ADVERTISEMENT

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് എന്തെങ്കിലും ബിസിനസ് നടത്തുന്നവര്‍ക്ക് കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. ഇന്ത്യ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ നിയമനിര്‍മാണം നടപ്പില്‍ വന്നാല്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് എന്തെങ്കിലും വിനിമയം നടത്തുന്നരെ വാറന്റില്ലാതെ അറസ്റ്റു ചെയ്യാം, ജാമ്യം നല്‍കാതെ തടവില്‍ വയ്ക്കാനും വ്യവസ്ഥ ചെയ്യുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സിയും നിരോധിക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. അയല്‍ രാജ്യമായ ചൈനയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ തുടങ്ങിയിരിക്കുന്ന ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടത്തിനു സമാനമായിരിക്കും ഇന്ത്യയിലേതെന്നും റോയിട്ടേഴ്‌സ് വിലയിരുത്തുന്നു.

 

ഉടനെ പാര്‍ലമെന്റില്‍ കൊണ്ടുവന്നേക്കുമെന്നു കരുതുന്ന ബില്ലില്‍ ഏതെങ്കിലും വ്യക്തി ക്രിപ്‌റ്റോകറന്‍സി ഖനനം ചെയ്യുന്നതോ, ഉല്‍പാദിപ്പിക്കുന്നതോ, കൈയ്യില്‍ വയ്ക്കുന്നതോ, വില്‍ക്കുന്നതോ അല്ലെങ്കില്‍ ഇടപാടു നടത്തുന്നതോ പൊതുവെ നിരോധിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ നിയമങ്ങളിലേതെങ്കിലും ലംഘിക്കുന്നത് പൊലീസിന് നേരിട്ടു കേസെടുക്കാവുന്ന (cognizable) കുറ്റകൃത്യമായി പരിഗണിക്കും. എന്നു പറഞ്ഞാല്‍ വാറന്റില്ലാത്ത അറസ്റ്റ് സാധ്യമാണ്. ജാമ്യവും ലഭിച്ചേക്കില്ല. റോയിട്ടേഴ്‌സിന് ഈ വിവരം കൈമാറിയ വ്യക്തിക്ക് മാധ്യമങ്ങളോട് സംസാരിക്കാനുള്ള അധികാരമില്ല എന്ന കാരണത്താല്‍ പേരു വെളിപ്പെടുത്തുന്നില്ലെന്നു പറഞ്ഞു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യയുടെ ധനമന്ത്രാലയം മറുപടി പറഞ്ഞില്ലെന്നും പറയുന്നു.

 

∙ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയും രാജ്യത്തിനു പുറത്തേക്ക് ?

 

സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ രാജ്യത്തു നിന്നു പുറത്താക്കുമെന്ന് നേരത്തേ തന്നെ ഏകദേശം ഉറപ്പായിരുന്നു. ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയ്ക്ക് രാജ്യം സ്വാഗതമരുളും എന്നുമായിരുന്നു നേരത്തെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് പ്രകാരം വരാനിരിക്കുന്ന നിയമം വഴി ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും തടയുമെന്നും പറയുന്നു. ഇതുപോലെ, അടുത്തിടെ മാത്രം ശ്രദ്ധപിടിച്ചുപറ്റിയ നോണ്‍-ഫഞ്ജബിൾ ടോക്കണ്‍ അഥവാ എന്‍എഫ്ടിയും രാജ്യത്തു നിരോധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണക്കൈമാറ്റം അനുവദിക്കുന്നില്ലെങ്കില്‍, വ്യവഹാരത്തിനുള്ള ഫീ ഈടാക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ബ്ലോക്‌ചെയിന്‍ വികസിപ്പിക്കലും എന്‍എഫ്ടിയും നിരോധിക്കുന്നതിനു തുല്യമായിരിക്കുമെന്ന് ഇക്കിഗായ് ലോ എന്ന നിയമ കമ്പനിയുടെ സ്ഥാപകന്‍ അനിരുദ്ധ്രാസ്‌ ടോഗി പറയുന്നു.

