ADVERTISEMENT

രാജ്യത്ത് ഏറെ ജനപ്രീതി നേടിയ ആമസോണ്‍ പ്രൈം വരിസംഖ്യ വര്‍ധിപ്പിക്കുകയാണ് എന്ന് കമ്പനി അറിയിച്ചു.  ഇതിനാല്‍ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ ചില പ്ലാനുകള്‍ക്കും വില കൂടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സേവനദാതാക്കള്‍ ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ വിഐപി തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അവരുടെ ചില പ്ലാനുകള്‍ക്കൊപ്പം നല്‍കുന്നുണ്ട്. 

 

ഇവ ഇനി പഴയ വിലയ്ക്ക് നല്‍കാനാകാത്തതിനാല്‍ വില വര്‍ധന അനിവാര്യമാണെന്നാണ് സൂചന. ആമസോണിന്റെ മാസവരി 129 രൂപ ആയിരുന്നത് ഇനി 179 രൂപ ആകുമെന്നും, മൂന്നു മാസത്തേക്ക് ഇതുവരെ നല്‍കി വന്നത് 329 രൂപയാണെങ്കില്‍ ഇനി അത് 459 രൂപയായിരിക്കുമെന്നും പറയുന്നു. വാര്‍ഷികവരിസംഖ്യ 999 രൂപയില്‍ നിന്ന് 1,499 രൂപയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

 

ടെലികോം കമ്പനികള്‍ വരിസംഖ്യ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും ആമസോണിന്റെ സപ്പോര്‍ട്ട് പേജില്‍ ബണ്‍ഡില്‍ഡ് ഓഫറുകള്‍ക്ക് വില വര്‍ധിക്കുമെന്നു പറയുന്നുമുണ്ട്. 

 

∙ രജനീകാന്തിന് ഇന്നൊരു സുപ്രധാന ദിനം! ഇരട്ടി മധുരവുമായി സ്വന്തം ശബ്ദത്തില്‍ രജനി എത്തുന്നത് എങ്ങനെ? 

 

ആരാധകർക്ക് ആവേശം പകര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് ഒരു സ്‌പെഷല്‍ സോഷ്യല്‍ മീഡിയ ആപ് അവതരിപ്പിക്കും. അദ്ദേഹത്തിന്റെ മകള്‍ സൗന്ദര്യ വിശാഗന്‍ (Vishagan) വികസിപ്പിച്ചെടുത്തതാണ് ആപ്. ഹൂട്ട് (HOOTE-ചൂളംവിളി, മൂങ്ങയുടെ കരച്ചില്‍, കൂക്കിവിളി) എന്നു പേരിട്ടിരിക്കുന്ന ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശവാദം ശരിയാണെങ്കില്‍ രാജ്യത്തെ ആദ്യത്തെ ശബ്ദ-കേന്ദ്രീകൃത സമൂഹ മാധ്യമ ആപ്പായിരിക്കും ഇത്. ആപ് തന്റെ തന്നെ ശബ്ദത്തിലായിരിക്കും ആദ്യം അവതരിപ്പിക്കുക എന്നും രജനി പറഞ്ഞു. 

 

∙ ഒക്ടോബര്‍ 25ന് രജനിക്ക് ഇരട്ടി മധുരം

 

