ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം എന്ന മഹാവിപത്ത് ഭാവിയിൽ ഭൂമിയിലെ ജീവിതം ദുസഹമാക്കിയേക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് വകവയ്ക്കാതെയാണ് ചിലർ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന പ്രചാരണവുമായി ഇന്റര്‍നെറ്റില്‍ അരങ്ങു കൊഴുപ്പിക്കുന്നത്. ഇത്തരാക്കാര്‍ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് നിറഞ്ഞാടുന്നത്. യൂട്യൂബില്‍ ഇത്തരം ഹിറ്റ് വിഡിയോകള്‍ ചെയ്യുന്നത് കാരണം ജനങ്ങള്‍ ഈ സമയത്ത് പുലര്‍ത്തേണ്ട കനത്ത ജാഗ്രത ഇല്ലാതാക്കുന്നു. കൂടാതെ അവർ ധാരാളം പണവും ഉണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഇല്ലെന്ന പ്രചാരണം നടത്തുന്ന യൂട്യൂബ് വിഡിയോകള്‍ക്ക് അവ എത്രപേര്‍ കണ്ടാലും ഇനിമുതൽ പണം നല്‍കില്ലെന്ന തീരുമാനമാണ് ഗൂഗിള്‍ കൈക്കൊണ്ടിരിക്കുന്നത്. 

 

സേര്‍ച്ച് എൻജിനിലും യൂട്യൂബിലും ഇത്തരം പ്രചരണം നടത്തുന്നവരുടെ ഉള്ളടക്കത്തിനടുത്ത് ഇനിമേല്‍ ഒരു പരസ്യവും പ്രദർശിപ്പിക്കില്ലെന്നും ഗൂഗിള്‍ അറിയിച്ചു. ഗൂഗിളില്‍ പരസ്യം നല്‍കുന്നവര്‍ക്കായി പുതുക്കി ഇറക്കിയ നയരേഖയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് എന്ന് എഎഫ്ബി റിപ്പോര്‍ട്ടുചെയ്യുന്നു. ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവര്‍ക്കും ഈ വാദങ്ങള്‍ പ്രചരിപ്പിക്കാനായി യൂട്യൂബ് വിഡിയോകള്‍ നിർമിക്കുന്ന കണ്ടെന്റ് ക്രീയേറ്റര്‍മാര്‍ക്കും വന്‍ തിരിച്ചടിയായിരിക്കും ഇത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വ്യക്തമായ നിലപാടുസ്വീകരിച്ചു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉണ്ടെന്നും, എങ്ങനെയാണ് അത് സംഭവിക്കുന്നത് എന്ന കാര്യത്തിലും ശാസ്ത്രജ്ഞര്‍ തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ട്. ഇതിനു വിരുദ്ധമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചിടുന്നവര്‍ക്കാണ് ഇനി പണം നല്‍കില്ലെന്ന് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്. 

 

ഭൂമിക്കായി, ഭാവി തലമുറകള്‍ക്കായി എല്ലാവരും കൈകോര്‍ക്കേണ്ട സന്ദര്‍ഭത്തില്‍ അതിനെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ എടുത്ത നടപടി ഗൂഗിള്‍ കൈക്കൊണ്ട ഏറ്റവും മികച്ച നിലപാടാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി ജനങ്ങളെ തെറ്റിധരിപ്പിച്ചു വന്നതിനു പിന്നില്‍ ഇത്തരം വിഡിയോകളും മറ്റുമായിരുന്നു. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഗൂഗിളിന്റെ പാത പിന്തുടരണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഫെയ്‌സ്ബുക്കും കാലാവസ്ഥാ വ്യതിയാനം അതിവേഗം സംഭവിച്ചികൊണ്ടിരിക്കുന്നു എന്ന വാദം അംഗീകരിച്ച കമ്പനിയാണ്. എന്നാല്‍ അവര്‍ ഇത്തരം പോസ്റ്റുകളില്‍ നിന്ന് പമമുണ്ടാക്കുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. 

 

∙ എസ്എംഎസ് ആപ്പിന് പുതു ജീവന്‍ നല്‍കാന്‍ ആപ്പിളും മുന്നോട്ടു വരണമെന്ന് ഗൂഗിള്‍ എൻജിനീയര്‍

 

സ്മാര്‍ട് ഫോണുകളിലുള്ള എസ്എംഎസ് ആപ്പിന് പുതുജീവന്‍ നല്‍കാനുള്ള നീക്കത്തിന് ആപ്പിളിന്റെ പിന്തുണ തേടിയിരിക്കുകയാണ് ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഹിരോഷി ലോക്‌ഹെയ്മര്‍ എന്ന് ദി നെക്സ്റ്റ് വെബ് റിപ്പോര്‍ട്ടു ചെയ്യുന്നു. റിച്ച് കമ്യൂണിക്കേഷന്‍ സര്‍വീസ് (ആര്‍സിഎസ്) എന്ന പ്രോട്ടൊകോള്‍ കൊണ്ടുവരാന്‍ കൈകോര്‍ക്കാമെന്ന ആശയമാണ് അദ്ദേഹം ആപ്പിളിനു നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ആപ്പിളിനു സഹായം നല്‍കാനും തയാറാണെന്നാണ് ഹിരോഷി പറഞ്ഞത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതു കൊണ്ടുവരാന്‍ ഗൂഗിള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാല്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നവരുമായി സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ ഇതു തകരുന്നു. 

