ADVERTISEMENT

ഒരു സംശയത്തിനും ഇട നല്‍കാത്തവിധമുള്ള പുതിയ തട്ടിപ്പുമാര്‍ഗങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ സ്വീകരിക്കാറ്. കോവിഡിനെ ചുറ്റിപ്പറ്റിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഏറ്റവും പുതിയത് കോവിഡ് വാക്‌സീന്‍ തട്ടിപ്പാണ്. കോവിഡ് വാക്‌സീനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സര്‍വേയിലെന്ന പോലെ ചോദിച്ചറിയുന്ന സന്ദേശങ്ങള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും പലര്‍ക്കും അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കും. 

 

നിരന്തരം പുതിയ തട്ടിപ്പുമാര്‍ഗങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രധാന രീതി. കോവിഡ് 19 ലോകത്തിന്റെ ആശങ്കയായതോടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ നിരവധി പേരാണ് ഇരയായത്. കോവിഡ് വാക്‌സീന്റെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും തട്ടിപ്പു സംഘങ്ങള്‍ സജീവമായിരുന്നു. 

 

സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലല്ലാതെ പ്രാദേശികമായി തങ്ങള്‍ തയാറാക്കിയ വെബ് സൈറ്റിലൂടെയും കോവിഡ് വാക്‌സീന്‍ ബുക്ക് ചെയ്യാമെന്നു പറഞ്ഞായിരുന്നു ഒരു തട്ടിപ്പ്. ഇവര്‍ പറയുന്ന ആപ്ലിക്കേഷനോ എപികെ ഫയലോ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ സ്മാര്‍ട് ഫോണിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അടിമുടി കവര്‍ന്നെടുക്കുകയും ചെയ്യും. കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള അധിക ആവശ്യം കുറഞ്ഞതോടെ ഒന്ന് മാറ്റിപിടിച്ചിരിക്കുകയാണ് തട്ടിപ്പുകാര്‍. 

 

∙ പുതിയ തട്ടിപ്പ്

 

ഇത്തവണ നിങ്ങള്‍ കോവിഡ് പ്രതിരോധ വാക്‌സീന്‍ എടുത്തവരാണോ എന്ന് ചോദിച്ചുകൊണ്ടുള്ള മെസേജിലൂടെയാണ് തുടക്കം. എടുത്തിട്ടുണ്ടെങ്കില്‍ 1 അമര്‍ത്തുക ഇല്ലെങ്കില്‍ 2 എന്നും പറഞ്ഞിരിക്കും. ഇതിലേതെങ്കിലും ഞെക്കുന്നതോടെ പുതിയ ലിങ്ക് തുറക്കും. പിന്നീട് നിങ്ങളെടുത്ത വാക്‌സിന്‍ 1 കോവിഷീല്‍ഡ് 2 കോവാക്‌സിന്‍ 3 ഫൈസര്‍ ഇതിലേത് എന്ന ചോദ്യവും വരും. ഏത് വാക്‌സീനാണ് എടുത്തതെന്ന വിവരവും പലരും നല്‍കും. 

 

രണ്ട് ഡോസ് വാക്‌സീനും എടുത്തവരാണോ അതോ ഒരു ഡോസ് മാത്രമാണോ എന്ന ചോദ്യമാണ് അടുത്ത മെസേജായി കാണുക. ഒരു ഡോസ് എടുത്തവര്‍ 1 എന്നും രണ്ട് ഡോസ് എടുത്തവര്‍ 2 എന്നും അയക്കണമെന്ന നിര്‍ദേശവുമുണ്ടാകും. ഇതിനുള്ള മറുപടി നല്‍കിയതിന് പിന്നാലെ നിങ്ങളുടെ മൊബൈലിലേക്ക് ഒരു ഒടിപി വരും അത് ഞങ്ങള്‍ക്ക് അയച്ചു തരികയെന്ന നിര്‍ദേശവും ലഭിക്കും. ഈ ഒടിപി അയച്ചുകൊടുക്കുന്നവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാവുകയാണ് ചെയ്യുന്നത്. 

 

∙ തട്ടിപ്പ് തടയാന്‍

 

എല്ലാ ഓണ്‍ലൈന്‍ തട്ടിപ്പുകളും ആരംഭിക്കുന്നത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചാണ്. ഇതിനായി പല രീതികളും തട്ടിപ്പുകാര്‍ സ്വീകരിക്കാറുണ്ട്. ഇ മെയില്‍, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ക്കെല്ലാം രണ്ട് ഘട്ടത്തിലുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുകയെന്നതാണ് ഇത് തടയാനുള്ള ഒരു മാര്‍ഗം. അങ്ങനെ വരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് പാസ്‌വേഡോ, സുരക്ഷാ ചോദ്യമോ, ഒടിപിയോ, ഡിവൈസ് കോഡോ എല്ലാം ഉപയോഗിച്ചു മാത്രമേ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തേക്ക് പോവുകയുള്ളൂ. അത് ഒരു പരിധി വരെ എളുപ്പത്തിലുള്ള വിവരമോഷണം അസാധ്യമാക്കുകയും ചെയ്യും. 

