ADVERTISEMENT

സിംഗപ്പൂരിലെ ചെൻകി കോസ്റ്റ് റോഡിലേയും ഏവിയേഷന്‍ പാര്‍ക്ക് റോഡിലേയും വാഹന ഗതാഗതം ഒക്ടോബര്‍ നാലിന് അര്‍ധരാത്രിയോടെ പൂര്‍ണമായും തടസപ്പെടുത്തി. സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ മൂന്ന് കൂറ്റന്‍ വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടിയായിരുന്നു ഈ അസാധാരണ നീക്കം. രണ്ട് എയര്‍ബസ് എ380 വിമാനങ്ങളും ഒരു ബോയിംങ് 777-200 യാത്രാവിമാനവുമാണ് ഈ സമയം ഇതേ റോഡുകളിലൂടെ ചെന്‍കി വിമാനത്താവളത്തില്‍ നിന്നും ചെന്‍കി എക്‌സിബിഷന്‍ സെന്ററിലേക്ക് കെട്ടിവലിച്ചുകൊണ്ടുപോയത്. വിചിത്രമായ കാഴ്ച കാണാൻ റോഡിന്റെ ഇരുവശത്തും ജനം തടിച്ചുകൂടിയിരുന്നു.

 

സിംഗപൂര്‍ എയര്‍ലൈന്‍സ് ആദ്യമായാണ് സ്വന്തം രാജ്യത്തിനകത്ത് തന്നെ വിമാനങ്ങള്‍ പൊളിച്ചടുക്കുന്നത്. കോവിഡ് മഹാമാരിക്ക് മുൻപ് 19 എ 380 വിമാനങ്ങളാണ് സിംഗപൂര്‍ എയര്‍ലൈന്‍സിനുണ്ടായിരുന്നത്. കോവിഡ് പടര്‍ന്നുപിടിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചോടെ ഇവരുടെ എല്ലാ വിമാനങ്ങളും സര്‍വീസ് അവസാനിപ്പിച്ചു. ഇതില്‍ 12 എ 380 വിമാനങ്ങള്‍ ചെന്‍കി വിമാനത്താവളത്തിലാണ് നിര്‍ത്തിയിട്ടിരുന്നത്. ഏഴെണ്ണം ഓസ്‌ട്രേലിയിലെ അലൈയ്‌സ് സ്പ്രിംഗ്‌സിലേക്ക് മാറ്റിയിരുന്നു.

 

കഴിഞ്ഞ നവംബറിലാണ് ഏഴ് എ 380 വിമാനങ്ങളടക്കം 26 വിമാനങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി സിംഗപൂര്‍ എയര്‍ലൈന്‍സ് അറിയിച്ചത്. സര്‍വീസ് അവസാനിപ്പിച്ച എ 380 വിമാനങ്ങളുടെ ഉപയോഗയോഗ്യമായ ഭാഗങ്ങള്‍ പുനരുപയോഗിക്കുമെന്ന് സിംഗപൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. നിലവില്‍ സര്‍വീസിലുള്ള 12 എ 380 വിമാനങ്ങള്‍ക്ക് വേണ്ടിയാകും ഇതുപയോഗിക്കുകയെന്നും സിംഗപൂര്‍ എയര്‍ലൈന്‍സ് വക്താവ് വ്യക്തമാക്കി. അപ്‌സൈക്ലിങ് പ്രൊജക്ടിന്റെ ഭാഗമായി ഈ വിമാനങ്ങളുടെ പുനരുപയോഗിക്കാന്‍ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും വീണ്ടും ഉപയോഗിക്കുമെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. 

 

കഴിഞ്ഞ ഓഗസ്റ്റിലാണ് സിംഗപൂര്‍ എയര്‍ലൈന്‍സ് അപ്‌സൈക്ലിംങ് പ്രൊജക്ട് പ്രഖ്യാപിച്ചത്. വിമാനത്തിന്റെ ഫ്യൂസ്‌ലേജ്, കാബിന്‍ ജനലുകള്‍, ബാഗുകള്‍ വെക്കുന്ന ഭാഗം, സീറ്റുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ തുടങ്ങി ഏതാണ്ടെല്ലാ ഭാഗങ്ങളും വീണ്ടും ഉപയോഗിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിമാനഭാഗങ്ങള്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന സിംഗപൂരിനകത്തും പുറത്തുമുള്ള കമ്പനികള്‍ക്ക് ഇവ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലാ- ഡിസൈന്‍ സ്ഥാപനങ്ങള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി വിമാനങ്ങളുടെ ഭാഗങ്ങള്‍ നല്‍കുമെന്നും സിംഗപൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.

 

English Summary: 3 SIA jumbo jets towed from the Changi Airport to Changi Exhibition Centre to be scrapped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com