ADVERTISEMENT

തിരുവനന്തപുരം ∙ കൂടുതൽ വിദ്യാർഥികളെ വിദ്യാഭ്യാസ മേഖലയിലേക്കു കൊണ്ടുവരാൻ ഓൺലൈൻ പഠനമാണ് ഫലപ്രദമെന്ന് ‘ഓൺലൈൻ കഴിവുകൾ വർധിപ്പിക്കുന്നതിലെ വെല്ലുവിളികളും ഭാവിയും’ എന്ന വിഷയത്തിലെ ചർച്ചയിൽ വിദഗ്ധർ. പരമ്പരാഗത രീതിയിൽ കെട്ടിടങ്ങൾ കെട്ടി വിദ്യാർഥികളെ അങ്ങോട്ട് ആകർഷിക്കുന്നത് ഇനി അസാധ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. 

∙ അർജുൻ മോഹൻ (സിഇഒ–ഇന്ത്യ അപ്ഗ്രേഡ്)

ഓരോരുത്തരുടേയും കഴിവുകള്‍ ഓൺലൈൻ വഴി വർധിപ്പിക്കാം എന്ന ചിന്ത ഇപ്പോൾ വർധിച്ചിട്ടുണ്ട്. കോവിഡ് വന്ന് രണ്ടു വർഷമാകാൻ പോകുന്ന സാഹചര്യത്തിൽ, എല്ലാം ഓൺലൈൻ ആണെന്ന വിരക്തി ജനങ്ങൾക്കുണ്ട്. തിരിച്ച് പഴയ ഇടങ്ങളിലേക്കു പോകാനാണ് അവർക്കു താൽപര്യം. പരമ്പരാഗത രീതിയും ഓൺലൈൻ രീതിയും സംയോജിപ്പിച്ചു കൊണ്ടുള്ള ഹൈബ്രിഡ് രീതിയിലേക്കു നാം പോകേണ്ട സമയമായി. കാരണം എഡ്ടെക്കിൽ (വിദ്യാഭ്യാസ സാങ്കേതികവിദ്യ) ഇന്ത്യ വളരെയധികം മുന്നോട്ടു പോയി. നമുക്കതിൽ സൂപ്പർ പവർ ആകാനുള്ള സാഹചര്യമുണ്ട്. ഇതിനായി രണ്ട് പ്രധാന വിഭവങ്ങൾ നമുക്കുണ്ട്. ഒന്ന്– സ്വന്തം വിഷയത്തിലും ഇംഗ്ലിഷ് ഭാഷയിലും കഴിവുള്ള അധ്യാപകര്‍. രണ്ട്– എൻജിനീയർമാർ. കഴിവു മാത്രമല്ല, എൻജിനീയർമാരെ പാശ്ചാത്യലോകത്തേക്കാൾ കുറഞ്ഞ വേതനത്തിനു കിട്ടുമെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് സ്കൂളുകളിലേക്കു വരുന്ന കുട്ടികൾ 27 ശതമാനമാണ്. ഇത് 70 ശതമാനമെങ്കിലും അക്കേണ്ടതുണ്ട്. അതിനു കൂടുതൽ യൂണിവേഴ്സിറ്റികൾ കെട്ടിയിട്ടു കാര്യമില്ല. അവിടെയാണ് ഓൺലൈൻ പഠനത്തിന്റെ പ്രസക്തി. എഡ്ടെക്ക് കമ്പനികൾ യൂണിവേഴ്സിറ്റികള്‍ക്കു പകരമല്ല. കൂടുതൽ വിദ്യാർഥികളെ പഠനരംഗത്തേക്കു കൊണ്ടുവരുന്നതാണ് ഈ മേഖലയിലെ കമ്പനികളുടെ ജോലി.

∙ രാജ് സിങ്, വൈസ് ചാൻസിലർ ജയിൻ യൂണിവേഴ്സിറ്റി

പരമ്പരാഗത വിദ്യാഭ്യാസ രീതികളിലേക്കുള്ള തിരിച്ചുപോക്ക് ആലോചിക്കേണ്ടതില്ല. പുതിയൊരു സാധാരണത്വത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്. അതിന് ഓൺലൈനും പരമ്പരാഗത രീതിയും സംയോജിപ്പിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് വേണ്ടത്. മൈക്രോ ഡിഗ്രികളുടെ കാലമാണിത്. ആറു മാസം അല്ലെങ്കിൽ ഒരു  വർഷം നീണ്ടു നിൽക്കുന്ന കോഴ്സിനു പകരം 30–40 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സിലേക്കുപോകാം. ഇങ്ങനെ നിരവധി മൈക്രോ ഡിഗ്രികൾ സ്വന്തമാക്കിയാൽ ആ യൂണിവേഴ്സിറ്റി ഒരു ഡിഗ്രി തന്നെ പിന്നീട് തന്നേക്കാം. ഓൺലൈൻ കോഴ്സുകൾക്ക് ഇപ്പോൾ വലിയ സ്വീകാര്യത ഉള്ളതായി കാണുന്നു. നഴ്സിങ് ഒരു ഉദാഹരണമാണ്. ഡിജിറ്റൽ സമ്പ്രദായങ്ങൾ ഉപയോഗിച്ച് നഴ്സിങ് പഠിക്കുകയാണെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഡിമാൻഡ് കൂടുതലായിരിക്കും. പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ കഴിവ് വർധിപ്പിക്കുന്ന ഓൺലൈൻ കോഴ്സുകളിലേക്കു യൂണിവേഴ്സിറ്റികള്‍ പോകണം. പരീക്ഷാരീതി പോലും മാറാൻ പോകുകയാണ്.  റിസർച്ച് പേപ്പറുകൾ വിഷ്വൽ പ്രസന്റേഷനിലൂടെയായിരിക്കാം ഇനി അവതരിപ്പിക്കപ്പെടുക.

