ADVERTISEMENT

ആപ്പിള്‍ അടുത്ത വര്‍ഷങ്ങളില്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്ന ഐഫോണുകളിലൊന്നിന് 6-ഇഞ്ചായിരിക്കും വലുപ്പമെങ്കിലും അതിനുള്ളില്‍ വലിച്ചു പുറത്തെടുക്കാവുന്ന മറ്റൊരു സ്‌ക്രീനും ഉണ്ടായിരിക്കാം, ഫോണിന് 9-ഇഞ്ച് മൊത്തം വലുപ്പമുള്ള സ്‌ക്രീന്‍ ലഭിക്കുമെന്ന് ഫോണ്‍അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ഫോണിനു വേണ്ട പേറ്റന്റുകള്‍ കമ്പനി സ്വന്തമാക്കിയെന്നാണ് പറയുന്നത്. സാംസങ്, മൈക്രോസോഫ്റ്റ്, വാവെയ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഫോള്‍ഡബിൾ ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയുടെ വിജാഗിരി (ഹിഞ്ച്) ആയി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ചുളിവുകള്‍ വീഴാം.

 

എന്നാല്‍, ആപ്പിള്‍ നിർമിക്കാന്‍ ആഗ്രഹിക്കുന്ന ഐഫോണിൽ സ്ലൈഡു ചെയ്തു പുറത്തെടുക്കാവുന്ന ഡിസ്‌പ്ലേയ്ക്ക് ആ പ്രശ്‌നം ഉണ്ടായേക്കില്ല. അതേസമയം, സ്ലൈഡു ചെയ്ത് പുറത്തെടുക്കുന്ന ഡിസ്‌പ്ലേ നിർമിക്കുക എന്നത് മറ്റു തരത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കുമെന്നും പറയുന്നു. എന്നാല്‍, റോളബിൾ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഗ്ലാസ് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന സംശയവുമുണ്ട്. ഗ്ലാസിനു പകരംവയ്ക്കാവുന്ന എന്തെങ്കിലും പദാര്‍ഥമായിരിക്കാം ഉപയോഗിക്കുന്നത് എന്ന വാദവും ഉണ്ട്. ഒരു ഫോള്‍ഡബിൾ ബാറ്ററിക്കുള്ള പേറ്റന്റും ആപ്പിള്‍ സമര്‍പ്പിച്ചു. ഈ ബാറ്ററി സ്‌ക്രീനിന്റെ അരികിലായിരിക്കും ഘടിപ്പിക്കുക എന്നാണ് പറയുന്നത്. ഇത്തരം ഒരു ഫോണ്‍ ഇറങ്ങണമെന്നു നിര്‍ബന്ധമില്ല. പക്ഷേ, ആറിഞ്ചു വലുപ്പമുള്ള ഫോണായും ഒരു ഐപാഡ് മിനി ആയും രൂപമെടുക്കാന്‍ കഴിയുന്ന ഉപകരണം ആപ്പിള്‍ പുറത്തെടുത്താലും അദ്ഭുതപ്പെടേണ്ട. 

 

∙ ഐഫോണ്‍ എസ്ഇ3 മോഡലില്‍ 5ജി?

 

ആപ്പിള്‍ ഇറക്കുന്ന ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ മോഡലുകളാണ് ഐഫോണ്‍ എസ്ഇ സീരീസില്‍ വരുന്നത്. ഈ സീരീസില്‍ ഇതുവരെ രണ്ടു മോഡലുകളാണ് ഇറക്കിയിരിക്കുന്നത്. എസ്ഇ (2020) ആണ് അവസാനം ഇറക്കിയിരിക്കുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എസ്ഇ2022 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ആപ്പിളെന്ന് ജപ്പാനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മക്കൊടക്കാര (Macotakara) ബ്ലോഗ് അവകാശപ്പെടുന്നു. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ 5ജി ഒഴികെയുള്ള ഫോണിന്റെ ഫീച്ചറുകളെല്ലാം നിരാശപ്പെടുത്തുന്നതായിരിക്കും. എസ്ഇ2020 തന്നെ ഐഫോണ്‍ 8 മോഡലില്‍ കണ്ട ഡിസൈന്‍ ഉപയോഗിച്ചു നിര്‍മിച്ചതാണ്. ഇതേ ഡിസൈന്‍ തന്നെയായിരിക്കും എസ്ഇ2022ലും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. 

 

പക്ഷേ, ഫോണില്‍ ആപ്പിളിന്റെ എ15 ബയോണിക് പ്രോസസറും ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ എക്‌സ്60 5ജി മോഡവും ഉണ്ടായിരിക്കും. ഇതാണ് 5ജി കണക്ടിവിറ്റി ഉറപ്പാക്കുന്നത്. ഫോണിന് 4.7-ഇഞ്ച് വലുപ്പമുള്ള എല്‍സിഡി ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. വലുപ്പം കൂടിയ ബെസലും, ടച്ച്‌ഐഡി അല്ലെങ്കില്‍ ഹോം ബട്ടണും എല്ലാം അടങ്ങുന്ന പഴഞ്ചന്‍ രൂപകല്‍പനയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഫോണിന് ഒരു അലുമിനം ഫ്രെയിം കൊണ്ടുവന്നേക്കാമെന്നും പറയുന്നു. ഫോണിന്റെ നിര്‍മാണം ഡിസംബറില്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ആപ്പിള്‍ കമ്പനിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടുന്ന വിശകലന വിദഗ്ധന്‍ മിങ്-ചി കുവോയും ഇത്തരത്തിലൊരു ഫോണ്‍ ഇറങ്ങാനുള്ള സാധ്യത ശരിവച്ചിട്ടുണ്ട്. 

