ADVERTISEMENT

മുമ്പൊരിക്കലും ഇറക്കിയിട്ടില്ലാത്ത തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുമായി എത്തുകയാണ് സിടിഇ (ZTE) അവതരിപ്പിച്ചിരിക്കുന്നത്. ആക്‌സണ്‍ (Axon) 30 അള്‍ട്രാ ഏറോസ്‌പേസ് എഡിഷന്‍ എന്നു പേരിട്ടിരിക്കുന്ന ഫോണില്‍ 18ജിബി റാമും, 2ജിബി വെര്‍ച്വല്‍ റാമും അടക്കം, 20 ജിബി റാമിന്റെ സാന്നിധ്യം ഉണ്ടെന്നതു കൂടാതെ, 1 ടിബി സംഭരണശേഷിയും ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 ആണ് പ്രൊസസര്‍. ഫോണിന് 6.67-ഇഞ്ച് ഫുള്‍എച്ഡി പ്ലസ്, കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലെയും ഉണ്ട്. സ്‌ക്രീനിന് എച്ഡിആര്‍ 10പ്ലസ് സപ്പോര്‍ട്ടും, 144 ഹെട്‌സ് റിഫ്രെഷ് റെയിറ്റും ഉണ്ട്.

പിന്നിലെ ക്വാഡ് ക്യാമറാ സിസ്റ്റത്തില്‍ മൂന്നു 64എംപി ക്യമറാ സെന്‍സറുകള്‍ പിടിപ്പിച്ചിരിക്കുന്നു. അവയ്ക്കൊപ്പം 8എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്. വിഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 16എംപി മുന്‍ ക്യാമറയും ഉണ്ട്. പുതിയ ഫോണിന് 4600എംഎഎച് ബാറ്ററിയും, 65w ഫാസ്റ്റ് ചാര്‍ജിങ് ശേഷിയും ഉണ്ട്. ഫോണിന് ഏകദേശം 1100 ഡോളറായിരിക്കും വില എന്ന് ഗിസ്‌മോചൈന റിപ്പോര്‍ട്ടു ചെയ്യുന്നു. ഫോണ്‍ ലഭിക്കുന്ന ബോക്‌സില്‍ സ്‌ക്രീന്‍ സംരക്ഷണ ഫിലിമും, 55 ഡോളര്‍ വിലയുള്ള സെഡ്ടിഇ ലൈവ്ബഡ്‌സ് പ്രോ ബ്ലൂടൂത്ത് ഇയര്‍ബഡ്‌സും ഉള്‍ക്കൊള്ളിച്ചിരിക്കുന്നുഎന്നും റിപ്പോര്‍ട്ടിലുണ്ട്. സെഡ്ടിഇ ആക്‌സണ്‍ 30 അള്‍ട്രാ എന്ന പേരില്‍ മറ്റൊരു മോഡലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന് ഏറോസ്‌പേസ് എഡിഷന്റെയത്ര മികവില്ല.

200എംപി ക്യാമറാ ഫോണുകള്‍ ആദ്യം അവതരിപ്പിക്കുക മോട്ടറോളയും ഷഓമിയും

സാംസങ് പുറത്തിറക്കിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറാ സെന്‍സറാണ് 200എംപി ഐസോസെല്‍ എച്പി1. ഇത് ഉപയോഗിച്ചുള്ള ആദ്യ ഫോണ്‍ ഇറക്കുക മോട്ടറോള ആയിരിക്കുമെന്ന് പോക്കറ്റ്‌നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഈ സെന്‍സര്‍ ഷഓമിയുടെ ഒരു മോഡലിലും ഉപയോഗിക്കുമെന്ന് ഗിസ്‌ചൈനയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെന്‍സര്‍ നിര്‍മിച്ച സാംസങ് കമ്പനി, അതുപയോഗിച്ചുള്ള ഫോണ്‍ 2023ല്‍ ആയിരിക്കും ഇറക്കുക എന്നും അഭ്യൂഹമുണ്ട്.

