ADVERTISEMENT

‘എന്റെ കണ്ണ് ആയിരുന്നു ആ ലാപ്ടോപ്. വർഷങ്ങളായുള്ള എന്റെ അധ്വാനം അതിലുണ്ട്’– കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ സി.എസ്.സായൂജ്യയ്ക്ക് ലാപ്ടോപ് വെറും പഠനോപകരണം മാത്രമായിരുന്നില്ലെന്ന് ഈ വാക്കുകളിൽ നിന്നു വ്യക്തമാണ്. കാഴ്ചശക്തിയില്ലാത്ത സായൂജ്യ ബിരുദതലം മുതൽ വായിച്ച കുറിപ്പുകളും ചെയ്ത ജോലികളും ഉണ്ടായിരുന്ന ആ ലാപ്ടോപ് കോഴിക്കോട് ബീച്ചിൽ വച്ച് ഒരു മാസം മുൻപാണു മോഷണം പോയത്. ഇവയെല്ലാം ഡിജിറ്റലാക്കി ഓൺലൈൻ ലോക്കറുകളിൽ സൂക്ഷിച്ചിരുന്നെങ്കിൽ ലാപ്ടോപ് നഷ്ടപ്പെട്ടാലും ആശങ്കപ്പെടേണ്ടതില്ലായിരുന്നു. ലാപ്ടോപ് വീണ്ടും വാങ്ങാൻ സാധിച്ചേക്കും, എന്നാൽ, നഷ്ടപ്പെട്ട ലാപ്ടോപ്പിലെ വിലപ്പെട്ട രേഖകൾ തിരിച്ചെടുക്കാൻ സാധിച്ചെന്നും വരില്ല. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഇപ്പോൾ നിരവധി സുരക്ഷിതമായ, ചെലവ് കുറഞ്ഞ ഡിജിറ്റൽ ലോക്കറുകൾ ലഭ്യമാണ്.  

∙ കേന്ദ്ര സർക്കാരിനുമുണ്ട് ഡിജിറ്റൽ ലോക്കർ

ഇത്തരം സാഹചര്യങ്ങളിലാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഡിജിലോക്കർ സംവിധാനത്തിന്റെ പ്രസക്തിയേറുന്നത്.  സംസ്ഥാന സർക്കാരിനു കീഴിലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാക്കാം. ഇതോടൊപ്പം തന്നെ നമ്മുടെ മറ്റു രേഖകളും ഡിജിലോക്കറ്റിലേക്ക് അപ്‌ലോഡ് ചെയ്യാം. ഇപ്പോൾ വാഹനപരിശോധനയ്ക്കായി ഡിജിലോക്കർ രേഖകൾ കാണിച്ചാൽ മതി. അതായത്, നമ്മുടെ ജീവിതത്തിന്റെ ഭാഗമായ രേഖകകളും പഠനങ്ങളും മറ്റുകുറിപ്പുകളും ഡിജിറ്റൽ ലോക്കറില്‍ സൂക്ഷിച്ചാൽ എന്നും എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാം. ലാപ്ടോപ്, ഫോണ്‍, ടാബ് എന്നിവ നഷ്ടപ്പെട്ടാലും ഒരിക്കലും ദുഃഖിക്കേണ്ടിയും വരില്ല.

∙ ഡിജിറ്റൽ രേഖകൾ എങ്ങനെ സൂക്ഷിക്കാം?

രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പാണു ഡിജിലോക്കർ. കയ്യിലെ തടിച്ച ഫയലിനു പകരം പോക്കറ്റിലെ ഫോൺ മതിയെന്നർഥം. ലോകത്തെവിടെയിരുന്നും നമ്മുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ഹാജരാക്കാം. സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ അതതു വകുപ്പുകളിൽ നിന്ന് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ രൂപം ഡിജിലോക്കർ ആപ്പിലെത്തും.

