ADVERTISEMENT

സൈബർ ഇടങ്ങളിൽ കുട്ടികളും ഒട്ടും സുരക്ഷിതരല്ല എന്നു തെളിയിക്കുന്നതാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുറത്തു വന്ന കണക്കുകൾ. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ രേഖപ്പെടുത്തിയ കുട്ടികൾക്കെതിരായ സൈബർ കേസുകൾ 1102. 2019, 18 വർഷങ്ങളിൽ ഇത് യഥാക്രമം 305, 232 ആയിരുന്നു എന്നതിൽ നിന്നു വ്യക്തമാണ് ഈ കുറ്റകൃത്യങ്ങളുടെ വ്യാപ്തി. 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ കൂടുതലും സൈബർ പൊണോഗ്രഫിയുമായി ബന്ധപ്പെട്ട കേസുകളാണ് 738. കുട്ടികൾ ഓൺലൈൻ പഠനത്തിലേക്കു പൂർണമായും ചുവടുമാറ്റിയ 2020ൽ തന്നെയാണ് കേസുകളിൽ ഇത്രയും വളർച്ചയുണ്ടായിട്ടുള്ളത് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ട കാര്യമാണ്. കേരളത്തിലെ കണക്കെടുത്താൽ 126 കേസുകളാണ് 2020ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2019ൽ 30, 2018ൽ 25 എന്നിങ്ങനെയായിരുന്നു കണക്കുകൾ.

 

കോവിഡ് വ്യാപനത്തോടെ പഠനവും ഓൺലൈനിലേക്കു ചുവടുമാറിയപ്പോൾ കുട്ടികളും മുഴുവൻ സമയം ഓൺലൈനിലായി. കോവിഡ് കാലത്ത് കുട്ടികൾ അവരുടെ ഒഴിവു സമയത്തിൽ 46 ശതമാനം സമയവും ഇന്റർനെറ്റ് അല്ലെങ്കിൽ ഫോണിൽ ചെലവഴിക്കുന്നുവെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു.

 

∙ ഓൺലൈൻ ചതിക്കുഴികൾ

 

കുട്ടികൾ കൂടുതൽ സമയം ഓൺലൈനിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ സൈബർ കുറ്റകൃത്യങ്ങളിലും വർധനയുണ്ടായതായി കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ബോധിനി’യിലെ പ്രവർത്തകർ പറയുന്നു. സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികൾ വീടുകളുടെ സുരക്ഷിതത്വത്തിൽ നിന്നു പുറത്തുകടക്കുമ്പോൾ അവരെ ചൂഷണം ചെയ്യാൻ പുറത്തു വലവിരിച്ചു കാത്തിരിക്കുന്നവരുണ്ടാകും. ഇക്കാര്യത്തിൽ ഭയമല്ല ജാഗ്രതയാണു വേണ്ടതെന്നും ‘ബോധിനി’ മുന്നറിയിപ്പു നൽകുന്നു. കോവിഡ് വ്യാപനത്തോടെ മാതാപിതാക്കളും കുട്ടികളുമെല്ലാം ഒന്നിച്ചൊരിടത്തായെങ്കിലും മനസ്സുകൊണ്ട് ഇവരെല്ലാം പല സ്ഥലങ്ങളിലാണ്.

Representative image. Photo Credits; ChameleonsEye/ Shutterstock.com
Representative image. Photo Credits; ChameleonsEye/ Shutterstock.com

അമ്മയും അച്ഛനും ഓഫിസ് ജോലികളിൽ മുഴുകുമ്പോൾ കുട്ടികൾ ഓൺലൈൻ പഠനത്തിരക്കുകളിൽ. നേരത്തെ പല വീടുകളിലും കുട്ടികൾക്ക് ഇന്റർനെറ്റ്, ഫോൺ ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും പഠനം ഓൺലൈനായതോടെ പരിധി വയ്ക്കാനാകാതെയായി. ഇതു കുട്ടികളെ പല തരത്തിലുള്ള ചതിക്കുഴികളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

 

സംസ്ഥാനത്തെ സ്കൂളുകളിൽ സൈബർ ക്ലബ് തുടങ്ങാനുള്ള കേരള പൊലീസ് സൈബർ ഡോം വിഭാഗത്തിന്റെ തീരുമാനവും ക്ലബ് ഹൗസിൽ നിന്നു കുട്ടികളെ മാറ്റി നിർത്തണമെന്ന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിർ‍ദേശവുമെല്ലാം സോഷ്യൽ മീഡിയ എത്രമാത്രം കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദേശിച്ചത്. ഒരുകൂട്ടം ആളുകൾക്ക് പരസ്പരം സംസാരിക്കാനും സംവദിക്കാനും കഴിയുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. ഇതിലെ ചർച്ചകൾ റെക്കോർഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല, ഓരോ സെഷനും കഴിയുമ്പോൾ കണ്ടന്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാൽ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽ പോലും തെളിയിക്കുക പ്രയാസമാണ്.