700 മെഗാഹെട്‌സ് സ്‌പെക്ട്രത്തില്‍ 5ജി പരീക്ഷിച്ചു വിജയിച്ചു എന്ന് എയര്‍ടെല്‍

airtel

രാജ്യത്ത് 700 മെഗാഹെട്‌സ് സ്‌പെക്ട്രത്തില്‍ തങ്ങള്‍ 5ജി പ്രക്ഷേപണം വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് എന്ന് പ്രമുഖ ടെലകോം സേവനദാതാവായ എയര്‍ടെല്‍ അറിയിച്ചു. നോക്കിയ കമ്പനിയുമായി ചേര്‍ന്നാണ് കൊല്‍ക്കത്ത നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പരീക്ഷണം നടത്തിയതെന്ന് കമ്പനി പറയുന്നു. 

ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ നീളുമെന്ന് ഇന്ത്യന്‍ ഉപയോക്താക്കള്‍

പ്രമുഖ ക്ലൗഡ് സേവനദാതാവായ ഓറക്കിൾ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വെ പ്രകാരം വിതരണ ശൃംഖലയിലുള്ള പ്രശ്‌നങ്ങള്‍ നീളുമെന്ന് വിശ്വസിക്കുന്നവരാണ് കൂടുതല്‍. സര്‍വെയില്‍ പങ്കെടുത്ത 10ല്‍ 9 പേരും കരുതുന്നത് പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ്. കോവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ വരവ് ഈ മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ചിലര്‍ കരുതുന്നു. അതേസമയം, ചിപ്പ് ദൗർലഭ്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് വില കുറഞ്ഞ ഫോണുകളെ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരുന്ന മാസങ്ങളില്‍ താരതമ്യേന വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ വില ഉയര്‍ന്നേക്കാം.

ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കമ്മിറ്റി?

Facebook

ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്യുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫെയ്‌സ്ബുക്കിനെയും ട്വിറ്ററിനെയും ഇനി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളായി കണ്ടേക്കാം. ഇത്രയും കാലം ഉപയോക്താക്കള്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇതിനൊരു മാറ്റം ഇന്ത്യ കൊണ്ടുവന്നേക്കും. പാനലിന്റെ തലപ്പത്ത് ബിജെപി എംപി പിപി ചൗധരിയാണ്. പാനലിന്റെ നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 28ന് പാര്‍ലമെന്റിന് സമര്‍പ്പിക്കും. അതേപോലെ, ഇന്ത്യ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമവും അധികം താമസിയാതെ വന്നേക്കാമെന്നും പറയുന്നു. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്ക് അനുസരിച്ചായിരിക്കാം ഡേറ്റാ പരിപാലന നിയമങ്ങള്‍ വരിക എന്നാണ് കരുതുന്നത്.

ഇന്‍സ്റ്റഗ്രാം മേധാവി അമേരിക്കന്‍ സെനറ്റ് പാനിലിനു മുന്നില്‍ ഹാജരാകും

Representative Image. Photo credit : Natee Meepian/ Shutterstock.com
Representative Image. Photo credit : Natee Meepian/ Shutterstock.com

മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുപ്രധാന സമൂഹ മാധ്യമ കമ്പനികളിലൊന്നായ ഇന്‍സ്റ്റഗ്രാമിന്റെ മേധാവി ആഡം മൊസെരി അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഡിസംബര്‍ ആദ്യവാരം ഹാജരാകും. കുട്ടികളുടെ മാനിസികാരോഗ്യത്തിന് ഇന്‍സ്റ്റഗ്രാം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു എന്ന കടുത്ത ആരോപണം കഴിഞ്ഞ കുറച്ചു മാസങ്ങളായി, കൂടുതല്‍ പേര്‍ ഉന്നയിചിച്ചു തുടങ്ങിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കും അദ്ദേഹം സെനറ്റ് പാനലിനു മുന്നിലെത്തുക. അതിശക്തമമായ അല്‍ഗോറിതങ്ങള്‍ ഉപയോഗിച്ച് വിഷലിപ്തമായ ഉള്ളടക്കം കുട്ടികളിലേക്കും കുത്തി നിറയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാം ചെയ്യുന്നതെന്ന കടുത്ത ആരോപണമാണ് കണക്ടിക്കറ്റില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ റിച്ചഡ് ബ്ലുമെന്താല്‍ ഉയര്‍ത്തുന്നത്. മെറ്റാ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും മൊസെറിയും വിശദീകരണെ നൽകാൻ എത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ ഇയര്‍ഫോണ്‍ അവതരിപ്പിക്കാന്‍ ഷഓമി