 

∙ നിക്ഷേപകര്‍ വിറ്റൊഴിവാക്കുന്നു

 

സർക്കാർ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കുമെന്നുള്ള കേട്ടുകേള്‍വികള്‍ പരന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ കനത്ത നഷ്ടത്തില്‍ തന്നെ ഡിജിറ്റല്‍ പണം വിറ്റൊഴിവാക്കി തുടങ്ങിയെന്നും പറയുന്നു. ക്രിപ്‌റ്റോകറന്‍സികളുടെ വില കുതിച്ചുയരുന്നതു കാണിച്ചു നടത്തിയ പരസ്യങ്ങളിലും മറ്റും ആകൃഷ്ടരായി ഇന്ത്യക്കാര്‍ അവ വാങ്ങിക്കൂട്ടുന്നതു വര്‍ധിച്ചിരുന്നു. രാജ്യത്ത് എത്ര ക്രിപ്‌റ്റോ നിക്ഷേപകരുണ്ട് എന്ന കാര്യത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല എങ്കിലും ഏകദേശം 15-20 ദശലക്ഷം പേര്‍ കണ്ടേക്കുമെന്നാണ് ഊഹം. ഏകദേശം 600 കോടി ഡോളര്‍ മൂല്യമുള്ള കറന്‍സി ഇവര്‍ കൈവശം വച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു. ക്രിപ്‌റ്റോകറന്‍സി നിക്ഷേപങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നടത്തുന്ന പരസ്യങ്ങള്‍ക്കെതിരെയും കടുത്ത നടപടി വന്നേക്കുമെന്ന് പുതിയ ബില്ലിന്റെ കരടു രേഖയിലുണ്ട്.

 

∙ പുതിയ നീക്കം ആര്‍ബിഐയുടെ മുന്നറിയിപ്പിനു ശേഷം

 

എക്‌ചേഞ്ചുകള്‍ക്കു പുറത്തുള്ള സെല്‍ഫ് കസ്റ്റോഡിയല്‍ വോലറ്റുകള്‍ക്കും നിരോധനം വേന്നേക്കുമെന്നാണ് സൂചന. കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ കാരണം ഇക്കാര്യത്തില്‍ ആര്‍ബിഐ നടത്തിയ മുന്നറിയിപ്പാണെന്നു പറയുന്നു. പരമ്പരാഗത പണക്കൈമാറ്റ രീതിയെ വേലികെട്ടി തിരിച്ചുനിർത്തേണ്ട കാര്യമാണ് കേന്ദ്ര ബാങ്ക് മുന്നോട്ടുവച്ചതെന്നു പറയുന്നു. രാജ്യത്ത് ക്രിപ്‌റ്റോ സമ്പാദ്യം നിയന്ത്രിക്കുന്നതിനുള്ള അധികാരം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) ആയിരിക്കുമെന്നും പറയുന്നു.

 

∙ കാത്തിരിക്കുന്നത് 20 കോടി രൂപ പിഴയും 1.5 വര്‍ഷം തടവും?

 

അതേസമയം, പുതിയ ബില്ലിനെക്കുറിച്ച് ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ക്രിപ്‌റ്റോ നിയമം ലംഘിക്കുന്നവര്‍ക്ക് 20 കോടി രൂപ ( 2.7 ദശലക്ഷം ഡോളര്‍) പിഴയും, 1.5 വര്‍ഷം തടവും ശിക്ഷ ലഭിച്ചേക്കുമെന്നാണ്. ക്രിപ്‌റ്റോകറന്‍സി എന്ന വാക്കായിരിക്കില്ല ബില്ലില്‍ ഉപയോഗിക്കുന്നത്, ക്രിപ്‌റ്റോഅസറ്റ്‌സ് എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ക്രിപ്‌റ്റോ നാണയം കൈവശം വച്ചിരിക്കുന്നവര്‍ക്ക് അത് തുറന്നു പറയാന്‍ ഒരു സമയപരിധി നൽകിയേക്കുമെന്നും പറയുന്നു. നേരത്തേ തയാര്‍ ചെയ്തിരുന്ന ബില്ലില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. രാജ്യത്ത് 2021 ജൂണ്‍ വരെ 641 ശതമാനമാണ് ക്രിപ്‌റ്റോ ഇടപാടുകള്‍ വര്‍ധിച്ചെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

