sections
MORE

തയ്‌വാന്‍ പിടിച്ചെടുക്കാനൊരുങ്ങി ചൈന! ടെക് ലോകം ഭീതിയിൽ; സോണിയും ജപ്പാനും രക്ഷയ്‌ക്കെത്തുമോ?

CHINA-US-SKOREA-TELECOMMUNICATION-WIRELESS-OPPO
SHARE

തയ്‌വാനെ ബലം പ്രയോഗിച്ചു കീഴടക്കിയേക്കുമെന്ന ചൈനീസ് ഭീഷണി ടെക്‌നോളജി മേഖലയിലും ആശങ്കയ്ക്ക് കാരണമായിരിക്കുന്നു. ആപ്പിള്‍ അടക്കമുള്ള മുൻനിര കമ്പനികള്‍ പ്രോസസറുകള്‍ക്കായി തയ്‌വാനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് ആശ്രയിക്കുന്നത്. വേണ്ടത്ര പ്രോസസറുകള്‍ ലഭിക്കാത്തതിനാല്‍ ടെക് മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. കുറച്ചു മാസങ്ങളായി പ്രോസസറുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇതിനിടെയാണ് പുതിയ ഭീഷണിയും വന്നിരിക്കുന്നത്. 

ടിഎസ്എംസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തയ്‌വാന്‍ സെമികണ്‍ഡക്ടര്‍ മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് ആണ് കരാറടിസ്ഥാനത്തില്‍ ചിപ്പുകള്‍ നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനി. തയ്‌വാനിലുള്ള അവരുടെ ഫാക്ടറി അടക്കം പ്രതിസന്ധിയിലാണ്. അമേരിക്കയില്‍ ടിഎസ്എംസിയെ ഒരു വമ്പന്‍ ചിപ്പ് നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. ഇതിനിടെ ജപ്പാന്‍ സർക്കാരും ജാപ്പനീസ് ടെക്‌നോളജി ഭീമന്‍ സോണിയും ടിഎസ്എംസിക്കൊപ്പം ചേര്‍ന്ന് ഒരു ചിപ്പ് നിര്‍മാണ ഫാക്ടറി ജപ്പാനില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ജപ്പാന്‍ സർക്കാർ ഇതിനായി 715 കോടി ഡോളര്‍ വകമാറ്റാന്‍ തയാറാണെന്നും റിപ്പോര്‍ട്ടുണ്ട്.

∙ 2024ല്‍ ഫാക്ടറി പ്രവര്‍ത്തനക്ഷമമാക്കാന്‍ തിരക്കിട്ട ശ്രമം നടത്തിയേക്കും

കംപ്യൂട്ടര്‍, സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ തുടങ്ങിയവ കൂടാതെ, ക്യാനന്‍ തുടങ്ങിയ ക്യാമറാ നിര്‍മാതാക്കള്‍, ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനികള്‍ തുടങ്ങിയവയ്ക്കും ചിപ്പ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായാല്‍ ഉപകരണങ്ങളുടെ വില കുതിച്ചുയരുകയും സമയോചിതമായി പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങൾ താളംതെറ്റുകയും ചെയ്യും. ജപ്പാനിലെ കുമാമോട്ടോയില്‍ തുടങ്ങുമെന്നു കരുതുന്ന ഫാക്ടറി, ആഗോള ചിപ്പ് പ്രതിസന്ധി വലിയൊരളവില്‍ പരിഹരിക്കാന്‍ സഹായിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് 2024ല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയേക്കുമെന്നാണ് പ്രതീക്ഷ. വാഹനങ്ങള്‍ക്കുള്ള സെമികണ്‍ഡക്ടറുകള്‍, ക്യാമറകള്‍ക്കുള്ള ചിപ്പുകള്‍ ഉള്‍പ്പടെയുള്ള ചിപ്പുകള്‍ നിര്‍മിച്ചെടുക്കാനായിരിക്കും ശ്രമം. ജപ്പാനിലെ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണ കമ്പനിയായ ഡെന്‍സോ പുതിയ പദ്ധതിയോട് സഹകരിക്കാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആപ്പിളിനടക്കം ചിപ്പുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ടിഎസ്എംസി ജപ്പാനിലെ പദ്ധതിയോട് സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

china-chip

∙ ചൈന തയ്‌വാന്‍ പിടിച്ചെടുക്കുമോ?

