ADVERTISEMENT

ലോകം ഒന്നടങ്കം കടുത്ത പ്രോസസര്‍ പ്രതിസന്ധി നേരിടാന്‍ പോകുകയാണ്, എല്ലാ കമ്പനികളും ഇതു നേരിടേണ്ടിവരും, പക്ഷേ ആപ്പിള്‍ കമ്പനിക്ക് ഇത് ഈ വര്‍ഷം പ്രശ്‌നമായേക്കില്ല എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിളിന് ഏറ്റവും പുതിയ ഐഫോണ്‍ 13 സീരീസില്‍ ഒരു കോടി ഫോണുകള്‍ നിർമിക്കാന്‍ സാധിച്ചേക്കില്ലെന്നു പറയുന്നു. ഐഫോണ്‍ 13, 13 മിനി, 13 പ്രോ, 13 പ്രോ മാക്‌സ് എന്നീ പ്രീമിയം മോഡലുകളെല്ലാം ഇതില്‍ പെടും. കമ്പനിക്കായി ഘടകഭാഗങ്ങള്‍ നല്‍കുന്ന ബ്രോഡ്‌കോം, ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് എന്നീ കമ്പനികള്‍ക്ക് വേണ്ടത്ര ഭാഗങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സാധിക്കാത്തതാണ് ആപ്പിളിന് പ്രശ്‌നമായിരിക്കുന്നത്. കോവിഡ് ബാധയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

 

∙ പ്രശ്‌നം വഷളാകുന്നു?

 

ലോകം ഇതുവരെ നേരിട്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രോസസര്‍ ക്ഷമാമാണ് ഇപ്പോള്‍ കാണുന്നത്. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍വിഡിയ ജിപിയു, പിഎസ്5, എക്‌സ്‌ബോക്‌സ് സീരീസ് എക്‌സ് തുടങ്ങിയവയുടെ നിര്‍മാണം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, ചിപ്പ് പ്രതിസന്ധിയുടെ വ്യാപ്തി കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ 13നായി ബ്രോഡ്‌കോം വയര്‍ലെസ് ഭാഗങ്ങളാണ് എത്തിച്ചുകൊടുക്കുന്നതെങ്കില്‍ ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് നല്‍കുന്നത് ഡിസ്‌പ്ലേയ്ക്കു വേണ്ട ഭാഗങ്ങളാണ്. ഐഫോണ്‍ നിര്‍മാതാവിന് ഘടകഭാഗങ്ങള്‍ എത്തിച്ചു നല്‍കുന്ന കമ്പനികളില്‍ പ്രശ്‌നത്തിലായത് ഇവ രണ്ടും മാത്രമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

∙ ഒരു കോടി ഐഫോണ്‍ നിർമിക്കാനായില്ലെങ്കില്‍ അത് എങ്ങനെ ആപ്പിളിനെ ബാധിക്കും?

CHINA-US-SKOREA-TELECOMMUNICATION-WIRELESS-OPPO

 

ഫോണ്‍ നിര്‍മാണവും വില്‍പനയും തമ്മില്‍ കൃത്യമായ ബന്ധമില്ല. എന്നാല്‍, കൂടുതല്‍ ഫോണുകള്‍ നിർമിച്ചു ഇറക്കാനാകുക എന്നത് വിജയത്തിന്റ ലക്ഷണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു കോടി ഫോണുകള്‍ നിർമിക്കാനായില്ലെങ്കില്‍ അത് ആപ്പിളിന് കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് ചില വിലയിരുത്തലുകള്‍. ഈ സീരീസില്‍ ഏകദേശം 9 കോടി ഐഫോണുകളാണ് കമ്പനി ഇറക്കാനിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിളിന് 720 കോടി ഡോളറായിരിക്കും ഈ വര്‍ഷം നഷ്ടം നേരിടാന്‍ പോകുന്നത് എന്നാണ് ഏകദേശ കണക്ക്. മിക്ക കമ്പനികളും തങ്ങള്‍ എത്ര ഫോണുകള്‍ വിറ്റുവെന്ന കൃത്യമായ കണക്ക് പുറത്തുവിടാറില്ല. ഗവേഷണ കമ്പനിയായ ഐഡിസിയുടെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം 9.01 കോടി ഫോണുകളാണ് ആപ്പിള്‍ വിറ്റത്. ഇതു വഴി കമ്പനിക്ക് ലഭിച്ചത് 6,500 കോടി ഡോളറാണെന്നും പറയുന്നു.

