ADVERTISEMENT

വാട്‌സാപ്പിലെ പ്രധാനപ്പെട്ട സന്ദേശങ്ങളും ഇഷ്ടപ്പെട്ട വിഡിയോകളും ഫോട്ടോകളും ഉപയോക്താക്കള്‍ ഇപ്പോൾ ഗൂഗിൾ ഡ്രൈവിലാണ് സ്റ്റോർ ചെയ്യുന്നത്. നിലവില്‍ ഒരു ഉപയോക്താവിന്റെ ഗൂഗിള്‍ അക്കൗണ്ടില്‍ എന്തുമാത്രം സ്റ്റോറേജ് ശേഷിയുണ്ട് എന്നതുപോലും കണക്കിലെടുക്കാതെയാണ് ഇവയെല്ലാം ഗൂഗിള്‍ ഡ്രൈവിൽ ശേഖരിക്കുന്നത്. വാട്‌സാപ്പിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന വാബീറ്റാഇന്‍ഫോ പറയുന്നത് ശരിയാണെങ്കില്‍ വൈകാതെ തന്നെ ഗൂഗിള്‍ ഡ്രൈവിലേക്ക് യഥേഷ്ടം ഡേറ്റ തള്ളിവിടുന്ന പരിപാടി അവസാനിക്കാന്‍ പോകുകയാണ് എന്നാണ്. 

 

∙ ഇനി 2 ജിബി ഡേറ്റാ ബാക്ക്അപ്പ് മാത്രം?

 

വാട്‌സാപ് ബാക്അപ്പിനെക്കുറിച്ച് ഗൂഗിള്‍ പുതിയ നയം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതുപ്രകാരം ഒരു വാട്‌സാപ് ഉപയോക്താവിന് പരമാവധി 2000 എംബി (2ജിബി) ഡേറ്റ മാത്രമായിരിക്കും ഗൂഗിള്‍ ഡ്രൈവില്‍ സംഭരിക്കാനാകുക. മിക്ക വാട്‌സാപ് ഉപയോക്താക്കള്‍ക്കും ഇത് ഏതാനും ദിവസംകൊണ്ട് തീരും. ഗൂഗിള്‍ ഡ്രൈവ് ബാക്അപ്പ് എന്നത് ഏതാനും വര്‍ഷം മുൻപ് വരെ ഒരാളുടെ ഗൂഗിള്‍ ഡ്രൈവിന്റെ സ്റ്റോറേജ് ശേഷിക്ക് അനുസരിച്ചായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍, 2018 ലാണ് ടെക്‌നോളജി ഭീമന്മാരായ ഗൂഗിളും വാട്‌സാപ് ഉടമയായ ഫെയ്‌സ്ബുക്കും യോജിച്ച് ഒരാളുടെ അക്കൗണ്ടിന്റെ സ്റ്റോറേജ് ശേഷി പരിഗണക്കാതെ ഇഷ്ടംപോലെ സ്‌റ്റോർ ചെയ്യാമെന്ന നിലപാട് സ്വീകരിച്ചത്. വാട്‌സാപ് ബാക്അപ്പുകള്‍ ഫോണ്‍ നമ്പറും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അപ്‌ഡേറ്റു ചെയ്യാത്ത വാട്‌സാപ് ബാക്അപ്പുകളും ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് നീക്കം ചെയ്യപ്പെടും.

 

∙ ഇതിനെതിരെ വാട്‌സാപ് എന്തു ചെയ്യും?

 

ഇനി മുതൽ വാട്സാപ് ഉപയോക്താക്കള്‍ക്ക് ബാക്അപ്പ് സൈസ് ക്രമീകരിക്കാനുള്ള അവസരം നല്‍കാന്‍ ഒരുങ്ങുകയാണ് എന്നാണ് വാബീറ്റാഇന്‍ഫോ പറയുന്നത്. അതായത്, അടുത്ത ബാക്അപ്പിലേക്ക് വേണ്ട ഫയലുകള്‍ മാത്രം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയേക്കുമെന്നു പറയുന്നു. എന്നാല്‍, ഗൂഗിള്‍ ഡ്രൈവിലേക്കുള്ള അപ്‌ലോഡിങ് പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണോ ഈ മാറ്റമെന്ന് ഉറപ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഗൂഗിള്‍ ഡ്രൈവിലേക്കുള്ള വാട്‌സാപ് ബാക്അപ്പ് 2 ജിബി ആക്കി പരിമിതപ്പെടുത്താനോ അല്ലെങ്കില്‍ ഒരാളുടെ ഗൂഗിള്‍ അക്കൗണ്ടിലുള്ള സംഭരണശേഷി മാത്രം ഉപയോഗിക്കാനോ മാത്രം സാധിക്കുന്ന രീതിയില്‍ പരിമിതപ്പെടുത്താനുളള സാധ്യത ഏറെയാണെന്നും പറയുന്നു. ഇതുവരെ ബാക്അപ്പ് ചെയ്തിരിക്കുന്ന ഫയലുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, ഇത് ഔദ്യോഗികമായി ഗൂഗിളോ ഫെയ്‌സ്ബുക്കോ പറഞ്ഞിരിക്കുന്ന കാര്യമല്ലെന്നും ഓര്‍ക്കുക. ഇരു കമ്പനികളും ഇനി എന്തെങ്കിലും ധാരണയില്‍ എത്തിയാല്‍ പോലും തുടര്‍ന്നും ബാക്അപ്പ് സാധിച്ചേക്കും.