ലോകത്തെ ആധുനിക ഉപകരണ നിര്‍മാണത്തിനു വേണ്ട ചിപ്പ് നിര്‍മാണം തയ്‌വാനില്‍ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ടിഎസ്എംസി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജനാധിപത്യ സംവിധാനമുള്ള തയ്‌വാനെ ബലം പ്രയോഗിച്ച് തങ്ങളുടെ അധീനതിയിലാക്കാന്‍ മടിക്കില്ലെന്ന ചൈനയുടെ ഭീഷണിയും ടെക് മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ചിപ്പ് ദൗര്‍ലഭ്യത്തെക്കുറിച്ചും തങ്ങളുടെ വാഹന നിര്‍മാതാക്കളുടെ ഭാവിയെക്കുറിച്ചും ജപ്പാനും ഭയമുണ്ടെന്ന് നിക്കെയ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

∙ ഓട്ടോ ലൈവ് സ്ട്രീം ക്യാപ്ഷന്‍ കൂടുതല്‍ യൂട്യൂബര്‍മാര്‍ക്ക് ലഭ്യമാക്കും

യൂട്യൂബില്‍ 1000ലേറെ സബ്‌സ്‌ക്രൈബര്‍മാറുള്ള കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഓട്ടോ ലൈവ് സ്ട്രീം ക്യാപ്ഷന്‍ നല്‍കിയിരുന്നത്. ഇനി ഇത് തങ്ങളുടെ എല്ലാ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും നല്‍കുമെന്നാണ് കമ്പനി ബ്ലോഗ് വഴി അറിയിച്ചിരിക്കുന്നത്. 

∙ പ്രധാനമന്ത്രി ഇന്ന് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍ അവതരിപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സ്‌പേസ് അസേസിയേഷന്‍ അഥവാ ഇസ്പ (ISpA) ഒക്ടോബര്‍ 11ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി അവതരിപ്പിക്കും. ബഹിരാകാശ-സാറ്റലൈറ്റ് കമ്പനികള്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ അസോസിയേഷനായിരിക്കും ഇസ്പ. ഇന്ത്യന്‍ ബഹിരാകാശ ഡൊമെയിനിലെ നയരൂപീകരണം അടക്കമുള്ള കാര്യങ്ങളുടെ ചുമതല ഇസ്പയ്ക്ക് ആയിരിക്കും. സർക്കാർ ഏജന്‍സികള്‍ പോലും ഇതിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. 

