ADVERTISEMENT

കാണുന്നതും കേള്‍ക്കുന്നതും എല്ലാം നിങ്ങളുടെ ദൃഷ്ടികോണില്‍ നിന്ന് പകര്‍ത്താവുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ആളുകളുടെ ജീവിതത്തെ നിരന്തരം വിശകലനം ചെയ്യാനായിരിക്കും ഇത് പ്രയോജനപ്പെടുത്തുക. റെയ്-ബാന്‍ കമ്പനിയുമായി ചേര്‍ന്ന് അടുത്തിടെ ഫെയ്സ്ബുക് അവതരിപ്പിച്ച റെയ്-ബാന്‍ സ്റ്റോറീസ് എന്ന കണ്ണടയുടെ കാര്യം ഓര്‍ക്കാം. ക്യാമറകളും ഓഡിയോ റെക്കോഡിങ് സംവിധാനവും ഉള്‍ക്കൊള്ളുന്ന ഈ ഉപകരണം ഉപയോഗിക്കുന്നവരുടെ ചെയ്തികളടക്കം റെക്കോഡ് ചെയ്യാം സാധിക്കും. ഇങ്ങനെ പകര്‍ത്തുന്ന ദൃശ്യങ്ങൾക്ക് ഫസ്റ്റ് പേഴ്‌സണ്‍ വിഡിയോ എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ സംവിധാനം വഴി കമ്പനി വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സിസ്റ്റങ്ങളിലൊന്നാണ് എപ്പിസോഡിക് മെമ്മറി ആണ്. എവിടെയാണ് എന്റെ താക്കോല്‍ വച്ചത് തുടങ്ങിയ ചോദ്യങ്ങൾക്ക് പോലും ഇതുവഴി ഉത്തരം ലഭിച്ചേക്കും. ഇതിനൊപ്പം ഓഡിയോ വിഷ്വല്‍ ഡയറിയും ഉണ്ടായിരിക്കും. ആര് എപ്പോള്‍ അത് പറഞ്ഞുവെന്ന കാര്യം ഓര്‍ത്തെടുക്കാനും ഇതിനു സാധിക്കുമെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

നിലവില്‍ ഇക്കാര്യങ്ങള്‍ മറ്റൊരു സംവിധാനം വഴിയും ഗുണകരമായ രീതിയില്‍ രേഖപ്പെടുത്താനാവില്ല. ഇത് ഗവേഷണാവശ്യത്തിനായി ചെയ്യുന്നതാണ്. അല്ലാതെ ഒരു വാണിജ്യ ഉല്‍പന്നം നിര്‍മിക്കാനല്ല എന്നു കമ്പനി ഊന്നിപ്പറയുന്നു. എന്നാല്‍, ഇത് ഭാവിയില്‍ വരാവുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി കംപ്യൂട്ടിങ്ങിന്റെ ഭാഗമാക്കാനായിരിക്കും ഉദ്ദേശിക്കുക എന്ന വാദവും ഉണ്ട്. ഇക്കാര്യം ഫെയ്‌സ്ബുക്കിന്റെ എഐ ഗവേഷണ ശാസ്ത്രജ്ഞന്‍ ക്രിസ്റ്റന്‍ ഗ്രൗമാന്‍ സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത്തരം ഒരു പദ്ധതി വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള വലിയ കടന്നുകയറ്റമായിരിക്കുമെന്നും ദി വേര്‍ജ് നിരീക്ഷിക്കുന്നു. റെയ്-ബാന്‍ സ്റ്റോറീസ് ഉപയോഗിക്കുന്നവർക്ക് പൊതു സ്ഥലങ്ങളിലും മറ്റും നടക്കുന്ന കാര്യങ്ങള്‍ രഹസ്യമായി രേഖപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഭാവിയില്‍ ഇറങ്ങാന്‍ പോകുന്ന ഈ കണ്ണടയുടെ വകഭേദങ്ങള്‍ക്ക് റെക്കോഡു ചെയ്യുന്ന വിഡിയോ വിശകലനം ചെയ്യാനും ട്രാന്‍സ്‌ക്രൈബ് ചെയ്യാനും അത് കമ്പനിയുടെ സെര്‍വറുകളിലേക്ക് എത്തിക്കാനും സാധിച്ചേക്കും. ഇതിലൂടെ ആളുകളെ ചലിക്കുന്ന നിരീക്ഷണ ക്യാമറകളാക്കുകയല്ലെ ചെയ്യുന്നത് എന്ന സംശയവും ഉയരുന്നുണ്ട്.

