ADVERTISEMENT

ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നായ മൈക്രോസോഫ്റ്റ് ഓഫിസ് ഫ്രീയായി ഉപയോഗിക്കാമെന്ന കാര്യം ഇപ്പോഴും ചിലര്‍ക്കെങ്കിലും അറിയില്ല. ഗൂഗിള്‍ ഡോക്‌സ് പോലെയായിരിക്കും അതിന്റെ പ്രവര്‍ത്തനം എന്നുമാത്രം. ചുരുക്കിപ്പറഞ്ഞാല്‍ ഫ്രീ വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ ഇന്റര്‍നെറ്റ് വേണം. എന്നാല്‍, മിക്കവരും എപ്പോഴും ഇന്റര്‍നെറ്റ് ബന്ധിതരായാണ് നടക്കുന്നത് എന്നതിനാല്‍ അതൊരു പ്രശ്‌നവും ആയിരിക്കില്ല. വേഡ്, പവര്‍പോയിന്റ്, എക്‌സല്‍, വണ്‍ഡ്രൈവ്, ഔട്ട്‌ലുക്ക്, ടീംസ് എല്ലാം ഒരു കുടക്കീഴിലാക്കി, പണം വാങ്ങാതെയാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഈ സേവനങ്ങള്‍ വെബ് വഴി നല്‍കുന്നത്. നിങ്ങളുടെ കംപ്യൂട്ടറില്‍ ഇപ്പോള്‍ത്തന്നെ ഓഫിസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വെബ്-കേന്ദ്രീകൃത സേവനം ആവശ്യമായി വരില്ല. കാരണം, ഇതിന് ഇന്റര്‍നെറ്റ് വേണമെന്നതടക്കം ചില പരിമിതികള്‍ ഉണ്ട്. 

 

∙  മൈക്രോസോഫ്റ്റ് ഓഫിസ് ഉപയോഗിക്കുന്നത് എങ്ങനെ?

 

ഒന്നുകില്‍ മൈക്രോസോഫ്റ്റ് ഓഫിസ് 360 വേര്‍ഷന് സബ്‌സ്‌ക്രൈബ് ചെയ്യണം. അപ്പോള്‍ കമ്പനി വര്‍ഷാവര്‍ഷം ഒരു നിശ്ചിത തുക വാങ്ങിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ നേരത്തെ ഉപയോഗിച്ചു വന്നതു പോലെ, ഓഫിസ് സ്യൂട്ട് മൊത്തമായി വാങ്ങണം. ഹോം ആന്‍ഡ് സ്റ്റുഡന്റ് വേര്‍ഷന് ഇതെഴുതുന്ന സമയത്ത് ആമസോണില്‍ 7,799 രൂപയാണ് വില. പലരും പൈറേറ്റഡ് വേര്‍ഷനുകളും കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം പൈറേറ്റഡ് കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകളില്‍ ഒന്നാണ് മൈക്രോസോഫ്റ്റ് ഓഫിസ്. എന്നാല്‍, നമ്മളില്‍ പലര്‍ക്കും ഇത്ര വലിയ സ്യൂട്ടിന്റെ ആവശ്യമില്ല. ഒന്നോ രണ്ടോ ഡോക്യുമെന്റ്‌സ് ടൈപ്പു ചെയ്‌തെടുക്കാനോ, അത്തരം ചെറിയ ജോലികള്‍ക്കായോ പണം മുടക്കുകയോ പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നോ ഇല്ല. ഇവിടെയാണ് ഓഫിസിന്റെ വെബ് വേര്‍ഷന്റെ പ്രസക്തി. 

 

∙ സേവനം എങ്ങനെ ഉപയോഗിച്ചു തുടങ്ങാം?

 

ഇതിനായി ഓഫിസ്.കോം (https://www.office.com/) സന്ദര്‍ശിക്കുക. തുടര്‍ന്ന് മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്യുക. നിങ്ങളുടെ വിന്‍ഡോസ് പിസിക്ക്, അല്ലെങ്കില്‍ എക്‌സ്‌ബോക്‌സ് കണ്‍സോളിന് നല്‍കിയിരിക്കുന്ന ഐഡിയും പാസ്‌വേഡും മതിയാകും. ഏതെങ്കിലും മൈക്രോസോഫ്റ്റ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന ഐഡിയും ഉപയോഗിക്കാം. ഇനി ഐഡി ഇല്ലെങ്കില്‍ പുതിയ ഒരെണ്ണം സൃഷ്ടിക്കാം.

