ADVERTISEMENT

സാങ്കേതികവിദ്യയുടെ അതിപ്രസരം പല ദുരുപയോഗ സാധ്യതകള്‍ക്കു കൂടിയാണ് വഴിമരുന്നിടുന്നത്. ജപ്പാനില്‍ കഴിഞ്ഞ ദിവസം ഒരു 43 കാരന്‍ അറസ്റ്റിലായത് അശ്ലീല ദൃശ്യങ്ങളിലെ ബ്ലര്‍ ചെയ്ത ഭാഗങ്ങള്‍ മാറ്റി യഥാര്‍ഥ ദൃശ്യങ്ങളാക്കിയെന്ന കുറ്റത്തിനാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് മസായുകി നകാമോട്ടോ ഇത് സാധ്യമാക്കിയത്. ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതെങ്കിലും ഭാവിയില്‍ നിര്‍മിത ബുദ്ധിയുടെ സമാനമായ ദുരുപയോഗ സാധ്യത കൂടിയാണ് ഉയരുന്നത്. 

 

ദക്ഷിണ ജപ്പാന്‍കാരനായ നകമോട്ടോ സ്വന്തം വെബ് സൈറ്റ് നടത്തുന്നയാളാണ്. പല അശ്ലീല വെബ് സൈറ്റുകളിലേയും പോണ്‍ നടീനടന്മാരുടെ ദൃശ്യങ്ങളാണ് നകമോട്ടോ ബ്ലര്‍ മാറ്റി തെളിയിച്ചത്. ഇത്തരം ദൃശ്യങ്ങളില്‍ പ്രശസ്തരുടെ മുഖങ്ങള്‍ ഡീപ് ഫൈയ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മാറ്റുന്ന രീതികള്‍ നേരത്തെ തന്നെ പ്രചാരത്തിലുണ്ട്. എന്നാല്‍ നകമോട്ടോ മറ്റൊന്നാണ് ചെയ്തത്. 

 

ജാപ്പനീസ് നിയമം അനുസരിച്ച് സ്വകാര്യ ഭാഗങ്ങള്‍ ബ്ലര്‍ ചെയ്ത ശേഷം മാത്രമേ അശ്ലീല വിഡിയോകള്‍ പോലും പ്രസിദ്ധീകരിക്കാനാകൂ. അതുകൊണ്ടുതന്നെ ബ്ലര്‍ ഒഴിവാക്കിയ അശ്ലീല ദൃശ്യങ്ങള്‍ പണം കൊടുത്തു വാങ്ങുന്നവര്‍ നിരവധിയാണ് ജപ്പാനില്‍. ഈ സാമ്പത്തിക സാധ്യതയാണ് നകമോട്ടോ പണമാക്കി മാറ്റിയത്. അശ്ലീല ദൃശ്യങ്ങളിലെ യഥാര്‍ഥ മുഖവും ശരീരഭാഗങ്ങളുമാണ് ഇയാള്‍ ബ്ലര്‍ മാറ്റി തെളിയിച്ചത്. 

 

ഏതാണ്ട് 11 ദശലക്ഷം യെന്‍ (ഏതാണ്ട് 72 ലക്ഷം രൂപ) ഇതുവഴി സമ്പാദിച്ചുവെന്നാണ് നകമോട്ടോ പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. പതിനായിരത്തിലേറെ ഡീപ് ഫേക് വിഡിയോകള്‍ ഇതിനുവേണ്ടി നകമോട്ടോ നിര്‍മിക്കുകയും ചെയ്തു. ഒടുവില്‍ 20 ഡോളര്‍ വിലയിട്ട 10 ഡീപ് ഫേക്ക് ചിത്രങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് നകമോട്ടോ പൊലീസ് പിടിയിലായതും ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ സമ്മതിച്ചതും. കുറ്റം സമ്മതിച്ച നകമോട്ടോ താന്‍ പണത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 

 

ഡീപ് ഫേക്കും നിര്‍മിത ബുദ്ധിയും ഉപയോഗിച്ച് തിരിച്ചറിയാനാത്തവിധമുള്ള വ്യാജ ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കാനാകും. ഇതു തന്നെയാണ് ലോകത്തെ വിവിധ പൊലീസ് സേനകള്‍ക്ക് തലവേദനയാവുന്നതും. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ കാര്യമായ തെളിവുകള്‍ അവശേഷിപ്പിക്കാറില്ലെന്നതും ആശങ്കയാണ്. ആരെയും അപമാനിക്കാന്‍ ഇത്തരം തലമാറ്റല്‍ വ്യാജ വിഡിയോകള്‍ കൊണ്ട് എളുപ്പം സാധിക്കുകയും ചെയ്യും. 

 

സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ അവര്‍ പറയുന്നതു പോലുള്ള വിഡിയോകളും നിര്‍മിച്ചെടുക്കാന്‍ ഇത്തരം ഡീപ് ഫേക്ക് സാങ്കേതികവിദ്യക്കാകും. ഇതിനായി ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മാത്രം മതിയാകും. വ്യാജമാണെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ ഇവ വലിയ ദോഷം സമൂഹത്തിന് ചെയ്തു കഴിഞ്ഞിരിക്കുകയും ചെയ്യും. സാങ്കേതികവിദ്യക്കൊപ്പം അവയുടെ ദുരുപയോഗവും വര്‍ധിക്കുന്നുവെന്നതിന്റെ തെളിവാണ് ജപ്പാനില്‍ നിന്നുള്ള ഈ വാര്‍ത്ത.

 

English Summary: In A First, Japanese Man Arrested For Using DeepFake To De-Pixelate Porn Content

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com