 

ഈ പദ്ധതിക്കു നല്‍കിയിരിക്കുന്ന പേര് ഇഗോ4ഡി എന്നാണ്. അതായത് വ്യക്തിയുടെ കാഴ്ചപ്പാടില്‍ നിന്ന് പകര്‍ത്തുന്ന വിഡിയോ എന്നാണ് അതിനെ വിളിക്കുന്നത്. ഇതിന് രണ്ടു പ്രധാന ഘടകങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ഒന്ന് വ്യക്തിയുടെ വീക്ഷണകോണില്‍ നിന്ന് തുറന്ന ഡേറ്റാസെറ്റുകള്‍ ഉണ്ടാക്കുക എന്നത്. രണ്ടാമതായി ഭാവിയില്‍ ഉപയോഗിക്കാന്‍ പാകത്തിനുള്ള ചില കാര്യങ്ങള്‍ അടയാളം വച്ചു പോകുക (ചാവി എവിടെ വച്ചു). ഇത്തരം അടയാളം വയ്ക്കലുകള്‍ ഫെയ്‌സ്ബുക്കിന്റെ എഐ ആയിരിക്കും നടത്തുക. ഇത്തരത്തിലുള്ള ഏറ്റവും വലിയ ഡേറ്റാ സെറ്റ് ആയിരിക്കും ഇത്. സംരംഭത്തിനായി ലോകത്തെ 13 യൂണിവേഴ്‌സിറ്റികളുമായി സഹകരിക്കാന്‍ തീരുമാനമായി. ഇപ്പോള്‍ത്തന്നെ 3,205 മണിക്കൂര്‍ ഫുട്ടേജ് റെക്കോഡു ചെയ്തു കഴിഞ്ഞു. ഒൻപത് രാജ്യങ്ങളില്‍ ജീവിക്കുന്ന 855 പേരാണ് സഹകരിച്ചത്. എന്നാല്‍, ശേഖരിച്ച ഡേറ്റയുടെ ഉത്തരവാദിത്വം യൂണിവേഴ്‌സിറ്റികള്‍ക്കാണ്. ഫെയ്‌സ്ബുക്കിനല്ല. 

 

പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് പണം നല്‍കിയെന്നും പറയുന്നു. ചിലര്‍ ഗോപ്രോ ക്യാമറകള്‍ ഉപയോഗിച്ചാണ് സ്വന്തം വീക്ഷണകൊണിലുള്ള വിഡിയോ പിടിച്ചു നല്‍കിയതെങ്കില്‍ വേറെ ചിലര്‍ എആര്‍ ഗ്ലാസുകള്‍ ഉപയോഗിച്ചു. കാലേക്കൂട്ടി നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരമല്ല വിഡിയോ ഷൂട്ടു ചെയ്തത്. കെട്ടിട നിര്‍മാണം, പാചകം, വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപെടല്‍, കൂട്ടുകാരുമായുള്ള സല്ലാപം തുടങ്ങിയവയാണ് റെക്കോഡു ചെയ്തത്. ഇവയെല്ലാം യൂണിവേഴ്‌സിറ്റികള്‍ തന്നെ ആളുകളെ മനസ്സിലാക്കാന്‍ സാധിക്കാത്ത വിധത്തിലാക്കിയാണ് പകര്‍ന്നു നല്‍കിയിരിക്കുന്നതെന്നു പറയുന്നു. ആളുകളുടെ മുഖം മുഴുവനും അവ്യക്തമാക്കിയും വ്യക്തികളെ തിരിച്ചറിയാവുന്ന എല്ലാ സാധ്യതകളും ഇല്ലാതാക്കിയുമാണ് നല്‍കിയിരിക്കുന്നത്.

 

ഇഗോ4ഡിയുടെ രണ്ടാമത്തെ ഘട്ടത്തിലുള്ളത് ബെഞ്ച്മാര്‍ക്കിങ് ആണ്. ഇവയെ അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

 

1. എപ്പിസോഡിക് മെമ്മറി - എന്താണ് സംഭവിച്ചത്, എപ്പോള്‍? (താക്കോല്‍ എവിടെവച്ചു മറന്നു?)

2. പ്രവചനം - ഞാന്‍ അടുത്തതായി എന്തു ചെയ്യാനാണു പോകുന്നത് (കറിയില്‍ ഉപ്പിട്ടായിരുന്നോ ഇല്ലയോ?)

3. കൈയ്യും വസ്തുവും എങ്ങനെ ഉപയോഗിക്കണം - ഞാന്‍ എന്താണ് ചെയ്യുന്നത് (ഗിത്താര്‍ വായിക്കാന്‍ എന്നെ പഠിപ്പിക്കൂ.)

4. ഓഡിയോ വിഷ്വല്‍ ഡയറി നിർമിക്കല്‍ - ആര് എന്ത് എപ്പോള്‍ പറഞ്ഞു? (ക്ലാസില്‍ ഇന്ന് പ്രധാനമായി പഠിപ്പിച്ചത് എന്തായിരുന്നു?)

5. സാമൂഹ്യമായ ഇടപെടല്‍ - ആര് ആരുമായി ഇടപെടുന്നു (ഈ ശബ്ദമുഖരിതമായ ഹോട്ടലില്‍ എന്നോടു സംസാരിക്കുന്നയാളുടെ സംസാരം കേള്‍ക്കാന്‍ എന്നെ സഹായിക്കൂ.)

 

നിലവില്‍ ഇക്കാര്യങ്ങളില്‍ എഐ സിസ്റ്റങ്ങള്‍ക്ക് ഒന്നും തന്നെ ചെയ്യുക എളുപ്പമല്ല. എന്നാല്‍ ഇത്തരം ഡേറ്റാ സെറ്റുകള്‍ നിർമിക്കുക വഴി ഭാവിയില്‍ ഇവ സാധ്യമാകും. ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ മേഖലയില്‍ തങ്ങളുടെ എതിരാളികളെ ബഹുദൂരം മറികടക്കാനാണ് ഫെയ്‌സ്ബുക്കിന്റെ ഉദ്ദേശമെന്നു പറയുന്നു. ഇഗോ4ഡി ഗവേഷണങ്ങളുടെ ഫലമായി അണിയാവുന്ന ക്യാമറകള്‍ നിർമിക്കപ്പെട്ടേക്കാം എന്നതു കൂടാതെ, വീടുകളില്‍ സഹായികളായി ഉപയോഗിക്കാവുന്ന റോബോട്ടുകളെയും നിര്‍മിക്കാന്‍ സാധിച്ചേക്കും. ഇത്തരം റോബോട്ടുകളും ഫസ്റ്റ് പേഴ്‌സണ്‍ ക്യമറകളായിരിക്കും ഉപയോഗിക്കുക. എആര്‍ സിസ്റ്റങ്ങള്‍ക്കും റോബോട്ടുകള്‍ക്കും എന്താണ് നടക്കുന്നതെന്നും അവയുടെ സന്ദര്‍ഭം എന്താണെന്നും മനസ്സിലാക്കി കൊടുക്കാനാണ് ഇതെന്നു പറയുന്നു. ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യങ്ങള്‍ പ്രായോഗികമാണെങ്കിലും ഡേറ്റായുടെ കാര്യത്തില്‍ ഈ കമ്പനിയെ എങ്ങനെ വിശ്വസിക്കും എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.

 

iphone-12

പല മേഖലകളിലും നടത്തുന്ന പരീക്ഷണങ്ങള്‍ കമ്പനി സ്വന്തം വളര്‍ച്ചയ്ക്കാണ് ഉപയോഗിക്കുന്നത്. അല്ലാതെ ആളുകള്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യുന്നതിലല്ല എന്നും ദി വേര്‍ജ് നിരീക്ഷിക്കുന്നു. ഇതെല്ലാം വച്ചുനോക്കിയാല്‍ ഇഗോ4ഡി പദ്ധതി ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും അവര്‍ നിരീക്ഷിക്കുന്നു. ഓഡിയോ വിഷ്വല്‍ ഡയറി സൃഷ്ടിക്കുമ്പോള്‍ ശബ്ദം റെക്കോഡു ചെയ്യുന്നത് തനിക്ക് ഇഷ്ടമില്ലെന്നു പറയുന്ന ഒരാളുണ്ടെങ്കില്‍ അയാളുടെ ശബ്ദം എങ്ങനെ നീക്കം ചെയ്യും തുടങ്ങിയ കാര്യങ്ങളൊന്നും കമ്പനി പറയുന്നില്ലെന്നു ദി വേര്‍ജ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ എഐ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നത് ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വകാര്യ കമ്പനികളാണെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് നേരത്തെ പറഞ്ഞുവരുന്ന കാര്യമാണ്. 

 

∙ ആഗോള സ്മാര്‍ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനം ആപ്പിള്‍ തിരിച്ചുപിടിച്ചു

 

ആഗോള സ്മാര്‍ട് ഫോണ്‍ വിപണിയില്‍ 23 ശതമാനം വിഹിതവുമായി സാംസങ് ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഷഓമിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആപ്പിള്‍. കമ്പനിക്കിപ്പോള്‍ 15 ശതമാനം വിഹിതമാണുള്ളത്. ഷഓമി 14 ശതമാനം ഷെയറുമായി തൊട്ടടുത്തു തന്നെയുണ്ട്. നാലാം സ്ഥാനത്തുള്ളത് ഒപ്പോയാണ് (10 ശതമാനം). ക്യാനാലിസിസിന്റെ ഡേറ്റ പ്രാകാരമാണിത്.

 

∙ വിമാനത്തിലും സ്റ്റാര്‍ലിങ്ക് ഇന്റർനെറ്റ്: വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തുകയാണെന്ന് മസ്‌ക്

 

വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് അറിയിച്ചു.

 

∙ ചൈനയിൽ ലിങ്ക്ട്ഇന്‍ പൂട്ടുന്നു

 

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതിയിലുള്ള ലിങ്ക്ട്ഇന്‍ നെറ്റ്‌വര്‍ക്കിങ് സേവനം ചൈനയില്‍ പൂട്ടുകയാണ്. സർക്കാർ ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊടുക്കുക എന്നത് എളുപ്പമല്ലാത്തതിനാലാണ് ഇതെന്നാണ് പറയുന്നത്. 

 

∙ ആമസോണ്‍ എക്കോയുടെ കുതിപ്പിന് തടയിടാന്‍ ആപ്പിള്‍

 

ലോകത്ത് ഏറ്റവുമധികം ജനപ്രീതിയുള്ള സ്മാര്‍ട് സ്പീക്കറുകളിലൊന്നാണ് ആമസോണ്‍ എക്കോ. ഇതിന്റെ വിജയക്കുതിപ്പിന് തടയിയാനായി സ്വന്തം ഹോംപോഡ് സ്മാര്‍ട് സ്പീക്കര്‍ വിഭാഗത്തിന് പുതിയ മേധാവിയെ കണ്ടെത്തിയിരിക്കുകയാണ് ആപ്പിള്‍ എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. അഫ്രൂസ് ഫാമിലി ആയിരിക്കും ഹോംപോഡിന്റെ പുതിയ മേധാവി. ഇദ്ദേഹം നേരത്തെയും ആപ്പിളിനു വേണ്ടി ജോലിയെടുത്തിട്ടുണ്ട്.

 

English Summary: Facebook is researching AI systems that see, hear, and remember everything you do

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com