 

∙ രേഖകൾ രണ്ടുവിധം 

വിവിധ സർക്കാർ സ്ഥാപനങ്ങൾ അവരുടെ സർട്ടിഫിക്കറ്റുകൾ നേരിട്ടു ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നതിനെ ‘ഇഷ്യൂഡ് ഡോക്യുമെന്റ്സ്’ എന്നു വിളിക്കുന്നു. ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകിയാൽ ഡിജിറ്റൽ പതിപ്പ് ഫോണിലെത്തും. അതേസമയം, സ്കാൻ ചെയ്ത ഏതു സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാനായി 1 ജിബി സ്പേസും അനുവദിച്ചിട്ടുണ്ട്. ഇവ ഇ–ഒപ്പ് നൽകിയാൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇവയെ ‘അപ്‌ലോഡഡ് ഡോക്യുമെന്റ്സ്’ എന്നു വിളിക്കുന്നു. യഥാർഥ സർട്ടിഫിക്കറ്റിനു പകരം ഇഷ്യൂഡ് ഡോക്യുമെന്റ്സ് ഉപയോഗിക്കാം; സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾക്കു പകരം ഇ–സൈൻ ചെയ്ത അപ്‌ലോഡഡ് ഡോക്യുമെന്റ്സും.

 

∙ സാധ്യതകളേറെ 

 

സ്വന്തം കംപ്യൂട്ടറുകളിൽനിന്നും വേറിട്ട് അകലങ്ങളിൽ സ്ഥിതി ചെയ്യുന്ന സെര്‍വറുകളിൽ ഇലക്‌ട്രോണിക് വിവര ശേഖരങ്ങളായി സർട്ടിഫിക്കറ്റുകളും ലൈസൻസുകളുമൊക്കെ സൂക്ഷിക്കാവുന്ന ഏറ്റവും നൂതന ക്ലൗഡ് കംപ്യൂട്ടിങ് ആണ് ഡിജി ലോക്കറിന്റെ അടിസ്ഥാനം. അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ ഡിജിറ്റലായി നൽകുന്ന സുപ്രധാന രേഖകൾ ഇത്തരം ക്ലൗഡ് സെർവറുകളിൽ ഡിജിറ്റൽ ഒപ്പോടു കൂടിയായിരിക്കും സൂക്ഷിച്ചിരിക്കുക. മൊബൈൽ ഫോൺ, ടാബ്‌ലറ്റുകൾ എന്നിവകളിൽ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്ക് രേഖകൾ ആവശ്യമുള്ളപ്പോള്‍ പ്രദർശിപ്പിക്കാം. ഇങ്ങനെ കാണിച്ചുകൊടുക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി സർട്ടിഫിക്കറ്റുകൾ നൽകിയ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഒപ്പും പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ട്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പികൾ ആവശ്യപ്പെടുന്നവർക്ക് ആധികാരികത തെളിയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്തു നൽകുകയുമാകാം. നേരത്തേ കിട്ടിയിട്ടുള്ള കൈവശമിരിക്കുന്ന കടലാസ് രേഖകൾ സ്‌കാൻ ചെയ്ത് സ്വയം ഡിജിറ്റൈസ് ചെയ്യുകയും അവ സ്വന്തം ഇ-ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറിൽ സൂക്ഷിയ്ക്കാവുന്നതുമാണ്.

 

∙ ലളിതമായ പ്രവർത്തനം 

 

