ADVERTISEMENT

വരുന്ന മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ ഓൺലൈൻ വിദ്യാഭ്യാസ ഉപയോക്താക്കളുടെ എണ്ണം എട്ടിരട്ടി വർധിക്കുമെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ എടുത്തു നോക്കിയാൽ അതിൽ 15.7 ലക്ഷത്തിൽനിന്ന് 95 ലക്ഷത്തിലേക്കുള്ള കുതിപ്പാണ് കണ്ടത്. രാജ്യത്തെ സർവകലാശാലകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കു ചുവടുമാറ്റിയതാണ് ഈ കുതിപ്പിനു കാരണമായത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാർ പുതിയ സാങ്കേതിക വിദ്യകളുമായി രംഗത്തു വരുന്നത് കുതിപ്പിനു കൂടുതൽ ഗതിവേഗം പകരുമെന്നും അദ്ദേഹം പറഞ്ഞു. 

 

വരുന്ന രണ്ടു മൂന്നു വർഷത്തിനുളളില്‍ രാജ്യത്തിന്റെ അടിസ്ഥാന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഓൺലൈനിലേക്ക് മാറുന്നതിലൂടെ വിദ്യാഭ്യാസ ചെലവ് ഗണ്യമായി കുറയും. സാങ്കേതിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തും. അതോടെ ഡിജിറ്റൽ വേർതിരിവ് ഇല്ലതാകും. ഓൺലൈൻ വിദ്യാഭ്യാസമെന്നത് പകർച്ചവ്യാധിക്കാലം സമ്മാനിച്ച ഒരു മാറ്റം മാത്രമല്ല, ഇതു കാലഘട്ടത്തിന്റെ അനിവാര്യത കൂടിയായിരുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾ ആർജിച്ചെടുക്കുന്ന അറിവുകൾ 25 മുതൽ 60 ശതമാനം വരെ ഓർത്തെടുക്കാൻ സാധിക്കുമ്പോൾ സാധാരണ ക്ലാസ്റൂം പഠനത്തിൽ അത് എട്ടു മുതൽ 10 ശതമാനം വരെ കുറവാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഓൺലൈൻ പഠനത്തിലേക്കു വിദ്യാർഥികൾക്ക് എത്തിച്ചേരാൻ സാധാരണയെക്കാൾ 40 മുതൽ 60 ശതമാനം വരെ കുറവു സമയം മതിയെന്നതും ചൂണ്ടിക്കാട്ടുന്നു. 

 

പ്രാഥമിക വെല്ലുവിളികളായ ഇന്റർനെറ്റ് വേഗത, മൊബൈൽ ഫോൺ ലഭ്യത എന്നിവയിൽ വന്ന വളർച്ച ഓൺലൈൻ പഠനത്തിന്റെ വ്യാപ്തി ഉയർത്തിയിരിക്കുകയാണ്. ഓൺലൈൻ പഠനമില്ലാത്ത ജീവിതം ആലോചിക്കാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ട്. വിദ്യാർഥികളെ സ്വയം പഠിക്കുന്നതിനു പ്രാപ്തരാക്കാനും കാര്യക്ഷമത വർധിപ്പിക്കാനും, കാലം കാത്തുവച്ച പഠനരീതിക്കു സാധിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർഥി കേന്ദ്രീകൃത അധ്യാപനം രാജ്യത്തും ആഗോള തലത്തിലും നടപ്പാക്കുകയാണ് ജെയിൻ യൂണിവേഴ്സിറ്റി. ഇതിലൂടെ, തൊഴിൽ വൈദഗ്ധ്യം ആർജിക്കാനും കരിയറിൽ വിജയിക്കാനും പുതിയ തലമുറയെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.

 

പരമ്പരാഗതമായ പഠനരീതിയിൽനിന്നുള്ള മാറ്റം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുന്നതാണ് 21-ാം നൂറ്റാണ്ടിനു വേണ്ടിയുള്ള യുനെസ്കോയുടെ പദ്ധതി. കാര്യക്ഷമത അടിസ്ഥാനമാക്കിയുള്ള പഠന, അധ്യാപന സമീപനമാണ് ഇതിൽ എടുത്തു പറയുന്നത്. അറിവു സമ്പാദിക്കുക എന്നതിലുപരി തൊഴിലും സംരംഭക വൈദഗ്ധ്യവും വളർത്തുക എന്നത് കാലഘട്ടത്തിന് അനിവാര്യമാണ്. യൂണിവേഴ്സിറ്റിയുടെ പ്രതിനിധി എന്ന നിലയിൽ വിപ്ലവകരമായ മാറ്റത്തിൽ പങ്കാളിയാകുന്നത് അഭിമാനകരമാണ്.

 

കോവിഡ് കാലത്തെ അടച്ചിടൽ അനേകം വിദ്യാർഥികളെ ഓൺലൈൻ വിദ്യാഭ്യാസം ഇഷ്ടപ്പെടുന്ന തരത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഓൺലൈൻ പഠനത്തിന്റെ പുത്തൻ അനുഭവങ്ങളാണ് കൊറോണക്കാലം സമ്മാനിച്ചത്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാർഥി കേന്ദ്രീകൃത പഠന സമീപനമാണ് ഇന്ന് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ഇതു വിദ്യാർഥികളുടെ കാര്യത്തിൽ മാത്രമല്ല, അധ്യാപകരുടെ രീതികളെയും സ്വാധീനിച്ചിട്ടുണ്ട്. അധ്യാപകൻ എന്ന നിലയിൽനിന്നു വഴികാട്ടി എന്ന നിലയിലേക്ക് അവരെ കൈപിടിച്ച് ഉയർത്തി എന്നതാണ് എടുത്തു പറയേണ്ട മാറ്റം. പരമാവധി ശേഷി ഉപയോഗപ്പെടുത്തി വിദ്യാർഥികളുടെ കരിയർ ലക്ഷ്യങ്ങളിലേക്ക് അവരെ എത്തിക്കുന്നതിനുള്ള ഉപകരണമായി അധ്യാപകർ ഇന്നു മാറി.

 

ഇതിനെല്ലാം ഒരു മറുവശം കൂടിയുണ്ട്. മഹാമാരിക്കാലത്ത് രാജ്യത്തെ 26 കോടി വിദ്യാർഥികളുടെ വിദ്യാഭ്യാസം പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ട സാഹചര്യമുണ്ട് എന്നത് സങ്കടകരമാണ്. ലോകമെങ്ങുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേൽ വന്നുപതിച്ച ഉത്തരവാദിത്തം കൂടിയാണ് ഈ കണക്ക്. മികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ഈ കാലത്തെ വിദ്യാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമുക്കു കഴിയണം. മാറ്റങ്ങളെ മുൻകൂട്ടിക്കണ്ട് വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി, അവരെ ഭാവിയുടെ നേതാക്കളും സംരംഭകരും ഗവേഷകരും സ്വാധീന ശേഷിയുള്ളവരും ആക്കി മാറ്റാനാണ് ജെയിൻ യൂണിവേഴ്സിറ്റി ശ്രമിക്കുന്നതെന്നും ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.

 

English Summary: Techspectations Educate-2021 - Dr Chenraj Roychand - Chancellor Jain (Deemed-to-be University)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com