PTI7_22_2019_000116B

∙ സാംസങ്ങിന്റെ 3എന്‍എം ചിപ്പുകള്‍ 2022ല്‍ പുറത്തിറക്കും

കസ്റ്റമര്‍മാര്‍ക്കു വേണ്ടി നിര്‍മിച്ചെടുക്കുന്ന 3എന്‍എം ചിപ്പുകള്‍ 2022 മുതല്‍ പുറത്തിറക്കുമെന്ന സാംസങ് അറിയിക്കുന്നു. ഇത്തരം ചിപ്പുകള്‍ക്ക് 5എന്‍എം ചിപ്പുകളെ അപേക്ഷിച്ച്, 3എന്‍എം ഗെയ്റ്റ്-ഓള്‍-എറൗണ്ട് (ജിഎഎ) നോഡ് വഴി 30 ശതമാനം അധിക പ്രകടന മികവാണ് കിട്ടുക. ബാറ്ററിയുടെ ശക്തി ഉപയോഗിക്കുന്നത് 50 ശതമാനം കുറയ്ക്കുകയും ചെയ്യാം. ഇതു കൂടാതെ 35 ശതമാനം വലുപ്പക്കുറവും ഉണ്ടായിരിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. അതേസമയം, കൂടുതല്‍ പ്രകടന മികവ് കൊണ്ടുവാരാന്‍ സാധിക്കുന്ന എംബിസിഎഫ്ഇടി ഉള്‍പ്പെടുന്ന, 2എന്‍എം പ്രോസസ് നോഡിന്റെ നിര്‍മാണത്തിന് തുടക്കമിടുകയാണെന്നും കമ്പനി അറിയിക്കുന്നു. ഇത് 2025ലായിരിക്കും പുറത്തിറക്കാന്‍ ശ്രമിക്കുക. 

∙ ലോകത്തെ ഏറ്റവും സുരക്ഷിതമായ എടിവി ടെസ്‌ലയുടേത് ആയിരിക്കുമെന്ന് മസ്‌ക്

ലോക വാഹന വിപണിയില്‍ വിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഒന്നാണ് ടെസ്‌ലയുടെ ഓള്‍-ടെറെയ്ന്‍ വീഇക്ള്‍ അഥവാ എടിവിയായ സൈബര്‍സ്‌ക്വാഡ്. ഇതായിരിക്കും ലോകത്തെ ഏറ്റവും സുരക്ഷിതമായ എടിവി എന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടു. ഏതുതരം പ്രദേശത്തും ഓടുക എന്നു പറയുന്നത് അപകടം പിടിച്ച കാര്യമാണ്. എന്നാല്‍, വളരെ മാറ്റമുള്ള ഒരു രൂപകല്‍പന സ്വീകരിക്കുക വഴി ഇതിനെ മറികടക്കാന്‍ സാധിച്ചിട്ടുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്തായാലും, നിലവിലുള്ള മറ്റേത് എടിവിയെക്കാളും സുരക്ഷിതമായിരിക്കും ടെസ്‌ലയുടെ എടിവി എന്നാണ് മേധാവിയുടെ അവകാശവാദം.

∙ പിക്‌സല്‍ 6 ഫോണുകളില്‍ പുതിയ വിഡിയോ എഡിറ്റിങ് ഫീച്ചര്‍-മാജിക് ഇറെയ്‌സര്‍?

ഗൂഗിളിന്റെ പുതിയ സ്മാര്‍ട് ഫോണ്‍ മോഡലുകളായ പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ മോഡലുകള്‍ ഒക്ടോബര്‍ 19ന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ഇവയ്ക്ക് 5 വര്‍ഷത്തേക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭിക്കുമെന്നതാണ്. ഫോണിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്തുവിട്ട ലീക്കര്‍ ഇവാന്‍ ബ്ലിസ് ഇപ്പോള്‍ അവകാശപ്പെടുന്നതു ശരിയാണെങ്കില്‍ പിക്‌സല്‍ മോഡലുകളില്‍ ഒരു പുതിയ എഡിറ്റിങ് ഫീച്ചറും ഉണ്ടായിരിക്കും - മാജിക് ഇറെയ്‌സര്‍. പകര്‍ത്തുന്ന വിഡിയോകളില്‍ ആവശ്യമില്ലെന്നു തോന്നുന്ന ആളുകളെയും സാധനങ്ങളെയും മാന്ത്രികമായി മായിച്ചു കളയാനുള്ള സോഫ്റ്റ്‌വെയര്‍ ആണ് മാജിക് ഇറെയ്‌സര്‍. ഗൂഗിള്‍ സ്വന്തമായി നിര്‍മിച്ച ടെന്‍സര്‍ പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഫോണ്‍ മോഡലുകളും ആയിരിക്കും ഇവ. 

English Summary: Japan considers financial support for Taiwan's TSMC to build chip plant

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA