ADVERTISEMENT

സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ തങ്ങളെ സാമ്പത്തികമായി സഹായിച്ചതും പണം എങ്ങനെ വിനിയോഗിക്കണമെന്നു പഠിപ്പിച്ചതും കേരള സ്റ്റാർട്ടപ് മിഷനാണെന്ന് കേരളത്തിലെ പ്രമുഖ യുവ സംരംഭകർ. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിലെ കേരള എഡ്ടെക്ക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്ന് പാനൽ ചർച്ചയിൽ സംസാരിക്കവെയാണ് യുവസംരംഭകരിൽ മിക്കവരും ഇതു പറഞ്ഞത്. ഇൻഫോപാർക്സ് കേരള സിഇഒ ജോൺ എം. തോമസ്, ട്യൂട്ടർകോംപ് സിഇഒ ഷെറി എസ്. കുര്യൻ, കോഡ്സാപ് സിഇഒ മുഹമ്മദ് റാഷിദ്, എജ്യുബ്രിസ്ക് സിഇഒ സൈജു അരവിന്ദ്, ടീച്ചർഇൻഡ് സ്ഥാപകൻ ജോയൽ ജോസഫ് ജോയി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ പ്രസക്തമായത് കോവിഡിന്റെ വരവിനു ശേഷമാണെന്ന്  ജോൺ തോമസ് പറഞ്ഞു. നിലവിൽ എഡ്ടെക്കിന്റെ ഷെയർ ഒരു ബില്യനാണ്. അടുത്ത പത്തുവർഷത്തിൽ അത് 30 ബില്യണായി വളരും. ഐടി മിഷന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ 200 ൽ അധികം എഡ്ടെക് സ്റ്റാർട്ടപ്പുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇൗ സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ സ്ഥലമൊരുക്കുകയാണ് കേരള സ്റ്റാർട്ടപ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘സ്റ്റാർട്ടപ് എങ്ങനെ തുടങ്ങണമെന്ന് അറിയാതിരുന്ന എന്നെ ഏറെ സഹായിച്ചത് കേരള സ്റ്റാർട്ടപ് മിഷനാണ്. ആരും നമുക്ക് ഒന്നും വെറുതെ തരില്ല. നമുക്ക് ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ എല്ലാവരും നമ്മെ സഹായിക്കും. പൂജ്യത്തിൽ നിന്നാണ് ഞങ്ങൾ ആദ്യം ആരംഭിച്ചത്. ഇപ്പോൾ 6 രാജ്യങ്ങളിലായി നിരവധി ഉപയോക്താക്കൾ ഉണ്ട്. നിലവിൽ 300 ൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഉപയോക്താക്കളാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരള സ്റ്റാർട്ടപ് മിഷൻ ഞങ്ങൾക്കു വലിയ സഹായമാണ് ചെയ്തു തന്നത്. ’ – മുഹമ്മദ് റാഷിദ് പറഞ്ഞു.

നമ്മുടെ ഉൽപന്നത്തിലുള്ള വിശ്വാസമാണ് പ്രധാനമെന്നും ലോകോത്തര കമ്പനികളുമായി ഒരു സ്റ്റാർട്ടപ് എന്ന നിലയിൽ മത്സരിക്കുമ്പോൾ സ്വന്തം കഴിവിലും ഉൽപന്നത്തിലും വിശ്വാസമുണ്ടായിരിക്കണമെന്നും പാനൽ ചർച്ചയിൽ ഷെറി എസ്. കുര്യൻ പറഞ്ഞു. സ്റ്റാർട്ടപ് മിഷൻ നൽകിയ സാമ്പത്തിക സഹായവും ഗൈഡിങ്ങും നിർണായകമായി. സാമ്പത്തിക സഹായം നൽകുന്നുവെന്നു മാത്രമല്ല, അതെങ്ങനെ ഉപയോഗിക്കണമെന്നും അവർ ഉപദേശം നൽകുന്നു. ശിവശങ്കറിനെ പോലുള്ള ഉദ്യാഗസ്ഥരാണ് ഇതിനൊക്കെ പിന്നിലെന്നും അവരോടൊക്കെ നന്ദിയുണ്ടെന്നും ഷെറി എസ്. കുര്യൻ വ്യക്തമാക്കി.

 

വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കുകയായിരുന്നു ലക്ഷ്യമെന്ന് ജോയൽ ജോസഫ് ജോയി ചർ‌ച്ചയിൽ പറഞ്ഞു. എൻജിനീയറിങ് വിദ്യാഭ്യാസകാലത്ത് തങ്ങൾക്ക് പഠനോപകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ‍സഹപാഠികളുമായുള്ള ചർച്ചകളിലൂടെയാണ് പാഠഭാഗങ്ങൾ പഠിച്ചതെന്നും ജോയൽ പറഞ്ഞു. സ്കൂൾ- കോളജ് വിദ്യാർഥികൾക്കുള്ള വൺ ഓൺ വൺ ഓൺലൈൻ ട്യൂഷൻ ക്ലാസുകളാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും ജോയൽ കൂട്ടിച്ചേർത്തു.

 

‘ഒരു സർക്കാർ ജോലിക്കാരനായിരുന്നതുകൊണ്ട് ഈ മേഖലയിൽ മുൻപരിചയം തീരെയില്ലായിരുന്നു. ഇൗ മേഖലയോട് ഒരുപാട് ഇഷ്ടവും താൽപര്യവും ഉണ്ടെങ്കിൽ മാത്രമേ സ്റ്റാർട്ടപ്പ് മേഖലയിലേക്കു വരാവൂ. 4 വർഷം കൊണ്ടാണ് പ്രോഡക്ട് നിർമിച്ചത്. ഒരുപാട് വെല്ലുവിളികൾ ഉണ്ടായി. കേരളാ സ്റ്റാർട്ടപ് മിഷൻ മികച്ച അവസരങ്ങളാണ് സ്റ്റാർട്ടപ്പുകൾക്ക് ഒരുക്കുന്നത്.’– സൈജു അരവിന്ദ് പറഞ്ഞു. 

 

English Summary: Techspectations Educate 2021- Panel Discussion- Kerala EdTech Startup Ecosystem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com