∙ 4കെ ഓലെഡ് മൈക്രോ ഡിസ്‌പ്ലേ വിആര്‍ ഹെഡ്‌സെറ്റുമായി സോണി

 

google-office

തത്സമയം ഹൈ-ഡെഫനിഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശേഷിയുള്ള വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റിന്റെ പണിപ്പുരയിലാണ് സോണി. ഒരു കണ്ണില്‍ 4കെ റെസലൂഷനാണ് ഹെഡ്‌സെറ്റിന്. അങ്ങനെ നോക്കിയാല്‍ മൊത്തം 8കെ റെസലൂഷനുള്ള ഹെഡ്‌സെറ്റാണിതെന്നും പറയുന്നു. യാതൊരു പിക്‌സലേഷനും ഇല്ലാത്ത തരം സ്‌ക്രീനായിരിക്കും ലഭിക്കുക. ഫെയ്‌സ്ബുക് നിര്‍മിച്ചുവരുന്ന മെറ്റാവേഴ്‌സിലേക്ക് പ്രവേശിക്കാനുള്ള ശ്രമമാണ് സോണി നടത്തുന്നതെന്നും പറയുന്നു. ആപ്പിള്‍ അടക്കം പല കമ്പനികളും ഇത്തരം ഹെഡ്‌സെറ്റുകള്‍ വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

 

∙ ജിമെയിലിലെ ഗൂഗിള്‍ ചാറ്റില്‍ നിന്ന് മീറ്റ് കോളുകള്‍ വിളിക്കാം

 

ജിമെയിലില്‍ ഉള്ള ചാറ്റ് ഫീച്ചറില്‍ എത്തിയാല്‍ അവിടെ നിന്ന് നേരിട്ട് മറ്റ് ജിമെയില്‍ ഉപയോക്താക്കളെ ഗൂഗിള്‍ മീറ്റ് വഴി വിളിക്കാന്‍ സാധിക്കുമെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ വരും. 

 

∙ ടീനേജര്‍മാര്‍ക്ക് ടെയ്ക് എ ബ്രെയ്ക് സന്ദേശവുമായി ഇന്‍സ്റ്റഗ്രാം

 

ഇന്‍സ്റ്റഗ്രാം ആപ്പ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ടെയ്ക് എ ബ്രെയ്ക് എന്ന സന്ദേശം അമേരിക്ക ഉൾപ്പെടെയുള്ള നാലു രാജ്യങ്ങളില്‍ കാണിച്ചു തുടങ്ങി എന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ അമേരിക്കയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനിടയ്ക്ക് 12,000 പേരെ ജോലിക്കെടുക്കാന്‍ എച്‌സിഎല്‍

 

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ എച്‌സിഎല്‍ ടെക്‌നോളജീസ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതിയ 12,000 തൊഴില്‍ അവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കുമെന്ന് അറിയിച്ചു.

 

∙ ഗെയിമിങ് ടാബ് പുറത്തിറക്കാന്‍ ലെനോവോ

 

പ്രമുഖ ലാപ്‌ടോപ് നിര്‍മാണ കമ്പനിയായ ലെനോവോ ഒരു ഗെയിമിങ് ടാബ്‌ലറ്റ് പുറത്തിറക്കാനുളള ശ്രമത്തിലാണെന്ന് ജിഎസ്എം അരീന പറയുന്നു.

 

∙ ഗൂഗിളിന് 121,000 ഡോളര്‍ പിഴയിട്ട് റഷ്യ

 

വിദേശ ടെക്‌നോളജി കമ്പനികള്‍ക്കെതിരെയുള്ള നീക്കം കടുപ്പിക്കുകയാണ് റഷ്യ എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിള്‍, മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിക്കുന്നത്. തീവ്രവാദ കണ്ടെന്റ്, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍, മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കല്‍ എന്നീ കാരണങ്ങള്‍ കാണിച്ച് മൂന്നു കേസുകളിലായി ഗൂഗിളിന് 9 ദശലക്ഷം റൂബിള്‍ ( ഏകദേശം 121,000 ഡോളര്‍) പിഴയിട്ടിരിക്കുകയാണ്.

 

∙ ഫയര്‍ഫോക്‌സ് 95 അപ്‌ഡേറ്റില്‍ അധിക സുരക്ഷാ ലെയർ

 

സ്വകാര്യതയും സുരക്ഷയും വേണമെന്നുള്ളവര്‍ ഉപയോഗിക്കുന്ന ബ്രൗസറായ മോസിലാ ഫയര്‍ഫോക്‌സിന്റെ പുതിയ വേര്‍ഷനില്‍ (ഫയര്‍ഫോക്‌സ് 95) പുതിയൊരു സുരക്ഷാ ലെയറും കൊണ്ടുവന്നിരിക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ തടയുന്ന ആര്‍എല്‍ബോക്‌സ് (RLBox) എന്ന ടൂളാണ് പുതിയ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

English Summary: Prison, Fine Of Up To ₹ 20 Crore: Details From India's Draft Crypto Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com