 

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വിവരശേഖരം നടത്തുന്ന മറ്റൊരു മാര്‍ഗം പൊതു വൈ–ഫൈകളാണ്. റെയില്‍വേ സ്റ്റേഷന്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ വൈ–ഫൈകള്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ഇത് തടയാനുള്ള മാര്‍ഗം. പല ഹാക്കര്‍മാരും സൗജന്യ വൈ–ഫൈ ഹോട്ട് സ്‌പോട്ടുകള്‍ തന്നെ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പല കേസുകളിലും തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സൗജന്യ വൈ–ഫൈകള്‍ തട്ടിപ്പുകാരുടെ ഇഷ്ട കേന്ദ്രങ്ങളാണെന്നത് മറക്കാതിരിക്കുക. 

 

നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട പാസ്‌വേഡ്, എടിഎം പിന്‍ നമ്പര്‍, ഒടിപി നമ്പര്‍ എന്നിവ ഒരു കാരണവശാലും ഫോണിലൂടെ ആര്‍ക്കും നല്‍കാതിരിക്കുക. ഇത് മാത്രമാണ് ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകളെ അകറ്റാനുള്ള ഏറ്റവും സുപ്രധാന മന്ത്രം. ഒടിപി നമ്പറുകളും പിന്‍ നമ്പറും ബാങ്കില്‍ നിന്നും വിളിച്ച് ചോദിച്ചാല്‍ പോലും നല്‍കരുതെന്ന് ബാങ്കുകള്‍ തന്നെ നിരന്തരം ഉപഭോക്താക്കളെ അറിയിക്കുന്നതാണ്. 

 

∙ പണം പോയാലും വഴിയുണ്ട്

 

എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തിയാലും ഓരോ തവണയും പുതിയ രൂപത്തിലെത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഒരിക്കലും ഇരയാവില്ലെന്ന് ആര്‍ക്കും ഉറപ്പിക്കാനാകില്ല. അത്തരം സാഹചര്യത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ നിങ്ങളെന്തു ചെയ്യും? എത്രയും വേഗത്തില്‍ ബാങ്കിനേയും സൈബര്‍ പൊലീസിനേയും വിവരം അറിയിക്കുകയെന്നതാണ് നഷ്ടമായ പണം തിരികെ ലഭിക്കാനുള്ള ഏറ്റവും വലിയ സാധ്യത. 

 

അതാത് ജില്ലാ സൈബര്‍ സെല്ലുകള്‍ വഴിയാണ് പരാതി നല്‍കേണ്ടത്. പണം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ക്ക്  സൈബര്‍ സെല്ലുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് സന്ദേശം ഒരിക്കലും ഡിലീറ്റ് ചെയ്യരുത്. പണം നഷ്ടമാകുന്നവര്‍ കഴിവതും രണ്ടു മണിക്കൂറിനുള്ളില്‍ വിവരമറിയിച്ചാല്‍ അക്കാര്യം പൊലീസിന് ബാങ്ക്/മൊബൈല്‍ വോലറ്റ് അധികൃതരെ അറിയിച്ച് പണം കൈമാറ്റം തടയാനും സാധിക്കും.

ജില്ലാ സൈബര്‍ സെല്ലുകളുടെ നമ്പറുകള്‍: തിരുവനന്തപുരം സിറ്റി: 9497975998, തിരുവനന്തപുരം റൂറല്‍: 9497936113, കൊല്ലം സിറ്റി: 9497960777, കൊല്ലം റൂറല്‍: 9497980211, പത്തനംതിട്ട: 9497976001, ആലപ്പുഴ: 9497976000, കോട്ടയം: 9497976002, ഇടുക്കി: 9497976003, കൊച്ചി സിറ്റി: 9497976004, എറണാകുളം റൂറല്‍: 9497976005, തൃശൂര്‍ സിറ്റി: 9497962836, തൃശൂര്‍ റൂറല്‍: 9497976006, പാലക്കാട്: 9497976007, മലപ്പുറം: 9497976008, കോഴിക്കോട് സിറ്റി: 9497976009, കോഴിക്കോട് റൂറല്‍: 9497976010, വയനാട്: 9497976011, കണ്ണൂര്‍: 9497976012, കാസര്‍ഗോഡ്: 9497976013.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതി നല്‍കുന്നതിന് കേരള പൊലീസിന്റെ കോള്‍ സെന്ററും നിലവിലുണ്ട്. 24 മണിക്കൂറും 155 260 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാന്‍ സാധിക്കും. 

 

English Summary: Fake Covid Vaccine online Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com