാണ് ഗൂഗിളിന്റെ സേര്‍ച് എൻജിന്‍. ഇന്ന് ബില്ല്യന്‍ കണക്കിനു ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിയ ഗൂഗിള്‍ തുടങ്ങാന്‍ ഇടയായത് വെറും യാദൃശ്ചികമായാണ് എന്നാണ് കമ്പനിയുടെ പിറന്നാള്‍ കുറിപ്പിലുള്ളത്. യാദൃശ്ചികമായി ഒരു കണ്ടുമുട്ടല്‍ നിങ്ങളുടെ ജീവിതത്തിന്റെ വഴി മാറ്റിയേക്കാമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിളിന്റെ കാര്യത്തില്‍ രണ്ടു കംപ്യൂട്ടര്‍ വിദഗ്ധർ യാദൃശ്ചികമയായി കണ്ടുമുട്ടിയത് ഇന്റര്‍നെറ്റിന്റെ തന്നെ ഗതിമാറ്റിയെന്നും കുറിപ്പിലുണ്ട്.
യാദൃശ്ചികമായ ആ കണ്ടുമുട്ടല്‍ നടന്നത് 1997ല്‍ ആണ്. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ഥിയായ സെര്‍ഗായ് ബ്രിനും, അതേ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചാലോ എന്ന് ആലോചിച്ചിരുന്ന ലാറി പേജുമായുള്ള കണ്ടുമുട്ടല്‍. പേജിനെ യൂണിവേഴ്‌സിറ്റി ക്യാംപസ് കൊണ്ടുനടന്നു കാണിക്കാനുള്ള നറുക്കു വീണത് ബ്രിന്നിനാണ്. അടുത്ത വര്‍ഷം മുതല്‍ ഗൂഗിളിന്റെ ഈ സഹസ്ഥാപകര്‍ യോജിച്ച് അവരുടെ ഡോര്‍മിറ്ററി മുറികളില്‍ വച്ച് ഒരു സേര്‍ച്ച് എൻജിന്‍ വികസിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതിന്റെ പ്രാഥമിക രൂപം 1998ല്‍ പൂര്‍ത്തിയാകുകയും ഗൂഗിള്‍ പിറക്കുകയുമായിരുന്നു എന്ന് കമ്പനി വിശദീകരിക്കുന്നു.
ഇന്ന് ഓരോ ദിവസവും 150 ഭാഷകളിലായി ബില്ല്യന്‍ കണക്കിനു സേര്‍ച്ചുകളാണ് ഗൂഗിളിൽ നടക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഗൂഗിളിനെ ആശ്രയിക്കുന്നു. കളിപ്പാട്ട ബ്ലോക്കുകള്‍ ഉപയോഗിച്ച് നിർമിച്ച ഒരു ക്യാബിനകത്തായിരുന്നു ഗൂഗിളിന്റെ ആദ്യ സെര്‍വര്‍. ഇന്നാകട്ടെ, ആഗോളതലത്തില്‍ 20 കൂറ്റന്‍ ഡേറ്റാ സെന്ററുകളിലാണ് ഗൂഗിളിന്റെ സെര്‍വറുകള്‍ വിന്യസിച്ചിരിക്കുന്നത്! ലോകത്തിന്റെ വിവരങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ദൗത്യം തുടക്കത്തിലെന്നതു പോലെ തുടരുകയും ചെയ്യുന്നു. കേക്കിന്റെ ആനിമേറ്റു ചെയ്ത ഡൂഡിലുമായാണ് ഗൂഗിള്‍ സ്വയം പിറന്നാള്‍ ആശംസ നേരുന്നത്.

∙ ഗൂഗിള്‍ ജനന തിയതി തിരുത്തി, പല തവണ!
