ADVERTISEMENT

'ധൈര്യസമേതം സമൂഹത്തിന്റെ പല പരമ്പരാഗത രീതികളെയും പൊളിച്ചെഴുതിയ' ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയായ ഇലോണ്‍ മസ്‌കിന് ടൈം മാസികയുടെ 2021 ലെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അംഗീകാരം ലഭിച്ചു. ടൈം ആദ്യമായി ഒരു പേഴ്‌സണ്‍ ഓഫ് ദി ഇയറിനെ തിരഞ്ഞെടുക്കുന്നത് 1927 ലാണ്. ചാള്‍സ് ലിന്‍ഡ്ബര്‍ഗ് ആയിരുന്നു അത്. അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ ആദ്യമായി വിമാനം പറത്തിയ വ്യക്തിയാണ് അദ്ദേഹം. ഇതുപോലെയുള്ള ഇടപെടലാണ് ഈ വര്‍ഷം മസ്‌കിന്റെ കമ്പനി ബഹിരാകാശ മേഖലയില്‍ നടത്തിയിരിക്കുന്നത് എന്ന് ടൈം എഡിറ്റര്‍-ഇന്‍-ചീഫ് എഡ്‌വെഡ് ഫെല്‍സെന്‍താള്‍ പറഞ്ഞു.

 

സാറ്റര്‍ഡേ നൈറ്റ് ലൈവ് എന്ന ഷോയ്ക്ക് ആഥിധേയത്വം വഹിക്കുകയും, തന്റെ ട്വീറ്റുകള്‍ മാത്രം ഉപയോഗിച്ച് ക്രിപ്‌റ്റോ നാണയങ്ങളുടെ വില നിയന്ത്രിക്കുകയും ചെയ്ത മസ്‌ക് വര്‍ഷം മുഴുവന്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ട്വിറ്ററിൽ 66 ദശലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്. 'നമ്മുടെ ജീവിതത്തെ നല്ല രീതിയിലോ മോശം രീതിയിലോ സ്വാധീനിക്കുന്ന വ്യക്തിക്കാണ് ദി പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടം നല്‍കുന്നതെന്ന് ടൈം പറയുന്നു. മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ മൂല്യം 1 ട്രില്ല്യന്‍ കടന്നതും ഈ വര്‍ഷമാണ്. ഇത് ഫോര്‍ഡ് മോട്ടോഴ്‌സിന്റെയും ജനറല്‍ മോട്ടോഴ്‌സിന്റെയും മൊത്തം മൂല്യത്തേക്കാള്‍ കൂടുതലാണ്.

 

ഇവ കൂടാതെയാണ് മനുഷ്യരുടെ തലച്ചോറും കംപ്യൂട്ടര്‍ പ്രോസസറുമായി ബന്ധിപ്പിക്കൽ പദ്ധതിയുമായി മുന്നോട്ടുപോകുന്ന മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനിയും. അടിസ്ഥാന വികസനത്തിനായി സ്ഥാപിച്ച മസ്കിന്റെ ബോറിങ് കമ്പനിയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ വര്‍ഷം നിരവധി ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനികളും ചിപ്പ് ദൗര്‍ലഭ്യത്താല്‍ നിര്‍മാണം കുറച്ചുവെങ്കിലും ടെസ്‌ല അതൊന്നും ഏശാത്ത രീതിയില്‍ നിര്‍മാണം തുടര്‍ന്നു. പരമ്പരാഗത വാഹന നിര്‍മാതാക്കളെയും ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് വഴി തിരിച്ചുവിടാനും മസ്‌കിന്റെ കമ്പനി പ്രേരണ ചെലുത്തി. മനുഷ്യരാശിയുടെ നിലനില്‍പ്പ് പ്രശ്‌നമായ സമയത്ത് പരിഹാരങ്ങളുമായി എത്തിയ വ്യക്തി എന്നും ടൈം മസ്‌കിനെ വിശേഷിപ്പിക്കുന്നു. 