Xiaomi drops 'Mi' branding after over a decade

തങ്ങളുടെ മികച്ച വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലായ ടിഡബ്ല്യൂഎസ് 3 പ്രോ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഷഓമി എന്ന് ടെക്‌റഡാര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അഡാപ്റ്റീവ് നോയിസ് ക്യാന്‍സലേഷനാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഇയര്‍ഫോണുകള്‍ക്ക് 8,000-10,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ടിഡബ്ല്യൂഎസ് 3 പ്രോയുടെ പരമാവധി നോയിസ് റിഡക്ഷന്‍ ഡെപ്ത് 40ഡിബി ആയിരിക്കാം. സ്‌പേഷ്യല്‍ ഓഡിയോ സപ്പോര്‍ട്ട്, യുഎസ്ബി ടൈപ്-സി ചാര്‍ജിങ് തുടങ്ങിയവയും എല്‍എച്ഡിസി 4.0 കോഡക് സപ്പോര്‍ട്ടും ടിഡബ്ല്യൂഎസ് 3 പ്രോയ്ക്ക് ഉണ്ടായിരിക്കാം. ഇന്ത്യന്‍ വേര്‍ഷന് വാട്ടര്‍ റെസിസ്റ്റന്‍സും പ്രതീക്ഷിക്കുന്നു. ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ 6 മണിക്കൂര്‍ തുടര്‍ച്ചയായി ഇവ പ്രവര്‍ത്തിച്ചേക്കുമെന്നു കരുതുന്നു. ഒപ്പം ലഭിക്കുന്ന ചാര്‍ജിങ് കെയ്‌സ് ഉപയോഗിച്ചാല്‍ ഏകദേശം 27 മണിക്കൂര്‍വരെ ടിഡബ്ല്യൂഎസ് 3 പ്രോ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കരുതുന്നത്.

ആപ്പിളിന്റെ സ്വന്തം മോഡം ചിപ്പ് 2023ല്‍?

business-boom-apple-logo

പ്രൊസസര്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ആപ്പിളിന്റെ ശ്രമം അടത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഐഫോണുകള്‍ക്കു പിന്നാലെ മാക്ബുക്കുകള്‍ക്കും സ്വന്തം പ്രൊസസര്‍ അവതരിപ്പിച്ച ആപ്പിള്‍, 2023ല്‍ സ്വന്തം മോഡം ചിപ്പും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന് നിക്കേയ് ഏഷ്യ പറയുന്നു. നേരത്തെ ഇതേ അഭ്യൂഹം, ആപ്പിളിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിട്ടു പ്രശസ്തി നേടിയ മിങ്-ചി കുവോയും പങ്കുവച്ചിരുന്നു. തയ്‌വാന്‍ സെമികണ്‍ഡക്ടര്‍ മാനുഫാക്ചറിങ് കമ്പനി അഥവാ ടിഎസ്എംസിയുമായി ചേര്‍ന്നായിരിക്കും ആപ്പിള്‍ സ്വന്തംമോഡം ചിപ്പുകള്‍ നിര്‍മിക്കുക.

ഇരു കമ്പനികളും ചേര്‍ന്ന് 5ജി ഐഫോണ്‍ മോഡങ്ങള്‍ 2023ല്‍ നിര്‍മിച്ചിറക്കിയേക്കും. ഇത് ടിഎസ്എംസിയുടെ 4-നാനോമീറ്റര്‍ ചിപ്പ് നിര്‍മാണ ടെക്‌നോളജി പ്രയോജനപ്പെടുത്തി ആയിരിക്കും ഇറക്കുക. സ്വന്തമായി റേഡിയോ ഫ്രീക്വന്‍സി, മില്ലിമീറ്റര്‍ വേവ് ഘടകഭാഗങ്ങൾ ആപ്പിള്‍ തന്നെ നിര്‍മിച്ചു വരികയാണെന്നും പറയുന്നു. പുതിയ ചിപ്പിലെ ഊര്‍ജ്ജ നിയന്ത്രണ സംവിധാനവും ആപ്പിളിന്റേതു തന്നെയായിരിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ആപ്പിളും, പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനിയായ ക്വാല്‍കവും ആയുള്ള ബന്ധം കൂടുതല്‍ വഷളായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Daily Tech news highlights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com