ADVERTISEMENT

ദൈനംദിന ജീവിതത്തില്‍ ടെക്‌നോളജിയുടെ ഇടപെടല്‍ വര്‍ധിച്ചുവരികയാണ്. കടന്നുപോയ 2021ല്‍ നാം മഹാമാരിയുടെ പിടിയില്‍ നിന്നു കുതറിമാറി ഓഫിസ് ജിവിതവും ദൈനംദിന ജിവിതവും മുന്നോട്ടുകൊണ്ടുപോകാൻ ടെക്‌നോളജിയെ കാര്യമായി തന്നെ ആശ്രയിച്ചു. ഇത്രയും പുരോഗമിച്ച ടെക്‌നോളജി ഇല്ലായിരുന്നെങ്കില്‍ വൻ പ്രതിസന്ധികൾ നേരിട്ടേക്കാവുന്ന കാലത്തു കൂടിയാണ് ഇന്ന് മനുഷ്യര്‍ സഞ്ചരിക്കുന്നത്. ഇതിനാല്‍ തന്നെ 2022ല്‍ ടെക്‌നോളജി നമ്മുടെ ജീവിതത്തെ എങ്ങനെ അധികമായി സ്വാധീനിച്ചേക്കുമെന്നറിയാന്‍ ജിജ്ഞാസയുളളവരുമാണ് നാം. ഈ വര്‍ഷം, അല്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ നമ്മേ സ്വാധീനിച്ചേക്കാന്‍ ഇടയുള്ള ഏതാനും ചില ടെക്‌നോളജികളെക്കുറിച്ച് അറിഞ്ഞിരിക്കാം:

 

∙ മെറ്റാവേഴ്‌സ്

metaverse-2255488

 

മറ്റാര്‍ക്കും സാധിക്കുന്നതിനു മുൻപ് തന്നെ മെറ്റാവേഴ്‌സ് അവതരിപ്പിക്കാനാണ് മെറ്റാ എന്ന് അറിയപ്പെടുന്ന ഫെയ്‌സ്ബുക് കമ്പനിയുടെ ശ്രമം. എന്നാല്‍, മൈക്രോസോഫ്റ്റ് അടക്കം പല കമ്പനികളും മെറ്റാവേഴ്‌സിൽ നിക്ഷേപമിറക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് മെറ്റാവേഴ്‌സ്? ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടം ആണ് മെറ്റാവേഴ്‌സ് എന്നൊരു വ്യാഖ്യാനം ഉണ്ട്. വര്‍ഷങ്ങളായി കേട്ടുവന്ന, എന്നാല്‍ എവിടെയുമെത്താതെ നിന്ന സാങ്കേതികവിദ്യകളായ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവയെ പ്രയോജനപ്പെടുത്തി കൂടുതല്‍ നിമഗ്നമായ ഒരു അനുഭവം പ്രദാനം ചെയ്യാനായിരിക്കും മെറ്റാവേഴ്‌സ് ശ്രമിക്കുക. അതേസമയം, ഈ വെര്‍ച്വല്‍ ഇടത്തിന്റെ നിയമങ്ങള്‍ മുഴുവന്‍ തീരുമാനിക്കാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാനാണോ ഉദ്ദേശമെന്ന ചോദ്യം ഉന്നയിക്കപ്പെട്ടു കഴിഞ്ഞു.

 

∙ മെറ്റാവേഴ്‌സ് അത്ര വലിയ പുരോഗതി കൈവരിക്കുമോ?

Block Chain

 

മെറ്റാവേഴ്‌സ് എന്ന സങ്കല്‍പം 2022ല്‍ കൂടുതല്‍ പുരോഗതി കൈവരിച്ചേക്കുമെങ്കിലും ആ സാങ്കേതികവിദ്യ ലോകത്തെ മുഴുവന്‍ നിന്ന നില്‍പ്പില്‍ ഗ്രസിക്കാന്‍ പോകുന്നു എന്ന തെറ്റിധാരണ വേണ്ടെന്നും വിലയിരുത്തപ്പെടുന്നു. അത്തരത്തിലൊരു വെര്‍ച്വല്‍ ജിവിതത്തിലേക്ക് മനുഷ്യരാശി ഈ വര്‍ഷം എടുത്തു ചാടിയേക്കില്ലെന്ന് വാദിക്കുന്ന ഗവേഷകരും ഉണ്ട്. കൂടാതെ, മെറ്റാവേഴ്‌സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ 2000 മുതല്‍ ലഭ്യമാണെന്നും പറയുന്നു. അതേസമയം, 2022ല്‍ എല്ലാ ദിവസവും തന്നെ നിങ്ങള്‍ മെറ്റാവേഴ്‌സിനെക്കുറിച്ചുള്ള പുതിയ പുതിയ വാര്‍ത്തകള്‍ വായിച്ചേക്കുമെന്നും പ്രവചിക്കപ്പെടുന്നു. 