∙ ശശാങ്ക് പൊട്ടുറു (സിഇഒ കോൺട്യുറ)

രാജ്യത്ത് 18–21 വയസ്സിലുള്ള വിദ്യാർഥികൾ 25 കോടിയോളമുണ്ട്. ഇതിൽ നാലിലൊന്ന് മാത്രമേ കോളജുകളിലെത്തുന്നുള്ളൂ. ഇത്രയും ആളുകൾ ഉണ്ടായിട്ടും ജോലിദായകർ കഴിവുള്ളവരെ തേടി പരക്കംപായുകയാണ്. കഴിവിന്രെ ഈ വിടവ് നികത്തുന്നതിലാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ജോലി ചെയ്യാൻ യോഗ്യനാക്കുക എന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടത്. അവിടെയാണ് യൂണിവേഴ്സിറ്റികളും എഡ്ടെക്ക് കമ്പനികളും സഹകരിക്കേണ്ടത്. ക്യാംപസ് റിക്രൂട്ട്മെന്‍റ് വഴി തിരഞ്ഞെടുക്കുന്ന 99 ശതമാനം വിദ്യാർഥികളും കമ്പനിക്കുവേണ്ട വൈദഗ്ധ്യം ഉള്ളവരായിരിക്കില്ല. അതിനു കമ്പനി 6 മാസം പ്രത്യേക പരിശീലനം നൽകേണ്ടിവരുന്നു. അതിനു പകരം പഠന സമയത്തുതന്നെ ഓൺലൈൻ പരിശീലന ക്ലാസുകൾ കൊടുത്ത് ആ സമയത്ത് നിലവാരം ഉയർത്തി കഴിവുള്ളവരെ കണ്ടെത്തുകയാണ് വേണ്ടത്.

∙ ഡോ.രാജീവ് രാമചന്ദ്രൻ, ബിസിനസ് മേധാവി, മനോരമ ഹൊറിസോൺ

ഓൺലൈനിലേക്കു മാറുമ്പോൾ ഗ്രാമീണ വിദ്യാർഥികൾ നേരിടുന്ന പ്രശ്നം നെറ്റ്‌വർക്കാണ്. എല്ലാവരും ജോലി കിട്ടാനാണ് പഠിക്കുന്നത്. എന്നാൽ, തൊഴിലിൽ വൈദഗ്ധ്യം ഉള്ള കോഴ്സുകൾ സർവകലാശാലകൾ പഠിപ്പിക്കുന്നില്ല. അതിനാലാണ് നിരവധി ഓൺലൈന്‍ കോഴ്സുകളിലേക്കു വിദ്യാർഥികൾ ആകൃഷ്ടരാകുന്നത്. ഇലക്ട്രീഷ്യൻമാർ, ആശാരിമാർ, പ്ലമർമാർ തുടങ്ങിയവർക്ക് കഴിവുണ്ട്. പക്ഷേ അവർക്കു വലിയ സ്ഥാപനങ്ങളിൽ ജോലിക്കു പോകാൻ സർട്ടിഫിക്കറ്റില്ല. ഓൺലൈൻ കോഴ്സ് വഴി അവർക്കു സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള സംവിധാനം ഒരുക്കണം.

∙ ടോം ജോസഫ്, ഡയറക്ടർ ന്യൂ ഇൻഷ്യേറ്റീവ്സ്, ജയിൻ യൂണിവേഴ്സിറ്റി

ഓൺലൈൻ വന്നതോടെ ഉപഭോക്താവ് എന്ന രീതിയിലാണ് വിദ്യാർഥികൾ പെരുമാറുന്നത്. കാശിനെക്കുറിച്ചും ബ്രാൻഡിനെക്കുറിച്ചും അവര്‍ ബോധവാൻമാരാണ്. അവർക്കു വ്യത്യസ്ത കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഓൺലൈന്‍ മേഖലയിലുണ്ട്.

English Summary: Techspectations Educate 2021 - Panel Discussion - Online Upskilling Challenges & Vision Beyond 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com