ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ ആദായ വില്‍പന ഇനി രണ്ടു ദിവസം കൂടിയാണുള്ളത്. സത്യം പറഞ്ഞാല്‍ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും സെയിലുകള്‍ മുതലാക്കുന്നവര്‍ വളരെ കുറവാണ്. പലരും ഈ വെബ്‌സൈറ്റുകള്‍ എംആര്‍പിയില്‍ നിന്ന് കുറവ് വരുത്തി ഇട്ടിരിക്കുന്ന വില മാത്രാമാണ് മുതലാക്കുന്നത്. എന്നാല്‍, അല്‍പം ശ്രദ്ധിച്ചാല്‍ ഇതിനപ്പുറത്ത് ധാരാളം ഓഫറുകൾ ഉണ്ടെന്നും കാണാം. ഉദാഹരണത്തിന് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മി4എ പ്രോ 80 ടിവി വില്‍ക്കുന്നത് 14,999 രൂപയ്ക്കാണ്. ഇതിന്റെ എംആര്‍പി ആകട്ടെ 19,999 രൂപയും. എന്നാല്‍, വിലയ്ക്കു താഴെ നോക്കിയാല്‍ കാണാവുന്നത് 14 ഓഫറുകളാണ്! ഇതിലൊന്നാണ് 11,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ. ഇരു പ്ലാറ്റ്‌ഫോമുകളിലും നിന്ന് ഗുണംകിട്ടുന്ന കാര്യങ്ങളിലൊന്ന് 'ഫ്‌ളിപ്കാര്‍ട്ട് പ്ലസ'് അല്ലെങ്കില്‍ 'ആമസോണ്‍ പ്രൈം' മെമ്പര്‍മാര്‍ ആകുക എന്നതാണ്. ഇതു വഴി ഫ്‌ളിപ്കാര്‍ട്ട് അഷുവേഡ്, അല്ലെങ്കില്‍ ആമസോണ്‍ ഫുള്‍ഫില്‍ഡ് വിഭാഗത്തില്‍ പെടുന്ന എല്ലാ പ്രോഡക്ടുകള്‍ക്കും ഷിപ്പിങ് ചാര്‍ജ് ഒഴിവാക്കാം. 

 

∙ ആമസോണ്‍ സെയിലില്‍ കൂടുതല്‍ പണം ലാഭിക്കാനുള്ള വഴികള്‍

 

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021ൽ ഇപ്പോള്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ഒക്ടോബര്‍ 10 വരെയാണ് വില്‍പന എങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 4 വരെ (ദീപാവലി) വരെ ആദായ വില്‍പന നീണ്ടേക്കാം. സാംസങ്, സോണി, അസൂസ്, ബജാജ്, ഫോസില്‍, ഷഓമി, ലെനോവോ തുടങ്ങി ആയിരത്തിലേറെ ബ്രാന്‍ഡുകള്‍ പുതിയതായി അവതരിപ്പിച്ച പ്രോഡക്ടുകള്‍ പോലും ആദായ വില്‍പനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്. 

 

∙ ആമസോണിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാള്‍ എച്ഡിഎഫ്‌സി

 

ഈ വര്‍ഷത്തെ സെയിലില്‍ ആമസോണിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാള്‍ എച്ഡിഎഫ്‌സി ബാങ്കാണ്. ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി സാധനങ്ങള്‍ വാങ്ങിയാല്‍ നിരവധി പ്രോഡക്ടുകള്‍ക്ക് ആദായ വില്‍പനയ്ക്ക് കുറച്ചിട്ടിരിക്കുന്ന വില കൂടാതെ 10 ശതമാനം അധിക ലാഭം ലഭിക്കും. മാസ തവണകളായും ഉല്‍പന്നങ്ങള്‍ വാങ്ങാം. അവയ്ക്കും ഡിസ്‌കൗണ്ട് ലഭിക്കും.