 

∙ ബ്ലോക്‌ചെയിന്‍, എന്‍എഫ്ടി

ar-glass

 

ക്രിപ്‌റ്റോനാണയങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗിക്കപ്പെട്ടേക്കാം. ഇന്ത്യയുടെ റസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ റുപ്പി അവതരിപ്പിക്കാനുള്ള ശ്രമം നടത്താനിരിക്കുകയാണ്. എന്‍എഫ്ടി അഥവാ നോണ്‍-ഫഞ്ജബിൾ ടോക്കണ്‍സിന്റെ ഉപയോഗവും കുത്തനെ വര്‍ധിച്ചേക്കും. ഈ പുതിയ സാങ്കേതികവിദ്യാ സാധ്യതകള്‍ ചൂഷണം ചെയ്യാനായി മെറ്റാ, മൈക്രോസോഫ്റ്റ്, സ്‌നാപ്, എന്‍വിഡിയ, ടെന്‍സന്റ് തുടങ്ങിയ കമ്പനികള്‍ ചാടിവീഴന്‍ ഒരുങ്ങി നില്‍ക്കുകയാണ്.

 

∙ ഡിജിറ്റല്‍ അവതാര്‍ 2022ല്‍ സൃഷ്ടിക്കപ്പെടുമോ?

chip-manufacturing-project

 

ഐഒഎസില്‍ തങ്ങളുടെ ട്രൂഡെപ്ത് ക്യാമറാ സിസ്റ്റത്തിനൊപ്പം പ്രവര്‍ത്തിക്കാനായി ആപ്പിള്‍ നിർമിച്ചതാണ് മെമോജി. ഉപയോക്താക്കള്‍ക്ക് അവരുടെ അവതാറുകളെ കസ്റ്റമൈസ് ചെയ്ത് അവതരിപ്പിക്കാനുള്ള അവസരമാണ് ആപ്പിള്‍ നല്‍കിയത്. ഇത് പിന്നീട് പല കമ്പനികളും ഏറ്റെടുത്തു. മെറ്റാവേഴ്‌സിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന് ഉപയോക്താക്കള്‍ക്ക് സ്വന്തം ഡിജിറ്റല്‍ അവതാറുകള്‍ സൃഷ്ടിച്ച് ഇന്റര്‍നെറ്റില്‍ കൂട്ടുകാരുമൊക്കെയായി സന്ധിക്കാമെന്നതാണ്. പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും തങ്ങളുടെ ഡിജിറ്റല്‍ പതിപ്പിനെ 2022ല്‍ സൃഷ്ടിച്ചേക്കും. പ്രത്യേകിച്ചും യുവജനത.

 

∙ ഓഗ‌്‌മെന്റഡ് റിയാലിറ്റി കൂടുതല്‍ വ്യാപകമാകും

 

ഓഗ്‌മെന്റഡ് റിയാലിറ്റിയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വര്‍ഷങ്ങളായി കേൾക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. പക്ഷേ, പല കമ്പനികളും കൂടുതല്‍ എആര്‍ ഗ്ലാസുകള്‍ വിപണിയിലെത്തിക്കുകയാണ്. ഒപ്പോ കമ്പനിയാണ് അവസാനമായി ഇത്തരത്തിലൊന്ന് കൊണ്ടുവന്നിരിക്കുന്നത്. ആപ്പിളടക്കം കൂടുതല്‍ കമ്പനികള്‍ എആര്‍ ഗ്ലാസുകള്‍ വരുന്ന മാസങ്ങളില്‍ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ഇവ പല രൂപങ്ങളിലും വന്നേക്കും. പല തരം ഫീച്ചറുകളായിരിക്കും ഇവയില്‍ ലഭ്യമാക്കുക. എന്നാല്‍, ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ എല്ലാം ഒന്നുതന്നെ ആയിരിക്കും.

 

∙ ആപ്പിളിന്റെ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കുമോ?

