ADVERTISEMENT

റോഡ് സുരക്ഷയുടെ കാര്യത്തില്‍ നിർമിതബുദ്ധിക്ക് പല രീതിയിലും സഹായിക്കാനാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മൂന്നു പ്രത്യേക വക്താക്കാൾ പറഞ്ഞു. ഇവരാണ് റോഡ് സുരക്ഷയ്ക്ക് എഐ എന്ന സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. അപകടസ്ഥലത്തു നിന്നുള്ള ഡേറ്റ വിശകലനം ചെയ്യുക, റോഡുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, അപകടം നടന്നതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുക, പുതിയ റോഡ് സുരക്ഷാ നിയമങ്ങള്‍ക്ക് പ്രചോദനം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ എഐക്കു സഹായിക്കാനാകും. ഇതുവഴി 2030 എത്തുമ്പോഴേക്ക് വാഹനാപകട മരണങ്ങള്‍ പകുതിയായി കുറയ്ക്കാമെന്നാണ് യുഎന്‍ പറയുന്നത്.

 

∙ 13 ലക്ഷം മരണവും 5 കോടി പേർക്ക് വരെ പരുക്കും

 

രാജ്യങ്ങളും നിക്ഷേപകരും നിർമിതബുദ്ധിയുടെ വിന്യസവും ഉപയോഗവും വര്‍ധിപ്പിക്കണമെന്നും അതുവഴി റോഡുകള്‍ എല്ലാവര്‍ക്കും സുരക്ഷിതമാക്കാമെന്നും എന്‍വോയ് പറയുന്നു. പുതിയ സംരംഭത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് 2030 തോടെ റോഡപകട മരണങ്ങളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയായി കുറയ്ക്കാനാണെങ്കില്‍, മറ്റൊന്ന് എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രകള്‍ സാധ്യമാക്കുക എന്നതാണ്. ഇതിനായി ഇടത്തരം, കുറഞ്ഞ വരുമാനമുളള രാജ്യങ്ങളില്‍ നിർമിതബുദ്ധിയുടെ ഉപയോഗം വേഗത്തിലാക്കണം. ഇവിടങ്ങളിലാണ് റോഡപകടങ്ങളില്‍ കൂടുതല്‍ ആളുകള്‍ വര്‍ഷവും മരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം പ്രതിവര്‍ഷം ഏകദേശം 13 ലക്ഷം പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. ഏകദേശം 2-5 കോടി ആളുകള്‍ക്ക് വാഹനാപകടങ്ങളിൽ പരുക്കേല്‍ക്കുകയും ചെയ്യുന്നു. ഇവരില്‍ ചിലര്‍ക്ക് ആജീവനാന്തം പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യാം.

Hindu God Krishna on blue background

 

∙ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ വികസ്വര രാജ്യങ്ങളില്‍ നിരത്തിലിറങ്ങാന്‍ സമയമെടുത്തേക്കും

 

റോഡ് സുരക്ഷയുടെ കാര്യത്തില്‍ എഐ പ്രയോജനപ്പെടുത്തി, വികസിത രാജ്യങ്ങളും മറ്റു രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നാണ് റോഡ് സുരക്ഷാ എന്‍വോയ് ആയ ജീന്‍ ടോഡ്റ്റ് പറയുന്നത്. 'ഭാഗികമായി സ്വയമോടുന്ന കാറുകള്‍' വിപണികളിലേക്ക് എത്തുകയാണ്. ഇനി സ്വയം പ്രവര്‍ത്തിക്കുന്ന കാറുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടും. തമ്മില്‍ കണക്ടു ചെയ്തായിരിക്കാം ഇത്തരം വാഹനങ്ങള്‍ ഓടുക എന്നതും റോഡ് സുരക്ഷയ്ക്ക് ഗുണകരമായേക്കാം. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ അവികസിത, വികസ്വര രാജ്യങ്ങളിലേക്ക് അടുത്തെങ്ങും എത്തുമെന്നും കരുതാനാവില്ല. ഇതിനാല്‍ തന്നെ, റോഡ് അപകടങ്ങള്‍ കുറയ്ക്കാനായി വേണ്ട നീക്കങ്ങള്‍ നടത്തുക എന്നതാണ് അവികസിത രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാനാകുന്ന കാര്യം. ടെക്‌നോളജി ഉപയോഗിക്കാനുള്ള ചെലവ് ഇപ്പോഴും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 വന്നതോടെ മിക്കവരും സ്വന്തം വാഹനങ്ങള്‍ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. 