 

∙ തിരിച്ചറിയാം സൈബർ അഡിക്‌ഷൻ

 

മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് കുട്ടികൾ ഇന്റർനെറ്റ് ഉപയോഗത്തിനു പ്രാധാന്യം കൊടുക്കുന്നുവെങ്കിൽ അവരെ ഇന്റർനെറ്റ് അടിമകളായി കണക്കാക്കേണ്ടി വരുമെന്നു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. എൽസി ഉമ്മൻ പറയുന്നു. കൂട്ടുകാരുമായി കളിക്കാനും സംസാരിക്കാനും മാതാപിതാക്കളുമൊത്ത് സമയം ചെലവഴിക്കാനും താൽപര്യപ്പെട്ടിരുന്ന കുട്ടികൾ അതെല്ലാം മാറ്റിവച്ച് കംപ്യൂട്ടറിലോ ഫോണിലോ സന്തോഷം കണ്ടെത്തുകയാണെങ്കിൽ അത് സൈബർ അഡിക്‌ഷനാണ്.

social-media-fake-users

 

തുടക്കത്തിൽ കുറച്ചു സമയമാണ് ചെലവിടുന്നതെങ്കിൽ ക്രമേണ അത് 6–12 മണിക്കൂർ വരെയാകാം. രാത്രി ഉറക്കമൊഴിച്ച് ഇന്റർനെറ്റിൽ മുഴുകിയിരിക്കാം. ഇതിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയാലും അതിൽ നിന്നു പുറത്തുകടക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും. ഫോൺ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത അമർഷം പ്രകടിപ്പിക്കുക, ഉറക്കമില്ലായ്മ, കടുത്ത വിഷാദം, പഠനത്തിൽ പിന്നാക്കം പോകുക, ശ്രദ്ധയില്ലായ്മ തുടങ്ങിയവയെല്ലാം ഇന്റർനെറ്റ് അഡിക്‌ഷന്റെ ലക്ഷണങ്ങളാണ്.

 

∙ വേണ്ട സൈബർ അഡിക്‌ഷൻ

 

ഇന്റർനെറ്റിന് അടിമപ്പെട്ട് ചികിത്സ തേടുന്നതിലും നല്ലത് ആ അവസ്ഥയിലെത്താതെ നോക്കുന്നതാണ്. സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ പഠിക്കുകയാണ് ആദ്യം വേണ്ടത്. എപ്പോഴാണ് ഇന്റർനെറ്റ് അഡിക്‌ഷനിലേക്കു പോകുന്നതെന്ന അവബോധം കുട്ടികൾക്കും മാതാപിതാക്കൾക്കും ഉണ്ടാകണം. ഇന്റർനെറ്റ് ഉപയോഗം കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന കാര്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.

 

സമയപരിധിവച്ച് ഇന്റർനെറ്റ് ഉപയോഗിക്കാൻ പഠിക്കണം. രണ്ടു മണിക്കൂറിൽ കൂടുതൽ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടതില്ല. ഇത്രയും സമയത്തിനു ശേഷം ഫോൺ തിരിച്ചു നൽകണം അല്ലെങ്കിൽ ഇന്റർനെറ്റ് ഓഫാക്കണം എന്ന നിഷ്കർഷ മാതാപിതാക്കൾ വയ്ക്കണം. കുട്ടികൾ പല കാര്യങ്ങളും പറഞ്ഞ് ഇക്കാര്യത്തിൽ ഇളവു നേടാൻ ശ്രമിച്ചാലും അനുവദിച്ചു കൊടുക്കരുത്. വളരെയധികം ഇന്റർനെറ്റ് അഡിക്റ്റഡായ കുട്ടിയാണെങ്കിൽ മനോരോഗ വിദഗ്ധന്റെ സഹായം തേടണമെന്നും ഡോ. എൽസി ഉമ്മൻ പറയുന്നു.

 

∙ സൈബർ ലോകത്തെ അറിയണം

 

സുരക്ഷിതമായ ഓൺലൈൻ ഉപയോഗത്തിന് സൈബർ ലോകം എന്താണെന്നു കൂടി കുട്ടികൾ മനസ്സിലാക്കണം. ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന എന്തും ഒരു ഡിലീറ്റ് ബട്ടണിൽ അവസാനിക്കുന്നവയല്ല. നമ്മൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന എന്തും ഡിലീറ്റ് ചെയ്താലും തിരിച്ചെടുക്കാൻ കഴിയും. സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളിലൂടെയും ചിത്രങ്ങളിലൂടെയും നമ്മൾ കാണുന്ന വ്യക്തികളായിരിക്കില്ല യഥാർഥത്തിൽ സൈബർ ലോകത്തിനു പുറത്ത്. നേരംപോക്കിനായി തുടങ്ങുന്ന സൗഹൃദങ്ങൾ അവസാനം ഭീഷണിയിലും മരണത്തിലും കൊണ്ടെത്തിക്കുന്ന കഥകളാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇത്തരം സൈബർ കുടുക്കുകളിൽ‌ ചെന്നുപെടാതിരിക്കാൻ കുട്ടികളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

 

∙ സുരക്ഷിത ഉപയോഗത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

 

1. മറ്റുള്ളവർ കാണരുതെന്ന് ആഗ്രഹിക്കുന്ന നമ്മുടെ ചിത്രങ്ങളും വിഡിയോകളും ഷെയർ ചെയ്യരുത്.