 

∙ കണക്കുകള്‍ തെറ്റാം

 

എന്നാല്‍, ഈ കണക്കുകളില്‍ തെറ്റുവരാനുള്ള സാധ്യതയും ഉണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ ഐഫോണ്‍ വില്‍പനയുടെ സമയം വരാനിരിക്കുകയാണ്. ആ സമയത്ത് ഓര്‍ഡര്‍ ചെയ്താല്‍ ഐഫോണ്‍ ലഭിക്കില്ലെങ്കില്‍ അവര്‍ മറ്റേതെങ്കിലും ഫോണ്‍ വാങ്ങുകയോ കയ്യിലുള്ള ഫോണ്‍ ഒരു വര്‍ഷം കൂടി ഉപയോഗിക്കാന്‍ തീരുമാനിക്കുകയോ ചെയ്താലാണ് ആപ്പിളിന് നഷ്ടമുണ്ടാകുക. അതല്ല, തങ്ങള്‍ ഐഫോണ്‍ തന്നെ ഓര്‍ഡര്‍ ചെയ്യുന്നു. ആപ്പിള്‍ എപ്പോഴെങ്കിലും എത്തിച്ചു തരട്ടെ. കാത്തിരിക്കാന്‍ തയാറാണ് എന്ന നിലപാടാണ് ഉപയോക്താക്കള്‍ സ്വീകരിക്കുന്നതെങ്കില്‍ വലിയ നഷ്ടം ഉണ്ടായേക്കില്ലെന്നും അവലോകകര്‍ പറയുന്നു. അതേസമയം, ഇപ്പോള്‍ വരുന്ന അവധിക്കാല വില്‍പനയില്‍ ഉപയോക്താക്കള്‍ ഈ വര്‍ഷം ഐഫോണ്‍ വാങ്ങേണ്ടന്നു തീരുമാനിച്ചാല്‍ അത് ആപ്പിളിന്റെ ലാഭക്കണക്കുകളില്‍ വന്‍ വിള്ളല്‍ വീഴ്ത്തിയേക്കാം. ഇത് കമ്പനിയുടെ ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമായിതീരാനും സാധ്യതയുണ്ട്. 

 

∙ എയര്‍പോഡ്‌സിനെ ആരോഗ്യ പരിപാലനത്തിനും ഉപയോഗിക്കും ?

 

ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ ഫോണുകളായ എയര്‍പോഡ്‌സിന്റെ പുതിയ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അവയില്‍ ഉണ്ടാകുമോ എന്നറിയില്ലെങ്കിലും ഭാവിയില്‍ ഇറക്കിയേക്കാവുന്ന എയര്‍പോഡ്‌സില്‍ നിരവധി ആരോഗ്യ പരിപാലന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും പറയുന്നു. ചെവിക്കുള്ളില്‍ ഇരിക്കുന്ന ഇവ ഉപയോഗിച്ച് ശരീരോഷ്മാവ് അളക്കാനുള്ളതാണ് പ്രതീക്ഷിക്കുന്ന ഫീച്ചറുകളിലൊന്ന്. കേള്‍വിക്കുറവുള്ളവര്‍ക്ക് ശ്രവണ സഹായ ശേഷിയും നല്‍കിയേക്കും. അടുത്ത തലമുറയിലെ എയര്‍പോഡുകള്‍ ഒക്ടോബർ 18ന് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

 