അതേസമയം, ഗൂഗിളിന്റെ ജനന തിയതിയെക്കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. സേര്‍ച്ച് എൻജിൻ തുടങ്ങിയത് സെപ്റ്റംബര്‍ 4ന് ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജനന തിയതി സെപ്റ്റംബര്‍ 27 ആണ് എന്നു പിന്നീട് ഗൂഗിള്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്തായാലും ഗൂഗിളിന് ഒരു ശരിയായ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാ എന്നാണ് ഹാന്‍സ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലും പറയുന്നത്. കമ്പനി 2005 വരെ സെപ്റ്റംബര്‍ 7ന് പിറന്നാള്‍ ആഘോഷിച്ചു. ഇതിനു ശേഷം അത് സെപ്റ്റംബര്‍ 8 ആക്കി. പിന്നീട് സെപ്റ്റംബര്‍ 26ന് ആഘോഷിച്ചു. ഇപ്പോള്‍ സെപ്റ്റംബര്‍ 27ന് ആഘോഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ ഗൂഗിള്‍ എന്ന പേരിനു പിന്നില്‍

ഇന്ന് ലോകത്തെ നൂറുകണക്കിനു കോടി ജനങ്ങള്‍ക്ക് ഗൂഗിളില്ലാത്ത ജീവിതം സ്വപ്‌നം കാണാന്‍ പോലുമാകില്ല. ഡോര്‍മിറ്ററിയില്‍ തുടങ്ങിയ സെര്‍വറിന് നല്‍കിയിരുന്ന പേര് ബാക്‌റബ് (Backrub) എന്നായിരുന്നു. ഇതാണ് പിന്നെ ഗൂഗിള്‍ എന്നാക്കി മാറ്റിയത്. തങ്ങളുടെ ഈ സിസ്റ്റത്തിന്റെ പേര് ഗൂഗിള്‍ എന്നാക്കി മാറ്റാനുള്ള കാരണമായി പറയുന്നത് ഗൂഗൊള്‍ (googol) എന്ന വാക്കിനെ അല്ലെങ്കില്‍ 10100 എന്ന സംഖ്യയെ പ്രിതിനിധീകരിക്കുന്ന ഒരു വാക്കാണിത്. (1നു ശേഷം 100 പൂജ്യങ്ങള്‍ ചേര്‍ത്താല്‍ ലഭിക്കുന്ന സംഖ്യയ്ക്കാണ് ഗൂഗൊള്‍ എന്നു പറയുന്നത്.) തങ്ങള്‍ക്ക് ഒരു വമ്പന്‍ സേര്‍ച്ച് എൻജിന്‍ തന്നെ നിർമിക്കണമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് ഈ പേരിട്ടതെന്നു പറയുന്നു.
∙ ഇന്നു പിച്ചൈയുടെ നേതൃത്വത്തില്‍
ഗൂഗിള്‍ ഇന്ന് സേര്‍ച്ചിന്റെ പര്യായം മാത്രമല്ല, മറിച്ച് ശരിക്കുമൊരു ടെക്‌നോളജി ഭീമനായി മാറിയിരിക്കുന്നു. ലോകത്ത് ഏറ്റവുമധം ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ്, ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ക്രോംതുടങ്ങി നിരവധി മേഖലകളില്‍ ഒന്നാം സ്ഥാനത്തുണ്ട്. അതുപോലെ തന്നെ, ഗൂഗിളിനെയും തങ്ങളുടെ മറ്റു കമ്പനികളെയും നിയന്ത്രിക്കാനായി ഇവയ്‌ക്കെല്ലാം മുകളില്‍ ആല്‍ഫബറ്റ് എന്ന കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ഇപ്പോഴത്തെ മേധാവി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ ആണ്. ഗൂഗിളിന്റെ മേധാവിയായി പിച്ചൈ ചുമതലയേറ്റത് 2015 ഒക്ടോബര്‍ 24 നാണ്.
∙ ഗൂഗിളിനെ തോല്‍പ്പിക്കാനാവില്ല, മക്കളേ
മൈക്രോസോഫ്റ്റിന്റെ ബിങ്, ഡക്ഡക്‌ഗോ തുടങ്ങി പല സേര്‍ച്ച് എൻജിനുകൾ തുടങ്ങിയെങ്കിലും ഏറ്റവുമധികം ആളുകള്‍ ഗൂഗിളിനെ തന്നെയാണ് ആശ്രയിക്കുന്നത്.