2. വ്യക്തിപരമായ വിവരങ്ങളും ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളും ഓൺലൈനിൽ വെളിപ്പെടുത്താതിരിക്കുക.

3. അപരിചിതരിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുത്. അവരെ നേരിൽ കാണാനും സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കാനും ശ്രമിക്കരുത്.

4. പാസ്‌േവഡും സ്വകാര്യ വിവരങ്ങളും ലോക്ക് ചെയ്തു സുരക്ഷിതമാക്കുക. അന്യരുമായി പാസ്‌വേഡ് പങ്കുവയ്ക്കരുത്.

5. ലൈംഗിക ചുവയുള്ള ചാറ്റുകളും മെസേജുകളും ബ്ലോക്ക് ചെയ്യുക. മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുക.

6. സൈബർ ഭീഷണി എന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ചൂഷണത്തിന് ഇരയായാൽ ഉടൻ പൊലീസിൽ പരാതിപ്പെടുക. മെസേജോ അക്കൗണ്ടോ ഡിലീറ്റ് ചെയ്യരുത് അവ തെളിവായി ഉപയോഗിക്കാം.

7. നിങ്ങൾ അപകടത്തിൽ പെട്ടെന്നു ബോധ്യമായാൽ ആദ്യം തന്നെ മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുക. ചൂഷണത്തിന് നിന്നുകൊടുക്കാതിരിക്കുക.

8. കുട്ടികൾ ഓൺലൈനിൽ എന്തു ചെയ്യുന്നു എന്നതിനെപ്പറ്റി മാതാപിതാക്കൾ ബോധവാൻമാരായിരിക്കുക. അശ്ലീല ദൃശ്യങ്ങൾ കുട്ടികൾ കാണുന്നില്ലെന്ന് ഉറപ്പാക്കണം.

 

∙ ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധിക്കാൻ...

 

1. പാസ്‌വേഡ് തയാറാക്കുമ്പോൾ ചെല്ലപ്പേര്, ജനന തീയതി എന്നിവ കഴിവതും ഒഴിവാക്കി മറ്റൊരാൾക്കു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള പാസ്‌വേഡ് സെറ്റ് ചെയ്യുക.

പാസ്‌വേഡ് മാതാപിതാക്കളുമായി പങ്കുവയ്ക്കുക.

2. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിൽ പറയുന്ന നിബന്ധനകൾ വായിച്ചു മനസ്സിലാക്കി ആവശ്യമുള്ളതിനു മാത്രം അനുവാദം നൽകുക.

3. ഫോൺ ഉപയോഗം കൂടുന്നുവെന്നു നിങ്ങൾക്കു തന്നെ തോന്നുന്ന നിമിഷം ഫോൺ സ്വിച് ഓഫ് ആക്കുക. മറ്റു വിനോദങ്ങൾക്കായി സമയം കണ്ടെത്തി അതിൽ സന്തോഷം കണ്ടെത്തുക.

4. നിങ്ങളുടെ ഫോൺ മറ്റൊരാൾക്ക് കൈമാറാതിരിക്കുക. ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ വിശ്വാസയോഗ്യമായ കടയിൽ കൊടുക്കുക. സിം, എസ്ഡി കാർഡ് എന്നിവ ഫോണിൽ നിന്നു മാറ്റി റീസെറ്റ് ചെയ്തിട്ടു വേണം കടയിൽ കൊടുക്കാൻ.

5. കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്. അശ്ലീല ദൃശ്യങ്ങൾ കാണുന്നതും പങ്കുവയ്ക്കുന്നതും കുറ്റകരമാണ്.

 

നവംബറിൽ സ്കൂൾ തുറക്കുന്നതോടെ കുട്ടികൾ വീടുകളിൽ നിന്നു പുറത്തേക്ക് പാറിപ്പറക്കാൻ ഒരുങ്ങുകയാണ്. അതിൽ ചതിക്കുഴികളൊരുക്കി നിങ്ങളെ കാത്തിരിക്കുന്നവരുമുണ്ടാകാം. അവർക്ക് ഇരയാകാൻ നിന്നുകൊടുക്കാതിരിക്കുന്നിടത്താണ് കുട്ടികൾ ഓരോരുത്തരുടെയും ജയം.

 

English Summary: Cyber security tips for students at home and in school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com