 

∙ പ്രൈം അംഗമാകുക

 

ആമസോണ്‍ പ്രൈമില്‍ റിലീസു ചെയ്യുന്ന മലയാളം സിനിമകൾ, മ്യൂസിക് തുടങ്ങി നിരവധി സേവനങ്ങള്‍ ആസ്വദിക്കാമെന്നതു കൂടാതെ ഓരോ സെയിലിലും പ്രൈം അംഗങ്ങളല്ലാത്തവരേക്കാള്‍ മണിക്കൂറുകള്‍ക്കു മുൻപ് പ്രോഡക്ടുകള്‍ വാങ്ങി തുടങ്ങാം. മിക്ക പ്രോഡക്ടുകള്‍ക്കും ഷിപ്പിങ് ചാര്‍ജ് ഉണ്ടായിരിക്കില്ല. ഇതു കൂടാതെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം കുറച്ചുകൂടി ഉറപ്പാക്കുകയും ചെയ്യാം. കൂടാതെ, 5 ശതമാനം കിഴിവും നേടാം. ഒരു വര്‍ഷത്തേക്ക് പ്രൈം അംഗമാകാനുള്ള തുക 999 രൂപയാണ്. അതായത് പ്രതിമാസം 84.25 രൂപ. മാസാ മാസം മതിയെങ്കില്‍ വരിസംഖ്യ കൂടും. മറ്റൊരു ഗുണം അതിവേഗ ഡെലിവറിയാണ്. പ്രൈം അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനേക്കാള്‍ നേരത്തെ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കും.

 

∙ ആമസോണ്‍ പേ

 

സ്വന്തം പണമടയ്ക്കല്‍ സിസ്റ്റമായ ആമസോണ്‍ പേ യുപിഐ കമ്പനി ഇന്ത്യയിലും അവതരിപ്പിച്ചിട്ടുണ്ട്. ആമസോണ്‍ പേയില്‍ അംഗങ്ങളായവര്‍ക്ക് പ്രതിദിനം 5000 രൂപ വരെ ലാഭിക്കാമെന്നാണ് ആമസോണ്‍ പറയുന്നത്. 

 

∙ എക്‌സ്‌ക്ലൂസീവ് ഡീലുകള്‍

 

പല കമ്പനികളുമായും സെയിലിനു മുൻപ് ആമസോണ്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇവയുടെ പ്രോഡക്ടുകള്‍ അധിക ലാഭത്തില്‍ വാങ്ങാന്‍ സാധിച്ചേക്കും. 

 

∙ വില നിരന്തരം മാറും

 

ഡിസ്‌കൗണ്ട് വില സ്ഥിരമായി നില്‍ക്കാറില്ല. എപ്പോഴും ആളുകള്‍ ഇടിച്ചു കയറി നില്‍ക്കാനുള്ള ഒരു വേലയാണ് ഇതെന്നു തോന്നുന്നു. പരിമിത സമയത്തേക്കുള്ള ഓഫറുകളും വന്നു പോകും. നിങ്ങള്‍ക്ക് വേണ്ട പ്രോഡക്ടുകള്‍ തീരുമാനിച്ച ശേഷം ആമസോണിന്റെ ആപ്പില്‍ അലേര്‍ട്ട് സെറ്റുചെയ്യാം. ഇവയുടെ വില ചാഞ്ചാടുന്നതിന് അനുസരിച്ച് മൊബൈലില്‍ അലേര്‍ട്ട് വന്നുകൊണ്ടിരിക്കും.

 

∙ മറക്കരുത്, താരതമ്യം ചെയ്യുക

 

ആമസോണിലോ, ഫ്‌ളിപ്കാര്‍ട്ടിലോ ഒരു ഉല്‍പന്നത്തിന് വിലക്കുറവു കണ്ടെന്നു കരുതി ചാടി വാങ്ങരുത്. എതിരാളിയുടെ വെബ്‌സൈറ്റിലെ വില താരതമ്യം ചെയ്ത ശേഷം മാത്രമായിരിക്കണം കച്ചവടം ഉറപ്പിക്കല്‍.

google-assistant

 

∙ ഏഴു സംസ്ഥാനങ്ങളിലെ 40 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പഠനോപാധികളില്ലെന്ന്

 

ഇന്ത്യയിലെ വലിയ ഏഴു സംസ്ഥാനങ്ങളിലെ 40 മുതല്‍ 70 ശതമാനം വരെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപാധികളില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ കാണാം. അസം, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ജാര്‍ഖണ്‍ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കാണ് ഈ ദുരിതം. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ഇനിയും വ്യക്തമല്ലെന്നും പറയുന്നു. ടിവി സെറ്റുകളോ, സ്മാര്‍ട് ഫോണുകളോ ഇല്ലാത്തതാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമാകുന്നത്. 

 

∙ മാതൃകയായി തമിഴ്‌നാട്

 

കുട്ടികള്‍ക്കായി ഏകദേശം 5.15 ലക്ഷം ലാപ്‌ടോപ്പുകള്‍ തമിഴ്‌നാട് ഇതുവരെ നല്‍കിയെന്ന് കണക്കുകള്‍ പറയുന്നു. അതേസമയം, ബിഹാര്‍ നല്‍കിയിരിക്കുന്നത് 42 മൊബൈല്‍ ഫോണുകളാണ്. 