മകള്‍ സ്വന്തമായാണ് ഈ ആപ് വികസിപ്പിച്ചെടുത്തതെന്ന് രജനി പറയുന്നു. ഇനി ആളുകള്‍ക്ക് അവരുടെ തന്നെ ശബ്ദത്തില്‍ അവരുടേതായ ചിന്തകളും, ആശംസകളും, ആശയങ്ങളും അവതരിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുതുന്നിതിന് പകരം ശബ്ദം ഉപയോഗിക്കാമെന്നതാണ് ആപ്പിനു പിന്നിലെ ആശയം. അതേസമയം, ഒക്ടോബര്‍ 25 തനിക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ദിവസമാണെന്നും രജനി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 2020ലെ ദാദാസാഹിബ് ഫാല്‍ക്കെ അവര്‍ഡ് രജനി വാങ്ങുന്നതും ഇന്നാണ്. കൂടാതെ, മകളുടെ ആപ്പും അവതരിപ്പിക്കും. ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. തമിഴ് സിനിമിയല്‍ 45 വര്‍ഷത്തിലേറെയായി പ്രവൃത്തിക്കുന്ന താരമാണ് അദ്ദേഹം. അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലൂടെ 1975ലാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്. https://bit.ly/3Bcmx2j

iphone-12

 

∙ സുപ്രധാന നീക്കവുമായി ബ്രസീല്‍

 

സ്വകാര്യ കമ്പനികളും മറ്റും പൗരന്മാരുടെ ഡേറ്റയിലേക്ക് യഥേഷ്ടം കടന്നുകയറി മേയുന്നതിനെതിരെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍. ഇതിനിടയില്‍, വ്യക്തിഗത ഡേറ്റാ സംരക്ഷണം മൗലകാവകാശമാക്കാനുള്ള പ്രമേയം പാസാക്കിയിരിക്കുകയാണ് ബ്രസീലിയന്‍ സെനറ്റ്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് സെഡ്ഡിനെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഡിജിറ്റല്‍ ചാനലുകളുടെ കൈവശമുള്ള ഡേറ്റയും ഇതില്‍ ഉള്‍ക്കൊള്ളിക്കും. സെനറ്റില്‍ അവതരിപ്പിച്ച ബില്ലിനെ ആരും എതിര്‍ത്തില്ലെന്നതും ശ്രദ്ധേയമാണ്. വ്യക്തിഗത ഡേറ്റ എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം ഫെഡറല്‍ സർക്കാരിനു മാത്രമായിരിക്കുമെന്നും വ്യവവസ്ഥ ചെയ്യുന്നതായിരിക്കും പുതിയ ഭരണഘടനാ ഭേദഗതി.

 

ഇതൊന്നും കൂടാതെ, ഇപ്പോള്‍ കൊണ്ടുവരുന്ന ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ ബ്രസീലിയന്‍ ഭരണഘടനയില്‍ ഒരുകാലത്തും മാറ്റംവരുത്താനാവില്ലെന്നും വ്യവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഭാവിയില്‍ ഈ നിയമത്തിനു വരുത്താവുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ ഡേറ്റാ കൂടുതല്‍ സുരക്ഷിതമാക്കാനാകുമോ അതിനു മാത്രമായിരിക്കും ശ്രമിക്കുക. ഇതു പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ വ്യക്തികളോ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളോ, വ്യക്തികളുടെ ഡേറ്റാ വിശകലനം ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടു മാത്രമായിരിക്കും. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കടക്കം പുതിയ നിയമങ്ങള്‍ ബാധകമായിരിക്കും. ഇതിനെതിരെ എന്തെങ്കിലും ചെയ്താല്‍ ബിസിനസ് സ്ഥാപനങ്ങളാണെങ്കില്‍ അവയുടെ വാര്‍ഷിക വരുമാനത്തിന്റെ രണ്ടു ശതമാനമായിരിക്കും പിഴ. കമ്പനികള്‍ തങ്ങളുടെ ഡേറ്റ ശേഖരിച്ചു സൂക്ഷിക്കുന്നു എന്നതിനെക്കുറിച്ച് അവബോധമുള്ളവരാണ് ബ്രസീലുകാര്‍ എന്നതും പുതിയ നിയമങ്ങള്‍ക്ക് ബലം നല്‍കുന്നു.