 

ടെക്‌നോളജി ഭീമന്‍ ആപ്പിള്‍ വെര്‍ച്വല്‍ റിയാലിറ്റിയുടെയും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും ഫീച്ചറുകള്‍ ഒരുമിപ്പിച്ച് ഒരു മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിന്റെ നിര്‍മാണം നടത്തിവരികയാണെന്ന് വാര്‍ത്തകളുണ്ട്. ഈ മേഖല കാത്തിരിക്കുന്ന പ്രധാന പ്രോത്സാഹനമായിരിക്കും ആപ്പിളിന്റെ പിന്തുണ കൂടി ലഭിക്കുക എന്നത്. ആപ്പിളിന്റെ ഈ ഹെഡ്‌സെറ്റിന് 2000 ഡോളറില്‍ കൂടുതലായിരിക്കും വില എന്നാണ് കരുതുന്നത്. ആപ്പിള്‍ ഇറക്കുന്നത് പ്രീമിയം ഹെഡ്‌സെറ്റാണെങ്കിലും ഇതെ ടെക്‌നോളജി മറ്റു രീതികളില്‍ പരുവപ്പെടുത്തി വില കുറഞ്ഞ ഹെഡ്‌സെറ്റുകള്‍ മറ്റു കമ്പനികളും പുറത്തിറക്കിയേക്കുമെന്നും കരുതുന്നവരുണ്ട്. അതോടെ, മുൻപൊരിക്കലും ഇല്ലാത്ത രീതിയിലുള്ള പ്രിയം ഇത്തരം ഹെഡ്‌സെറ്റുകള്‍ക്ക് കൈവരിക്കാനായേക്കുമന്നു കരുതുന്നു. പഠനാവശ്യങ്ങള്‍ക്കായി കൂടുതല്‍ മികവാർന്ന വിഡിയോ അനുഭവം മുതല്‍ ഗെയിം കളിക്കലും, തത്സമയ ചാറ്റുമൊക്കെ ഇത്തരം ഹെഡ്‌സെറ്റുകളിലേക്കും കണ്ണടകളിലേക്കും കയറിക്കൂടിയേക്കും. സ്മാര്‍ട് ഫോണുകള്‍ക്കു ശേഷം എല്ലാവരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപകരണങ്ങളായി എആര്‍ ഹെഡ്‌സെറ്റുകളും ഗ്ലാസുകളു മാറിയേക്കും.

 

∙ സ്മാര്‍ട് ഫോണുകളില്‍ മാറ്റം വരുമോ?

 

2022ല്‍ സ്മാര്‍ട് ഫോണുകളില്‍ ആരും തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രവചിക്കുന്നില്ല. എന്നാല്‍, ആപ്പിള്‍ കമ്പനിയുടെ ഐഫോണുകളില്‍ യുഎസ്ബി-സി പോര്‍ട്ട് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായേക്കും. അതോടെ, വിവിധ കമ്പനികളുടെ ഫോണുകള്‍ക്ക് ചേരുന്ന തരത്തിലുള്ള ചാര്‍ജറുകളും വന്നേക്കും. കൂടുതൽ ഫോണുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു നല്‍കാന്‍ വിവിധ കമ്പനികള്‍ തുടങ്ങിയേക്കുമെന്നും പറയുന്നു. ഇതോടെ പലര്‍ക്കും വര്‍ഷാവര്‍ഷം ഫോണ്‍ മാറുന്ന രീതി വേണമെങ്കില്‍ വേണ്ടന്നു വയ്ക്കാന്‍ സാധിച്ചേക്കും. ആപ്പിള്‍ ടിവി, മ്യൂസിക്, തുടങ്ങിയ സേവനങ്ങള്‍ ഐഫോണുകള്‍ക്കും മറ്റുമൊപ്പം ബൻഡിലായി വാങ്ങാന്‍ സാധിച്ചേക്കും. മറ്റു കമ്പനികളും ബൻഡില്‍ ഓഫറുകള്‍ നടത്തിയേക്കും. ഹാര്‍ഡ്‌വെയറിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വന്നേക്കും. ഗൂഗിളിന്റെ ടെന്‍സര്‍ പ്രോസസര്‍ പോലെ കൂടുതല്‍ ചിപ്പുകള്‍ അവതരിപ്പിക്കപ്പെട്ടേക്കാം.

 

∙ ക്രിപ്‌റ്റോകറന്‍സി കൂടുതല്‍ രാജ്യങ്ങളിലേക്ക്

 

2022 ൽ ക്രിപ്‌റ്റോകറന്‍സികള്‍ കൂടുതല്‍ രാജ്യങ്ങള്‍ അംഗീകരിച്ചേക്കാം. എന്നാല്‍, ഇന്ത്യ, ചൈന ഉൾപ്പെടുയുള്ള പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളും ക്രിപ്‌റ്റോകറന്‍സിയുട കാര്യത്തില്‍ കൊണ്ടുവന്നേക്കാം. 

 

∙ ഇലക്ട്രിക് വാഹനങ്ങള്‍

 

കൂടുതല്‍ ഇലക്ട്രിക് കാറുകൾ, സ്‌കൂട്ടറുകൾ, ബൈക്കുകൾ, ബസുകൾ, ട്രക്കുകൾ ഈ വര്‍ഷം നിരത്തിലിറങ്ങുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ബാറ്ററി ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കും.

 

English Summary: 8 Predictions - Technology in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com