 

∙ ഫെയ്‌സ്ബുക് ഡിലീറ്റ് ചെയ്യണോ എന്ന് ടൈം മാഗസിന്‍

 

ലോകത്തെ ജനപ്രിയ മാസികളിലൊന്നായ ‘ടൈം’ ന്റെ ഏറ്റവും പുതിയ കവര്‍ ചിത്രത്തില്‍ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഒപ്പം ഫെയ്‌സ്ബുക് ഡിലീറ്റ് ചെയ്യണോ എന്ന ചോദ്യവും ചോദിച്ചിരിക്കുന്നു. കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള രീതിയിലാണ് ഫെയ്‌സ്ബുക്കിന്റെ അല്‍ഗോറിതങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് കമ്പനിയിലെ മുന്‍ ജീവനക്കാരി ഫ്രാന്‍സിസ് ഹോഗൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ടൈം പുതിയ കവര്‍ ചിത്രം ഇറക്കിയിരിക്കുന്നത്. വരാനിരിക്കുന്ന അക്രമങ്ങൾ തടയിടാനായി ഫെയ്‌സ്ബുക് ഒന്നും ചെയ്തിരുന്നില്ലെന്നും ഫ്രാന്‍സിസ് ആരോപിച്ചിരുന്നു. കമ്പനിക്കുള്ളില്‍ ലാഭത്തേക്കാളേറെ ആളുകള്‍ക്കു പ്രാധാന്യം നല്‍കിവന്ന ടീമിന്റെ പ്രവര്‍ത്തനം ഫെയ്‌സ്ബുക് അവസാനിപ്പിച്ചതിനെക്കുറിച്ചുള്ള ലേഖനവും ടൈം മാഗസിനിലുണ്ട്.

 

∙ അല്‍ഗോരിതങ്ങള്‍ അധികാരികള്‍ക്കായി തുറന്നു നല്‍കാമെന്ന് ഫെയ്‌സ്ബുക്

 

അനുദിനം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സമൂഹ മാധ്യമ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കിന്റെ മുഖ്യ വക്താവ് നിക്ക് ക്ലെഗ് പറഞ്ഞത് തങ്ങളുടെ അല്‍ഗോരിതങ്ങള്‍ അധികാരികള്‍ക്ക് പരിശോധിക്കാനായി തുറന്നു നല്‍കാമെന്നാണ്. 

 

∙ ‘ഇടവേള എടുക്കൂ’ പറയുന്നത് ഇന്‍സ്റ്റഗ്രാം

 

ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം യുവജനങ്ങളുടെ ഇഷ്ടപ്പെട്ട മറ്റൊരു ആപ്പാണ്. എന്നാല്‍, ഇതിന്റെയും അമിതോപയോഗം വരുംതലമുറയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന വാദങ്ങള്‍ സജീവമാണ്. ഈ സാഹചര്യത്തിൽ ഉപയോക്താക്കളോട് 'ഒരു ഇടവേള എടുക്കൂ' എന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം എന്നു പറയുന്നു. ഉപദ്രവകരമായ ഉള്ളടക്കം കാണാന്‍ പോകുന്ന സമയത്ത് ടീനേജര്‍മാര്‍ക്ക് 'ടേക്ക് എ ബ്രേക്ക്' എന്ന സന്ദേശം നല്‍കാനാണ് ഇന്‍സ്റ്റഗ്രാം ഉദ്ദേശിക്കുന്നത്.

 

∙ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോയുടെ ഡെഫനിറ്റീവ് എഡിഷന്‍ വരുന്നു

 

കംപ്യൂട്ടര്‍ ഗെയിം കളികാരെ ഇളക്കിമറിച്ച ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോയുടെ റീമാസ്റ്റര്‍ ചെയ്ത മൂന്നു പതിപ്പുകള്‍ റിലീസിനൊരുങ്ങുന്നു. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ III, ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വൈസ് സിറ്റി, ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോസാന്‍ ആൻഡ്രിയാസ് എന്നിവയാണ് മാറ്റങ്ങള്‍ വരുത്തിയ പതിപ്പുകൾ. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ IIIയുടെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരിക്കും ഇവ പുറത്തിറക്കുക. ഗ്രാഫിക്‌സ്, ഗെയിം പ്ലേ മികവ് തുടങ്ങിയവ പുതിയ വേര്‍ഷനുകളില്‍ പ്രതീക്ഷിക്കാമെങ്കിലും ഇവയുടെ ക്ലാസിക് അനുഭവം നിലനിര്‍ത്തി തന്നെയായിരിക്കും പുതിയ വേര്‍ഷനുകള്‍ എത്തുക. ഇവയുടെ ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ അടുത്ത വര്‍ഷം പുറത്തിറക്കാനും കമ്പനിക്ക് ഉദ്ദേശമുണ്ട്.