∙ കാര്യമായി ഒന്നുമില്ലാത്ത ഒരു പേജ്, പക്ഷേ പിന്നില്‍ നടക്കുന്നതോ?
ഗൂഗിളിനു മുൻപുണ്ടായിരുന്ന സേര്‍ച്ച് എൻജിനുകള്‍ കാണിച്ച ഒരു മണ്ടത്തരമുണ്ട്. അവ സേര്‍ച്ച് പേജില്‍ ധാരാളം മറ്റു കണ്ടെന്റും ഉള്‍പ്പെടുത്തി. ഗൂഗിളാകട്ടെ അതൊന്നും ഇല്ലാതെ ഒരു 'വെള്ള പേജ്' തന്നെ സേര്‍ച്ചിനായി നല്‍കി. അതേസമയം, ഉപയോക്താക്കള്‍ നടത്തുന്ന സേര്‍ച്ചില്‍ നിന്ന് കമ്പനി ലാഭമുണ്ടാക്കി. വൈറ്റ് പേജിനു പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍ വിവാദമാകുന്നത് വളരെ കാലം കഴിഞ്ഞാണ്. എന്നാൽ ഈ വിവാദങ്ങളൊന്നും ആളുകള്‍ക്ക് തുടര്‍ന്നും ഗൂഗിള്‍ ഉപയോഗിക്കാന്‍ തടസമായില്ല.
∙ സേര്‍ച്ചുകള്‍ ഗൂഗിള്‍ രേഖപ്പെടുത്തുന്നു?
ഉപയോക്താക്കൾ നടത്തുന്ന ഓരോ സേര്‍ച്ചും ഗൂഗിള്‍ രേഖപ്പെടുത്തുന്നത് തങ്ങള്‍ അതു ചെയ്യുന്നില്ലെന്ന് പറഞ്ഞാണ്. ഇതിനാലാണ് ആപ്പിള്‍ പോലും ഗൂഗിളിനെ അകറ്റിനിർത്തി ഡക്ഡക്‌ഗോ എന്ന സേര്‍ച് എൻജിനെ കൂടുതൽ പരിഗണിക്കുന്നത്. ഏകദേശം 30 മിനിറ്റ് മാത്രമാണ് ഒരു സേര്‍ച്ചിനെക്കുറിച്ചുള്ള വിവരങ്ങല്‍ ഡക്ഡക്‌ഗോയുടെ സെര്‍വറുകളില്‍ സൂക്ഷിക്കുന്നതെന്നു പറയുന്നു. ഗൂഗിളാകട്ടെ ആളുകളുടെ സേര്‍ച്ചുകളില്‍ നിന്ന് അവരുടെ അഭിരുചികള്‍ മനസ്സിലാക്കി അവര്‍ക്കു ചേര്‍ന്ന പരസ്യങ്ങളും മറ്റും നല്‍കുന്നു എന്നതാണ് ആരോപണം. ഇത് വിശദമായി പ്രതിപാദിക്കുന്നതാണ് 2013ല്‍ ഇറങ്ങിയ ടേംസ് ആന്‍ഡ് കണ്ടിഷന്‍സ്മേ അപ്ലൈ എന്ന ഡോക്യുമെന്ററി. ഇന്റര്‍നെറ്റ്, ഫോണ്‍ ഉപയോഗം തുടങ്ങിയവയില്‍ നിന്നുള്ള ഡേറ്റ എങ്ങനെ സ്വകാര്യ കമ്പനികളും സര്‍ക്കാരുകളും ഉപയോഗിക്കുന്നു എന്ന് വിശദമായി പ്രതിപാദിക്കുന്ന ഒന്നാണിത്. ഇത്തരത്തിലുള്ള അവബോധമുണ്ടാക്കുന്ന സിനിമകളും എഴുത്തുകളും വരുന്നതിനാല്‍ വളരെയധികം പേര്‍ ഇപ്പോള്‍ ഗൂഗിളിനപ്പുറത്തേക്ക് ചിന്തിക്കുന്നുമുണ്ട്. എന്നാല്‍ അതൊന്നും ഗൂഗിളിന് ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍!
English Summary: Google Turns 23, Celebrates Birthday with Animated Chocolate Cake Doodle