 

Doordarshan

∙ ഷാറുഖ് ഖാന്റെ പരസ്യങ്ങള്‍ വിലക്കി ബൈജൂസ് ആപ്

 

മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ പരസ്യങ്ങള്‍ ബൈജൂസ് ആപ്് തത്കാലത്തേക്ക് വിലക്കി. ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ഷാറൂഖ്. ദി ഇക്കണോമിക് ടൈംസില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഷാറൂഖിന്റെ പരസ്യങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസമായി ബൈജൂസ് പ്രദര്‍ശിപ്പിക്കുന്നതു നിർത്തിയിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിനു പിടിക്കപെട്ട വ്യക്തിയുടെ പിതാവിന്റെ പരസ്യങ്ങള്‍ വിദ്യാഭ്യാസ ആപ്പില്‍ കാണിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ നീക്കം. ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ പരസ്യങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

 

2017 മുതല്‍ ഷാറൂഖ് ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ പട്ടികയിലുണ്ട്. പ്രതിവര്‍ഷം ഏകദേശം 3-4 കോടി രൂപയാണ് നടന് പ്രതിഫലം നല്‍കിവരുന്നതെന്നാണ് സൂചന. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ പട്ടികയില്‍ നിന്ന് ബൈജൂസ് ഷാരൂഖിനെ ഒഴിവാക്കാൻ സാധ്യതയുണ്ട്. അടുത്തിടെ ഏകദേശം 2,200 കോടി രൂപയുടെ ഫണ്ടിങ് ആണ് ഈ വിദ്യാഭ്യാസ ആപ്പിന് ലഭിച്ചത്. ഇതോടെ ആപ്പിന്റെ മൂല്യം 1800 കോടി ഡോളറായി. 

 

∙ ബ്ലാക് ഷാര്‍ക് 4എസ് ഒക്ടോബര്‍ 13ന് അവതരിപ്പിച്ചേക്കും

 

ഷഓമിയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ ബ്ലാക് ഷാര്‍ക് 4എസ് ഒക്ടോബര്‍ 13ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണിന് 6.67-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ മോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഉള്ളത്. ഇതിന് 144 ഹെട്‌സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കുമെന്നു പറയുന്നു. 64-എംപിയുടെ പ്രധാന ക്യാമറ അടക്കം ട്രിപ്പിള്‍ പിന്‍ ക്യാമറാ സെറ്റ്-അപ്പും, 20 എംപി മുന്‍ ക്യാമറയും ഉണ്ടായിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 888 പ്ലസ് 5ജി ആയിരിക്കും പ്രോസസര്‍. കുറഞ്ഞ വേരിയന്റിന് 6ജിബി റാമും 128 ജിബി സ്റ്റോജ് ശേഷിയും പ്രതീക്ഷിക്കുന്നു. 120w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഫോണിന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

 

∙ പ്രസാര്‍ ഭാര്‍തി അനലോഗ് ട്രാന്‍സ്മിഷന്‍ നിർത്തുന്നു

 

ഏകദേശം 50 ടെറസ്ട്രിയല്‍ ട്രാന്‍സ്മിഷന്‍ സെന്ററുകള്‍ ഒഴികെ ഇന്ത്യയിലെ എല്ലാ അനലോഗ് ടിവി ട്രാന്‍സ്മിഷന്‍ കേന്ദ്രങ്ങളും പൂട്ടാന്‍ ഒരുങ്ങുകയാണ് പ്രസാര്‍ ഭാര്‍തി എന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യത്തെ 70 ശതമാനം അനലോഗ് ട്രാന്‍സ്മിറ്ററുകളും 2022 മാര്‍ച്ച് 31നു മുൻപ് അടച്ചുപൂട്ടാനാണ് ശ്രമം. ജോലിക്കാരെ കൂടുതല്‍ പ്രയോജനപ്രദമായ മേഖലകളിലേക്ക് മാറ്റി വിന്യസിച്ചേക്കും. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് ടെക്‌നോളജി ഇവയെ അനലോഗ് ട്രാന്‍സ്മിഷനെ കാലഹരണപ്പെട്ട സാങ്കേതികവിദ്യ എന്നാണ് വിശേഷിപ്പിക്കുന്നത്. ദേശീയ താത്പര്യപ്രകാരവും, പൊതുജന താത്പര്യപ്രകാരവുമാണ് ഇവ നിർത്തുന്നതെന്നു പറയുന്നു. അതേസമയം തന്ത്രപ്രധാന സ്ഥലങ്ങളിലുള്ള അമ്പതോളം പ്രസരണ കേന്ദ്രങ്ങള്‍ നിലനിര്‍ത്താനും ഉദ്ദേശമുണ്ട്.

 

English Summary: Apple might be making a revolutionary iPhone with a rollable screen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com