 

∙ ഇത് വേണ്ടകാര്യം?

 

അതേസമയം, ഇത് നല്ലൊരു നീക്കമാണെന്നും പറയുന്നു. കാരണം ക്ലൗഡ് സംഭരണം നിലനിര്‍ത്താനായി വന്‍തോതില്‍ വൈദ്യുതി വേണ്ടിവരുന്നുണ്ട്. പുതിയ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകം ഒന്നടങ്കമുള്ളവർ തള്ളിവിടുന്ന സകല ചപ്പും ചവറും സൂക്ഷിക്കാനായി ക്ലൗഡ് സംഭരണശേഷികള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിലയിരുത്തലുണ്ട്. അതേസമയം, വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക് സ്വന്തമായി ബാക്അപ്പ് സംവിധാനങ്ങള്‍ സൃഷ്ടിക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടറിയേണ്ടതുണ്ട്.

 

∙ സാംസങ്ങിന്റെ ആധുനിക ഫ്രിജുകള്‍ എത്തി, തുടക്ക മോഡലിന് വില 1,67,990 രൂപ

 

വീടുകള്‍ക്കുള്ള റെഫ്രിജറേറ്റര്‍ നിര്‍മാണ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. തങ്ങളുടെ  ബിസ്‌പോക് (Bespoke) ശ്രേണിയില്‍ സാംസങ് അവതരിപ്പിച്ചിരിക്കുന്നത് നാലു ഡോറുകളുള്ള ഫ്‌ളെക്‌സ് ഫാമിലി ഹബും, നാലു ഡോറുള്ള ഫ്‌ളെക്‌സ് ഫ്രെഞ്ച് ഡോര്‍ ഫ്രിജുകളും ആണ്. സാംസങ് ബിസ്‌പോക്ക് ഗ്ലാം വൈറ്റ്ഗ്ലാസ് ഇരട്ട കളര്‍ 674 ലീറ്റര്‍ ഫ്രിജിന് 1,67,990 രൂപയാണ് എംആര്‍പി. ഫാമിലി ഹബ് 934 ലീറ്റര്‍ മോഡലിന് 2,55,000 രൂപയുമാണ് എംആര്‍പി. സാംസങ്ങിന്റെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയായിരിക്കും ഇവയുടെ വില്‍പന. പ്രീ-ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു പ്രയോജനപ്പെടുത്തിയാല്‍ 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. കൂടാതെ 18 മാസത്തെ തവണ വ്യവസ്ഥയിലും ഈ ശ്രേണിയിലുള്ള ഫ്രിജുകള്‍ വാങ്ങാം. ഡീഓര്‍ഡറൈസര്‍, ട്രിപ്പിള്‍ കൂളിങ് സിസ്റ്റം, ഓട്ടോ ഐസ് മേക്കര്‍ അടക്കമുള്ള ഫീച്ചറുകള്‍ ഉണ്ട് ഇവയ്ക്ക്. ഫാമിലിഹബ് 6.0 മോഡലുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Apple-office

 

∙ സാംസങ് ലീഡര്‍ വീണ്ടും പ്രശ്‌നത്തില്‍

 

