ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ 42.6 കോടി വരിക്കാർക്ക് മുന്നറിയിപ്പ് സന്ദേശം അയച്ചു. ഇ-കെവൈസി തട്ടിപ്പുകളെക്കുറിച്ച് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനാണ് റിലയൻസ് ജിയോ മെസേജ് അയച്ചത്. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളിൽ നിന്ന് വരിക്കാരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഏഴ് കാര്യങ്ങളാണ് മുന്നറിയിപ്പ് മെസേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

മറ്റ് ടെലികോം കമ്പനികളുടെ സിഇഒമാരും (എയർടെൽ, വോഡഫോൺ ഐഡിയ) തങ്ങളുടെ വരിക്കാർക്ക് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് റിലയൻസ് ജിയോയുടെ കത്ത് ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്.

 

∙ റിലയൻസ് ജിയോയുടെ മെസേജിലെ 7 പ്രധാന മാർഗനിർദേശങ്ങൾ

 

1. മൈജിയോ ആപ്പിൽ വരിക്കാർക്ക് വേണ്ട പ്രസക്തമായ എല്ലാ വിവരങ്ങളും കണ്ടെത്താൻ കഴിയുന്നതിനാൽ മൂന്നാം കക്ഷി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഒരിക്കലും ഉപഭോക്താക്കളോട് ആവശ്യപ്പെടില്ലെന്ന് റിലയൻസ് ജിയോ അറിയിച്ചു.

 

2. തങ്ങളുടെ കെവൈസി, ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യരുതെന്ന് ജിയോ ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങൾക്കായി മൂന്നാം കക്ഷി ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യാൻ ജിയോ ആവശ്യപ്പെടുന്നില്ല. സാമ്പത്തിക നഷ്ടത്തിനു കാരണമായേക്കാവുന്ന ഇത്തരം എസ്എംഎസ്/കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക. ഹാക്കർമാർക്ക് വിദൂരത്തിരുന്ന് ആക്‌സസ് ചെയ്യാവുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, കാരണം തട്ടിപ്പുകാർക്ക് നിങ്ങളുടെ ഫോണിന്റെ എല്ലാ വിവരങ്ങളിലേക്കും ആക്‌സസ് ലഭിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

 

3. ഇ-കെ‌വൈ‌സി വെരിഫിക്കേഷൻ വഴി തട്ടിപ്പ് ലക്ഷ്യമിട്ടുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ജിയോ ആവശ്യപ്പെട്ടു.

 

4. റിലയൻസ് ജിയോയുടെ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന ആരുമായും ഒടിപിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ആധാർ നമ്പറുകളോ പങ്കിടരുതെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഇ-കെവൈസി എന്ന വ്യാജേന വരിക്കാരിൽ നിന്ന് ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഒടിപി മുതലായവ ലഭിക്കാൻ തട്ടിപ്പുകാർ നിർബന്ധിക്കുന്നുണ്ട്. ഇത്തരം സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട ചില കേസുകൾ തങ്ങളുടെ പക്കലുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

 

5. ഇ-കെവൈസി ചെയ്യാൻ ആവശ്യപ്പെട്ടുള്ള എസ്എംഎസുകളോ കോളുകളോ വിശ്വസിക്കരുതെന്ന് ടെലികോം കമ്പനി ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഇ–കെവൈസി നൽകിയില്ലെങ്കിൽ മൊബൈൽ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുമെന്ന മെസേജുകളിലും വിശ്വസിക്കരുത്. കാരണം ജിയോ ഇങ്ങനെയല്ല പ്രവർത്തിക്കുന്നതെന്നും അറിയിച്ചു.

 

6. ഇ-കെവൈസി ശരിയാക്കാൻ ആവശ്യപ്പെട്ട് വരുന്ന എസ്എംഎസിലെ നമ്പറുകളിലേക്ക് ഒരിക്കലും തിരികെ വിളിക്കരുത്. ആ നമ്പറിലേക്ക് വിളിക്കുമ്പോൾ ഒരു തേർഡ് പാർട്ടി ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ഫോണിലേക്കും ഉപകരണവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്കും റിമോട്ട് ആക്‌സസ് ലഭിക്കാൻ കാരണമാകുമെന്നും മുന്നറിയിപ്പിലുണ്ട്.

 

7. ജിയോയുടെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന, സംശയാസ്പദമായ കോളർ അയച്ച സന്ദേശങ്ങളിലെ ലിങ്കിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ജിയോയിൽ നിന്നാണെന്ന് അവകാശപ്പെടുന്ന കോളർമാർ അയയ്‌ക്കുന്ന ലിങ്കുകളിലും അറ്റാച്ച്‌മെന്റുകളിലും ആരും ക്ലിക്ക് ചെയ്യരുത്. ക്ഷണിക്കപ്പെടാത്ത ഇത്തരം ആശയവിനിമയങ്ങളോട് പ്രതികരിക്കരുതെന്ന് ഉപദേശിക്കുന്നു.

 

English Summary: Reliance Jio writes a letter to its 426 million customers warning them about e-KYC scams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com