 

ഇരു കമ്പനികളും കൈകോര്‍ത്താന്‍ മാത്രമായിരിക്കും എസ്എംഎസിന് പുതുമോടി സമ്മാനിക്കാന്‍ സാധിക്കുക. ഇത്തരം ഒരു നീക്കം 2007ല്‍ തന്നെ തുടങ്ങിയിരുന്നു എങ്കിലും അതിന് പല തരത്തിലുമുള്ള പ്രശ്‌നങ്ങളും സംഭവിച്ചിരുന്നു. ആര്‍സിഎസ് അക്കാലത്ത് നിലവില്‍ വന്നിരുന്നെങ്കില്‍ വാട്‌സാപ് പോലെയുള്ള സന്ദേശ കൈമാറ്റ ആപ്പുകള്‍ക്ക് ഇപ്പോഴുള്ള പ്രചാരം നേടാനായേക്കില്ലായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. പല ടെലികോം സേവനദാതാക്കളും ഇപ്പോള്‍ ആര്‍സിഎസ് കൊണ്ടുവരുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ആപ്പിള്‍ പിന്തുണച്ചാല്‍ മാത്രമേ ഈ നീക്കം വിജയിക്കാന്‍ വഴിയുളളു.

 

apple-watch-7

∙ എല്ലാ ഐഫോണ്‍ ഉടമകള്‍ക്കും മാക്രോ മോഡ് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കി ആപ്

 

ഒട്ടുമിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും വര്‍ഷങ്ങളായി നിലവിലുള്ള മാക്രോ മോഡ് ഈ വര്‍ഷമാണ് ആപ്പിള്‍ ഐഫോണുകളില്‍ അവതരിപ്പിച്ചത്. അതു മാത്രമോ, ഐഫോണ്‍ 13 പ്രോ മോഡലുകള്‍ വാങ്ങുന്നവര്‍ക്കു മാത്രമേ ഇത് ലഭിക്കുകയുമുള്ളു. എന്നാല്‍, ഹാലിഡ് (Halide) എന്ന ക്യാമറാ ആപ്പാണ് ഇപ്പോള്‍ എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും മാക്രോ മോഡ് നല്‍കാന്‍ ഒരുങ്ങുന്നത്. ഹാലിഡ് ഉപയോഗിക്കാന്‍ പണം നല്‍കണമെന്ന പ്രശ്‌നമുണ്ട്. ആപ് ഇന്‍സ്‌റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതിലുള്ള ന്യൂറല്‍ മാക്രോ മോഡ് വഴിയാണ് വളരെ അടുത്ത് ഫോക്കസ് ചെയ്യാനുള്ള ശേഷി ലഭിക്കുന്നത്. അധികം ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോ ക്രോപ്പു ചെയ്താണ് മാക്രോ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഐഫോണ്‍ ഉപയോക്താക്കളെ ആപ് സഹായിക്കുക. ഹാലിഡ് 2.5ല്‍ ആണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. 

 

∙ ആപ്പിള്‍ വാച്ച് സീരീസിസ് 7ന്റെ പ്രീ-ഓര്‍ഡര്‍ തുടങ്ങി

 

ഇന്ത്യയില്‍ പുതിയ തലമുറയിലെ ആപ്പിള്‍ വാച്ചുകളുടെ പ്രീ-ഓര്‍ഡര്‍ തുടങ്ങി. വാച്ച് സീരീസ് 7ന്റെ ഇന്ത്യയിലെ ഔദ്യോഗിക വില ആപ്പിള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 41 എംഎം മോഡലിന്റെ തുടക്ക വേരിയന്റിന് 41,900 രൂപയും 45എംഎം മോഡലിന്റെ തുടക്ക വേരിയന്റിന് 44,900 രൂപയുമായിരിക്കും വില. വാച്ച് സീരീസ് 6ല്‍ ഉള്ളതിനേക്കാള്‍ വലുപ്പം കൂടിയ ഡിസ്‌പ്ലേയാണ് പുതിയ സീരീസില്‍ ഉള്ളത്. കീബോഡ് വഴി ഫുള്‍ ടെക്സ്റ്റ് ഇന്‍പുട്ട് പുതിയ മോഡലില്‍ സാധ്യമാകും.