അഴിമതി കേസില്‍പ്പെട്ട് ജയിലിലായിരുന്ന സാംസങ് മേധാവി ജേ വൈ ലീ പരോളില്‍ ഇറങ്ങിയിരുന്നു. എന്നാല്‍, വിലക്കേർപ്പെടുത്തിയ ഡ്രഗ് ഉപയോഗിച്ചു എന്നതിന്റെ പേരില്‍ അദ്ദേഹം വീണ്ടും കുറ്റവിചാരണ നേരിടുകയാണ്. ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമനായ സാംസങ് തങ്ങളുടെ മേധാവി പുറത്തെത്തിയതോടെ വന്‍ കുതിപ്പു നടത്തുമെന്നു പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്താകുമോ എന്നാണ് ഇപ്പോള്‍ ടെക്‌നോളജി ലോകം ഉറ്റു നോക്കുന്നത്. ലീ പുറത്തിറങ്ങി കഴിഞ്ഞ് അമേരിക്കയില്‍ 1700 കോടി ഡോളര്‍ മുതല്‍മുടക്കി പുതിയ പ്രോസസര്‍ നിര്‍മാണ ഫാക്ടറി തുടങ്ങുന്നത് അടക്കമുള്ള പല തീരുമാനങ്ങളും എടുത്തിരുന്നു. 

 

∙ കുറച്ചു നേരത്തേക്ക് ജിമെയില്‍ പ്രവര്‍ത്തന രഹിതമായി

 

ഡൗണ്‍ ഡിറ്റക്ടറിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ ചില ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്റെ ഫ്രീ ഇമെയില്‍ സേവനമായ ജിമെയില്‍ കുറച്ചു സമയത്തേക്ക് 12-ാം തിയതി പ്രവര്‍ത്തനരഹിതമായി. ഇതു ബാധിച്ചവരില്‍ 68 ശതമാനം പേര്‍ക്കും ഇന്‍ബോക്‌സില്‍ പ്രശ്‌നങ്ങള്‍ നേരിട്ടുവെങ്കില്‍ 18 ശതമാനം പേര്‍ക്ക് സെര്‍വറുമായുള്ള ബന്ധത്തിലായിരുന്നു കുഴപ്പം. എന്നാല്‍ 14 ശതമാനം പേര്‍ക്ക് ലോഗ്-ഇന്‍ പ്രശ്‌നങ്ങളായിരുന്നു നേരിടേണ്ടി വന്നത്. മറ്റു ചില രാജ്യങ്ങളിലും ഇതു സംഭവിച്ചിരിക്കാമെന്നും ഇക്കാര്യത്തെക്കുറിച്ച് ഗൂഗിള്‍ ഇനിയും പ്രതികരിച്ചിട്ടില്ലെന്നും പറയുന്നു. 

 

∙ കമ്പനിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഹോഗനുമായി ഫെയ്‌സ്ബുക് ചര്‍ച്ച നടത്തും

 

ഫെയ്‌സ്ബുക്കിനെ പ്രതിസന്ധിയിലക്കിയ മുന്‍ ജീവനക്കാരി ഫ്രാന്‍സെസ് ഹോഗനുമായി കമ്പനിയുടെ ഓവര്‍സൈറ്റ് ബോര്‍ഡ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. കൗമാര പെണ്‍കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു എന്ന് ഫെയ്‌സ്ബുക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ച് മുന്നോട്ടു പോകാനാണ് കമ്പനി തീരുമാനിച്ചതെന്നുമുള്ള ആരോപണങ്ങൾ ഇവര്‍ ഉന്നയിച്ചിരുന്നു. ഇത് ഫെയ്സ്ബുക്കിന് നാണക്കേടുണ്ടാക്കുകയു ചെയ്തിരുന്നു. എന്നാൽ, ആരോപണങ്ങള്‍ കമ്പനി തള്ളിക്കളഞ്ഞിരുന്നു.

 

∙ ആപ്പിള്‍ ഒക്‌ടോബര്‍ 18ന് പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കും?

 

ഒക്ടോബര്‍ 18ന് തങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഇവന്റ് സംഘടിപ്പിക്കുന്നതായി ആപ്പിള്‍ അറിയിച്ചു. അടുത്ത തലമുറയിലെ മാക്ബുക്ക് പ്രോ അടക്കമുള്ള ഉപകരണങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ പുതിയ പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവ ആയിരിക്കും പുതിയ ലാപ്‌ടോപ്പുകള്‍ എന്നു കരുതുന്നു. എയര്‍പോഡ്‌സ് 3, പുതിയ മാക് മിനി തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്. 

 

∙ ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് 

 

ആപ്പിളിന്റെ ഐഒഎസ്, ഐപാഡ് ഒഎസ് 15ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഇറക്കിയിരിക്കുകയാണ് കമ്പനി. വേര്‍ഷന്‍ 15.0.2 ആണ് ഇപ്പോള്‍ ലഭ്യാക്കിയിരിക്കുന്നത്. ആപ്പിള്‍ വാച്ചിനും അപ്‌ഡേറ്റ് ഉണ്ട്.

 

English Summary: Google may have some ‘bad’ news for WhatsApp users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com