 

∙ ജിമെയില്‍, ഔട്ട്‌ലുക്ക് മെയില്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

 

ലോകത്തെ ഏറ്റവും പ്രശസ്തമായ ഇമെയില്‍ സേവനങ്ങളായ ഗൂഗിളിന്റെ ജിമെയിലും മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്കും ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പുകള്‍ വ്യാപകമാകുകയാണെന്ന് എക്‌സ്പ്രസ് യുകെ റിപ്പോര്‍ട്ടു ചെയ്യുന്നു. പല സൂപ്പര്‍മാര്‍ക്കറ്റുകളും ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും എന്ന ഭാവേന എത്തുന്ന ഇമെയിലുകളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനാല്‍ പരിചയമില്ലാത്ത അഡ്രസില്‍ നിന്നു വരുന്ന മെയിലുകള്‍ തുറക്കാതിരിക്കുക, നേരത്തെ അറിയില്ലാത്ത അഡ്രസുകളില്‍ നിന്നു വരുന്ന അറ്റാച്‌മെന്റുകള്‍ തുറക്കാതിരിക്കുക, വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിച്ചാലും നല്‍കാതിരിക്കുക, സര്‍വേക്ക് ആണെന്നു പറഞ്ഞ് അയയ്ക്കുന്ന ലിങ്കുകളിലും മെയില്‍ ഐഡിയും പാസ്‌വേഡും നല്‍കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. 

 

∙ വണ്‍പ്ലസ് നോര്‍ഡ് 2ന്റെ പുതിയ അപ്‌ഡേറ്റ് ക്യാമറയുടെ പ്രകടനം മെച്ചപ്പെടുത്തുമെന്ന്

 

നോര്‍ഡ് 2 സ്മാര്‍ട് ഫോണിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന സോഫ്റ്റ്‌വെയര്‍ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ക്യാമറയുടെ പ്രകടനത്തിലും സിസ്റ്റം പ്രകടനത്തിലും നെറ്റ്‌വര്‍ക്ക് സ്ഥിരതയ്ക്കും ഗുണചെയ്യുമെന്ന് വണ്‍പ്ലസ് അറിയിച്ചു. പാച്ച് ചില സന്ദര്‍ഭങ്ങളില്‍ ബാറ്ററിയുടെ ഉപയോഗം കുറയ്ക്കും, ക്യാമറയ്ക്കാണെങ്കില്‍ എച്ഡിആര്‍ എഫക്ട് മെച്ചപ്പെടുത്തും. ഇതൊക്കെയാണെങ്കിലും വണ്‍പ്ലസിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ അല്‍പം കാത്തിരുന്ന്, പൊതുവെ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരിക്കും ഉചിതമെന്നു പറയേണ്ടിവരും. 

 

∙ മണിപ്പൂരില്‍ മരുന്നുകള്‍ എത്തിക്കാൻ ഡ്രോണ്‍ സേവനം

 

ഡ്രോണുകളുടെ സഹായത്തോടെ കോവിഡ്-19 വാക്‌സീനുകള്‍ എത്തിച്ച് പ്രശസ്തി നേടിയ മണിപ്പൂരില്‍ ഇപ്പോള്‍ യുഎവി വഴി മറ്റു മരുന്നുകളും എത്തിച്ചു തുടങ്ങി. ഏകദേശം 29 കിലോമീറ്റര്‍ അകലേക്കാണ് മരുന്നുകള്‍ എത്തിച്ചിരിക്കുന്നത്. ഇതിന് 34 മിനിറ്റാണ് സമയമെടുത്തത്. യുഎവി തിരിച്ചെത്താനും അതേസമയം എടുത്തു. മെഡിസിൻ ബോക്സ് ഒരു പ്രശ്‌നവുമില്ലാതെ ഡ്രോൺ വഴി എത്തിക്കാനായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

English Summary: AI-powered tech system can help reduce road accidents in cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com