 

∙ സാംസങ് വാച്ച് 4ല്‍ ബ്രൗസര്‍ സപ്പോര്‍ട്ട്

 

സാംസങ്ങിന്റെ സ്മാട് വാച്ച് സീരീസിലെ ഗ്യാലക്‌സി വാച്ച് 4ല്‍ വെയര്‍ ഒഎസ് 3 നൊപ്പം പല ആപ്പുകളും ഉപയോഗിക്കാന്‍ സാധിച്ചേക്കും. ഇതിലൊന്നായിരിക്കും സാംസങ് ഇന്റര്‍നെറ്റ് ബ്രൗസര്‍. നിലവില്‍ ഈ സപ്പോര്‍ട്ട് ലഭിക്കുന്നത് ഗ്യാലക്‌സി വാച്ച് 4, വാച്ച് 4 ക്ലാസിക് എന്നീ രണ്ടു മോഡലുകള്‍ക്ക് മാത്രമായിരിക്കും.

 

∙ ഇന്ത്യയില്‍ വികസിപ്പിച്ച മാസ്‌ക്ഗണ്‍ ഗെയിമിന് 5 കോടിയിലേറെ ഉപയോക്താക്കള്‍

 

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഗെയിമുകളില്‍ ഒന്നായ മാസ്‌ക്ഗണ്‍ ഫസ്റ്റ്-പേഴ്‌സണ്‍ ഷൂട്ടര്‍ ഗെയിമിന്റെ ഉപയോക്താക്കളുടെ എണ്ണം 5 കോടി കടന്നിരിക്കുന്നതായി ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ഗെയിമിങ് കമ്പനി അറിയിക്കുന്നു. പുണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. 

 

∙ സപ്പോര്‍ട്ടു ചെയ്യാത്ത പിസികളില്‍ വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെ? 

 

താരതമ്യേന പുതിയ ലാപ്‌ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും ഉള്ളവര്‍ക്കു മാത്രമായിരിക്കും പുതിയ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ സാധിക്കുക. ഇന്റലിന്റെ ആറാം തലമുറ പ്രോസസറുകളോ അതില്‍ പഴയതോ ആയ പ്രോസസറുകള്‍ ഉള്ള കംപ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അവയില്‍ വിന്‍ഡോസ് 11 ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ അനുവദിക്കില്ല. എന്നാല്‍, വേണമെന്നുള്ളവര്‍ക്ക് പഴയ പിസിയിലും വിന്‍ഡോസ് 11 ഇന്‍സ്‌റ്റാള്‍ ചെയ്യാനുളള വഴിയും മൈക്രോസോഫ്റ്റ് തന്നെ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍, അങ്ങനെ ചെയ്താല്‍ ഇനി വരുന്ന സുരക്ഷാ അപ്‌ഡേറ്റുകള്‍ അടക്കമുള്ള അപ്‌ഡേറ്റുകള്‍ പിന്നെ ലഭിക്കണമെന്നില്ലെന്ന മുന്നറിയിപ്പും കമ്പനി നല്‍കിയിട്ടുണ്ട്. ഈ റിസ്‌ക് എടുക്കാന്‍ തയാറുള്ളവര്‍ക്ക് ഇനി പറയുന്ന പ്രകാരം വിന്‍ഡോസ് 11 സ്വീകരിക്കാമെന്നാണ് മൈക്രോസോഫ്റ്റ് പറഞ്ഞിരിക്കുന്നത്. 

 

ആദ്യമായി സ്റ്റാര്‍ട്ട് ബട്ടണിലുള്ള സേര്‍ച്ച് വഴി 'regedit' എന്നു സേര്‍ച്ച് ചെയ്യുക. തുടര്‍ന്ന് ഈ പാതയിലെത്തുക:  Computer\HKEY_LOCAL_MACHINE\SYSTEM\Setup\MoSetup

 

ഇവിടെ എംഒസെറ്റപ്പില്‍ വലതു വശത്തെ പ്ലെയിനില്‍ റൈറ്റ്ക്ലിക്കു ചെയ്യുക. എന്നിട്ട് New -> DWORD (32-bit) value തിരഞ്ഞെടുക്കുക. ഇപ്പോള്‍ താഴെകാണുന്ന വിശദാംശങ്ങള്‍ തെളിഞ്ഞു വരും:

 

Value name: AllowUpgradesWithUnsupportedTPMOrCPU

Value date: 1

Base: Hexadecimal

 

ഇതിനു ശേഷം മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക പേജില്‍ നിന്ന് വിന്‍ഡോസ് 11ന്റെ ഐഎസ്ഒ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഫയല്‍ എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ച് തുറക്കുക. സെറ്റ്-അപ്പില്‍ ഡബിള്‍ ക്ലിക്കു ചെയ്ത് വിന്‍ഡോസ് 11 ഇന്‍സ്‌റ്റോള്‍ ചെയ്യാം.

 

English Summary: Google, YouTube to Stop Serving Advertisements Next to Climate Change Misinformation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com