ഡിജി ലോക്കർ ആപ്ലിക്കേഷൻ പ്രവർത്തനം വളരെ ലളിതമാണ്. ഡിജിറ്റലായി രേഖകൾ നൽകുന്ന വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളുടെയും വെബ്‌സൈറ്റിലേയ്ക്ക് ആപ് ഉപയോഗിച്ച് ബന്ധപ്പെടാം. ഇഷ്യൂവേഴ്‌സ് എന്നറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ രേഖകളുടെ നമ്പർ നൽകി അവ നമ്മുടെ ഡിജിറ്റൽ ലോക്കറിലേയ്ക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാം. ഇപ്രകാരം ഡൗൺലോഡ് ചെയ്‌തെടുത്ത അസൽ ഡിജിറ്റൽ രേഖകൾ പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ സ്മാർട് ഫോണിന്റെ സ്‌ക്രീനിൽ പ്രദർശിപ്പിച്ച് കാട്ടിക്കൊടുക്കാം. സ്വന്തമായി ഡിജിറ്റൈസ് ചെയ്‌തെടുത്ത രേഖകളിൽ സ്വന്തം ഇ-സിഗ്‌നേച്ചർ രേഖപ്പെടുത്തി ഡിജിറ്റലായി തന്നെ മറ്റുള്ളവർക്കു നൽകുന്നതിനു ഷെയർ ചെയ്യാനുള്ള സൗകര്യവും ഡിജി ലോക്കർ ആപ്പിലുണ്ട്. 

 

∙ പേപ്പർലെസ് 

 

ആധാറിന്റെ ഡിജിറ്റൽ പതിപ്പായ ഇ-ആധാർ ആക്റ്റിവേറ്റ് ചെയ്താൽ മാത്രമേ ഡിജി ലോക്കർ പൂർണമായും പ്രവർത്തന ക്ഷമമാകുകയുള്ളൂ. ആധാർ റജിസ്‌ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ ഫോൺ നമ്പരിൽ നിന്നും വേണം ഡിജി ലോക്കർ സജ്ജമാക്കാൻ. ലൈസൻസ് തുടങ്ങിയ രേഖകൾക്കു നൽകുന്ന പേര് തുടങ്ങിയ വിവരങ്ങൾ ആധാർ വിവരങ്ങളുമായി ഒത്തുനോക്കിയശേഷം നൽകേണ്ടതാണ്. വ്യക്തികൾക്ക് തങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം കടലാസ് രൂപംവെടിഞ്ഞു നഷ്ടപ്പെടാൻ തീരെ സാധ്യതയില്ലാത്ത രീതിയിൽ പൂർണമായി ആധികാരികത നൽകി ഒരു ഡിജിറ്റൽ ജീവിതം സൃഷ്ടിക്കുന്നതിന് ഡിജി ലോക്കർ സൗകര്യമൊരുക്കുന്നു. 

 

ഡിജി ലോക്കർ തുടങ്ങുന്നതിനു സഹായിക്കുന്ന വെബ്‌സൈറ്റ് അഡ്രസ്സ് https://digilocker.gov.in/ എന്നാണ്. മൊബൈൽ ഫോണിലേയ്ക്ക് ഡിജി ലോക്കർ ആപ് ഡൗൺലോഡ് ചെയ്‌തോ ഇന്റർനെറ്റിലൂടെ ബ്രൗസർ ഉപയോഗിച്ചോ ഡിജി ലോക്കർ അക്കൗണ്ട് തുടങ്ങാം. രേഖപ്പെടുത്തുന്ന മൊബൈൽ ഫോൺ നമ്പരിലേക്കു ലഭിക്കുന്ന വൺടൈം പാസ്‌വേഡ് ഉപയോഗിച്ച് സ്വന്തം യൂസർ നെയിമും പാസ്‌വേഡും സെറ്റ് ചെയ്താൽ ഡിജിറ്റൽ ലോക്കർ ഉപയോഗിക്കാം. മൊബൈൽ ഫോൺ നമ്പരിൽ ആധാർ ലിങ്ക് ചെയ്താൽ പൂർണ രീതിയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലോക്കർ ഫോണിൽ പ്രവർത്തന സജ്ജമാകും. ഇത്തരം നിരവധി ക്ലൗഡ് കംപ്യൂട്ടിങ് സ്റ്റോറേജ് സംവിധാനങ്ങൾ ലഭ്യമാണ്. ഇതിൽ ചില കാര്യങ്ങൾ മാത്രമാണ് മുകളിൽ പരിചയപ്പെടുത്തിയത്.

 

English Summary: Digital Documents Now Valid. Here's All You Need To Know About DigiLocker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com