 

∙ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജിയോ നിലച്ചു, രണ്ടു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഫ്രീ നല്‍കുമെന്ന് കമ്പനി

 

മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ഉപയോക്താക്കള്‍ക്ക് ഒക്ടോബര്‍ 5ന് റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ നിലച്ചു. അവര്‍ക്ക് രണ്ടു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് മൊബൈല്‍ ഡേറ്റാ ഉപയോഗം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

 

∙ പുതിയ പ്രോഡക്ടുകള്‍ അവതരിപ്പിക്കുന്നത് ഫെയ്‌സ്ബുക് മന്ദീഭവിപ്പിച്ചു

 

വിവാദത്തില്‍പെട്ട ഫെയ്‌സ്ബുക് പുറത്തിറക്കുമെന്നു കരുതിയ പല പ്രോഡക്ടുകളുടെയും അവതരണം മാറ്റിവച്ചു. കുട്ടികള്‍ക്കായി തുടങ്ങാനിരുന്ന ഇന്‍സ്റ്റഗ്രാം കിഡ്‌സ് ആണ് ഇവയില്‍ മുഖ്യം. 

 

∙ വിന്‍ഡോസ് 11 എഎംഡി പ്രോസസറുകളെ മന്ദീഭവിപ്പിക്കുന്നു

 

പുതിയ വിന്‍ഡോസ് അപ്‌ഡേറ്റ് സ്വീകരിച്ച തങ്ങളുടെ റൈസണ്‍ പ്രോസസറുകളുള്ള കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം 15 ശതമാനം വരെ മന്ദീഭവിച്ചതായി എഎംഡി അറിയിച്ചു. എന്നാല്‍, ഇതിനുള്ള പരിഹാരമായി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഇതിനായി മൈക്രോസോഫ്റ്റും എഎംഡിയും സംയുക്തമായി പ്രവര്‍ത്തിച്ചുവരികയാണ് ഇപ്പോള്‍. 

 

∙ ഗ്യാലക്‌സി എസ്21 ഉപയോഗിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് 12 ബീറ്റാ ലഭ്യം

 

സാംസങ് ഗ്യാലക്‌സി എസ്21 സീരീസ് ഉപയോഗിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് 12 ന്റെ രണ്ടാം ബീറ്റാ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 

 

∙ വില കുറഞ്ഞ സാംസങ് 5ജി ഫോണ്‍ എത്തിയേക്കും

 

ഗ്യാലക്‌സി എ13 ഫോണില്‍ 5ജി കണക്ടിവിറ്റി ഓപ്ഷന്‍ സാംസങ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. മിഡിയാടെക് ഡിമന്‍സിറ്റി 700 പ്രോസസറായിരിക്കും ഇതില്‍ ഉപയോഗിക്കുക എന്നും, ഇതായിരിക്കും കമ്പനിയുടെ ഇതുവരെ ഇറക്കിയിരിക്കുന്ന 5ജി ഫോണുകളില്‍ വച്ച് ഏറ്റവും വിലകുറഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

∙ ഹായ് ഗൂഗിള്‍ വിളിയില്ലാതെ ഗൂഗിള്‍ അസിസ്റ്റന്റിനെ പ്രവര്‍ത്തിപ്പിക്കാം

 

ഗൂഗിളിന്റെ സ്വന്തം സ്മര്‍ട്‌ഫോണ്‍ സീരീസായ പിക്‌സല്‍ ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റിന്റെ സേവനം ഉപയോഗിക്കാന്‍ ഇനി ഉണര്‍ത്തു വാക്കുകളായ ഹായ് ഗൂഗിള്‍ ഉപയോഗിക്കേണ്ടന്ന് എക്‌സ്ഡിഎ-ഡെവലപ്പേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ഡ്രോയിഡ് 12ന്റെ ബീറ്റായിലുള്ള ഗൂഗിള്‍ ആപ് 12.39.17.29 ലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്. പിക്‌സല്‍ 3 എക്‌സ്എല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് ഇതു കണ്ടെത്തയതെന്നാണ് റിപ്പോര്‍ട്ട്.

 

English Summary: Amazon Great Indian Festival 2021 Sale: How to get the best deals, bank offers, discounts and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com