 

വാക്‌സീന്‍ ശാസ്ത്രജ്ഞരെയാണ് ടൈം ഈ വര്‍ഷം ഹീറോസ് ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. ടീനേജ് പോപ്പ് പാട്ടുകാരി ഒളിവിയ റൊഡ്രിഗോ എന്റര്‍റ്റെയ്‌നര്‍ ഓഫ് ദി ഇയറായി. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സിനെയാണ് ഈ വര്‍ഷത്തെ കായിക താരമായി തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും സംയുക്തമായി ആയിരുന്നു പേഴ്‌സണ് ഓഫ് ദി ഇയര്‍ സമ്മാനിച്ചത്. ടെക്‌നോളജിയുടെ മേഖലയില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസും ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും പേഴ്‌സണ്‍ ഓഫ് ദി ഇയറായി മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

കാർ വ്യവസായത്തിനു തന്നെ മാതൃകയാവുന്ന പ്രവർത്തനമാണു ടെ‌സ്‌ലയിലൂടെ എക്കാലവും ലക്ഷ്യമിട്ടിരുന്നതെന്നു പുരസ്കാരലബ്ധിയെക്കുറിച്ചുള്ള പ്രതികരണത്തിൽ മസ്ക് വ്യക്തമാക്കി. മറ്റുള്ളവരെയും വൈദ്യുത കാറുകൾ നിർമിക്കാൻ പ്രോത്സാഹിപ്പിക്കാനും അങ്ങനെ സുസ്ഥിര ഊർജത്തിലേക്കുള്ള പരിവർത്തനം വേഗത്തിലാക്കാനുമാണു ടെസ്‌ല ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

 

∙ ആപ്പിള്‍ മ്യൂസിക് ഇനി ഗൂഗിള്‍ അസിസ്റ്റന്റ് ഉള്ള സ്പീക്കറുകളിലും 

 

നെസ്റ്റ് ഉൾപ്പെടെ, ഗൂഗിള്‍ അസിസ്റ്റന്റ് ഉളള സ്മാര്‍ട് സ്പീക്കറുകളിലും ഇനി ആപ്പിള്‍ മ്യൂസിക് സ്ട്രീം ചെയ്യാമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ സേവനം ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളിലേക്കാണ് പുതിയതായി എത്തുന്നത്. ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇത്തരത്തിലുള്ള സ്പീക്കറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വോയിസ് കമാന്‍ഡ് വഴി പാട്ടുകള്‍ ആവശ്യപ്പെട്ടു കേള്‍ക്കാമെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ വെര്‍ട്ടിക്കല്‍ വിഡിയോ ഫീഡ് അവതരിപ്പിക്കാന്‍ ട്വിറ്റര്‍

 

മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍, ടിക്‌ടോക്കിനു സമാനമായി ലംബമായ രീതിയില്‍ വിഡിയോ പോസ്റ്റു ചെയ്യാന്‍ അനുവദിക്കാന്‍ ഒരുങ്ങുകയാണെന്ന് മാഷബിൾ റിപ്പോര്‍ട്ടു ചെയ്യുന്നു. ട്വിറ്ററിന്റെ 'എക്‌സപ്ലോര്‍' വിഭാഗത്തിലായിരിക്കും വെര്‍ട്ടിക്കല്‍ വിഡിയോ എത്തുക. ഇത് ഐഒഎസിലും ആന്‍ഡ്രോയിഡിലും ഉള്ള ആപ്പുകളില്‍ ലഭിക്കും.

ms-office

 

∙ ചരിത്രം കുറിയ്ക്കാന്‍ ആപ്പിള്‍; 3 ട്രില്ല്യന്‍ മുല്യത്തിനടുത്ത്

 

ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ ഉടനെ ലോകത്തെ ആദ്യത്തെ 3 ട്രില്ല്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിയേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇപ്പോള്‍ 2.98 ട്രില്ല്യന്‍ ആണ് മൂല്യം. 