 

ലോഗ്-ഇന്‍ ചെയ്തു കഴിഞ്ഞാല്‍ ഏത് ഓഫിസ് ആപ്പും അക്‌സസ് ചെയ്യാവുന്ന വിന്‍ഡോ തുറന്നു കിട്ടും. വേണ്ട ആപ്പ് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഡോക്യുമെന്റ് ടൈപ്പു ചെയ്യാനോ, സ്‌പെല്‍-ചെക്കു ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ 'വേഡ്' തുറക്കുക. ഇപ്രകാരം ചെയ്യുന്നതിന് മറ്റൊരു ഗുണവും ഉണ്ട്. നിങ്ങള്‍ സൃഷ്ടിക്കുന്ന ഡോക്യുമെന്റുകള്‍ എല്ലാം വണ്‍ഡ്രൈവ് ക്ലൗഡിലേക്ക് ഓട്ടമാറ്റിക്കായി സേവ് ചെയ്യപ്പെടും. ഇതെല്ലാം പിന്നീട് നിങ്ങളുടെ സ്മാര്‍ട് ഫോണിലോ, ടാബിലോ, മറ്റു പിസിയിലോ എല്ലാം ലോകത്ത് എവിടെയിരുന്നും തുറക്കുകയും ചെയ്യാം. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ മൈക്രോസോഫ്റ്റിന്റെ സ്വന്തം എജ് ബ്രൗസര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാണ് എന്നു വാദിക്കുന്നവര്‍ ഉണ്ട്. അതു വേണമെന്നില്ല, ഏതു ബ്രൗസറിലും തുറക്കാം. ഇനി മൊബൈലില്‍ കിട്ടണമെങ്കില്‍ ഓഫിസ് ആപ്പ്‌സ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് പ്രശ്‌നമല്ലെങ്കില്‍ ഓഫിസ് ഇപ്രകാരം ഉപയോഗിക്കുന്നത് മിക്കവര്‍ക്കും ധാരാളം മതിയാകും. എന്നാല്‍, പണം നല്‍കുന്ന സ്യൂട്ടുകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കും.

 

∙ മൈക്രോസോഫ്റ്റിന് മനംമാറ്റം, വിന്‍ഡോസില്‍ ഡിഫോള്‍ട്ട് ബ്രൗസര്‍ മാറുന്നത് എളുപ്പമാക്കും

 

മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസില്‍ ഡിഫോള്‍ട്ട് ബ്രൗസറായി ഇപ്പോള്‍ നല്‍കുന്നത് എജ് ബ്രൗസറാണ്. ഇതിനു പകരം മോസില ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം, ബ്രേവ്, വിവാള്‍ഡി തുടങ്ങിയ ബ്രൗസറുകള്‍ ഡിഫോള്‍ട്ടായി ഉപയോഗിക്കുന്നതിനെതിരെ മൈക്രോസോഫ്റ്റ് മുന്നറിയിപ്പു നല്‍കി വന്നിരുന്നു. ഇത് കടുത്ത വിമര്‍ശനത്തിന് വഴി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിമര്‍ശനം പാഴായില്ല എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. വിന്‍ഡോസ് 11ന്റെ ഏറ്റവും പുതിയ ബില്‍ഡ് 22509 ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ബ്രൗസര്‍ മാറ്റം എളുപ്പമാക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ട്വിറ്റര്‍ യൂസര്‍ റഫാല്‍ റിവെറാ ട്വീറ്റു ചെയ്യുന്നു. ഈ വാര്‍ത്ത ശരിയാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പുതിയ എജ് ബ്രൗസര്‍ ക്രോം ബ്രൗസറിനൊപ്പമോ, കൂടുതല്‍ മികച്ചതോ ആയ പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റിനും ഗൂഗിളിനും തങ്ങളുടെ ബ്രൗസിങ് ഡേറ്റ നല്‍കരുതെന്ന് ആഗ്രഹിക്കുന്നവരാണ് സ്വകാര്യത വാഗ്ദാനം ചെയ്യുന്ന ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നത്.

 

∙ കേന്ദ്ര സർക്കാരിന്റെ വിമര്‍ശനത്തിനു മറുപടിയുമായി മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്

parag-agrawal

 

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തിവയ്ക്കാന്‍ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്ന കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. സർക്കാരിന്റെ വിമര്‍ശനത്തിനു ശേഷം ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ. പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 2022 ജനുവരി 31ന് മുൻപ് ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നാണ് ആദ്ദേഹം ലിങ്ക്ട്ഇന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. സേവനം തുടങ്ങാനുള്ള അവകാശം അടുത്ത വര്‍ഷം ഏപ്രിലിൽ എങ്കിലും ലഭിക്കുകയാണെങ്കില്‍ 2022 ഡിസംബറില്‍ തന്നെ ഇന്ത്യയില്‍ 200,000 ഡിവൈസുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 80 ശതമാനവും ഗ്രാമീണ മേഖലയിലായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. 

 

∙ പഠാന്‍കോട്ടിലെ വിചിത്ര വെളിച്ചം സ്റ്റാര്‍ലിങ്കില്‍ നിന്നോ?