∙ വണ്‍പ്ലസ് 9 ആര്‍ടി പുറത്തിറക്കി

 

ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 9ആര്‍ടി ചൈനയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 888 ആണ് പ്രോസസര്‍. ഡിസ്‌പ്ലേക്ക് 120ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉണ്ട്. 8ജിബി/128ജിബി/, 8ജിബി/256ജിബി/ 12ജിബി/256ജിബി വേരിയന്റുകളാണ് പുറത്തിറക്കിയത്. ഏഴു ജിബി വരെ വെര്‍ച്വല്‍ മെമ്മറിയും ഇവയ്ക്ക് ലഭിക്കും. ഫോണിന് 4500 എംഎഎച് ആണ് ബാറ്ററി. പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റത്തില്‍, 50 എംപി പ്രധാന ക്യാമറ, 16 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ എന്നിവയാണ് ഉള്ളത്. മുന്നില്‍ 16 എംപി സെല്‍ഫി ക്യാമറയും ഉണ്ട്. തുടക്ക മോഡലിന് 3,199യെന്‍ ആണ് വിലയിട്ടിരിക്കുന്നത്. ഇത് ഏകദേശം 37,454 രൂപ വരും.

 

∙ റിയല്‍മി 4കെ ഗൂഗിള്‍ ടിവി സ്റ്റിക്ക് പുറത്തിറക്കി

 

ആമസോണിന്റെ ഫയര്‍ടിവി സ്റ്റിക്കുകള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഉപകരണമായി മാറിയിരിക്കുന്നു. ഇതിനെതിരെ ഗൂഗിള്‍ ടിവി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിവിധ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. അത്തരം ഒന്നാണ് റിയല്‍മി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന 4കെ ഗൂഗിള്‍ ടിവി സ്റ്റിക്ക്. എച്ഡിഎംഐ 2.1, 5ഗിഗാഹെട്‌സ് വൈ-ഫൈ, ബ്ലൂടൂത്ത 5.0 തുടങ്ങിയ ഫീച്ചറുകളുള്ള ഉപകരണത്തിന് 3,999 രൂപയാണ് എംആര്‍പി. ഒക്ടോബര്‍ 16ന് പകല്‍ 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ആദ്യ സെയില്‍ ഉണ്ട്. സെയിലില്‍ വാങ്ങാനായാല്‍ 2,999 രൂപയ്ക്കു ലഭിക്കും. ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്രൈം വിഡിയോ, എംഎക്‌സ് പ്ലെയര്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയവയും ലഭിക്കും. 

 

∙ ഡല്‍ഹിയില്‍ സ്മാര്‍ട് ഡ്രൈവിങ് ലൈസന്‍സ് വരുന്നു

 

പുതിയ ക്യൂആര്‍കോഡ് കേന്ദ്രീകൃത ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട് കാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ്. ക്വിക് റെസ്‌പോണ്‍സ്, എന്‍എഫ്‌സി തുടങ്ങിയ ഫീച്ചറുകള്‍ ആണ് ചിപ്പുകള്‍ ഘടിപ്പിച്ച പുതിയ ഡ്രൈവിങ് ലൈസന്‍സില്‍ ഉണ്ടായിരിക്കുക. നേരത്തെയും ചിപ്പുള്ള കാര്‍ഡുകള്‍ നല്‍കിയിരുന്നു എങ്കിലും അവ ഉദ്ദേശിച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് പുതിയ കാര്‍ഡുകള്‍ ഇറക്കുന്നത്. ഡ്രൈവിങ് ലൈസന്‍സിന്റെ ഉടമയ്ക്കു ലഭിക്കുന്ന പിഴ അടക്കമുള്ള കാര്യങ്ങള്‍ പത്തു വര്‍ഷം ഡേറ്റാബെയ്‌സില്‍ സൂക്ഷിക്കും.

 

English Summary: iPhone 13 Production Likely to Be Cut by as Many as 10 Million Units Due to Chip Crunch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com