 

∙ നെറ്റ്ഫ്‌ളിക്‌സ് പ്രേമികള്‍ക്ക് ടുഡും

 

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ നെറ്റ്ഫ്‌ളിക്‌സ് പുതിയ വെബ്‌സൈറ്റ് തുടങ്ങി. ടുഡും (TUDUM) എന്നു പേരിട്ടിരിക്കുന്ന വെബ്‌സൈറ്റില്‍ സീരിയലുകളുടെയും മറ്റും നര്‍മാണ സമയത്തെ വിഡിയോ അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ ഉദ്ദേശം. വാര്‍ത്തകള്‍, ഇന്റര്‍വ്യൂകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തുമെന്ന് കമ്പനിയുടെ മുഖ്യ മാര്‍ക്കറ്റിങ് മാനേജര്‍ ബൊസോമ സെയ്ന്റ് ജോണ്‍ പറഞ്ഞുവെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ എച്പി ഡെസ്‌ക്‌ജെറ്റ് ഇങ്ക് അഡ്വാന്റേജ് അള്‍ട്രാ പ്രിന്റര്‍ പുറത്തിറക്കി

 

പ്രമുഖ ടെക്‌നോളജി കമ്പനിയായ എച്പിയുടെ പുതിയ പ്രിന്റര്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഡെസ്‌ക്‌ജെറ്റ് ഇങ്ക് അഡ്വാന്റേജ് എന്നു പേരിട്ടിരിക്കുന്ന പ്രിന്ററിന് വില 10,200 രൂപയാണ്. പ്രിന്റ്, സ്‌കാന്‍, കോപ്പി ഫങ്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരിട്ട് പ്ലഗുചെയ്ത് ഉപയോഗിക്കാവുന്ന പ്രിന്റര്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ആണെങ്കില്‍ 2600 പേജ് പ്രിന്റുകളും, കളറാണെങ്കില്‍ 1400 പേജ് പ്രിന്റുകളും എടുക്കുമെന്ന് കമ്പനി പറയുന്നു.

 

∙ മൈക്രോസോഫ്റ്റ് ഓഫിസിന്റെ പൈറേറ്റഡ് വേര്‍ഷന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് വില കുറച്ച് നല്‍കും

 

മൈക്രോസോഫ്റ്റ് ഓഫിസ് സോഫ്റ്റ്‌വെയറാണ് ഏറ്റവുമധികം പൈറേറ്റു ചെയ്യപ്പെടുന്നവയില്‍ ഒന്ന്. ഇങ്ങനെ പൈറേറ്റഡ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പകുതി വിലയ്ക്ക് ഓഫിസ് 360 നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നു റോയിട്ടേഴ്‌സ് പറയുന്നു. 

 

∙ കോവിഡ് കണ്ടുപിടിക്കാന്‍ എഐ ഫേഷ്യല്‍ റെക്കഗ്നിഷനുമായി ദക്ഷിണ കൊറിയ

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫേഷ്യല്‍ റെക്കഗ്നിഷനും പ്രയോജനപ്പെടുത്തി കോവിഡ് രോഗികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ദക്ഷിണ കൊറിയ എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ബച്ചിയോണ്‍ ( Bucheon) നഗരത്തിലാണ് ഇത് ആദ്യം തുടങ്ങുക. തങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ആയിരക്കണക്കിന് സിസിടിവികള്‍ ഉപയോഗിച്ചായിരിക്കും ആളുകളെ സ്‌കാന്‍ ചെയ്യുക. ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് എന്നുള്ള വാദങ്ങള്‍ വകവയ്ക്കാതെയാണ് സർക്കാർ നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി നഗരത്തിലുളള 10,820 ല്‍ അധികം സിസിടിവികള്‍ പ്രയോജനപ്പെടുത്തും.

 

English Summary: Elon Musk named Time magazine person of the year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com