 

∙ ഐഫോണ്‍ 14ല്‍ നോച്ച് ഇല്ലാതാക്കാന്‍ സാധിച്ചേക്കുമെന്ന് അഭ്യൂഹം

 

ഫെയ്‌സ്‌ഐഡി ഉള്‍പ്പെടുന്ന മുന്‍ ക്യാമറാ സിസ്റ്റത്തിന് ഇരുപ്പിടമൊരുക്കാനായി ആപ്പിള്‍ കൊണ്ടുവന്ന ഒരു ഡിസൈന്‍ തീരുമാനമായിരുന്നു സ്‌ക്രീനില്‍ ഒരു നോച്ച് അവതരിപ്പിക്കുക എന്നത്. ഐഫോണ്‍ എക്‌സ് (ടെന്‍) മോഡലിലാണ് ഇത് ആദ്യം കൊണ്ടുവന്നത്. ആപ്പിള്‍ ചെയ്യുന്നതെന്തും കോപ്പിയടിക്കാനിരിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ അത് അതുപോലെ പകര്‍ത്തിയെങ്കിലും പല നിര്‍മാതാക്കളും, എന്തിന് ബജറ്റ് ഫോണ്‍ നിര്‍മാതാക്കള്‍ പോലും നോച്ച് ഇല്ലാതെ ഫോണ്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 

 

ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയ ഐഫോണ്‍ 14 റൂമര്‍ പ്രകാരം 2022ല്‍ ഇറങ്ങാന്‍ പോകുന്ന മോഡലിന് നോച്ച് ഉണ്ടായേക്കില്ല. എന്നാല്‍, ഈ ചർച്ച കുറച്ചു കാലമായി കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് കളിയാക്കുന്നവരുമുണ്ട്. പഞ്ച്-ഹോള്‍ ക്യാമറാ സിസ്റ്റം ആപ്പിള്‍ അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഇതിനൊപ്പം സ്‌ക്രീനില്‍ തന്നെയുള്ള ടച്ച് ഐഡിയും വന്നേക്കുമെന്ന് പറയുന്നു. ടൈറ്റാനിയം അലോയ് ബോഡിയായിരിക്കാം അടുത്ത പ്രീമിയം ഐഫോണുകള്‍ക്ക്. കൂടാതെ, ഉന്തി നില്‍ക്കുന്ന പിന്‍ക്യാമറാ സിസ്റ്റവും ചിലപ്പോള്‍ ഇല്ലാതാക്കാന്‍ ആപ്പിളിനു സാധിച്ചേക്കുമെന്നും പറയുന്നു. 

 

∙ ഐഫോണ്‍ എസ്ഇ 3ക്കും ശാപമോക്ഷം?

 

ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ മോഡലായ എസ്ഇ സീരീസിന് പഴയ ഡിസൈന്‍ മാത്രമേ നല്‍കൂ എന്നൊരു ശപഥമെടുത്ത രീതിയിലാണ് ആപ്പിള്‍ ഇതു വരെ പെരുമാറിയിരുന്നത്. ആദ്യ ഐഫോണ്‍ എസ്ഇയ്ക്ക്, ഐഫോണ്‍ 5എസിന്റെ ഡിസൈന്‍ ഭാഷയാണ് നല്‍കിയിരുന്നതെങ്കില്‍, എസ്ഇ 2020ന് ഐഫോണ്‍ 8ന്റെ ഡിസൈന്‍ രീതിയാണ് നല്‍കിയത്. എസ്ഇ 2022നും ഐഫോണ്‍ 8ന്റെ ഡിസൈന്‍ തുടരുമെന്നാണ് ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം, പകരം കുറച്ചുകൂടി ആധുനികമായ ഐഫോണ്‍ എക്‌സ്ആറിന്റെ ഡിസൈന്‍ ആയിരിക്കും അടുത്ത എസ്ഇ മോഡലിനു നല്‍കുക. കൂടാതെ, എസ്ഇ 2022ന് 5ജിയും ലഭിച്ചേക്കും.

 

English Summary: Jio and Other Operators Might Increase Price of Select Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com