 

ഇന്ത്യയിലെ നിരവധി വടക്കന്‍ സംസ്ഥാനങ്ങളിലും ആകാശത്ത് വിചിത്ര വെളിച്ചം കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം പഠാൻകോട്ടിലും സമാനമായ വെളിച്ചം കണ്ടിരുന്നു. ഇതും സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റുകളില്‍ നിന്നായിരിക്കാം എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.

 

∙ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ ഐഫോണ്‍ ഹാക്കു ചെയ്തത് എന്‍എസ്ഒ

 

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒയുടെ പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കുറഞ്ഞത് ഒൻപത് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ ഐഫോണ്‍ ഹാക്കു ചെയ്‌തെന്ന് ആരോപണം. അതിനൂതന സോഫ്റ്റ്‌വെയര്‍ ആണ് ഐഫോണ്‍ ഹാക്കു ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. യുഗാണ്ടയുടെ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ക്കു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

 

എന്നാല്‍, ആക്രമണങ്ങളെല്ലാം വിജയകരമായിരുന്നോ എന്ന് ഉറപ്പിക്കാനാവില്ലെന്നും പറയുന്നു. വിവിധ രാജ്യങ്ങള്‍ക്കാണ് എന്‍എസ്ഒ തങ്ങളുടെ ഹാക്കിങ് ടൂളുകള്‍ നല്‍കുന്നത്. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന ആക്രമണം നടന്നോ എന്ന് തങ്ങള്‍ അന്വേഷണം നടത്തുമെന്നും, അത് തങ്ങളുടെ ടൂളുകള്‍ ഉപയോഗിച്ചാണ് നടത്തിയതെങ്കില്‍ ആ കസ്റ്റമറെ എക്കാലത്തേക്കും നിരോധിക്കുമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍എസ്ഒ പ്രതികരിച്ചു. പെഗസസ് സോഫ്റ്റ്‌വെയര്‍ സർ‍ക്കാരുകള്‍ക്കും സർക്കാർ ഏജന്‍സികള്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്, തങ്ങള്‍ നേരിട്ട് ഒരു ഹാക്കിങും നടത്തിയിട്ടില്ലെന്നും എന്‍എസ്ഒ വ്യക്തമാക്കി. അമേരിക്കയുടെയും ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിന്റെയും പ്രതിനിധികള്‍ പുതിയ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

∙ ട്വിറ്റര്‍ ടീമില്‍ അഴിച്ചു പണി നടത്തി അഗ്രവാള്‍

 

ട്വിറ്ററിന്റെ പുതിയ മേധാവി പരാഗ് അഗ്രവാള്‍ കമ്പനിയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ അഴിച്ചുപണി നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഡിസൈന്‍ വിഭാഗം മേധാവി മൈക്കിൾ മൊണ്ടാനോ, എൻജിനീയറിങ് വിഭാഗ മേധാവി ഡാന്റ്‌ലി ഡേവിസ് എന്നിവര്‍ ഈ മാസം അവസാനം രാജിവയ്ക്കും. ട്വിറ്ററിന്റെ നിയന്ത്രണാധികാരം ഇന്ത്യന്‍ വംശജനായ അഗ്രവാളിന് കൈമാറിയാണ് കമ്പനിയുടെ സ്ഥാപനായ ജാക് ഡോര്‍സി പോകുന്നത്. കമ്പനിയില്‍ പുതിയൊരു ഘടന കൊണ്ടുവരാനാണ് അഗ്രവാള്‍ ശ്രമിക്കുന്നതെന്നു പറയുന്നു. 

 

∙ ബിറ്റ്‌കോയിന്‍ കൈവശം വയ്ക്കുന്നവര്‍ക്കും നികുതി അടയ്‌ക്കേണ്ടി വന്നേക്കും

 

ഇന്ത്യയ്ക്ക് അകത്തോ, പുറത്തോ വിവിധ രീതികള്‍ അനുവര്‍ത്തിച്ച് ക്രിപ്‌റ്റോകറന്‍സി കൈവശംവയ്ക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നികുതി ചുമത്താനുള്ള സാധ്യത ആരാഞ്ഞേക്കുമെന്ന് വാര്‍ത്തകള്‍. ഇതിനായി നിലവിലുള്ള ഇൻകം ടാക്‌സ് നിയമങ്ങളും അത് വെളിപ്പെടുത്തുന്ന രീതികളും പൊളിച്ചെഴുതിയേക്കും. ഇൻകം ടാക്‌സ് ആക്ടിന്റെ 26എ സെക്ഷനായിരിക്കും മാറ്റം വരുത്തുക എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

English Summary: Microsoft Office on PC for free: Use Word, Powerpoint, Excel; know how to

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com